നീക്കുപ്പോക്കുകളുടെ തമ്പുരാക്കന്മാർ

NOVEMBER 6, 2025, 11:35 PM

മരക്കസേരയിൽ ചാഞ്ഞിരുന്ന് നിങ്ങൾക്ക് ജീവിതത്തെക്കുറിച്ച് കേൾക്കണമല്ലിയോ എന്ന് ചോദിച്ച് മാത്തു അപ്പൂപ്പൻ ഉറക്കെ ചിരിച്ചു. അല്പം കലങ്ങിയെങ്കിലും മുഴക്കമുള്ള സ്വരത്തിന്റെ മൂർച്ചയ്ക്ക് തന്റെ ചുറ്റുമിരിക്കുന്ന പ്ലസ് ടു വിദ്യാർത്ഥികളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ കെല്പുണ്ടായിരുന്നു. തന്നിലേക്ക് ചൂഴുന്ന കണ്ണുകളെ നരച്ച കൃഷ്ണമണികൾകൊണ്ട് തഴുകി അയാൾ വീണ്ടും ഉറക്കെ ചിരിച്ചു. 

പരീക്ഷാക്കാലം ടെൻഷനടിച്ചു തീർന്നപ്പോൾ, മൊബൈൽ ഫോൺ കൈയിൽ നിന്നും താഴെ വെക്കാത്ത കുട്ടികളെ എങ്ങനെ ഇതിൽ നിന്നും മോചിപ്പിക്കാം എന്ന മാതാപിതാക്കളുടെ ഗൂഢാലോചനയിലാണ് പള്ളിയിലെ കൊച്ചച്ചൻ പറഞ്ഞത്, പിള്ളേരേ നമ്മുടെ മാത്തു ചേട്ടന്റെയടുത്തൊന്ന് വിട്ടാലോ എന്ന്. ഇൻഫ്‌ളൂവൻസേഴ്‌സിന്റെ കാലമല്ലിയോ, മാത്തു ചേട്ടനാണെങ്കിൽ വേണ്ടത്ര അനുഭവോം കെടക്കണൂന്ന് അച്ചൻ പറഞ്ഞപ്പോൾ ഒരു പന്ത്രെണ്ടണത്തിനെ ആട്ടി തെളിച്ച് മാത്തു അപ്പൂപ്പന്റെ പടി കയറ്റി. 

മനസ്സില്ലാമനസ്സോടെ പടി കയറി വരുന്ന പിള്ളേരെ കണ്ടപ്പോൾ മാത്തുവിനല്പം അലോസരം തോന്നി.

vachakam
vachakam
vachakam

'ഈ കൊച്ചച്ചൻ എന്തു ഭാവിച്ചിട്ടാ എന്റടുത്തയ്ക്ക് നിങ്ങളെ വിട്ടത്, വല്ല പുണ്യാളന്മാരുടെ അടുത്തക്കല്ലെ നിങ്ങളെ പറഞ്ഞയക്കണ്ടത്? എന്നെപ്പോലെ താന്തോന്നികളുടെ ജീവിതം, സ്വപ്‌നം ഒക്കെ കേൾക്കണോ നിങ്ങൾക്ക്?, തിണ്ണയിലെ സിഗരറ്റ് കൂടിൽ നിന്നും തപ്പിയെടുത്ത സിഗരറ്റിന് തീ പിടിപ്പിച്ച് മാത്തു മൂളി.

'വേണം... മാത്തു അപ്പൂപ്പൻ പറഞ്ഞാ മതി, ഞങ്ങള് കേട്ടോളാം. പിന്നെ ഈ തൃശ്ശൂര് അധികം പുണ്യാളന്മാരില്യാന്ന്  തോന്നുന്നു', മുടി നെറുകയിൽ നീളത്തിൽ വെട്ടി പരത്തിയിട്ട ആൺകുട്ടി, താന്തോന്നിയിൽ സ്പാർക്കിൽ ഉടക്കി കൗണ്ടറടിച്ചു. മാത്തുവിന് ചെക്കനെ നന്നായി പിടിച്ചൂന്ന് പറഞ്ഞാൽ മതില്ലോ.

