മംഗലരാഗം

JULY 22, 2025, 2:33 AM

റെയിൽവേ പുറമ്പോക്കിലെ തകരവും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് മേഞ്ഞ കുടിലിനുമുമ്പിൽ കണ്ണനെ ഒക്കത്തെടുത്തു നിൽക്കുകയായിരുന്നു മുത്തുലക്ഷ്മി. ഇരമ്പിയാർത്തു വരുന്ന തീവണ്ടിക്കുനേരെ കുഞ്ഞികൈകൾ ഉയർത്തി വീശി അവൻ കുതിച്ചുചാടി. മുത്തു അല്പം മുന്നോട്ടാഞ്ഞു. അവളുടെ വിലകുറഞ്ഞ, നിറം മങ്ങിയ പോളിസ്റ്റർ സാരി കാറ്റിന്റെ ആയത്തിൽ പറന്നു. 

അന്തിമേഘങ്ങൾ മെല്ലെ ചുവപ്പണിയുന്നതും കിളികൾ കൂടണയാൻ ധൃതിയിൽ പറന്നു പോകുന്നതും അവൾ നോക്കിനിന്നു. ഇന്നലെ സന്ധ്യക്കു ഇത്ര തുടുപ്പുണ്ടായിരുന്നില്ലല്ലോ. കാർമേഘങ്ങളുടെ മൂടൽ വെളിച്ചം കെടുത്തിയ സന്ധ്യയായിരുന്നല്ലോ, അതെന്ന് അവളോർത്തു. പ്രപഞ്ചവും അസ്ഥിരമായ അവസ്ഥകളിലൂടെ സഞ്ചരിച്ചുക്കൊണ്ടിരുന്നു. അസ്ഥിരമെങ്കിലും പ്രപഞ്ചത്തിലെ ഒരു ബിന്ദുവാകാനുള്ള വ്യഗ്രതയിൽ മനുഷ്യരുൾപ്പെടെയുള്ള ജീവജാലങ്ങൾ അതിൽ അള്ളിപ്പിടിക്കുന്നു. 

സെന്തിലണ്ണനും, പൊണ്ടാട്ടിയും ഉന്തുവണ്ടി തള്ളി, വഴിനീളെ വഴക്കടിച്ചു വരുന്നുണ്ട്.  ആക്രിസാധനങ്ങൾ പെറുക്കി വിറ്റു ജീവിക്കാൻ വഴിതേടുന്നവർ. ആ ഉന്തുവണ്ടിയോട് അവൾക്കു ഒരാത്മബന്ധമാണ്. അപ്പ രാമണ്ണന്റെ വണ്ടി. അവളുടെ അപ്പക്കും ഇതായിരുന്നു തൊഴിൽ. ദിവസവും പുതിയ സ്ഥലങ്ങൾ, കാഴ്ചകൾ. എന്തൊരു രസമായിരുന്നു! ആ കാലം അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു.

vachakam
vachakam
vachakam

കേരളാവിൽ പണിനോക്കി വന്നതാണ്, മുത്തുവിന്റെ കുടുംബം. അമ്മക്കു എന്തോ വലിയ ദീനമായിരുന്നു എന്ന് മുത്തു ഓർക്കുന്നു. ക്യാൻസർ കാർന്നുതിന്ന അമ്മയെ നഗരത്തിലെവിടെയോ കൊണ്ട് കത്തിച്ചെന്നും അവൾക്കറിയാം. പിന്നീട് അവളും അപ്പയും മാത്രമായിമായിരുന്നു. നാടുച്ചുറ്റിത്തിരിഞ്ഞു വരുമ്പോൾ ഏതെങ്കിലും തട്ടുകടയിൽ നിന്നും  അപ്പ, അവൾക്കിഷ്ടമുള്ളപൊറോട്ടയും കറിയും  വാങ്ങികൊടുക്കുമായിരുന്നു. 

