ജറുസലേം: വെടിനിര്‍ത്തല്‍ക്കരാറില്‍ ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായെന്ന റിപ്പോര്‍ട്ട് വന്നതിന് ശേഷം ഗാസയില്‍ കൊല്ലപ്പെട്ടത് 73 പേര്‍. ഇതില്‍ 20 പേര്‍ കുട്ടികളും 25 പേര്‍ സ്ത്രീകളുമാണ്. ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റു.
15 മാസം പിന്നിട്ട യുദ്ധത്തില്‍ മരിച്ച പാലസ്തീന്‍കാരുടെ എണ്ണം 46,788 ആയി. വെടിനിര്‍ത്തല്‍ കരാറുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഗാസയില്‍ ആഘോഷങ്ങള്‍ നടക്കുമ്പോഴായിരുന്നു ഇസ്രയേലിന്റെ ആക്രമണം. ചില വ്യവസ്ഥകളില്‍നിന്ന് ഹമാസ് പിന്നോക്കം പോകുന്നുവെന്ന് ആരോപിച്ച് വെടിനിര്‍ത്തല്‍ക്കരാറിന് അംഗീകാരം നല്‍കുന്നത് ഇസ്രയേല്‍ മന്ത്രിസഭ മരവിപ്പിച്ചിരിക്കുകയാണ്. 2024 മെയില്‍ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവെച്ച, മൂന്നു ഘട്ടമായി വെടിനിര്‍ത്താനുള്ള കരാറാണ് ഏഴുമാസം നീണ്ട ചര്‍ച്ചയ്ക്കുശേഷം ഇപ്പോള്‍ ഇരുകൂട്ടരും അംഗീകരിച്ചത്. ഇതനുസരിച്ച് ആദ്യഘട്ടത്തില്‍ 42 ദിവസം വെടിനിര്‍ത്തലുണ്ടാകും. ഈ സമയത്ത് 33 ബന്ദികളെ ഹമാസ് ഇസ്രയേലിനു കൈമാറും. ആയിരത്തിലേറെ പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ വിട്ടയയ്ക്കും.
മധ്യസ്ഥരായ ഈജിപ്തും ഖത്തറും യു.എസും ഇസ്രയേലിന്റെയും ഹമാസിന്റെയും പ്രതിനിധികളുമായി ദോഹയില്‍ നടത്തിയ ചര്‍ച്ചയില്‍ കരാറിന്റെ കാര്യത്തില്‍ ധാരണയായെന്നാണ് അറിയിച്ചിരിക്കുന്നത്. ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ തലവന്‍ ഡേവിഡ് ബാര്‍ണിയും ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മറ്റുള്ളവരും വ്യാഴാഴ്ചയും ദോഹയില്‍ തുടരുകയാണെന്ന് 'ദ ടൈംസ് ഓഫ് ഇസ്രയേല്‍' പത്രം റിപ്പോര്‍ട്ടുചെയ്തു.
അതേസമയം, ഹമാസുമായി കരാറുണ്ടാക്കുന്നതില്‍ നെതന്യാഹുവിന്റെ ഭരണസഖ്യത്തിലെ തീവ്രവലതുകക്ഷികള്‍ക്ക് എതിര്‍പ്പുണ്ട്. ദേശീയ സുരക്ഷാമന്ത്രി ഇതാമര്‍ ബെന്‍ ഗ്വിര്‍ കരാറില്‍ എതിര്‍പ്പറിയിച്ചു. യുദ്ധം തുടരാനാകുമെന്ന ഉറപ്പുവേണമെന്ന് മറ്റൊരുമന്ത്രി ബെസാലല്‍ സ്‌മോട്റിച്ച് ആവശ്യപ്പെട്ടു. ഇപ്പോഴത്തെ കരാര്‍ ഇസ്രയേലിന് ഗുണമില്ലാത്തതും അപകടകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. കരാര്‍ നടപ്പായാല്‍ നെതന്യാഹുവിന്റെ ഭരണസഖ്യം തകരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്