പിന്നെ സൂസന്ന അമ്മാമ്മയോട് പിള്ളേർക്ക് ഐസ്‌ക്രീം കൊടുക്കാൻ വിളിച്ചു പറഞ്ഞു പുകയൂതി.

vachakam
vachakam
vachakam

മാത്തുവിന്റെ മൊഴിമുത്തുകൾക്ക് കാത്തിരിക്കുന്ന പിള്ളേർ ചെവിയിൽ പറഞ്ഞു.

'ഓൾഡ് ഈസ് ഗോൾഡ്, പഴയ മോഡലാണെങ്കിലും പിക്കപ്പ് ഉണ്ട്‌ട്ടോ '.

വായ പൊത്തിപ്പിടിച്ചിട്ടും തെറിച്ചു വീണ ചിരിയുടെ തുണ്ട് പിടിച്ചെടുത്ത് മാത്തു. 

vachakam
vachakam
vachakam

'കണ്ണ് ലേശം മങ്ങ്യാലും, ചെവി ഈ എൺപതിലും നല്ല പിക്കപ്പാ കുട്ടാ'.

കമന്റടിച്ചവന്റെ കണ്ണിലെ പരിഭ്രമം ചൂണ്ടി മാത്തു ചിരിച്ചു.

'ദാ... ഇപ്പ ഒരു മൊട്ട പൊട്ടി'

'മൊട്ട്യോ?, കുട്ടികൾ പരസ്പരം നോക്കി.

'അതേടാ... ജീവിതംന്ന് പറഞ്ഞാ അങ്ങന്യാ... ഒരു കൊട്ട മൊട്ട തലേൽ ചോന്ന് നടക്കാണ് നമ്മള്.

ചിലത് എടയ്ക്ക് പൊട്ടും, അതിന് നിങ്ങളെന്താ പറയ്വാ? നഷ്ടസ്വപ്‌നങ്ങള്. പൊട്ടാത്തത് അങ്ങാടീല് എത്തും, വിറ്റ് കാശാക്കാം.  ആശിക്കണത് എല്ലാം നടക്കില്ല, പക്ഷെ വിചാരിക്കാത്തത് പലതും നടന്നൂന്ന് വരും, ശര്യല്ലേ?' കുട്ടികൾ അയാളുടെ നേരെ നോക്കി, തലയാട്ടി. 

ഒളിച്ചും പതുങ്ങിയും അവരുടെ വിരലുകൾ തടവിക്കൊണ്ടിരുന്ന സെൽഫോണുകൾ പോക്കറ്റിൽ തിരുകി കുട്ടികൾ വൃദ്ധന്റെ വാക്കുകൾക്ക് ചെവികൂർപ്പിച്ചു.

'വാ... നമുക്ക് അകത്തിരിക്കാം, വെയിൽ കനക്കുന്നുണ്ട്, നിങ്ങൾ കുട്ട്യോൾക്ക് ഈ വെയിലു കൊണ്ടൊന്നും ശീലമില്ലല്ലോ', മാത്തു നടുവകത്തെ വലിയ സോഫയിലിരിക്കാൻ കുട്ടികളോട് ആംഗ്യം കാണിച്ചു.

'നിങ്ങൾ കടന്നുവന്ന മതിലിൽ എഴുതിയിരിക്കുന്ന ആറ്റുപ്പുരക്കാരൻ വീട് എന്റെ ഒരു സ്വപ്‌നാണ്, പല പ്രാവശ്യം എന്നെ തട്ടിയെറിഞ്ഞ സ്വപ്‌നം.'

'അപ്പൂപ്പാ എന്താണ്ടായേ? ജീൻസിന്റെ ടോപ്പ് വലിച്ചിട്ട് ഏയ്ഞ്ചൽ മരിയ വ്യസനം മുറ്റി ചോദിച്ചു.

'പറയാലോ... തോക്കിന്റെ എടേല് കേറരുത് ട്ടോ', മാത്തുവിന്റെ ഒന്നാം മുറയിൽ കുട്ടികൾ അടങ്ങിയിരുന്നു.

