'വെറുതെ ഒരു മോഹം'

SEPTEMBER 27, 2025, 11:37 PM

ഏതു പ്രായത്തിലും വിശ്രമദിനങ്ങൾ പ്രിയപ്പെട്ടത് തന്നെ. ബാല്യത്തിലെ അവധിക്കാലോർമ്മകൾ പുതുമഴയിൽ നനഞ്ഞ മണ്ണിന്റെ പുതുമണം പോലെ ഹൃദ്യമായി ഉള്ളിൽ പെരുകുന്നു. ഓർമ്മയുടെ മണിച്ചെപ്പിൽ അവധിക്കാലം അനേകം മുത്തുകളായി ഉരുണ്ടു കിലുങ്ങും. ചെപ്പൊന്നു തുറക്കുമ്പോൾ കുതിച്ചുചാടി ഉരുണ്ടു നീങ്ങി ദൂരെ പോകുന്ന  മണിമുത്തുകളുടെ പിറകെ ഓടി, പെറുക്കിയെടുത്തു കൈവെള്ളയിൽ ഒതുക്കി താലോലിക്കാൻ ഇപ്പോഴും കൊതി തോന്നുന്നു.

വർഷങ്ങൾക്കു മുൻപ്, എല്ലാ കുട്ടികൾക്കും കളിക്കാർ സമപ്രായക്കാരായ കൂട്ടുകാരെ കിട്ടുമായിരുന്നു. രണ്ടോ മൂന്നോ വയസ്സിനു മൂപ്പിളപ്പമുള്ള കുട്ടികൾ ചേരുമ്പോൾ രൂപപ്പെടുന്ന ഒരു കുട്ടിപട്ടാളം തന്നെയായിരുന്നു ആ കാലം സമ്പന്നമാക്കിയിരുന്നത്. തിരക്കുകുറഞ്ഞ റോഡുകളും ഇടവഴികളും വിശാലമായ പുരയിടങ്ങളും അതിൽ തിങ്ങിനിറഞ്ഞ മരങ്ങളും ചേർന്ന ഹരിതാഭവും ശാന്തവുമായ ഗ്രാമാന്തരീക്ഷം.

കാലാനുസൃതമായ മാറ്റങ്ങൾ ജീവിതരീതിയിൽ വന്നു ഭവിക്കുമെങ്കിലും അന്ന് കുട്ടികൾ ഇന്നത്തെ കുട്ടികളെക്കാൾ സന്തുഷ്ടരായിരുന്നു. പഠനത്തിൽ  ഇന്നത്തെയത്ര മത്സരബുദ്ധി ഇല്ലാത്തതിനാൽ ഇത്രയും പിരിമുറുക്കം അനുഭവപ്പെട്ടിരുന്നില്ല. കുട്ടികളുടെ എണ്ണക്കൂടുതൽ കൊണ്ടാകാം, കുട്ടികളുടെ പഠിത്തത്തിൽ മാതാപിതാക്കൾക്ക് ഇന്നത്തെ ആശങ്കയും ഉണ്ടായിരുന്നില്ല.
കമ്പ്യൂട്ടർ ഗെയിംസും ടിവി പരിപാടികളും റിയാലിറ്റി ഷോകളും ഇല്ലാതിരുന്ന കാലത്ത് അവധിക്കാലം കുട്ടികൾക്ക് കളിക്കാൻ മാത്രം ഉള്ളതായിരുന്നു. ഇന്ന് ട്യൂഷനും സ്‌പെഷ്യൽ ക്ലാസും ബ്രിഡ്ജ് കോഴ്‌സും എല്ലാം ചേർന്നു ആ സുവർണകാലം കുട്ടികളിൽ നിന്നും തട്ടിപ്പറിക്കുകയല്ലേ?