രാത്രി വളരെ വൈകുവോളം ചാരായത്തിന്റെ ലഹരിയിൽ, പഴയ തമിഴുപാട്ടുകൾ ഈണത്തിൽ പാടുന്ന അപ്പ. അപ്പയുടെ കുപ്പിയിൽനിന്നും, ഒരിറക്ക്  മുത്തുവിനും കൊടുക്കും, ഇളം നെഞ്ച് എരിച്ചു കടന്നുപോയിരുന്ന സാരായം, മുത്തുവിനും ഇഷ്ടമായിരുന്നു. അപ്പയ്‌ക്കൊപ്പം ഉറക്കെ പാട്ടു പാടുന്ന മുത്തുലക്ഷ്മിയെ പാട്ടു പഠിപ്പിക്കണമെന്ന് പുറമ്പോക്ക് കോളനിയിലെ പലരും പറഞ്ഞപ്പോൾ ആദ്യം മടിച്ചെങ്കിലും അപ്പ അവളെ പാട്ടു പഠിക്കാൻ വിട്ടു. തെളിഞ്ഞ സ്വരത്തിൽ പാടുന്ന പെൺകുട്ടിയെ ഗുരു വരദലക്ഷ്മിക്കു നന്നെ ബോധിച്ചു. അഭിരുചിയുള്ള ശിഷ്യ എത്ര അനായാസമായി രാഗങ്ങൾ ആലപിക്കുന്നതെന്ന് അവർ തിരിച്ചറിഞ്ഞു. 

നേരം വെളുത്താൽ  അപ്പയും മകളും കൈവണ്ടിയുമായി  പണിക്കിറങ്ങും, വെയിൽ മൂക്കുമ്പോൾ വണ്ടിയൊതുക്കി  തണൽത്തേടും. യാത്രകളിൽ കാണുന്ന ഭംഗിയുള്ള ചായം പൂശിയ വീടുകൾ അവൾ തന്റേതെന്നു സങ്കൽപ്പിക്കും. ഈ നിറം മതി ഭാവിയിലെ നമ്മുടെ വീടിന് എന്ന് തീരുമാനിച്ചുറപ്പിച്ചു ഉന്തുവണ്ടിയുമായി ഉരുണ്ടുനീങ്ങും.

vachakam
vachakam
vachakam

കടകളിലെ  ചില്ലുകണ്ണാടിയിലൂടെ, വിടർത്തിയിട്ട നിറപ്പകിട്ടുള്ള തുണിത്തരങ്ങളിൽ കണ്ണുടുക്കി നിൽക്കും ഒന്നെങ്കിലും ദീപാവലിക്കു സ്വന്തമാക്കണമെന്നവൾ മോഹിക്കും. ഇലപച്ചയും റോസാപ്പൂക്കളുടെ  ചുവപ്പും നിറമുള്ള പാവാടകൾക്കു ചേരുന്ന നിറമുള്ള കുപ്പിവളകൾ മുത്തുവിന്റെ മനസ്സിൽ കിലുങ്ങിക്കൊണ്ടിരിക്കും. കയ്യിൽ കുറച്ചു കാശുകിട്ടുമ്പോൾ വാങ്ങിത്തരാമെന്ന അപ്പയുടെ സ്‌നേഹത്തിന്റെ ഭാഷ അവളെ കൂടുതൽ മോഹിപ്പിക്കും. ഓളംത്തല്ലി ഒഴുകിവരുന്ന ഓർമ്മകളിൽ അവൾ കുറച്ചുനേരം ഭാരമില്ലാതെ ഒഴുകിനടന്നു.

