ആശകളലിഞ്ഞ കഥ

SEPTEMBER 21, 2025, 11:10 PM

മിന്നുമോളുടെ കവിളിൽ ഒരുമ്മ കൊടുത്തിട്ട് സിന്ധു പറഞ്ഞു.

'മോൾ അമ്മൂമ്മയുടെ അടുത്ത് ഇരുന്നോട്ടോ, അമ്മ പെട്ടെന്നു വരാം.'

മിന്നുവിന്റെ വിരലുകൾ സിന്ധുവിന്റെ കൈത്തലം ചുരുട്ടിപിടിച്ചു തന്നെയിരുന്നു. മിന്നുവിന്റെ കണ്ണുനിറയാൻ തുടങ്ങുമ്പോഴേക്കും ലളിത അല്പം ശ്രമപ്പെട്ടു ചവിട്ടുപ്പടികൾ ഇറങ്ങി വന്നു.

vachakam
vachakam
vachakam

മങ്ങിയ ചുവപ്പ് സാരിയും നരച്ച മുടിയും മിന്നുവിന് ഒറ്റനോട്ടത്തിൽ തീരെ താൽപര്യംതോന്നിയില്ല. സിന്ധുവിന്റെ അടുത്തുവരുന്ന പ്രസവത്തിനു മുമ്പുള്ള ചെക്ക് അപ്പ് ആണ്. അതൊഴിവാക്കാൻ പറ്റില്ല. അതുകൊണ്ടാണ് മിന്നുവിനെ അടുത്ത വീട്ടിൽ ഏല്പിച്ചുപോകുന്നത്.

നഗരത്തിൽ കൂടുതലും അണുകുടുംബങ്ങളായതുകൊണ്ട് പരസ്പരം അറിയുന്നത് തന്നെ വളരെ ചുരുക്കം. ഭർത്താവിന്റെ ജോലിയോടൊപ്പം സ്ഥലം മാറി ഇവിടെ വന്നപ്പോൾ മുതൽ ഇവിടവുമായി  ഇണങ്ങിച്ചേരാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു. മക്കൾ അന്യനാട്ടിൽ ജോലി തേടി പോയപ്പോൾ ഒറ്റപ്പെട്ടുപ്പോയ ഒരു വിധവയായിരുന്നു അടുത്തുവീട്ടിൽ താമസം.

തന്റെ അമ്മയോട് എന്തോ ഒരു രൂപസാദൃശ്യം തോന്നിയിരുന്നു. അതുകൊണ്ടാണ് സിന്ധു, മിന്നുവിനെ അവരെ അമ്മൂമ്മ എന്ന് വിളിക്കാൻ പഠിപ്പിച്ചത്. ലളിത അമ്മൂമ്മ, അവൾ നിർത്തി നിർത്തി കൊഞ്ചി പറയും.

vachakam
vachakam
vachakam

'ള' യുടെ ഉച്ചാരണം മിന്നു ഒരു വിധത്തിൽ പറഞ്ഞൊപ്പിക്കും.

ഏറെ സമയവും വായനയുടെ ലോകത്തായിരുന്ന അവരെ അധികം പുറത്തു കാണാറില്ല.
'ഇവർക്ക് ഒറ്റയ്ക്കിരുന്ന് മടുക്കില്ലേ? ', സിന്ധു കരുതാറുണ്ട്.

മറ്റു വഴികളടയുമ്പോൾ, സ്വന്തമായൊരു കൊക്കൂൺ നിർമിക്കുന്ന പുഴുക്കളായിപ്പോയവർ. കാത്തിരിപ്പിന്റെ ഒടുങ്ങാത്ത തിരകൾ നനച്ചു കടന്നുപോകുന്ന സമയം മാത്രം കൂട്ടാകുന്നവർ!
മിന്നുവിനെ ലളിതയെ ഏല്പിക്കുമ്പോൾ, മകൾ തന്റെ അമ്മയുടെ അടുത്തെന്നപോലെയുള്ള സുരക്ഷിതത്വം സിന്ധുവിനും തോന്നി.

vachakam
vachakam
vachakam

മിന്നുവിനെ നോക്കി കൈവീശി സിന്ധു കാറിൽ കയറി. മിന്നുവിന്റെ കൈ പിടിച്ചു, കാർ ദൂരെ മറയുന്നവരെ ലളിത നോക്കി നിന്നു. വാതിൽ കടന്ന്  അകത്തു കയറുമ്പോൾ, അപരിചിതത്വം വിട്ടുമാറാതെ മിന്നുമോൾ മടിച്ചു നിന്നു.