vachakam
vachakam
vachakam

നാട്ടുമാവും പ്ലാവും കശുമാവും പേരയും ഞാവലും മുരിങ്ങമരവും ഒക്കെ തിങ്ങിനിറഞ്ഞു നിൽക്കുന്ന തൊടികൾ. അതിരുകളിൽ, വൃശ്ചികകാറ്റ് ഊർന്നുപോകുമ്പോൾ തലമുടിക്കെട്ടഴിക്കുന്ന ഇല്ലിമുളം കൂട്ടങ്ങൾ, കരുത്തു കാട്ടി വളരുന്ന തേക്ക്, ചന്ദനം തുടങ്ങി കുറേയിനം മരങ്ങൾ. ഇളം വയലറ്റ് നിറത്തിൽ, പൂചൂടുന്ന ശീമക്കൊന്നകൾ. കണിക്കൊന്ന പൂവിനെ പോലെ പൊന്നരഞ്ഞാണം തൂക്കി ഭ്രമിപ്പിക്കില്ലെങ്കിലും വേനലിൽ നിറയെ പൂക്കുന്ന കൊന്നയും ഒരു സുന്ദരിയായിരുന്നു. പക്ഷെ ഒരിടത്തും പാരാമർശിക്കാതെ കടന്നു പോകുന്ന ചില ജന്മങ്ങൾ.

വേലിപ്പരത്തി, കൊങ്കിണി, കോളാമ്പി, ചെമ്പരത്തി, രാജമല്ലി ഇവയെല്ലാം പൂത്തുലഞ്ഞു വേലിത്തലപ്പിനെ മുട്ടിയിരുമ്മിനിന്നു.  വാഴനൂലിൽ കൊരുത്ത മുല്ലമൊട്ടുമാല മുടിയിലെ അലങ്കാരമായിരുന്നു. പൂക്കൾ പറിച്ചെടുക്കലും കോർത്തു കെട്ടുന്നതും എല്ലാവരും ചേർന്നു തന്നെ. ആൺകുട്ടികളും പെൺകുട്ടികളും വേർത്തിരിവില്ലാതെ വിശാലമായ പറമ്പിൽ ഓടിക്കളിച്ചു. നെൽപ്പാടവും വാഴത്തോപ്പും ഒക്കെ കൈയടക്കി കളിയുടെ സാമ്രാജ്യം വികസിപ്പിക്കും. എന്തൊരു സുന്ദരമായിരുന്നോ, ഒരല്ലലും ഇല്ലാത്ത ആ കാലം.

ഞങ്ങളുടെ തൊടിയിൽ പടർന്നു പന്തലിച്ച പ്ലാവിന്റെ ഒരു ശിഖിരം മാത്രം ഒരു ഭാഗത്തേക്ക് വളരെ നീളത്തിൽ വളർന്നിരുന്നു. ഇവിടെ ഊഞ്ഞാലിട്ടോ, എന്നു പറയുന്ന പോലെ. വേനലവധിക്കു മുമ്പുള്ള ഞായറാഴ്ച അച്ഛൻ അതിൽ ഒരു ഊഞ്ഞാൽ കെട്ടിത്തരും. ഉശിരൻ ഊഞ്ഞാലാട്ടത്തോടെ ആഘോഷം ഉത്ഘാടനം ചെയ്യും.

vachakam
vachakam
vachakam

'സൂക്ഷിക്കണം, കൈയും കാലും ഒടിക്കരുത് ട്ടോ.' ഒരു തുണ്ട് കരുതൽ കൈയിലേൽപ്പിച്ചു, ആ സ്‌നേഹരൂപം നടന്നുനീങ്ങും. എന്റെ പ്രായത്തിലുള്ള പിള്ളേർ സെറ്റ് രാവിലത്തെ ഭക്ഷണം കഴിയാൻ കാത്തു നിൽക്കും, വീട്ടിൽ നിന്നും പുറത്തു ചാടാൻ. അതുവരെ പഴയതും പുതിയതുമായ കഥാപുസ്തകങ്ങളിൽ ഞാൻ കഥകൾക്കുള്ളിൽ മുങ്ങിത്തപ്പും.

കൂട്ടുകാർ എത്തിയാൽ ഊഞ്ഞാലിന് അടുത്തേക്ക് ഓട്ടം പിടിക്കും. ഊഞ്ഞാലിൽ ഇരുന്നാടുന്നത് ഗ്ലാമർ കുറവാണ്, അതുകൊണ്ട് നിന്നു ആടുക, നല്ല വേഗത്തിൽ ഊഞ്ഞാലിൽ കറങ്ങുക തുടങ്ങി കസർത്തുക്കാട്ടി ആ പത്തുപന്ത്രണ്ടു വയസ്സുകാർ ധൈര്യം അഭിനയിക്കും. വെറ്റിലക്കെട്ട് എന്നൊരു സൂപ്പർലേറ്റീവ് ഊഞ്ഞാലാട്ടമുണ്ട്. ഊഞ്ഞാൽ പരമാവധി പിറകിലേക്കു വലിച്ചു പിടിച്ച് ഒരാളുടെ തലപ്പൊക്കത്തിൽ പൊക്കിയാട്ടിവിടും. ഊഞ്ഞാൽ പൊക്കുന്നയാൾ അതിനടിയിലൂടെ ഓടിപ്പോകും.