തുടരെ തുടരെയുള്ള ചോരഛർദ്ദിക്കലാണ് അപ്പയെ ഡോക്ടറുടെ അടുത്തേക്ക് എത്തിച്ചത്. മുത്തുവിന് ആ ഗവണ്മെന്റ് ആശുപത്രിയിലെ തിക്കും തിരക്കും കണ്ട് വല്ലാതെ പേടി തോന്നി. നനഞ്ഞ പക്ഷിക്കുഞ്ഞിനെ പോലെ അവൾ അപ്പയുടെ അരികിൽ ഊഴം കാത്തിരുന്നു. വ്യഥകളുടെ ഒരു കൂടു അവൾക്കുള്ളിൽ പുകഞ്ഞുകൊണ്ടിരുന്നു.

'കുടി നിർത്താതെ ഒരു രക്ഷയുമില്ല' എന്ന് അപ്പയോളം പ്രായമുള്ള ഡോക്ടർ പറഞ്ഞപ്പോൾ, അപ്പ വെറുതെ ചിരിച്ചു. വായുവും വെള്ളവും പോലെയായിരുന്നു അപ്പക്ക് സാരായം, അതില്ലാതെ അയാൾക്ക് ജീവിക്കാനാവില്ല എന്നയാൾക്ക്  അറിയാമായിരുന്നു.
'അപ്പയുടെ ഒടമ്പ് ശര്യല്ല', തമിഴും മലയാളവും കലർത്തി അവൾ പറഞ്ഞു. എണ്ണ കിനിയുന്ന മുടി മടക്കിക്കെട്ടി, തല നിറയെ പൂ ചൂടി ഓടി വരുന്ന പെൺകുട്ടിയുടെ വലിയ കണ്ണുകളിൽ നിരാശ മുഴച്ചു നിന്നു. അവളുടെ സംഗീതപഠനം നിന്നു പോകുകയാണെന്ന് ഗുരു വരദലക്ഷ്മിക്കും തോന്നിയിരുന്നു.

vachakam
vachakam
vachakam

'പ്രത്യാശയില്ലാത്ത അവസ്ഥയിലെ സ്വസ്ഥത ', ഈ പെൺകുട്ടിയെ വന്നു മൂടുന്നുവെന്ന് തോന്നിയതിനാൽ ഇനിയൊരു അവസരത്തിനെ കുറിച്ച് ആരായാതെ തന്നെ അവളെ അനുഗ്രഹിച്ചയച്ചു. തുച്ഛമായ മനുഷ്യരുടെ നഷ്ടങ്ങളുടെ കണക്കെടുപ്പും എത്രയോ നിസ്സാരമാണ്.
പാവാടയിൽ നിന്നും ഹാഫ് സാരിയിലേക്കു പൊതിഞ്ഞ  തേൻ നിറമുള്ള ഉടലിൽ പലരും നോട്ടമിടുന്നുണ്ടെന്നു അവളെക്കാൾ മുൻപ് അവളുടെ അപ്പ തിരിച്ചറിഞ്ഞു.
വെല്ലചായ ഗ്ലാസിൽ പകർന്നു മുരുകന്റെ കയ്യിൽ കൊടുക്കുമ്പോൾ, മുത്തു അറിഞ്ഞു, തന്നെ ആ കൈകളിൽ ഏല്പിക്കാൻ അപ്പ തീരുമാനിച്ചുവെന്ന്. നഗരത്തിന്റെ തിരക്കിലും പൊടിയിലും ചുമടു തലയിലേറ്റി അതിവേഗം പണിയെടുക്കുന്ന മുരുകനെ മുത്തുവും  കണ്ടിട്ടുണ്ടായിരുന്നു.

പണി കഴിഞ്ഞ് തോർത്ത് വിരിച്ച് കൂട്ടുകാരോടൊപ്പം തണൽ മരത്തിനു കീഴെയിരിക്കുന്ന മുരുകൻ പലപ്പോഴും കുറുകിയ കണ്ണുകൾ ഒന്നുകൂടി ചുരുക്കി, അവളെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചിരുന്നു. അയാളുടെ പ്രണയത്തിന്റെ തുടർച്ചയായിരുന്നോ അതോ യൗവനത്തിന്റെ വികാരത്തള്ളലാണോ ഓരോ രാത്രിയിലും അവൾക്കുമേ ജയിച്ചുകൊണ്ടിരുന്നത് എന്നറിയാതെ അവൾ ഉഴറി.

