ടെല്‍അവീവ്: ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ ബന്ദികളാക്കിയ മൂന്ന് യുവതികളെ മോചിപ്പിച്ച് ഹമാസ്. സംഘര്‍ഷം തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബന്ദികളാക്കപ്പെട്ട റോമി ഗോനെന്‍, എമിലി ദമാരി, ഡോറോണ്‍ സ്റ്റെയ്ന്‍ബ്രെച്ചര്‍ എന്നിവരെയാണ് ഹമാസ് വിട്ടയച്ചത്. യുവതികളെ ഇസ്രായേല്‍ സൈന്യത്തിന് കൈമാറി.
വാഹനത്തില്‍ വന്നിറങ്ങുന്ന യുവതികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇവരുടെ ആരോഗ്യനില ഡോക്ടര്‍മാര്‍ പരിശോധിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഇസ്രായേല്‍ സേന അറിയിച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ദിവസവും മൂന്ന് ബന്ദികളെയാണ് മോചിപ്പിക്കുന്നത്. 95-ഓളം പാലസ്തീന്‍ തടവുകാരെയും ഇസ്രായേല്‍ സൈന്യം കൈമാറി.
അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ ഒരിക്കലും ഇസ്രായേലിന്റെ ലക്ഷ്യത്തെ അവസാനിപ്പിക്കുന്നതല്ലെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി അറിയിച്ചു. ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും തിരിച്ചെത്തിക്കും. ഹമാസിന്റെ സൈനിക കേന്ദ്രം തകര്‍ക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ല. ഗാസയെ ഹമാസ് കയ്യടിക്കിവച്ചിരിക്കുന്ന കാലത്തോളം സാമാധാനവും സുരക്ഷയും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെടിനിര്‍ത്തല്‍ കരാര്‍ താത്കാലികമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്ന് ഘട്ടമായി നടപ്പിലാക്കുന്ന വെടിനിര്‍ത്തല്‍ കരാറിനിടെ ഹമാസ് ചട്ടലംഘനം നടത്തിയാല്‍ യുദ്ധം പുനരാരംഭിക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്