ഊഞ്ഞാൽ നന്നായി ഉയരുന്നതിനാൽ ആട്ടത്തിന് ഏറ്റവും കൂടുതൽ ആയം കിട്ടുന്നു. ആ ഒരൊറ്റ ടേക്ക് ഓഫീൽ മരങ്ങളുടെ ഉച്ചിയിലെ ഇലയും അടുത്തുവീട്ടിലെ മേൽക്കൂര വരെ കാണാം. ധൈര്യമില്ലാത്തവർ കാണിയായി നിന്നു കൈയടിക്കും. അല്ലെങ്കിൽ കളിയാക്കൽ പേടിച്ചു ചമ്മി നിൽക്കും. ഒരാളുടെയെങ്കിലും കൈ ഒടിയലും സ്വർണ്ണകമ്മൽ തെറിച്ചുപോകലും എല്ലാ അവധിയിലുമുണ്ടാകും. മേടമാസത്തിലെ ചൂടുകാറ്റ് മുറിച്ചാടുന്ന ഊഞ്ഞാൽ ആ മേടചൂടിനെ വീശി തണുപ്പിക്കും.

vachakam
vachakam
vachakam

വെയിൽ മൂക്കുമ്പോൾ വീണ്ടും കവടികളിയും പടവെട്ടുകളിയും വളപ്പൊട്ടുകളിയുമായി ഉമ്മറത്ത് കൂടും. വെയിൽ കനക്കുമ്പോൾ മാവിന്റെ തണലിൽ, പച്ചമാങ്ങ പറിച്ച് അമ്മിക്കല്ലിൽ ചതച്ചു ഉപ്പിൽ മുക്കി തിന്നും. അപ്പോൾ ഒഴുകുന്ന കൊതിവെള്ളം തുടച്ച് ബഡായി പറയലാണ് മെയിൻ ഐറ്റം. പുലി പോലെ വന്നത് എലി പോലെ ആകുന്ന കഥകളാണ് ഏറെയും. പലതും അമ്മവീട്ടിലും അമ്മാവൻ വീട്ടിലും നടന്നവയായിരിക്കും. കുറച്ചു ദൂരം കഥകൾക്ക് ഒരു 'ഗുമ്മ് ' കൊടുക്കും എന്ന് പരക്കെ വിശ്വാസമുണ്ടായിരുന്നു.

മുറ്റത്തെ മുല്ലക്ക് അന്നും മണമില്ലല്ലോ.

കൂട്ടത്തിൽ ബഡായി വീരൻ തട്ടിവിട്ടു.

'തിളങ്ങൂത്രെ, പാമ്പിന്റെ തലയിലെ മാണിക്യം.'

'ഒന്ന് പോടാ, നീ കണ്ടിട്ടുണ്ടോ?, അതൊക്കെ വെറുതെ പറയണതല്ലേ?, മുതിർന്ന കുട്ടി അറിവു വിളമ്പി.

'എങ്ങിന്യാ പാമ്പിന്റെ തലയിൽ കല്ലുവെക്ക്യ, അതിനു കൈയില്ലല്ലോ?', കുറെ നേരത്തെ ആലോചനക്കു ശേഷം കൂട്ടത്തിലെ ചെറിയ കുട്ടിയുടെ സാങ്കേതിക സംശയം. ചെറിയ കുട്ടിയെ ആരു മൈൻഡ് ചെയ്യാൻ? തീരെ ശ്രദ്ധ കിട്ടാൻ യോഗമില്ലാത്ത ചോദ്യമായി ചീറ്റിപ്പോയി.

'എന്റെ മാമനാ കണ്ടത്', വീണ്ടും ബഡായിവീരന്റെ സാക്ഷ്യം.

'മാണിക്യം കണ്ടോ മാമൻ?', മറ്റുള്ളവർ വിട്ടുകൊടുക്കുന്നില്ല. അവനു ചമ്മലും ദേഷ്യവും വരാൻ തുടങ്ങിയിരുന്നു.

