ഗാസ: പതിനൊന്ന് ആഴ്ചക്കാലത്തെ ഉപരോധത്തിനുശേഷം ബേബി ഫുഡ് ഉള്‍പ്പെടെയുള്ള മാനുഷിക സഹായങ്ങള്‍ വഹിച്ചുകൊണ്ടുള്ള അഞ്ച് യുഎന്‍ ലോറികള്‍ ഗാസ മുനമ്പിലേക്ക് കടക്കാന്‍ അനുവദിച്ച് ഇസ്രായേല്‍. ക്ഷാമം ഒഴിവാക്കാന്‍ താല്‍ക്കാലികമായി കുറഞ്ഞ അളവില്‍ ഭക്ഷണം അനുവദിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയതിന് പിന്നാലെയാണ് ഏതാനും ട്രക്കുകള്‍ ഗാസയിലേക്ക് കടത്തിവിട്ടത്.
യുഎന്‍ ഈ നീക്കത്തെ സ്വാഗതം ചെയ്‌തെങ്കിലും, യുദ്ധത്തില്‍ തകര്‍ന്ന പ്രദേശത്തെ 2.1 ദശലക്ഷം പാലസ്തീനികള്‍ക്ക് അടിയന്തരമായി ആവശ്യമുള്ളതിന്റെ ഒരു തുള്ളി മാത്രമാണിതെന്ന് കുറ്റപ്പെടുത്തി.
ഇസ്രായേല്‍ സൈന്യവും സ്വകാര്യ കമ്പനികളും സഹായം വിതരണം ചെയ്യുന്നതിനായി കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതുവരെ മാത്രമേ ഭക്ഷ്യ വിതരണം തുടരൂ എന്ന് നെതന്യാഹു പറഞ്ഞു.
മാര്‍ച്ച് 2 മുതലാണ് ഇസ്രായേല്‍ ഗാസയിലേക്കുള്ള എല്ലാ മാനുഷിക സഹായങ്ങളുടെയും വാണിജ്യ സാമഗ്രികളുടെയും വിതരണം നിര്‍ത്തിവെച്ചത്. ഹമാസുമായുള്ള വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം സൈനിക ആക്രമണം പുനരാരംഭിക്കുകയും ചെയ്തു. ഗാസയില്‍ ഇപ്പോഴും തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനാണ് ഈ നടപടികള്‍ എന്ന് ഇസ്രയേല്‍ വ്യക്തമാക്കി.
അതേസമയം, തിങ്കളാഴ്ച ഗാസയിലുടനീളം ഇസ്രായേലി വ്യോമാക്രമണങ്ങളില്‍ കുറഞ്ഞത് 40 പേര്‍ കൊല്ലപ്പെട്ടതായി ആശുപത്രികള്‍ അറിയിച്ചു. ഇസ്രായേലിന്റെ ബോംബാക്രമണവും കരസേനാ നടപടിയും പുനരാരംഭിച്ചതിന് ശേഷം 3,000 ത്തിലധികം പേര്‍ കൊല്ലപ്പെടുകയും 400,000 പേര്‍ പലായനം ചെയ്‌തെന്നും റിപ്പോര്‍ട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
