ടെല്‍ അവീവ്: അനിശ്ചിതത്വത്തിനൊടുവില്‍ ഏറെ വൈകി ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍. മോചിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന മൂന്ന് വനിതാ ബന്ദികളുടെ പേര് ഹമാസ് നല്‍കിയതോടെ ഗാസയില്‍ ദീര്‍ഘകാലമായി കാത്തിരുന്ന വെടിനിര്‍ത്തല്‍ മൂന്ന് മണിക്കൂര്‍ വൈകിയാണെങ്കിലും ആരംഭിച്ചത്. യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കമിട്ട വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം പേരുകള്‍ ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ പ്രതീക്ഷകള്‍ മങ്ങിയിരുന്നു.
ഞായറാഴ്ച വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി റോമി ഗോണന്‍, എമിലി ഡമാരി, ഡോറോണ്‍ സ്റ്റെയിന്‍ബ്രെച്ചര്‍ എന്നീ മൂന്ന് വനിതാ ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ് അറിയിച്ചു. ബന്ദികളുടെ പേരുകള്‍ ഹമാസ് സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ചതിന് ശേഷം ഇസ്രായേലില്‍ നിന്ന് ഉടനടി ഒരു പ്രതികരണവും ഉണ്ടായില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു.
യുദ്ധത്തില്‍ തകര്‍ന്ന പ്രദേശത്തുടനീളം ഇപ്പോള്‍ ജനങ്ങള്‍ ആഘോഷത്തിലാണ്. ചില പാലസ്തീനികള്‍ അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ തുടങ്ങി. പ്രാദേശിക സമയം രാവിലെ 11:15 ന് ആരംഭിച്ച വെടിനിര്‍ത്തല്‍, സംഘര്‍ഷം അന്തിമമായി അവസാനിപ്പിക്കുന്നതിനും 2023 ഒക്ടോബര്‍ 7 ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ തട്ടിക്കൊണ്ടുപോയ 100 ഓളം ബന്ദികളെ തിരികെ കൊണ്ടുവരുന്നതിനുമുള്ള ആദ്യപടിയാണ്.
പതിനഞ്ച് മാസത്തെ രക്തച്ചൊരിച്ചിലിനാണ് താത്കാലിക ആശ്വാസമായിരിക്കുന്നത്. ഗാസയില്‍ ഞായറാഴ്ച പ്രാദേശികസമയം രാവിലെ 8.30-ന് (ഇന്ത്യന്‍ സമയം ഉച്ചയോടെ) വെടിനിര്‍ത്തല്‍ നിലവില്‍വരുമെന്നായിരുന്നു സമാധാന ചര്‍ച്ചകളിലെ പ്രധാനമധ്യസ്ഥരായ ഖത്തറിന്റെ വിദേശകാര്യമന്ത്രി മജീദ് അല്‍ അന്‍സാരി അറിയിച്ചത്.
എന്നാല്‍ ആദ്യഘട്ടത്തില്‍ മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിടുന്നതുവരെ വെടിനിര്‍ത്തല്‍ ആരംഭിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിക്കുകയായിരുന്നു. കരാര്‍ നടപ്പിലാകുന്നതുവരെ ഗാസയിലെ സൈനിക നടപടി തുടരുമെന്നാണ് ഇസ്രയേല്‍ സൈന്യം പറഞ്ഞത്. ഇതോടെ ഗാസയിലെ സമാധാന ശ്രമങ്ങള്‍ ഇനി എങ്ങനെ പുരോഗമിക്കുമെന്നതില്‍ ആശങ്കയിലായിരുന്നു ലോകരാജ്യങ്ങള്‍.
കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ഹമാസ് പരാജയപ്പെട്ടെന്നാണ് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കിയത്. അതേസമയം ആദ്യ ഘട്ടത്തില്‍ മോചിപ്പിക്കേണ്ട തടവുകാരുടെ പേരുകള്‍ കൈമാറുന്നതില്‍ കാലതാമസം നേരിട്ടത് സാങ്കേതിക കാരണങ്ങളാലാണെന്നാണ് ഹമാസ് വിശദീകരിച്ചത്.
ആദ്യഘട്ട വെടിനിര്‍ത്തലിനിടെ 33 ബന്ദികളെ ഹമാസ് ഘട്ടംഘട്ടമായി മോചിപ്പിക്കുമെന്നാണ് ധാരണ. ഇതില്‍ മൂന്നുപേരെ ഞായറാഴ്ച വിട്ടയയ്ക്കും. ഇവര്‍ 30 വയസ്സില്‍താഴെയുള്ള ഇസ്രയേലിന്റെ വനിതാ സൈനികരാണെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്