സോൾ: ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് അറസ്റ്റിലായ മുൻ പ്രതിരോധ മന്ത്രി കിം യോങ് ഹ്യൂൻ ആത്മഹത്യക്ക് ശ്രമിച്ചു. തടങ്കല്‍ കേന്ദ്രത്തില്‍ അടിവസ്ത്രം ഉപയോഗിച്ചാണ് കിം യോങ് ഹ്യുന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് നീതിന്യായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു.
രാജ്യത്ത് പട്ടാളനിയമം ഏർപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു എന്നാരോപിച്ചാണ് കിം യോങ് ഹ്യൂനെ അറസ്റ്റ് ചെയ്തത്. സൈനിക നിയമ പ്രഖ്യാപനവുമായി ബന്ധപ്പെട്ട രാജ്യദ്രോഹക്കുറ്റം ചുമത്തി ഞായറാഴ്ച കസ്റ്റഡിയിലെടുത്ത കിം യോങ്-ഹ്യുനെ ഇന്ന് ഔദ്യോഗികമായി അറസ്റ്റ് ചെയ്തു.
പ്രതിപക്ഷത്തിന് ഉത്തര കൊറിയയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഡിസംബര്‍ മൂന്നിനായിരുന്നു ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സോക് യോല്‍ രാജ്യത്ത് അടിയന്തര പട്ടാള ഭരണമേർപ്പെടുത്തിയത്.
കലാപസമയത്ത് ഗുരുതരമായ പ്രവൃത്തിയിലേര്‍പ്പെട്ടു, അധികാര ദുര്‍വിനിയോഗം നടത്തി തുടങ്ങിയ വകുപ്പുകളാണ് കിം യോങ് ഹ്യുന്നിനെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തിന് പിന്നാലെ പട്ടാള നിയമം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് കിം യോങ് ഹ്യുന്‍ ദക്ഷിണകൊറിയന്‍ ജനതയോട് ക്ഷമാപണം നടത്തുകയും ചെയ്തു.
ദക്ഷിണ കൊറിയയില്‍ നാല്പ്പത് വർഷത്തിനിടെയുണ്ടായ പട്ടാള ഭരണ പ്രഖ്യാപനമായിരുന്നു ഡിസംബര്‍ 3ന് ഇന്ത്യൻ സമയം അർധരാത്രിയോടെ ഉണ്ടായത്. രാജ്യത്തിന്റെ ജനാധിപത്യവും സ്ഥിരതയുമൊക്കെ ഉത്തര കൊറിയയുമായി ചേർന്ന് സമാന്തര സർക്കാർ ഉണ്ടാക്കി പ്രതിപക്ഷം നശിപ്പിക്കുന്നു എന്നായിരുന്നു ഭരണപക്ഷത്തിന്റെ ആരോപണം. ഉത്തരകൊറിയയുമായി ചേർന്ന് സമാന്തര സർക്കാർ ഉണ്ടാക്കി പ്രതിപക്ഷം ഭരണം അട്ടിമറിക്കാൻ ശ്രമിക്കുകയാണ് എന്നും ഇതിനായി രാജ്യവിരുദ്ധ പ്രവർത്തനങ്ങള്‍ സംഘടിപ്പിക്കുന്നു എന്നും യൂൻ ആരോപിച്ചിരുന്നു.
സൈനികനിയമത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനത്തെ തുടർന്ന് സൈന്യം പാർലമെൻ്റ് വളഞ്ഞു. ഇതോടെ രാജ്യത്ത് രാഷ്ട്രീയ പ്രവർത്തനം നിരോധിച്ചു. മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി. എന്നിരുന്നാലും, മുഴുവൻ ജനങ്ങളും തെരുവിലിറങ്ങിയതോടെ വൻ പ്രതിഷേധത്തിന് രാജ്യം പിന്നീട് സാക്ഷ്യം വഹിച്ചു. നിയമസഭയിലും പ്രതിഷേധം ഉയർന്നു. പ്രസിഡൻ്റിൻ്റെ പാർട്ടിയിലുള്ളവർ പോലും അദ്ദേഹത്തിൻ്റെ തീരുമാനത്തിനെതിരെ വോട്ട് ചെയ്തു. തുടർന്ന്, നിയമം പ്രഖ്യാപിച്ച് കൃത്യം ആറ് മണിക്കൂറിന് ശേഷം പ്രസിഡൻ്റ് പ്രഖ്യാപനം പിൻവലിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്