'കുറെ പണ്ടത്തെ കാലം, ഒരു എൺപത് കൊല്ലത്തിലും മുമ്പ് നടന്ന കാര്യാണ്. എന്റെ അമ്മ ശോശാമ്മേടെ ചന്തം കണ്ട് വല്യാണ്ട് പൊന്നും പണോം ചോദിക്ക്യാണ്ട് ആറ്റുപ്പുരക്കാര് കെട്ടിക്കൊണ്ടു പോപ്പോൾ, അമ്മേടെ തറവാട്ടില് പെരുന്നാളായിരുന്നു. പച്ച പതക്കമാലേം, വേപ്പിലഉഷ മാലേം കട്ടിസ്വർണ്ണത്തില് പണിതീർത്ത് കൊണ്ടുവന്നു കെട്ടിക്കൊണ്ടുപോയ ചേർപ്പിലെ തറവാടികളുടെ സ്വത്തിന്റെ അന്തസ്സ് പറയാനെ എന്റപ്പൂപ്പന് നേരം ഉണ്ടായിരുന്നുള്ളൂത്രേ.

പക്ഷെ വിരുന്ന് കഴിഞ്ഞ് വന്ന അമ്മയുടെ മൊഖത്തെ വാട്ടം കണ്ടിട്ട് വീട്ടില് ആകെ അങ്കലാപ്പായി. എപ്പഴും മരുന്നു കുടിച്ചു കെടക്കണ കെട്ട്യോന് കലശലായ എന്തോ സൂക്കേടുണ്ടോന്ന് എന്റമ്മക്ക് തോന്നിത്തുടങ്ങി. മാസങ്ങള് അങ്ങട് ശടേന്ന് കഴിഞ്ഞുപ്പോയി. വല്യ തറവാടിന്റെ കിഴക്കെപ്പുറത്തെ പണിക്കാരിത്തി പെണ്ണുങ്ങള് കറ്റ മെതിക്കണതിന്റെ ഇടയില് അടക്കം പറയണ കേട്ട എന്റമ്മ ഞെട്ടി, വയറ്റില് കെടക്കണ എനിക്ക് അപ്പനെ അധികകാലം കാണാൻ കിട്ടില്യാത്രേ.

മദിരാശീലെ വല്യ ആശൂത്രീന്ന് മടക്കി വിട്ട സൂക്കേടാണ്. ഏറ്യാ രണ്ടു കൊല്ലം. അങ്ങനെ എനിക്ക് ഒരു വയസ് തെകയും മുമ്പ് എന്റപ്പനെ സൂക്കേട് കൊണ്ടുപോയി. ആണ്ട് കഴിഞ്ഞേപ്പോ എന്നേം അമ്മ്യേന്യേം കാറില് കേറ്റി തിരിച്ചു അമ്മേടെ വീട്ടിലെത്തിച്ചു. '

അങ്ങനെ വല്യ തറവാടീടെ കൊച്ചു മോൻ എന്ന മൊട്ട പൊട്ടി '. ഒരു ചിരിയുടെ കിലുക്കം അയാൾ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. കുട്ടികൾ നിശ്ശബ്ദരായി അയാളെ നോക്കി. നോവിന്റെ കയങ്ങൾ അവരുടെ കണ്ണുകൾ തേടി ചെല്ലുന്നുണ്ടായിരുന്നു.

'ഏയ് നിങ്ങള് വെഷമിക്കണ്ട പിള്ളേരേ... ജീവിതം ഇങ്ങന്യാ... ഇന്ന് ഇത്ര മതി, നിങ്ങള് ആ ഐസ്‌ക്രീം ഒക്കെ തിന്നു തീർക്ക്, നാളെ പറയാനും വല്ലതും വേണ്ടേ?

പിറ്റേന്ന് പറഞ്ഞ സമയത്തിലും നേരത്തെയെത്തിയ കുട്ടികളോട് മാത്തുവിനും സൂസന്നക്കും വാത്സല്യം തോന്നിത്തുടങ്ങിയിരുന്നു. അവരുടെ ചിരിയിലും കളിയിലും കാലം തിരിച്ചു പറന്നു.