കപ്പലണ്ടി കച്ചവടം കഴിഞ്ഞു വരുന്ന സാമിയെ കണ്ടപ്പോൾ കണ്ണൻ ആർത്തുചിരിച്ചു. സാമി നരച്ച മീശരോമങ്ങൾ വിറപ്പിച്ചുക്കാട്ടി കണ്ണനെ ചിരിപ്പിച്ചു. ബാക്കി വന്ന കപ്പലണ്ടിയിൽ ഒരു പിടി വാരി അവന്റെ കയ്യിൽ വെച്ചു കൊടുത്തു. മുത്തുലക്ഷ്മി വിൽക്കാൻ ഏല്പിച്ച മാങ്കാ ഊറുകായും കൊണ്ടാട്ടവും വിറ്റു തീർന്നെന്നു പറഞ്ഞ് കുപ്പായക്കീശയിൽ നിന്ന് കുറച്ചു രൂപയെടുത്തു കൊടുത്തു. ഉപ്പിൽ ഉണങ്ങിയ മാങ്ങ കഷണങ്ങൾ മുളകിലും കായത്തിലും പൊതിഞ്ഞ് കൊതി പിടിക്കുന്ന മണം പരത്തുന്ന അച്ചാറിന്റെ മണം തന്നെയായിരുന്നു ആ നോട്ടുകൾക്കും. തൈരിൽ മുങ്ങിയുണങ്ങിയ കൊണ്ടാട്ടത്തിനും ആവശ്യകാരുണ്ടെന്ന് സാമി പറപ്പോൾ അവളുടെ മനം കുതിച്ചുച്ചാടി. താൻ വെയിലിൽ പൊരിയുന്നുണ്ടെങ്കിലും സ്വന്തമായി കുറച്ചെങ്കിലും സമ്പാദിക്കുന്നതിൽ അവൾക്കഭിമാനം തോന്നി. 

എത്രയും നിസ്സാരമായ സന്തോഷങ്ങൾ പോലും മനുഷ്യമനസ്സിനെ തേച്ചു മിനുക്കികൊണ്ടിരിക്കും. മുത്തു, അടുപ്പത്തു പച്ചരിച്ചോറും, ഉണക്കമീനും വേവിക്കാൻ തുടങ്ങി. മീനിന്റെ മണം ഉയരുന്നതോടൊപ്പം പലചരക്കുകടയിലെ പറ്റും കടയുടമയുടെ മുഖത്തെ അനിഷ്ടവും കഞ്ഞിയിലെ വഴുവഴുപ്പുള്ള പാട പോലെ പൊന്തിക്കിടന്നു. 'ചരക്കാണല്ലോ, നീ ഒന്നു മനസ്സു വെച്ചാൽ കടം വീട്ടേണ്ട...', അയാളുടെ കണ്ണുകൾ അവളുടെ മാറിലേക്ക് ആർത്തിയോടെ പറന്നെത്തുന്നുണ്ടായിരുന്നു.

'ത്ഫൂ...,അവൾ ആഞ്ഞുതുപ്പി.

'മുരുകന്റെ കൈയിന്റെ ചൂടറിയ്യോ നെനക്ക്?', അവളുടെ കണ്ണുകളിലെ അഗ്‌നി നേരിടാനാകാതെ,
മുഖം തിരിച്ചു. അയാൾ തിരിച്ചു പറഞ്ഞത് കേൾക്കാൻ നിൽക്കാതെ അവൾ നടന്നു. വേഗം തന്നെ കടയിലെ പറ്റുതീർക്കണം അവൾ കരുതി. സഞ്ചിയിലെ പച്ചരിയിൽ പുഴുക്കൾ നുളച്ചു.
തീവണ്ടിയുടെ കൂകിപാച്ചൽ, അടുപ്പത്തെ ചളുങ്ങിയ അലുമിനിയം പാത്രത്തിന്റെ മൂടിയെ പ്രകമ്പനം കൊള്ളിച്ചു അകന്നുപോയി. മൂടിത്തട്ടിന്റെ ചെറിയ കിലുക്കം കുറച്ചു നേരം കൂടി നീണ്ടു, പതിയെ വായുവിൽ ലയിച്ചു.

