ജനീവ: ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളില്‍ ഐക്യരാഷ്ട്രസഭയില്‍ ശക്തമായ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി ഇന്ത്യ. അന്താരാഷ്ട്ര ജലപാതയിലൂടെയുള്ള നാവിഗേഷന്‍ സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നതും സിവിലിയന്‍ ജീവനക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തുന്നതുമായ ഇത്തരം നടപടികള്‍ അസ്വീകാര്യമാണെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പര്‍വ്വതനേനി ഹരീഷ് വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക, സാമൂഹിക കൗണ്‍സിലിന്റെ പ്രത്യേക യോഗത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. അടുത്തിടെ ഒമാന്‍ തീരത്ത് വച്ച് ഇന്ത്യന്‍ പതാകയുള്ള വാണിജ്യ കപ്പലിന് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് ഇന്ത്യയുടെ നയതന്ത്ര ഇടപെടല്‍. സൊമാലിയയില്‍ നിന്നും പുറപ്പെട്ട ഈ കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യന്‍ ജീവനക്കാരെയും ഒമാനി അധികൃതര്‍ സുരക്ഷിതമായി രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ ആഗോള ഊര്‍ജ്ജ-വള വിതരണ മേഖലകളില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളെക്കുറിച്ചും അതിനെ മറികടക്കാനുള്ള ഇന്ത്യയുടെ സമീപനങ്ങളെക്കുറിച്ചും ഹരീഷ് എക്‌സിലൂടെ വിശദീകരിക്കുകയുണ്ടായി.
നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് അന്താരാഷ്ട്ര സഹകരണത്തോടൊപ്പം ഹ്രസ്വകാല, ഘടനാപരമായ നടപടികളുടെ സംയോജനവും അത്യാവശ്യമാണ്. ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ ഷിപ്പിങ് ലക്ഷ്യമിടുകയും, സിവിലിയന്‍ ജീവനക്കാരെ അപകടത്തിലാക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പൂര്‍ണ്ണമായും മാനിക്കപ്പെടണമെന്നും അദേഹം പഖഞ്ഞു.
ലോകത്തിലെ ആകെ ഊര്‍ജ്ജ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന അതീവ തന്ത്രപ്രധാനമായ ജലപാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഫെബ്രുവരി 28-ഓടെ ആരംഭിച്ച പശ്ചിമേഷ്യന്‍ സംഘര്‍ഷം, അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സംയുക്ത ആക്രമണം നടത്തുകയും തുടര്‍ന്ന് പ്രതികാര നടപടികള്‍ ആരംഭിക്കുകയും ചെയ്തതോടെയാണ് കൂടുതല്‍ വഷളായത്. നിലവില്‍ ഇന്ത്യന്‍ പതാകയുള്ള രണ്ട് കപ്പലുകള്‍ക്ക് നേരെയാണ് ഇവിടെ ആക്രമണം ഉണ്ടായത്.
ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാന്‍ ഇറാന്‍ ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍, തങ്ങളുടെ എണ്ണ ടാങ്കറുകള്‍ക്കോ വാണിജ്യ കപ്പലുകള്‍ക്കോ നേരെ അമേരിക്കന്‍ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കമുണ്ടായാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സും വ്യക്തമാക്കിയിട്ടുണ്ട്. ഇരുവിഭാഗവും നിലപാട് കടുപ്പിച്ചതോടെ മേഖലയിലെ സംഘര്‍ഷാവസ്ഥ അതീവ സങ്കീര്‍ണ്ണമായി തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