'അമ്മവീട്ടില് തിരിച്ചുവന്നിട്ട് എന്താ ഉണ്ടായേ', കഥയുടെ ചരടു മുറിഞ്ഞിടുത്തു നിന്നു കൂട്ടിക്കെട്ടാൻ അവർ അയാളെ നിർബ്ബന്ധിച്ചു.

'എന്തൂട്ട് ഉണ്ടാവാനാ... അർഹതയില്ലാത്തിടത്തു വലിഞ്ഞു കയറിയ കുട്ട്യായി ഞാൻ. കൂലി കൊടുക്കേണ്ടാത്തതു കൊണ്ട് അമ്മയെ അടുക്കളയിലും പറമ്പിലും പണികൾ ഏല്പിക്കാൻ അമ്മായിമാരും മത്സരിച്ചു. അവരെ പറഞ്ഞിട്ടും കാര്യല്യ.'

കുറച്ചു തെങ്ങിൻ പുരയിടവും പത്തുപതിനഞ്ചു പറ നെൽകൃഷിയുമായി കഴിഞ്ഞുകൂടുന്ന ഒരു വലിയ കുടുംബത്തിനു ആ അമ്മയും മകനും അധികച്ചിലവ് എന്ന് തോന്നി. തേങ്ങ കൂട്ടിയിട്ടിരുന്ന കുടുസ്സു മുറിയിലെ കയറുക്കട്ടിലിൽ അമ്മയുടെ പഴയ ചട്ടയും മുണ്ടിനുമുള്ളിലെ മെലിഞ്ഞ ശരീരത്തിൽ നിന്നുമുതിർന്ന നെടുവീർപ്പുകളും നനവു പടർത്തിയ കവിളുകളും മാത്തുക്കുട്ടിയുടെ തീരാവേദനയുമായി.

മിടുക്കനായി പഠിച്ചിട്ടും ഒന്നാം പാഠം ചീന്തി പോയ പുസ്തകങ്ങളും പഴയ ഉടുപ്പുകളുമായി സർക്കാർ സ്‌കൂളിലേക്ക് ചെരിപ്പില്ലാതെ ചെമ്മൺ പാതയിലൂടെ അവൻ നടന്നു. പേരിന്റെ അറ്റത്തെ വാലായി തറവാടി പേരു മാത്രം അവന്റെ സ്വന്തമായിരുന്നു.

മിടുക്കനായി പഠിച്ച് വക്കീലാകുന്നതും കറുത്ത കോട്ടിട്ട് കോടതിയിൽ വാദിച്ചു ജയിക്കുന്നതും കൈ നിറയെ ഫീസ് വാങ്ങി അമ്മക്ക് വലിയ വീടു വെച്ചു കൊടുക്കുന്നതും അവൻ സ്വപ്‌നം കണ്ടു. 
സ്‌ക്കൂൾ ഫൈനൽ ഒന്നാം തരത്തിൽ ജയിച്ചിട്ടും ആരും തന്നെ കോളേജിൽ ചേർക്കാതിരുന്നപ്പോൾ ലോകത്തോടു തന്നെയവന് വൈരാഗ്യം തോന്നി തുടങ്ങിയിരുന്നു. എളുപ്പം ജോലി കിട്ടാൻ കൈത്തൊഴിൽ പഠിക്കാൻ തൃശ്ശൂർ ജില്ലയിലെ ആദ്യത്തെ ട്രേഡ് സ്‌കൂളിൽ ചേർന്നപ്പോൾ, അന്നത്തെ യുവാവിന് നിരാശയായിരുന്നു.

അങ്ങനെ പഠിത്തം ഉഴപ്പി നടക്കുമ്പോളാണ് ഓശാന പെരുന്നാളിന് കുരുത്തോല പ്രദക്ഷിണത്തിൽ തന്നെ നോക്കി ചിരിക്കുന്ന പെൺകുട്ടിയെ കാണുന്നത്. കഥ ഇത്രയെത്തിപ്പോൾ കൗമാരത്തുടിപ്പുകൾ അവരുടെ കവിളുകളിൽ ചേക്കറുന്നത് മാത്തുവും സൂസന്നയും കണ്ടു.

'ആരാ ആ പെൺകുട്ടി?, ജിജ്ഞാസ അടക്കാൻ വയ്യാതെ കുട്ടികളിൽ ഒരാൾ ചോദിച്ചു.

'ദാ... നിൽക്കണു ', വാതിൽപ്പടിയിൽ ചാരിയിരിക്കുന്ന സൂസന്നയെ മാത്തു വിരൽ ചൂണ്ടി.

'ഹാ... കൊള്ളാലോ..., അവർ ആർത്തുചിരിച്ചു.

'അമ്മൂമ്മക്ക്  അപ്പൂപ്പനെ അത്ര ഇഷ്ടായിരുന്നോ?'

'ഇഷ്ടം ഒക്കെ ഉണ്ടെങ്കിലും അവള് ഉള്ള കാര്യം പറഞ്ഞൂട്ടോ നല്ല ജോലി ആയാൽ കല്യാണം കഴിക്കാമെന്നായിരുന്നു ഇവളുടെ കണ്ടീഷൻ', മാത്തു സൂസന്നയെ നോക്കി കണ്ണിറുക്കി.

പിന്നെ ഒരു വെപ്രാളമായിരുന്നു. പരീക്ഷ അടുത്തെത്തി കഴിഞ്ഞിരുന്നു. കിട്ടാവുന്ന പുസ്തകങ്ങളൊക്കെ തേടിപ്പിടിച്ചു പഠിച്ചു. നല്ല സമയം ഉഴപ്പി കളഞ്ഞത് മാർക്കിൽ തെളിഞ്ഞു.

വെറും രണ്ടാം ക്ലാസ്സിൽ കഷ്ടിച്ച് ജയിച്ചു കയറി. 

ഒരു സ്വപ്‌നം കൈയെത്തിപ്പിടിക്കാൻ വേഗം പൈസ സമ്പാദിക്കാൻ എണ്ണപ്പണം തേടി, പത്തേമാരിയിൽ കയറി ഗൾഫിൽ പോയി.

'അങ്ങനെ നാലു കൊല്ലം കഴിഞ്ഞപ്പോൾ, അത്തറു മണക്കുന്ന ഈ പേർഷ്യക്കാരന് പെണ്ണു കിട്ടി', കുട്ടികൾ സന്തോഷ സൂചകമായി ചൂളം വിളിച്ചു.

മരുഭൂമിയിലെ ജോലിയുടെ കടുപ്പം നാട്ടിലുള്ളവർക്ക് അറിയേണ്ടല്ലോ. എന്നാലും എങ്ങനെയെങ്കിലും പിടിച്ചു നില്ക്കാനുള്ള തത്രപ്പാടിനിടയിലാണ് ജോലി ചെയ്തിരുന്ന കമ്പനി നഷ്ടത്തിലായതും തൊഴിലാളികളെ അവരവരുടെ നാട്ടിലേക്ക് തിരിച്ചയച്ചതും. പകുതി പണി തീർന്ന വീടിന്റെ ഉമ്മറത്തു മാത്തുവും സൂസന്നയും ഒന്നിച്ചിരുന്നു ഭാവിയിലേക്ക് തുറിച്ചു നോക്കിയ ആ ദിവസങ്ങൾ ഓർമ്മിച്ച് സൂസന്ന വിങ്ങിക്കരഞ്ഞു.

'അങ്ങനെ കൊറെ മൊട്ടയങ്ങ്ട് പൊട്ടിപ്പോയി. അയാൾ നിശ്വസിച്ചു.

'അയ്യോ... കഷ്ടായി, സോറി അപ്പൂപ്പാ...', അടുത്തിരിക്കുന്ന കുട്ടി മാത്തുവിന്റെ കൈകൾ ചേർത്തു പിടിച്ചു.

'ഹേയ്... കഥ ഇനീം കൊറെ ഉണ്ട് മോനേ, വീഴ്ച പറ്റും, വീണോടത്ത് കെടക്കരുത്, എണീറ്റ് ഓടാൻ നോക്കണം', മാത്തു ചിരിച്ചു.

