ടെനറൈഫ്/സ്‌പെയിന്‍: എംവി ഹോണ്ടിയസ് എന്ന ആഡംബരക്കപ്പലിലെ യാത്രക്കാരെ കപ്പലില്‍ നിന്ന് കരയിലേക്ക് മാറ്റി തുടങ്ങി. ഹന്റാവൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് സ്പാനിഷ് ആരോഗ്യ മന്ത്രാലയത്തിന്റെ കര്‍ശനമായ മേല്‍നോട്ടത്തിലാണ് ഒഴിപ്പിക്കല്‍ നടക്കുന്നത്. സ്പെയിനിലെ കാനറി ദ്വീപുകളിലുള്ള ടെനറൈഫ് തീരത്താണ് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്.
ഞായറാഴ്ച പുലര്‍ച്ചെ 6:30-ഓടെയാണ് കപ്പല്‍ തീരത്തെത്തിയത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആഴ്ചകളോളം ഈ കപ്പല്‍ കടലില്‍ തന്നെ തുടരേണ്ടി വന്നിരുന്നു. യാത്രക്കാരുടെ സുരക്ഷയും കരയിലുള്ളവരിലേക്ക് രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകളും പരിഗണിച്ചാണ് ഇത്രയും കാലം കപ്പല്‍ കടലില്‍ തന്നെ നിറുത്തിയിരുന്നത്.
നിലവില്‍ യാത്രക്കാരെ അതീവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കരയിലേക്ക് മാറ്റുകയും അവര്‍ക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇവരെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സ്‌പെയിനില്‍ നിന്നുള്ള യാത്രക്കാരെയാണ് ആദ്യം കപ്പലില്‍നിന്ന് ഇറക്കിയത്. നെതര്‍ലന്‍ഡ്സ്, ജര്‍മ്മനി, ബെല്‍ജിയം, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ അവരുടെ നാട്ടിലേക്ക് എത്തിക്കാന്‍ പ്രത്യേക വിമാനങ്ങള്‍ തയ്യാറായിട്ടുണ്ട്. അമേരിക്കയില്‍ നിന്നുള്ള യാത്രക്കാരെ നെബ്രാസ്‌കയിലെ മെഡിക്കല്‍ സെന്ററില്‍ നിരീക്ഷണത്തില്‍വെക്കുമെന്നും സ്പാനിഷ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യാത്രക്കാര്‍ക്ക് പ്രാദേശിക ജനതയുമായി സമ്പര്‍ക്കം ഉണ്ടാകാത്ത രീതിയില്‍ ചെറിയ ബോട്ടുകളിലാണ് കപ്പലില്‍ നിന്ന് കരയിലേക്ക് എത്തിക്കുന്നത്. അവിടെനിന്ന് വിമാനത്താവളത്തിലേക്ക് പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളില്‍ എത്തിക്കും. കപ്പലിലെ ലഗേജുകള്‍ അവിടെത്തന്നെ ഉപേക്ഷിക്കണമെന്നും മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍, രേഖകള്‍ തുടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ മാത്രമേ കൂടെ കരുതാന്‍ അനുവാദമുള്ളൂ എന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാരെ ഒഴിപ്പിച്ചശേഷം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കപ്പല്‍ നെതര്‍ലന്‍ഡ്സിലേക്ക് കൊണ്ടുപോകും.
കപ്പലിലെ ഹാന്റ വൈറസ് ബാധയെത്തുടര്‍ന്ന് ഇതുവരെ മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