'കൈയിൽ സ്റ്റോറി ബുക്കുണ്ടല്ലോ?മോൾക്ക് കഥകേൾക്കാൻ ഇഷ്ടമാണോ?'

'ഉം...മിന്നു തലയാട്ടി.

പാല്പുഞ്ചിരി പൊഴിച്ചു, അവളുടെ കണ്ണുകൾ തിളങ്ങി.

ലളിത മിന്നുവിന്റെ വർണപ്പുസ്തകത്തിലെ താളുകൾ മറിച്ചു. മിന്നുവിൽ ഉൽസാഹം ചേക്കേറി.
ഏതു കഥവേണം?

കുഞ്ഞുവിരലുകൾ കഥ തിരഞ്ഞു. ലളിത മിന്നുവിനെ മടിയിലിരുത്തി, കഥാപാത്രങ്ങൾക്കു അനുയോജിച്ച രീതിയിൽ ശബ്ദം ക്രമീകരിച്ചു കഥ വായിക്കാൻ തുടങ്ങി. കഥയിലെ മുയലും അണ്ണാരകണ്ണനും മഞ്ഞക്കിളിയും ഓടിയും ചാടിയും വാലിളക്കിയും ചിലച്ചും മിന്നുവിന്റെ മുന്നിലെത്തി.

മുപ്പതു വർഷത്തെഅധ്യാപനജീവിതത്തിൽ കൈകളിലൂടെ കടന്നുപോയ അനവധി കുരുന്നുകൾ വീണ്ടും ആ റിട്ടയേർഡ് അധ്യാപികയുടെ ഓർമ്മകളിൽ വേലിയേറ്റം തീർത്തു. അതിനപ്പുറം തന്റെ പേരകുഞ്ഞിനെ ഒന്ന് പുണരാൻ, അവനെ മടിയിൽ ഇരുത്തി ഒരു കഥ പറഞ്ഞു കൊടുക്കാനും കൊഞ്ചിക്കാനും എത്ര താൻ ആശിച്ചിട്ടുണ്ടെന്നു ലളിതയോർത്തു.

കഥയുടെ മാസ്മരികലോകത്തിൽ നിന്നും വിട്ടുപോരാതെ അവിടെ തുടർന്ന മിന്നുമോൾ മുയലിനും അണ്ണാറക്കണ്ണനും വേണ്ടി കിളിയോടു സംസാരിച്ചുകൊണ്ടിരുന്നു.

യാത്ര പറയുമ്പോൾ മിന്നുചോദിച്ചു 'നാളെവേറെ കഥ പറഞ്ഞു തരോ?'

'അതിനെന്താ എത്ര കഥ വേണെങ്കിലും പറഞ്ഞു തരാലോ ,' ലളിത അവളുടെ മുടിയിൽ വിരലോടിച്ചു.

മിന്നുമോൾ ലളിതയുടെ കവിളിൽ അമർത്തി.

'ഉമ്മ... ', അവൾ കിലുങ്ങിചിരിച്ചു. കുരുന്നു സ്പർശനത്തിന്റെ കുളിര്, അവർ അത്രമേൽ ആഗ്രഹിച്ചിരുന്നല്ലോ.

'ബൈ... നാളെ വരാം.'

വിസ്മയം വിട്ടൊഴിയാതെ സിന്ധു പറഞ്ഞു.

'ഒത്തിരി താങ്ക്‌സ് ആന്റി, ഇവൾ ശല്യം ചെയ്യുമോ എന്നു ഞാൻ പേടിച്ചിരിക്കുകയായിരുന്നു.'

'ഇല്ല, പകരം ഞാൻ മിന്നുമോൾക്കാണ് നന്ദി പറയേണ്ടത് '.

സിന്ധു ആ വാക്കുകളിൽ വിസ്മയിച്ചു. പക്ഷെ ഒരു ഉത്തരം കണ്ടെത്തും മുൻപ് ഉച്ചത്തിൽ ചിരിച്ചു മുറ്റത്തേക്കിറങ്ങിയ മിന്നുവിന്റെ പിന്നാലെ അവൾ ബദ്ധപ്പെട്ട് നടന്നു.

പറയാതെ ലളിത പറഞ്ഞു,  'ഈയൊരു ദിവസം എനിക്ക് തന്നതിന് '.

ജോയ്‌സ് വർഗീസ്, കാനഡ


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam