ഇന്ത്യന്‍ സിനിമാ ചരിത്രത്തെ ബാഹുബലിക്ക് മുന്‍പും പിന്‍പും എന്ന് തിരുത്തിക്കുറിക്കാന്‍ കാരണക്കാരനായ നടന്‍ പ്രഭാസ് തന്റെ കരിയറിലെ ഏറ്റവും കടുത്ത മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ച് മനസ്സ് തുറക്കുന്നു. ബാഹുബലിയുടെ ആഗോള വിജയത്തിന് പിന്നാലെ താന്‍ അനുഭവിച്ച ഉത്തരവാദിത്തങ്ങളും അനിശ്ചിതത്വങ്ങളും നിറഞ്ഞ കാലഘട്ടത്തെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയത്. നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്ത ബാഹുബലി: ദി ടോര്‍ച്ച്‌ബെയറര്‍ എന്ന ഡോക്യുമെന്ററിയിലാണ് പ്രഭാസിന്റെ ഈ തുറന്നുപറച്ചില്‍.
ചിത്രത്തിന്റെ റിലീസിന് ശേഷം കരിയറില്‍ പെട്ടെന്നുണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സമയമെടുത്തതായി പ്രഭാസ് പറയുന്നു. ബാഹുബലിക്ക് ശേഷം രണ്ടോ മൂന്നോ വര്‍ഷത്തോളം തനിക്ക് ശരിയായി ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജീവിതത്തിലെ ഏറ്റവും സമ്മര്‍ദ്ദം നിറഞ്ഞ വര്‍ഷങ്ങളായിരുന്നു അത്. സിനിമയുടെ ഓരോ മേഖലയിലും തോളിലേറ്റേണ്ടി വന്ന ഉത്തരവാദിത്തം പെട്ടെന്ന് ആയിരം മടങ്ങായി വര്‍ദ്ധിച്ചു. കരിയറിലെ ആ അനിശ്ചിതത്വമാണ് തന്നെ ഏറെ അലട്ടിയതെന്ന് പ്രഭാസ് പറയുന്നു.
വിജയത്തിന് ശേഷം ഏത് തരത്തിലുള്ള സിനിമയാണ് തിരഞ്ഞെടുക്കേണ്ടതെന്ന കാര്യത്തില്‍ താനും തന്റെ സംഘവും ഏറെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. വലിയ ദൃശ്യവിസ്മയങ്ങളുള്ള സിനിമ വേണോ അതോ ഒരു പ്രണയകഥ വേണോ എന്ന കാര്യത്തില്‍ കടുത്ത ആശയക്കുഴപ്പം നിലനിന്നിരുന്നതായും താരം ഓര്‍ത്തെടുത്തു.
ബാഹുബലിക്ക് മുന്‍പ് തന്റെ സിനിമകള്‍ സാധാരണയായി 20 കോടി മുതല്‍ 40 കോടി രൂപ വരെ ബജറ്റിലാണ് നിര്‍മ്മിച്ചിരുന്നതെന്ന് പ്രഭാസ് ചൂണ്ടിക്കാട്ടി. എന്നാല്‍ ചിത്രത്തിന്റെ വിജയം സിനിമാ നിര്‍മ്മാണത്തിന്റെ വ്യാപ്തി തന്നെ മാറ്റിമറിച്ചു. സലാര്‍, കല്‍ക്കി 2898 എഡി പോലുള്ള വമ്പന്‍ പ്രൊജക്റ്റുകള്‍ സാധ്യമാക്കിയത് ബാഹുബലി നല്‍കിയ ആത്മവിശ്വാസമാണെന്നും അദ്ദേഹം പറയുന്നു. ബാഹുബലിക്ക് ശേഷം സാഹോ പോലുള്ള വലിയ ബജറ്റ് ചിത്രങ്ങള്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞു. വടക്കേ ഇന്ത്യയില്‍ നിന്ന് മാത്രം സാഹോയ്ക്ക് ആദ്യദിനം ലഭിച്ച 26 കോടി രൂപ തന്നെ അമ്പരപ്പിച്ചിരുന്നതായും, അത്തരം വലിയ തുടക്കങ്ങള്‍ ബാഹുബലിയുടെ സ്വാധീനം കൊണ്ട് മാത്രം ലഭിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആ അനിശ്ചിതത്വത്തിന്റെ കാലത്താണ് സംവിധായകരായ പ്രശാന്ത് നീല്‍, നാഗ് അശ്വിന്‍ എന്നിവരുമായി ചര്‍ച്ചകള്‍ തുടങ്ങിയതും അത് പിന്നീട് വലിയ ബോക്‌സ് ഓഫീസ് വിജയങ്ങളിലേക്ക് നയിച്ചതും.
ബാഹുബലി 3 വരുന്നുണ്ടോ? അഭ്യൂഹങ്ങള്‍ ശക്തം
ഡോക്യുമെന്ററിയുടെ റിലീസിന് പിന്നാലെ ബാഹുബലിക്ക് മൂന്നാം ഭാഗം വരുന്നുവെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെ പടരുകയാണ്. ബാഹുബലി: ദി ടോര്‍ച്ച്‌ബെയറര്‍ ഡോക്യുമെന്ററിയുടെ അവസാന ഭാഗത്തെ ചില ദൃശ്യങ്ങളാണ് ആരാധകര്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചിരിക്കുന്നത്. വീഡിയോയില്‍ നടന്‍ റാണ ദഗ്ഗുബതി ലോകം ഇതുവരെ തയ്യാറായിട്ടില്ലായിരിക്കാം, പക്ഷേ ബാഹുബലി ഉണ്ടാകും എന്ന് പറയുമ്പോള്‍ പ്രഭാസ് പുഞ്ചിരിച്ചുകൊണ്ട് മൂന്ന് വിരലുകള്‍ ഉയര്‍ത്തുന്നത് കാണാം. തൊട്ടുപിന്നാലെ ദി ലെഗസി കണ്ടിന്യൂസ് എന്ന് എഴുതിക്കാണിക്കുന്നതുമാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്.
സംവിധായകന്‍ എസ്.എസ് രാജമൗലിയോ നിര്‍മ്മാതാക്കളോ ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, ബാഹുബലി സാമ്രാജ്യം ഇനിയും അവസാനിച്ചിട്ടില്ലെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
