യുവതികളായ വീട്ടമ്മമാർ പിഞ്ചുകുട്ടികളുമായി ജീവനൊടുക്കിയ ഏതാനും സംഭവങ്ങൾ കേരളത്തിൽ അടുത്തനാളുകളിലുണ്ടായി. കോട്ടയം ഏറ്റുമാനൂരിലും കൊല്ലത്തുമാണ് അടുത്തടുത്തായി ഇത്തരം ദുരന്തങ്ങൾ നടന്നത്. അമ്മമാരാണ് കുട്ടികളെയും മരണത്തിലേക്കു കൂട്ടിക്കൊണ്ടുപോയത്. അതിനവരെ പ്രേരിപ്പിച്ചതാകട്ടെ ജീവിതപ്രശ്‌നങ്ങളും.
ഏറ്റുമാനൂർ പാറോലിക്കലിൽ ട്രെയിൻ ഇടിച്ചു വീട്ടമ്മയും രണ്ടു പെൺമക്കളും മരിച്ച സംഭവത്തിന്റെ അലയൊലികൾ അടങ്ങും മുമ്പായിരുന്നു ഏതാണ്ട് അതിനോടടുത്ത സ്ഥലത്തുതന്നെ ഹൈക്കോടതിയിൽ അഭിഭാഷകയായ മറ്റൊരു അമ്മയും രണ്ടു കുഞ്ഞുങ്ങളും മീനച്ചിലാറ്റിൽ ഏപ്രിൽ 15നു മരിച്ച നിലയിൽ കാണപ്പെട്ടത്.
ഈ രണ്ടു സംഭവങ്ങളിലും സമാനതളേറെയുണ്ട്. ട്രെയിനിടിച്ചു മരിച്ച ബിൻസിയുടെ ഭർത്താവും മീനച്ചിലാറ്റിൽ മരിച്ചനിലയിൽ കാണപ്പെട്ട അഡ്വ. ജിസ്‌മോളുടെ ഭർത്താവും ഭർതൃപിതാവും കസ്റ്റഡിയിലായി. ജിസ്‌മോളുടെ കുടുംബം മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. സമീപ ദിവസങ്ങളിൽതന്നെയാണ് കൊല്ലം കരുനാഗപ്പള്ളിയിലും സമാനമായൊരു ദുരന്തം അരങ്ങേറിയത്. അവിടെയും ഒരു വീട്ടമ്മയും രണ്ടു മക്കളും ദാരുണമായി മരിച്ചു.
യുവതികളായ അമ്മമാർ മക്കളുമായി ജീവനൊടുക്കിയ മേൽപറഞ്ഞ മൂന്നു സംഭവങ്ങളിലും കുടുംബ പ്രശ്‌നങ്ങളാകും പ്രധാനമായും ഇത്തരമൊരു സാഹസത്തിന് അവരെ പ്രേരിപ്പിച്ചത്. അതിൽതന്നെ ഭാര്യാ ഭർത്താക്കന്മാർ തമ്മിലുള്ള ചേർച്ചക്കുറവാണ് പ്രധാന പ്രശ്‌നം. ഇതിനു തീ കോരിയിടാൻ വീട്ടുകാരിൽ ചിലരും ഉണ്ടാവും.
ഈ വീട്ടമ്മമാരെല്ലാം മികച്ച വിദ്യാഭ്യാസമുള്ളവരാണ്. എന്നിട്ടും എന്തേ ഇത്തരം അതിസാഹസത്തിന് ഇവർ തുനിയുന്നത്. ഏറ്റുമാനൂരിൽ ട്രെയിനിടിച്ചു മരണമടഞ്ഞ ഷൈനിയും രണ്ടു പിഞ്ചു പെൺമക്കളും കടന്നുപോയ സാഹചര്യം സങ്കീർണമായ ചില കുടുംബ പശ്ചാത്തലങ്ങൾ വ്യക്തമാക്കുന്നതാണ്. നഴ്‌സായിരുന്ന ഷൈനി വിവാഹത്തെത്തുടർന്ന് ജോലിക്കു പോകാതിരുന്നതും പിന്നീട് ജോലി ചെയ്യാൻ ആഗ്രഹിച്ചപ്പോൾ അതു കിട്ടാതെ പോയതുമൊക്കെ വലിയ വിവാദങ്ങളായിരുന്നു.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഷൈനിയുടെ ഭർത്താവ് തൊടുപുഴ സ്വദേശി നോബിയെ പോലീസ് അറസ്റ്റ് ചെയ്തത്. നോബിക്കെതിരേ തൊടുപുഴ സ്റ്റേഷനിൽ ഷൈനി ഗാർഹിക പീഡന പരാതി നൽകിയിരുന്നു. ഇരുവരുടെയും വിവാഹമോചനക്കേസ് ഏറ്റുമാനൂർ കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴായിരുന്നു ആത്മഹത്യ.