ഏറെ വൈകിയാണ് പണി കഴിഞ്ഞു മുരുകൻ വന്നത്. കണ്ണുകൾ പതിവിലും ചുവന്നിരുന്നു. അയാൾ ചെറിയ മിഠായി പൊതി ചിരിച്ചുകൊണ്ട് ഓടിയടുത്ത കണ്ണന് നീട്ടി, അവൻ അലിഞ്ഞു തുടങ്ങിയ മധുരം നുണഞ്ഞു. കറുത്ത തോർത്തിൽ പൊതിഞ്ഞു കൊണ്ടുവന്ന ചാരായകുപ്പി തുറന്നു അയാൾ അണ്ണാക്കിൽ കമിഴ്ത്തി. കുപ്പിയിൽ കാൽ ഭാഗം ബാക്കിയാക്കി, അതയാൾ മുത്തുവിന്റെ അടുത്തേക്ക് നീക്കി വെച്ചു. അതവളുടെ നാക്കും, തൊണ്ടയും, നെഞ്ചും എരിച്ചു, അവളെ ഒന്നുകൂടി അപ്പയുടെ ചിന്നക്കിളിയാക്കി.

മടിക്കുത്തിൽ നിന്നും കുറച്ചു ചുരുട്ടിയ നോട്ടുകൾ എടുത്തു, മുരുകൻ അവളുടെ കൈയിൽ കൊടുത്തു. ചുളിവുകൾ നിവർത്തി എണ്ണുമ്പോൾ, വീണ്ടും കടക്കാരന്റെ വൃത്തികെട്ട  നോട്ടം അവളോർത്തു.

'പകുതി കാശ് കുടിച്ചുതീർത്തല്ലെ?' അവൾ കയർത്തു.

അയാൾ ഉത്തരം പറയാതെ ചുണ്ടിൽ പുകയുന്ന കഞ്ചാവുബീഡി വെച്ചു ആഞ്ഞുവലിച്ചു, ബീഡികുറ്റി നീട്ടി മുരുകൻ അവളോട് ആഗ്യം കാട്ടി.

'ങും, ങും.. പ്രമാദം', അയാളുടെ കണ്ണുകൾ കൂടുതൽ ചുവന്നു.

'ഇത് വേണ്ട അണ്ണാ.. ഇത് കഞ്ചാവ്, അണ്ണന് ഭ്രാന്താക്കും', അവൾ അതു മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. മുരുകൻ ചാടിയെഴുന്നേറ്റു അവളെ പുറംക്കാലുക്കൊണ്ട് തൊഴിച്ചക്കറ്റി. വേദനകൊണ്ട് പുളഞ്ഞവൾ തറയിൽ ഇരുന്നുപ്പോയി. അവൾ മുരുകനെ ഉച്ചത്തിൽ തെറി വിളിച്ചു. തീവണ്ടിയുടെ അലർച്ച ആ തെറിവിളകൾ വിഴുങ്ങി. അയാൾ കൈമുട്ടുകൊണ്ട് അവളുടെ പുറത്തു ആഞ്ഞിടിച്ചു. പിടഞ്ഞെണീറ്റ് അവൾ സർവ്വശക്തിയുമെടുത്തു അയാളെ പുറകിലേക്ക് തള്ളി. ഒരലർച്ചയോടെ അയാൾ മലർന്നു വീണു.

'അപ്പ, എനക്ക് മുടിയലൈ !', അവൾ തലയിൽ തല്ലി കരഞ്ഞു.  മരത്തൂണിൽ കെട്ടിവെച്ചിരുന്ന അപ്പയുടെ പടം കുറച്ചു നേരം വിറച്ചിരുന്നോ എന്നവൾക്കു തോന്നി.

കണ്ണൻ മിഠായി നുണഞ്ഞു ഒറ്റമുറിയുടെ മൂലയിൽ പകച്ചു നിന്നു. പച്ചരിച്ചോറു പാത്രം തറയിൽ വീണു, ചോറ് മുക്കാലും ചിതറിത്തെറിച്ചു. പാത്രം തറയിൽ വശം കുത്തി നിന്നു. 
അയാൾ വെറും തറയിൽ കാലുകൾ അകത്തി, കൈകൾ വിരിച്ച് മലർന്നുക്കിടന്നു മയങ്ങി.
'കടവുളെ... മംഗലം കെട്ടുപ്പോയി ', അവൾ വിങ്ങിക്കരഞ്ഞു. ഇങ്ങനെ ഇടിയും തൊഴിയും കൊള്ളാനാണോ അപ്പ എന്നെ ഇയാളുടെ കയ്യിൽ ഏല്പിച്ചത്? അവൾ സ്വയം ചോദിച്ചുകൊണ്ടിരുന്നു.
ഇപ്പോൾ മുരുകണ്ണന് ഞാൻ ഇവിടെ നിന്നും  പുറത്തു പോകുന്നത് പോലും ഇഷ്ടമല്ല. വേണ്ടത് ഞാൻ കൊണ്ടുവരുന്നുണ്ടല്ലോ എന്നാണ് അയാളുടെ ന്യായം.

അതൊന്നിനും  തികയുന്നില്ലെന്നുള്ളത് അയാൾക്ക് അറിയേണ്ട കാര്യമില്ല. കൈയിൽ ചുരുട്ടിപിടിച്ച നോട്ടുകൾ മുത്തു, പായ ചുരുളിന്നുള്ളിൽ തിരുകിവെച്ചു. കൂട്ടിമുട്ടാത്ത വരവുചിലവു കണക്കുകൾ സമാന്തരങ്ങൾ തീർത്തു. ഒറ്റമുറിവീട് ചോർന്നൊലിക്കുന്നതും വെള്ളികൊലുസ്സ് പൊട്ടിപ്പോയതും കടയിൽ കടം പെരുകിയതുമെല്ലാം അനുവാദം ചോദിക്കാതെ ഇടയ്ക്കിടെ അവളുടെ തലയിൽ മിന്നി, ചുരമാന്തി. 

ചോറും നനവും കുഴഞ്ഞ  നിലം തൂത്തു വൃത്തിയാക്കുമ്പോൾ അടുത്ത തീവണ്ടിയും കടന്നുപോയിട്ടുണ്ടായിരുന്നു. മയക്കം വിട്ടുണർന്ന മുരുകന് കവടി പാത്രത്തിൽ പച്ചരിച്ചോറും മീനും വിളമ്പിവെച്ചു. ഒഴിഞ്ഞ ചോറുപ്പാത്രം കഴുകി കമിഴ്ത്തി. വിശപ്പിന്റെ ആളൽ തടുക്കാൻ അവൾ വയർ അമർത്തിപ്പിടിച്ചു, ശരീരം വളച്ചു, മുലയൂട്ടി കണ്ണനെ ഉറക്കി. ഭാവിയിൽ നിന്റെ കൂടെയുള്ളവളോടുള്ള സ്‌നേഹത്തിന്റെ ഭാഷ എങ്ങനെയായിരിക്കും? നിന്റെ അപ്പയെ പോലെ ഇഷ്ടം തോന്നുമ്പോൾ വാസനിച്ചും ചിലപ്പോൾ വിരലിനിടയിൽ വെച്ചമർത്തി കശക്കിയും കളയുന്ന മല്ലിപൂക്കൾ പോലെയാകുമോ? 

