പ്രഭാസ് ചിത്രമായ 'സ്പിരിറ്റിൽ' നിന്ന് ദീപിക പദുകോൺ പിന്മാറിയതും, തുടർന്ന് സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയുമായി ഉയർന്നുവന്ന വാക്പോരുമാണ് ഇപ്പോൾ സിനിമാ ലോകത്തെ പ്രധാന ചർച്ചാവിഷയം. പ്രതിഫല വർദ്ധനവ്, ലാഭവിഹിതം, ഷൂട്ടിംഗ് സമയങ്ങളിലെ ഇളവുകൾ എന്നിവയാണ് ദീപിക ആവശ്യപ്പെട്ടതെന്ന് നിർമ്മാതാക്കൾ ആരോപിച്ചപ്പോൾ, സംവിധായകന്റെ ഈഗോയെയും സ്ത്രീവിരുദ്ധതയെയും ചോദ്യം ചെയ്യുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ ലൈക്ക് ചെയ്തുകൊണ്ടാണ് ദീപിക ഇതിനോട് പ്രതികരിച്ചത്.
എന്നാൽ, ഒരു പ്രഭാസ് ചിത്രത്തെ ചൊല്ലി സംവിധായകനും പ്രമുഖ നടിയും തമ്മിൽ ഇത്തരമൊരു തർക്കം ഉണ്ടാകുന്നത് ഇതാദ്യമല്ല. വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ 'ബാഹുബലി'യുടെ സമയത്ത് എസ്.എസ്. രാജമൗലിയും അന്തരിച്ച നടി ശ്രീദേവിയും തമ്മിലും സമാനമായ ഒരു വിവാദം നിലനിന്നിരുന്നു.
ബാഹുബലിയിലെ ഐക്കണിക് കഥാപാത്രമായ ശിവകാമിയാകാൻ രാജമൗലി ആദ്യം സമീപിച്ചത് ശ്രീദേവിയെയായിരുന്നു. എന്നാൽ ഈ ചർച്ചകൾ പരാജയപ്പെടുകയും പകരം രമ്യ കൃഷ്ണൻ ആ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. ഇതിനുശേഷമാണ് ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിൽ രാജമൗലി ശ്രീദേവിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.
എട്ട് മുതൽ പത്ത് കോടി രൂപ വരെ പ്രതിഫലം, ഹോട്ടലിന്റെ ഒരു ഫ്ലോർ മുഴുവനായി ബുക്ക് ചെയ്യണം, ഒപ്പമുള്ളവർക്കായി 10 ബിസിനസ് ക്ലാസ് എയർ ടിക്കറ്റുകൾ വേണം തുടങ്ങി വൻ ആവശ്യങ്ങളാണ് ശ്രീദേവി മുന്നോട്ടുവെച്ചതെന്ന് രാജമൗലി ആരോപിച്ചു. ശ്രീദേവി ഈ സിനിമ ചെയ്യാതിരുന്നത് സിനിമയുടെ ഭാഗ്യമാണെന്നും അവർ ഇത്രയും വലിയ തുകയ്ക്ക് അർഹയല്ലെന്നും വരെ രാജമൗലി അന്ന് തുറന്നടിച്ചു.
എന്നാൽ രാജമൗലിയുടെ ഈ പരാമർശങ്ങൾ തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് ശ്രീദേവി പിന്നീട് പ്രതികരിച്ചു. അഞ്ച് പതിറ്റാണ്ടിലേറെയായി സിനിമാരംഗത്തുള്ള താൻ ഒരിക്കലും ഇത്തരമൊരു അനാവശ്യ ഡിമാൻഡ് മുന്നോട്ടുവെച്ചിട്ടില്ലെന്നും ഒരു നിർമ്മാതാവിന്റെ ഭാര്യയായതിനാൽ തന്നെ നിർമ്മാതാക്കളുടെ ബുദ്ധിമുട്ടുകൾ തനിക്ക് വ്യക്തമായി അറിയാമെന്നും ശ്രീദേവി വ്യക്തമാക്കി.
ഇടനിലക്കാരായ നിർമ്മാതാക്കൾ രാജമൗലിയെ തെറ്റിദ്ധരിപ്പിച്ചതാകാം എന്നായിരുന്നു ശ്രീദേവിയുടെ പക്ഷം. പിന്നീട് പൊതുവേദിയിൽ ഒരു നടിയുടെ പ്രതിഫലത്തെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും സംസാരിച്ചത് തന്റെ തെറ്റാണെന്ന് തുറന്നുപറഞ്ഞ് രാജമൗലി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ശ്രീദേവിയുടെ വേർപാടിനുശേഷം നിർമ്മാതാവായ ബോണി കപൂർ ഈ വിഷയത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചതെന്താണെന്ന് വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ നിർമ്മാതാവായ ശോഭു യാർലഗദ്ഡ തങ്ങൾ ആവശ്യപ്പെടാത്ത കാര്യങ്ങൾ പറഞ്ഞ് രാജമൗലിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് ബോണി കപൂർ വ്യക്തമാക്കി. മക്കളുടെ സ്കൂൾ അവധിക്കാലത്ത് മാത്രം പ്രധാന രംഗങ്ങൾ ചിത്രീകരിക്കണം എന്നൊരു ആവശ്യം മാത്രമാണ് തങ്ങൾ മുന്നോട്ടുവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