കുടുംബത്തിൽനിന്നു ലഭിക്കേണ്ട സംരക്ഷണം കിട്ടാതെപോകുമ്പോൾ പല സ്ത്രീകളും ആകെ പതറിപ്പോകും. അതവരെ കടുംകൈയ്ക്കു പ്രേരിപ്പിക്കും. വിഷമസന്ധികൾ തരണം ചെയ്യുന്നതിനു കൈത്താങ്ങാകാനും സാന്ത്വനമേകാനും ആരും ഇല്ലാതെ പോകുന്നതാണ് പ്രധാന പ്രതിസന്ധി. ആത്മീയതയും സാമൂഹ്യബോധവുമൊക്കെ ഏറെ ഉണ്ടെന്ന് അഭിമാനിക്കുന്ന മലയാളികളുടെ ഇടയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ നമ്മുടെ പല പൊള്ളത്തരങ്ങളെക്കുറിച്ചുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.
അഞ്ചും രണ്ടും വയസുള്ള രണ്ടു പെൺമക്കളുമായാണ് നീറിക്കാട് സ്വദേശിയും 34 കാരിയുമായ യുവ അഭിഭാഷക ജിസ്‌മോൾ മീനച്ചിലാറ്റിൽ ചാടിയത്. പാലാ മുത്തോലി ഗ്രാമപഞ്ചായത്ത് അംഗമായും പ്രസിഡന്റായും ജിസ്‌മോൾ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൊതുപ്രവർത്തകയായിരുന്ന അഭിഭാഷകപോലും ഇത്തരമൊരു സാഹസത്തിനു തുനിയാനുള്ള സാഹചര്യം എന്തായിരുന്നു എന്നതു ദൂരൂഹമാണ്. ഇതെക്കുറിച്ചെല്ലാം നാട്ടുകാരും മാധ്യമങ്ങളും പല കഥകളും പറഞ്ഞേക്കാം. പക്ഷേ പൊള്ളുന്ന ജീവിത യാഥാർത്ഥ്യങ്ങൾ പൂരിപ്പിക്കാനാവാതെ അവശേഷിക്കും.
പിഞ്ചു മക്കളുമായി മാതാപിതാക്കൾ ജീവനൊടുക്കുമ്പോൾ അത് അതീവ ഗുരുതരമായൊരു കുടുംബ സാഹചര്യമാണ് വെളിപ്പെടുത്തുന്നത്. കുടുംബബന്ധങ്ങളിലും സാമൂഹ്യ ജീവിതത്തിലും ഉണ്ടായ മാറ്റങ്ങൾ ഈ സംഭവങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു. കരുനാഗപ്പള്ളിയിൽ ആറും ഒന്നരയും വയസുള്ള പെൺമക്കളെ തീ കൊളുത്തിയശേഷമാണ് 39 വയസുള്ള താര സ്വയം തീ കൊളുത്തി ജീവനൊടുക്കിയത്. മൂന്നോടെ ഇവർ വാടകയ്ക്കു താമസിക്കുന്ന ആദിനാട്ടെ വീട്ടിൽ വച്ചായിരുന്നു ഈ ദുരന്തം. താര ബിഎസ്‌സി നഴ്‌സാണ്. വിദേശത്തുള്ള ഭർത്താവ് നാട്ടിലെത്തുന്നതിന് ഏതാനും മണിക്കൂർ മുമ്പായിരുന്നു സംഭവം.
ബിഎസ്‌സി നഴ്‌സിംഗ് പാസായ ഷൈനിയും താരയും എൽഎൽഎം ബിരുദധാരിയായ ജിസ്‌മോളും ഒക്കെ പെട്ടെന്നുണ്ടായ ഒരു മാനസിക വിക്ഷോഭത്തിൽ ചെയ്തുകൂട്ടിയതാണീ കടുംകൈ എന്നു വിശ്വസിക്കാൻ പ്രയാസമാണ്. മറ്റുള്ളവരുടെ ജീവിത സാഹചര്യങ്ങളും ആരോഗ്യാവസ്ഥയും മാനസിക വ്യാപാരങ്ങളുമൊക്കെ മനസിലാക്കാൻ പഠനവും ജോലിയുമൊക്കെ ഇവരെ സഹായിച്ചിട്ടുള്ളതാവും. എന്നിട്ടും പിഞ്ചു മക്കളോടൊപ്പം ജീവനൊടുക്കാൻ ഇവരൊക്കെ എടുക്കുന്ന തീരുമാനങ്ങളെ എങ്ങനെയാണ് വിലയിരുത്താനാവുക?