സ്വസ്ഥമായി ഉറങ്ങുന്ന കുഞ്ഞിനെയവൾ അരുമയോടെ പുണർന്നു.

മുരുകൻ തലതാഴ്ത്തിയിരുന്നു ഭക്ഷണം കഴിച്ചു. അവസാനത്തെ ഉരുളയും വിഴുങ്ങുമ്പോളാണ് ഒഴിഞ്ഞ ചോറ്റുപ്പാത്രം അയാളുടെ കണ്ണിൽ ഉടക്കിയത്. കുറ്റബോധത്തോടെ, ബീഡിക്കറ പുരണ്ട കൈവിരലുകൾ കൊണ്ടവൻ, കണ്ണനെ കെട്ടിപ്പിടിച്ചു കിടക്കുന്ന മുത്തുവിനെ തോണ്ടിവിളിച്ചു, കറ പിടിച്ച പല്ലുകൾ കാട്ടി ചിരിച്ചു മുഖത്തെ ജാള്യം മറയ്ക്കാൻ ശ്രമിച്ചു.

'മുത്തു,  ഞാൻ  നിനക്ക് കുറച്ചു പൊറോട്ട വാങ്ങി കൊണ്ടുവരാം,' അയാൾ ടോർച് തിരഞ്ഞു.
'വേണ്ട, എനിക്കൊന്നും വേണ്ട', അവൾ ദേഷ്യത്തോടെ തിരിഞ്ഞു കിടന്നു. നൊമ്പരം തേങ്ങലായി പുറത്തുവന്നു, കണ്ണുനീർ കവിൾ നനച്ചൊഴുകി. അകത്തെ പതിഞ്ഞ ഇരുട്ടിൽ അതയാൾ കണ്ടില്ല. അവളുടെ വെള്ളി മൂക്കുത്തി തിളങ്ങുന്നത് മാത്രം കണ്ടു. അയാൾ വാതിൽ ചാരി പുറത്തിറങ്ങി പോകുന്ന ശബ്ദവും ഇടവഴിയിലെ ഇരുട്ടിൽ നിന്ന് ഉണർന്ന തെരുവുനായ്ക്കളുടെ കുരയും  മുത്തു കേട്ടു.

അവൾ നെഞ്ചിൽ പറ്റിച്ചേർത്ത മഞ്ഞച്ചരടിൽ കൊരുത്ത താലി വിരലുകൾക്കൊണ്ട് മെല്ലെ തടവി. 
അവൾ ഒരു പാട്ടു മൂളാൻ ശ്രമിച്ചു, ഏത് രാഗം, മോഹനം, കാംബോജി, ആനന്ദഭൈരവി? പക്ഷെ അയാളുടെ സ്‌നേഹത്തിന്റെ ഭാഷ വ്യത്യസ്തമായിരുന്നു. താളം മുറിഞ്ഞ സ്വരങ്ങളിൽ, ഇടയ്ക്കിടെ ആരോഹണത്തിലും അവരോഹണത്തിലും ശ്രുതിഭംഗം മുഴച്ചു. അവൾ നോവുന്ന ഓർമ്മകൾ, സ്വയം ഒഴുക്കി കളയാൻ ശ്രമിച്ചു. വീണ്ടും വീണ്ടും നിറയാൻ വെമ്പി. ഒരൊഴിയൽ മറെറാരു നിറവിലേക്കുള്ള വഴിതുറക്കലാണല്ലോ.

തീവണ്ടി കുക്കിവിളിച്ചു,  ആധിയും ആഹ്ലാദവും കൂടെക്കൂട്ടി, ഉരുക്ക് ചക്രങ്ങൾ ഉരച്ച് ഇരമ്പിപ്പാഞ്ഞു.

ജോയ്‌സ് വർഗീസ്,കാനഡ


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam