ഹോളിവുഡ് യുവതാരം സെൻഡയയ്ക്ക് ഇത് തിരക്കിന്റെ വർഷമാണ്. 2026-ൽ മാത്രം താരത്തിന്റേതായി അഞ്ചിലധികം വമ്പൻ പ്രോജക്റ്റുകളാണ് തിയേറ്ററുകളിലും ഒടിടിയിലുമായി എത്താൻ പോകുന്നത്.
എന്നാൽ ഈ കരിയർ ഗ്രാഫിന്റെ പീക്ക് സമയത്തുതന്നെ ആരാധകരെ ഞെട്ടിക്കുന്ന ഒരു പ്രഖ്യാപനവും താരം നടത്തിയിട്ടുണ്ട്. ഈ വർഷത്തെ റിലീസുകൾക്ക് ശേഷം താൻ സിനിമയിൽ നിന്ന് ചെറിയൊരു ഇടവേള എടുക്കുകയാണെന്നും കുറച്ചു കാലം ലൈംലൈറ്റിൽ നിന്നും മാറിനിൽക്കാൻ ആഗ്രഹിക്കുന്നുവെന്നുമാണ് സെൻഡയ വ്യക്തമാക്കിയത്.
"ആളുകൾക്ക് എന്നെ കണ്ട് മടുക്കരുത് എന്നാണ് എന്റെ ആഗ്രഹം. ഇത്രയും കാലം നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ട്. ഈ വർഷം കുറച്ചധികം സിനിമകൾ വരുന്നത് കൊണ്ട് എന്നെ കണ്ട് നിങ്ങൾ മടുക്കില്ലെന്ന് കരുതുന്നു. ഇതിനുശേഷം ഞാൻ കുറച്ചു കാലത്തേക്ക് ഒന്ന് 'അപ്രത്യക്ഷമാകും', ചെറിയൊരു ഒളിവിൽ പോക്ക്," ഫാൻഡാംഗോയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം തമാശരൂപേണ പറഞ്ഞു.
സെൻഡയയുടെ ഈ വർഷത്തെ റിലീസുകളിൽ ഏറ്റവും ആദ്യം എത്തുന്നത് 'ദി ഡ്രാമ' (The Drama) ആണ്. ഏപ്രിൽ 3-ന് തിയേറ്ററുകളിലെത്തുന്ന ഈ ചിത്രത്തിൽ റോബർട്ട് പാറ്റിൻസണിന്റെ നായികയായാണ് താരം എത്തുന്നത്. ഇതിനു പിന്നാലെ ഏപ്രിൽ 12-ന് ആരാധകർ ഏറെ കാത്തിരിക്കുന്ന 'യൂഫോറിയ' (Euphoria) സീസൺ 3 എച്ച്ബിഓയിൽ സ്ട്രീമിംഗ് ആരംഭിക്കും.
ജൂലൈ മാസമാണ് താരത്തിന്റെ കരിയറിലെ ഏറ്റവും നിർണ്ണായകമായ മാസം. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'ദി ഒഡീസി' (The Odyssey) ജൂലൈ 17-നും, ടോം ഹോളണ്ടിനൊപ്പമുള്ള 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' (Spider-Man: Brand New Day) ജൂലൈ 31-നും റിലീസ് ചെയ്യും.
വർഷാവസാനം ഡിസംബർ 18-ന് 'ഡ്യൂൺ: പാർട്ട് ത്രീ' (Dune: Part Three) എത്തുന്നു. അതേ ദിവസം തന്നെ മാർവൽ ചിത്രം 'അവഞ്ചേഴ്സ്: ഡൂംസ്‌ഡേ' (Avengers: Doomsday) കൂടി റിലീസ് ചെയ്യുകയാണെങ്കിൽ ബോക്സ് ഓഫീസിൽ സെൻഡയ വേഴ്സസ് സെൻഡയ പോരാട്ടമാകും സിനിമാ ലോകം സാക്ഷ്യം വഹിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