സ്വന്തമായി തീരുമാനമെടുക്കാനോ അമ്മമാരെ പറഞ്ഞു ബോധ്യപ്പെടുത്താനോ പ്രായമാകാത്ത കുട്ടികളാണ് ഈ മൂന്നു സംഭവങ്ങളിലും അമ്മമാരോടൊപ്പം ജീവൻ വെടിഞ്ഞത്. കുട്ടികളെക്കുറിച്ചുള്ള ആശങ്കകളാവാം അമ്മമാരുടെ മനസിൽ ഏറിനിന്നത്. പക്ഷേ ജീവനൊടുക്കാനുള്ള തീരുമാനത്തിലേക്ക് അവരെ നയിച്ച സാഹചര്യങ്ങളോട് സമൂഹത്തിനു കണ്ണടയ്ക്കാനാവില്ല. നമുക്കു ചുറ്റും നടക്കുന്ന ദുരന്തങ്ങളോട് എങ്ങിനെ നമുക്ക് നിസംഗത പാലിക്കാനാവും? ജീവനൊടുക്കുക ഒന്നിനും പരിഹാരമാവില്ലെന്ന് മറക്കാതിരിക്കാം. കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള അമിതമായ ആശങ്കകൾ മാതാപിതാക്കളെ അമിതമായി ഗ്രസിച്ചിരിക്കുന്നു. അത് കുട്ടികളുടെ വ്യക്തിത്വത്തെപ്പോലും ബാധിക്കുന്ന വിധത്തിൽ വളർന്നിരിക്കുന്നു. ചെറിയ കുട്ടികളെ ജീവനൊടുക്കാൻ കൊണ്ടുപോകുമ്പോൾ അവർക്ക് അതെക്കുറിച്ചു കാര്യമായ അറിവൊന്നുമില്ലായിരിക്കും. ജീവനൊടുക്കാൻ തീരുമാനിച്ചുറച്ച അമ്മ മക്കളുടെ ഭാവിയെക്കുറിച്ചോർത്താവും അവരെയും കൂടെക്കൂട്ടുന്നത്.
ഇത്തരം സംഭവങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ വരുന്ന കുറ്റപ്പെടുത്തലുകളും ന്യായീകരണങ്ങളും നമ്മുടെ മനോഭാവങ്ങളുടെ പ്രതിഫലനമാണ്. അത് യാഥാർത്ഥ്യബോധത്തോടെ ഉള്ളതാവണമെന്നില്ല. കുപ്രസിദ്ധമായ ചില കൊലപാതക്കേസുകളിൽ പ്രതികൾക്കുവേണ്ടി ഹാജരായ അഡ്വ. ബി. എ. ആളുർ മരിച്ചപ്പോഴും ഇത്തരം ചില വാദപ്രതിവാദങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നടന്നിരുന്നു. ധാർമികതയുടെയും നീതിബോധത്തിന്റെയുമൊക്കെ അളവുകോലുകൾ കാലത്തിന്റെ മാറ്റത്തിനും അപ്പുറമാണ്. അതു തിട്ടപ്പെടുത്താൻ പലരും വൃഥാ ശ്രമിക്കുന്നു. സ്ത്രീളോടും കുട്ടിളോടുമുള്ള സമൂഹത്തിന്റെ പെരുമാറ്റം, അവർക്കു നൽകുന്ന സംരക്ഷണം, അവരുടെ ഭദ്രമായ ഭാവി എന്നിവയൊക്കെ ഏറെ പ്രധാനമാണ്. അതിൽ വ്യക്തികൾക്കും സമൂഹത്തിനും സർക്കാരിനുമൊക്കെ പങ്കുണ്ട്. ആകർഷകമായ പേരുകൾ നൽകി സർക്കാരുകൾ വിവിധ സ്ത്രീ മുന്നേറ്റ പദ്ധതികൾ ആസൂത്രണം ചെയ്യാറുണ്ട്. അവയിൽ പലതും സമൂഹത്തിൽ ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. പക്ഷേ, അതിനപ്പുറവും പ്രശ്‌നങ്ങളുണ്ട്. അതു പലപ്പോഴും കുടുംബ പശ്ചാത്തലവുമായി ബന്ധപ്പെട്ടതാണ്.