'അല്ല, പാമ്പിന്യാ മാമൻ കണ്ടത്, നിങ്ങൾ പൊട്ടന്മാരാ. രാത്രി ഇരുട്ടത്താണ് മാണിക്യം തിളങ്ങ്യാ. അതു പകൽ കാണോ? - ന്റെ മാമൻ പറഞ്ഞതാണ്. '

'ഒരു ചുക്കും കണ്ടിട്ടില്ല, നൊണയൻ', ഞങ്ങൾ നീട്ടിവിളിച്ചു കൂവി ചിരിക്കും. അടുത്ത കൂവലിനു മുൻപ് അവനോടി പേരമരത്തിൽ കയറും.

ഉച്ചത്തിൽ വിളിച്ചു പറയും, 'പോരെ, നിറച്ചു പേരക്കയുണ്ട് ' പിന്നെ പേരച്ചോട്ടിലേക്കു പിള്ളേർസംഘം  കൂട്ടത്തോടെ ചെന്നു പേരക്ക തീറ്റ തുടങ്ങും. നീരോലിപ്പഴം നുള്ളിപെറുക്കി തിന്നും ഞാവൽപ്പഴം തിന്നും വയലറ്റ് നിറം പിടിക്കുന്ന നാവ് പുറത്തിട്ടു ഭൂതപ്രേതങ്ങളായി കളിക്കും.

വഴക്കും പിണക്കവും നിമിഷനേരത്തെ ആയുസ്സിൽ വേഗം തീരും. വിദ്വേഷം മനസ്സിൽ സൂക്ഷിക്കാൻ അറിയാത്ത ആ ബാല്യം !

വെയിൽ ശമിക്കുമ്പോൾ, കളങ്ങളിൽ തുട്ടു തട്ടിത്തെറുപ്പിച്ച നാലുമൂലയും കുട്ടിയും കോലും കളിയും  തുടങ്ങും. കളിയുടെ ആരവം അലകളായി നേർത്തുപോയെങ്കിലും ദീപ്തമായ ഓർമ്മകൾ, ശബ്ദതരംഗങ്ങളെ വീണ്ടും തേടിപ്പോകുന്നു.

അമ്പസ്ഥാനിയും (ഒളിച്ചുകളി) ഓട്ടപ്രാന്തിയും (ഓടി തൊട്ടു കളി) ആയിരുന്നു ഏറ്റവും കൂടുതൽ കളിച്ചിരുന്നത്. പാകിസ്ഥാനി, അഫ്ഗാനിസ്ഥാനി പ്രാസമുള്ള പേര് ഈ അമ്പസ്ഥാനി കളിക്കു എങ്ങനെ വന്നുചേർന്നു എന്ന് ഞങ്ങൾ ചർച്ചചെയ്തു. അത് ഒരിക്കലും ഉത്തരം കിട്ടാത്ത സമസ്യയായി അവശേഷിച്ചു.

ഓട്ടപ്രാന്തി എന്ന 'പ്രാന്ത് കളി 'എല്ലാവരും ലക്കും ലഗാനും ഇല്ലാതെ ഓടുന്നത് കൊണ്ടാവും എെന്നയെന്റെ കണ്ടെത്തലിനെ കൊഞ്ഞനംകുത്തി കളിയാക്കി കൂട്ടുകാർ. 'അവളുടെ ഒരു കണ്ടുപിടുത്തം, ഒരു ശാസ്ത്രജ്ഞ.'

'ന്നാൽ വേണ്ട, എനിക്കൊരു ചേതോംല്ല ട്ടോ. നാളെ നീ വാ - ഞാൻ കാണിച്ചു തരാം', ഭീഷണി മുഴക്കില്ലെങ്കിൽ ഒരു മോശം അല്ലെ, എന്ന മട്ടിൽ മുഖം വീർപ്പിച്ചു ഞാനും. പിറ്റേന്ന് പ്രത്യേകിച്ചു ഒന്നും സംഭവിക്കാത്ത മട്ടിൽ ഞാൻ അവരെ കാത്തിരിക്കുകയും സന്ധ്യ മയങ്ങും വരെ ഒന്നിച്ചു കളിക്കുകയും ചെയ്യും. കളിയും തമാശയും നുറുങ്ങുപരിഭവങ്ങളുമായി കടന്നുപോയ ദിവസങ്ങൾ.
അവധിക്കാലത്തു അമ്മയുടെ വീട്ടിൽ ഏറ്റവും കൂടിയത്, രണ്ടാഴ്ച പോയി നിൽക്കാൻ അനുവാദം കിട്ടിയിരുന്നു. അതിഥികളെന്ന പരിഗണന ആസ്വദിച്ചു ആ രണ്ടാഴ്ച പെട്ടെന്നു കടന്നുപോകും.

നടന്നെത്താവുന്ന ദൂരത്തിൽ ഒരു കിടിലൻ പുഴയും സിനിമ തിയേറ്ററും ആയിരുന്നു മുഖ്യാകർഷണം.

സന്ധ്യക്ക് പുഴ കാണാൻ പോകുന്ന ഞങ്ങൾക്ക് പുഴക്കരയിൽ അലക്കും കുളിയുമായി നിരവധി സ്ത്രീകളെ കാണാമായിരുന്നു. അർദ്ധനഗ്‌നരായ അവരെ നോക്കി ഞാൻ കസിനോട് ചോദിച്ചു, 'ശ്ശേ - ഇവർക്ക് നാണമില്ലേ, ഇങ്ങനെ തോർത്ത് മാത്രം ഉടുത്തു നടക്കാൻ?'

'എല്ലാവരും അങ്ങനെയാകുമ്പോൾ നാണമുണ്ടാവില്ല.' വലിയ ഒരു തത്വചിന്ത വിളമ്പിയ മട്ടിൽ അവളുടെ മുഖം ഗൗരവം പൂണ്ടു. അടുത്ത നിമിഷം ഞങ്ങൾ ഒന്നുചേർന്നു പൊട്ടിച്ചിരിച്ചു. കുത്തിയൊഴുകുന്ന പുഴയും അതിൽ താറാവ് കുഞ്ഞുങ്ങളെപ്പോലെ നീന്തിക്കളിക്കുന്ന കുട്ടികളേയും നീന്തലറിയാത്ത ഞങ്ങൾ അസൂയയോടെ നോക്കിനിൽക്കും. പിന്നീട് അത് 'ഒത്തൊരു' തത്വചിന്ത തന്നെയെന്നു തോന്നിയിട്ടുണ്ട്. പലരും ചെയ്യുന്നവെന്ന ഒറ്റ കാരണം കൊണ്ടുമാത്രം ചെയ്യുന്ന കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ എത്രയുണ്ട്?

അമ്മ വീട്ടിലെ താമസം കഴിഞ്ഞ് തിരിച്ചെത്തി, വേനലവധിക്കു മാത്രം തരമാവുന്ന ഒന്നായിരുന്നു തേവുവെള്ളത്തിൽ കളി. ഞങ്ങൾ കസിൻസ് എല്ലാവരും ചേർന്നു ഞങ്ങളുടെ തൊട്ടടുത്തുള്ള തറവാട്ടിൽ കളിക്കാൻ പോകും. അവിടെ അപ്പൂപ്പനും അമ്മൂമ്മയും ഞങ്ങളെ കാത്തിരിക്കുന്നുണ്ടാകും. കുറെ അംഗങ്ങൾ ഒന്നിച്ചു താമസിച്ചിരുന്ന വലിയ തറവാട്. പടിപ്പുരയും നാലുവശവും തുറന്ന ഉമ്മറവുമുള്ള ഇരുനില ഓടുവീട്. കനത്ത വാതിലുകൾ പള്ളിവാതിലുകൾക്കു സമാനമായിരുന്നു.

വിജാഗിരിയില്ലാത്ത വാതിലിന്റെ ആഗ്രഭാഗത്തെ മരഗോളാകൃതി കട്ടിളയുടെ കുഴികളിൽ തിരിഞ്ഞു തുറക്കുമ്പോൾ പുറപ്പെടുന്ന, മരം ഉരയുന്ന ശബ്ദം ആ വാതിലുകൾക്ക് മാത്രം സ്വന്തമായിരുന്നു. നടേലകം, മച്ചകം, കയ്യാലകം, വെക്കനകം (അടുക്കള) തുടങ്ങി പ്രത്യേക പേരുകളുള്ള മുറികളും വീടിനകത്തെ ചവിട്ടുപടികളും കയ്യാലയും കോലായയും കയറിയിറങ്ങി നടക്കൽ തന്നെ ഞങ്ങൾക്കൊരു കളിയായിരുന്നു.

ഒഴിഞ്ഞു കിടന്നിരുന്ന മുറികളും തട്ടിൻപ്പുറവും അതിന്റെ മൂലയിൽ ഒതുങ്ങിയ അനവധി മൺഭരണികളും വലിയ ഉരുളികളും കുട്ടകവും ഇരുട്ട് ഒളിച്ചുപാർക്കുന്ന പത്തായവും അന്നത്തെ അവസാനിക്കാത്ത കൗതുകങ്ങളായിരുന്നു.

തെങ്ങും കുരുമുളകുവള്ളി പടർത്തിയ കവുങ്ങും വാഴക്കൂട്ടങ്ങളുമുള്ള തൊടിയിൽ ധാരാളം കിളികളും പാർത്തിരുന്നു. വേനലിലും തണുപ്പും ശാന്തതയും കൂട്ടിരുന്നയവിടെ കിളികൾ ഇടതടവില്ലാതെ പാടുമായിരുന്നു. നിശബ്ദതയുടെ നിഗൂഢതയെ കീറിമുറിക്കുന്ന പാട്ട്.
'തേക്കും, തിരിയും ഉള്ള വളപ്പ് ' എന്നാണ് പറഞ്ഞിരുന്നത്. അതിന്റെ മൂലയിലുള്ള വലിയ കിണറിൽ നിന്നും മൂരികളെ (കാള) കൂട്ടി, വെള്ളം വലിച്ചു കയറ്റുന്ന തേക്കുകൊട്ട പുറത്തേക്കു ഒഴുക്കുന്ന വെള്ളത്തിൽ കളിക്കുകയാണ് അവിടത്തെ ഏറ്റവും ഇഷ്ടപ്പെട്ട കളി. ഒരേ സമയം ഇതിൽ നിന്നും ഒഴുകുന്ന വെള്ളം 'പടുക്ക' യിൽ സംഭരിച്ചു ചെറിയ ചാലുകളിൽക്കൂടി ഒഴുക്കി മരങ്ങളുടെ തടത്തിൽ എത്തിക്കും. കല്ലും സിമന്റും ചേർത്തു പണിത ടാങ്ക് ആണ് പടുക്ക. വളരെയധികം വെള്ളം ഒരേ സമയത്ത് ദേഹത്തു പതിക്കുമ്പോൾ, കുളത്തിൽ കിടക്കുന്ന അനുഭവം തന്നെയായിരുന്നു.

സന്ധ്യക്ക്, തണുത്തുവിറച്ചു കളിക്കുന്ന ഞങ്ങളെ തേടി ചട്ടയും മുണ്ടും ധരിച്ചിരുന്ന അമ്മാമ (അമ്മൂമ്മ ) തടിച്ച ദേഹവുമായി കഷ്ടപ്പെട്ട് വരമ്പുകൾ കയറിയിറങ്ങി എത്തും.
'മതി, മതി വെള്ളത്തിൽ കളിച്ചത്, പനി പിടിക്കും.' ആ സ്‌നേഹശാസനയിൽ കളി നിർത്തിയ ഞങ്ങളുടെ തലമുടി ഉണക്കിത്തോർത്തി, അമ്മൂമ്മ ശിരസ്സിൽ രാസ്‌നാദി പൊടി തിരുമ്മി, നന്നായി ഊതിത്തരും.

കുരുമുളകും അടക്കയും കുന്നുകൂടികിടക്കുന്ന വലിയ ഇറയത്തു ആട്ടുകല്ലിനരികിൽ ഞങ്ങളെ പിടിച്ചിരുത്തും. പത്തായത്തിൽ തൂക്കിയ കുലയിൽ പഴുത്തു പാകമായി പൂവൻ പഴം ഞങ്ങളെ കാത്തിരിക്കുന്നുണ്ടാകും. ഞങ്ങൾ കൈ നിറയെ പഴവുമായി  വരുന്ന അമ്മൂമ്മയെയും അല്ലെങ്കിൽ കുഞ്ഞുഭരണിയിലെ അച്ചുശർക്കര പൊട്ടിച്ചു ഓരോ തുണ്ട്. ആ ശർക്കരത്തുണ്ട് നൊട്ടിനുണഞ്ഞു അന്തിച്ചോപ്പ് പകരുന്ന മാനം നോക്കിനടന്ന കാലം.

വെറുതെ ആണെന്നറിഞ്ഞിട്ടും ഒരു വട്ടം കൂടി മധുരം കിനിയും അവധിക്കാലമെന്ന ചക്കരത്തുണ്ട് നുണയാൻ മോഹം തോന്നുന്നു.

ജോയിസ് വർഗീസ്, കാനഡ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam