ഒട്ടാവ: കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്ണോയിയേയും സംഘത്തെയും കാനഡ തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തി. ബിഷ്‌ണോയിയും സംഘവും ഏതാനും വര്‍ഷങ്ങളായി സിഖ്-കനേഡിയന്‍ പൗരന്മാര്‍ ഉള്‍പ്പെട്ട ഖലിസ്ഥാന്‍ അനുകൂല ഘടകങ്ങളെ ലക്ഷ്യംവയ്ക്കുന്നതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കാനഡയിലെ എല്ലാവരുടേയും സുരക്ഷ ഉറപ്പാക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്ന് കനേഡയന്‍ പൊതുസുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗ്രി പറഞ്ഞു.
''കാനഡയിലെ ഓരോ വ്യക്തിക്കും അവരുടെ വീട്ടിലും സമൂഹത്തിലും സുരക്ഷിതമായി ജീവിക്കാന്‍ അവകാശമുണ്ട്. ഒരു സര്‍ക്കാര്‍ എന്ന നിലയില്‍ അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ അടിസ്ഥാനപരമായ ഉത്തരവാദിത്തമാണ്. ബിഷ്ണോയി സംഘം ചിലരെ ഭീകരതയ്ക്കും അതിക്രമത്തിനും ഇരയാക്കിയിട്ടുണ്ട്. ഈ സംഘത്തെ തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ഇവരുടെ കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള ശരിയായ മാര്‍ഗമാണ്'' ഗാരി പറഞ്ഞു.
ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നതോടെ, ബിഷ്ണോയ് സംഘത്തിന്റെ സ്വത്തുക്കള്‍, വാഹനങ്ങള്‍, പണം എന്നിവ കണ്ടുകെട്ടാനോ മരവിപ്പിക്കാനോ സര്‍ക്കാരിനു കഴിയും. ഇത് സംഘാംഗങ്ങളെ പ്രോസിക്യൂട്ട് ചെയ്യാന്‍ കനേഡിയന്‍ നിയമപാലകര്‍ക്ക് നിയമപരമായ അധികാരവും നല്‍കും. സംഘാംഗങ്ങളെന്ന് സംശയിക്കുന്നവര്‍ക്ക് കാനഡയിലേക്കുള്ള പ്രവേശനം ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിഷേധിക്കാനും കഴിയും.
2023ല്‍ ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിനെ കൊലപ്പെടുത്തിയതോടെയാണ് ബിഷ്ണോയ് സംഘത്തേ കുറിച്ച് കാനഡയില്‍ ചര്‍ച്ച ആരംഭിച്ചത്. 2024ല്‍ പഞ്ചാബി ഗായകരുടെ കാനഡയിലെ വസതിക്കുനേരെ വെടിയുതിര്‍ത്തതിന്റെ ഉത്തരവാദിത്തം ബിഷ്ണോയി സംഘം ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് സിഖ് സമൂഹം ഒന്നടങ്കം ബിഷ്ണോയി സംഘത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്