കേരളത്തെപ്പോലെ സ്ത്രീവിദ്യാഭ്യാസത്തിനും അവരുടെ സാമൂഹികമായ ജീവിതത്തിനും ഏറെ ശ്രദ്ധ പുലർത്തിയ ഒരു നാട്ടിൽ ഇപ്പോൾ നടക്കുന്ന പല സംഭവങ്ങളും വിദ്യാഭ്യാസത്തിന്റെ അഭാവമോ സാമൂഹ്യ സാഹചര്യങ്ങളുടെ പരിമിതികളോ മാത്രമല്ല. തൊഴിൽ മേഖലയിലും സാമൂഹ്യ രംഗത്തും ഇന്ന് സ്ത്രീകൾക്കു വലിയ പങ്കാളിത്തമുണ്ട്. അതു കൂടുതൽ വളരണം. പക്ഷേ അവിടെയൊക്കെ അവർ സുരക്ഷിതരും സന്തുഷ്ടരുമാണോ. അല്ലെന്ന യാഥാർത്ഥ്യം നമ്മെ മഥിക്കണം. രാഷ്ട്രീയ പങ്കാളിത്തം സംവരണം കൊണ്ടു സാധിച്ചെടുക്കാം. അതും എത്രമാത്രം സാർത്ഥകമാകുന്നു എന്ന ചോദ്യം ഉയരുന്നു. കേരളീയ നഗരങ്ങളിലെ മദ്യശാലകളിൽ സ്ത്രീകൾ ഇന്നു ഭയമോ സങ്കോചമോ ഇല്ലാതെ കയറുന്നു. ഐടി പാർക്കുകളിൽ ബാറുകൾ അനുവദിക്കാനുള്ള സർക്കാർ വിജ്ഞാപനം വന്നുകഴിഞ്ഞു. സർക്കാർ നിയന്ത്രണത്തിലുള്ള ടെക്‌നോപാർക്ക്, ഇൻഫോ പാർക്ക്, ഐടി പാർക്ക് സർക്കാർ പങ്കാളിത്തമുള്ള കൊച്ചി സ്മാർട് സിറ്റി, ഐടി വകുപ്പ് അംഗീകരിച്ച സ്വകാര്യ ഐടി പാർക്കുകൾ ഇവയിലെല്ലാം മദ്യശാലകൾ തുടങ്ങാൻ വഴിയൊരുങ്ങി.
ഇവിടെയൊക്കെ പുരുഷന്മാർ മാത്രമല്ല, ഏറെ സ്ത്രീകളും ജോലി ചെയ്യുന്നു. ജോലിയുടെ സംഘർഷം പുരുഷന്മാർക്കു മാത്രമല്ലല്ലോ. സ്വാഭാവികമായും സംഘർഷ ലഘൂകരണത്തിനുള്ള വഴികൾ സ്ത്രീകളും തേടേണ്ടിവരും. അതൊക്കെ കുടുംബ ബന്ധങ്ങളിലും സാമൂഹ്യ ജീവിതത്തിലും പ്രതിഫലിക്കും. അതൊക്കെ അനിവാര്യമാണെന്നു പുരോഗമന വിപ്ലവ പ്രസ്ഥാനങ്ങൾ മാത്രമല്ല, ആദർശവാദികളും ആവേശത്തോടെ പറയുന്ന കാലമാണ്.
സ്ത്രീകളുടെ അന്തസും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ കുടുംബങ്ങൾക്കുള്ള പങ്ക് അവഗണിക്കാനാവില്ല. ആത്മീയതയ്ക്കും സാംസ്‌കാരിക പ്രവർത്തനങ്ങൾക്കും നല്ല വളക്കൂറുള്ള കേരള മണ്ണിൽ കൂട്ട ആത്മഹത്യകളും ക്രൂരമായ കൊലപാതകങ്ങളും ആവർത്തിക്കുമ്പോൾ അതിന്റെ പശ്ചാത്തലം തിരിച്ചറിയണം.
അതു മനസിലാക്കി സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങൾ പ്രവർത്തിക്കണം. ആത്മീയതയുടെ ആചാരവൈശിഷ്ട്യത്തിനും സംസ്‌കാരത്തിന്റെ മൂടുപടങ്ങൾക്കും രാഷ്ട്രീയത്തിന്റെ അധികാരക്കൊതിക്കും അപ്പുറം നാടു വളർന്നാലേ ഇത്തരം അപചയങ്ങൾ പലതും അവസാനിപ്പിക്കാനാവില്ലെങ്കിലും നിയന്ത്രിക്കാനെങ്കിലും കഴിയൂ.
അഹംഭാവത്തിന്റെ, അലസതയുടെ, അലംഭാവത്തിന്റെ, സർവോപരി സ്വാർത്ഥതയുടെ നീരാളിപ്പിടുത്തം വ്യക്തിജീവിതത്തെ വരിഞ്ഞുമുറുക്കുന്നു. മനുഷ്യബന്ധങ്ങളിലെ ഊഷ്മളത നഷ്ടമാവുമ്പോൾ അതു സമൂഹത്തെയാകെ ഊഷരമാക്കും. കുടുംബങ്ങളിൽനിന്നു സ്‌നേഹവും കരുതലും അകലുമ്പോൾ ആ വിടവുകളിലൂടെ ജീവിതം ഊർന്നുപോകും.
സെർജി ആന്റണി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്