ആവേശം കൂടുന്ന ചെറുപ്പത്തിൽ, ഏറെ ആലോചിക്കാതെ തുടങ്ങിയ തുണിക്കച്ചവടം തമിഴൻ അണ്ണാച്ചി കാശു വാങ്ങി, ചരക്കിറക്കാതെ മുങ്ങിയതും കച്ചവടം എട്ടു നിലയിൽ പൊട്ടിയതും പറഞ്ഞവസാനിച്ചപ്പോൾ കുട്ടികൾ തലയിൽ കൈ വെച്ചു.

'വീണ്ടും മൊട്ട പൊട്ടീലോ, തുണി ബിസിനസ്സ് നഷ്ടത്തിലായില്ലെ, പിന്നെ അപ്പൂപ്പൻ എന്തു ചെയ്തു?'

'ശര്യാ... കൈയിലുള്ള കാശു കൊറെ പോയി, സൂസന്നേടെ പൊന്നു വിറ്റതും പോയി. എന്നാലും ഞാനൊരു കാര്യം പഠിച്ചു. തീരെ അറവില്ലാത്ത കച്ചവടത്തിലൊന്നും എടുത്തു ചാടരുത്, ആദ്യം അതിനെക്കുറിച്ച് പഠിക്കണം. തിരിഞ്ഞോ നിങ്ങൾക്ക് ?

ഉം... അവർ ഒന്നിച്ചു മൂളി.

'പത്താം ക്ലാസ്സില് എന്റെ ഒരേ ബഞ്ചിലിരുന്നു പഠിച്ച മുരളി, വക്കീൽ പരീക്ഷ പാസായി തൃശ്ശൂര് കോടതീല് പ്രാക്ട്രീസ് തൊടങ്ങിയിരുന്നു. അവനാ പറഞ്ഞത് നിന്റെ അപ്പന്റെ മൊതലില് അവകാശത്തിന് കേസ് കൊടുക്കാൻ. കേസിനും കൂട്ടത്തിനൊന്നും അമ്മക്ക് ആദ്യം താൽപര്യണ്ടായില്ല. കൊറെ പറഞ്ഞിട്ടാ കേസ് കൊടുക്കാൻ സമ്മതിച്ചത്. '

'എന്നിട്ട് അപ്പൂപ്പൻ കേസ് ജയിച്ചോ?, കുട്ടികൾ അറിയാൻ തിരക്കുക്കൂട്ടി.

'ജയിച്ചു, പക്ഷെ കേസ് തീരാൻ ഒരു പതിനാല് കൊല്ലമെടുത്തു. വാദം, പ്രതിവാദം, കേസ് മാറ്റല്, ഹർജി, സ്റ്റേ, കീഴ്‌ക്കോടതി, മേൽക്കോടതി എന്നൊക്കെ വ്യവഹാരം തീരാൻ കൊറെ കാലതാമസണ്ട് പിള്ളേരെ, അതൊന്നും നിങ്ങൾക്ക് മനസ്സിലാവില്ല. എന്നാലും എന്റമ്മ മരിക്കും മുമ്പ് വിധി അനുകൂലമായി വന്നു. അങ്ങനെയെങ്കിലും ഒരു നീതി എന്റമ്മേടെ കാര്യത്തിലുണ്ടായി', അയാളുടെ സ്വരമിടറി, വാക്കുകൾ തേഞ്ഞു തുടങ്ങിയിരുന്നു.

'മക്കള് നാളെ വായോ...അപ്പൂപ്പന് അമ്മേടെ കാര്യം ഓർത്താല് വല്യാണ്ടാവും അമ്മേനെ അങ്ങേർക്ക് അത്രക്ക് ഇഷ്ടായിരുന്നു.'

പടിയിറങ്ങി പോകുന്ന കുട്ടികളെ അയാളുടെ സജലങ്ങളായ കണ്ണുകൾ പിന്തുടർന്നു.

പിറ്റേന്ന് കുട്ടികൾ വന്നു കയറുമ്പോൾ, മാത്തുവും സൂസന്നയും ട്രേയിൽ ചക്കരമാമ്പഴം പൂളി നിറക്കുകയായിരുന്നു.

വലിയ വീടിനുള്ളിലെ അലങ്കാരങ്ങളിൽ തൊട്ടു തലോടി അവർ അത്ഭുതം കൂറി. ഭിത്തിയിൽ തൂക്കിയ ബ്‌ളാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളിൽ മാത്തുവിനേയും സൂസന്നയേയും അവരുടെ ഇടയിൽ നിൽക്കുന്ന മക്കളെയും കണ്ട് അവരുടെ ചെറുപ്പം കുട്ടികൾ തിരിച്ചറിഞ്ഞു. അവർക്കിടയിലെ അപരിചിതത്വത്തിന്റെ പാളി അടർന്നു പോയിരുന്നു.

'ബാക്കി കഥ കേൾക്കേണ്ടേ?, മാത്തു കുട്ടികളെ വിളിച്ചു. അവർ വേഗം അയാളുടെ ചുററും ചേർന്നിരുന്നു. 

'കൈയിൽ സ്വത്തു ഭാഗം കിട്ടിപ്പോൾ, കുറച്ച് കൃഷി സ്ഥലം വാങ്ങി. വേനലിലെ വരൾച്ചയും മഴക്കാലത്തെ ദുരിതപെയ്ത്തും കൃഷി നഷ്ടത്തിലാക്കാൻ തുടങ്ങി. അപ്പോളാണ് ഞാൻ പഠിച്ചെടുത്ത വിദ്യ പരീക്ഷിക്കാൻ തുടങ്ങിയത്. പുതിയ ഇനം യന്ത്രങ്ങൾ വാങ്ങി. ഞാൻ തന്നെ പ്രവർത്തിപ്പിക്കാൻ തുടങ്ങി. ഓഫീസുകളിൽ കയറിയിറങ്ങി, കാലു നാട്ടി, ലൈൻ വലിച്ച് കറന്റ് വരുത്തിച്ചു. വലിയ ഇലക്ട്രിക് പമ്പുകൾ വാങ്ങി, വേനലിൽ മുഴുവൻ പാടം നനച്ചു. മഴക്കാലത്ത് വെള്ളം പമ്പ് ചെയ്തു വറ്റിച്ചു. ട്രാക്ടർ ഇറക്കി പാടം  ഉഴുതു മറിച്ചു. നല്ല വിത്തു നോക്കി വാങ്ങി വിതച്ചു.

കൃഷി ലാഭമാക്കി, നൂറു മേനി കൊയ്തു. ശരിക്കും ഞാൻ അധ്വാനിച്ചു. അങ്ങന്യാ ഈ വീട് വെച്ചത്. നിങ്ങള് വീടിന്റെ പേര് കണ്ടില്ലെ? അതാ ഞാൻ പറഞ്ഞ സ്വപ്‌നം'.

'നിങ്ങൾ ഓർക്കണം, ചില നീക്കുപ്പോക്കുകളില്ലാത്ത ജീവിതമില്ല കുഞ്ഞുങ്ങളെ,  മനുഷ്യരല്ലെ, നീക്കുപ്പോക്കുകളുടെ തമ്പുരാന്മാർ.' കുട്ടികൾ ആരാധനയോടെ അവരുടെ മുന്നിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന വലിയ മനുഷ്യനെ നോക്കി.

'കൊച്ചച്ചനോട് നിങ്ങൾ എന്തു പറയും?, മാത്തു അപ്പൂപ്പൻ ചോദ്യമെടുത്തിട്ടു.

'നഷ്ടസ്വപ്‌നങ്ങൾ, അതു പൊട്ടിയ മൊട്ട... നെവർ മൈൻഡ്, കൊട്ടയിൽ  ഇനിയുമുണ്ടല്ലോ സ്വപ്‌നമൊട്ട',  അവർ താളത്തിൽ പാടി ആർത്തു ചിരിച്ചു. 

'മൊട്ടയല്ലടാ... മുട്ട.'

അയാൾ അവരുടെ ചിരിയുടെ അലയിൽ മുങ്ങിയുലഞ്ഞു, ബാക്കിയായ ദിവസത്തിന്റെ മധുരമുള്ള ആലസ്യത്തിലേക്ക് ചാഞ്ഞു.

നഷ്ടസ്വപ്‌നങ്ങൾ ഇല്ലാത്തവരില്ല, പക്ഷെ അതിനെ അതിജീവിച്ച് കൂടുതൽ ഉയരങ്ങളിലേക്ക് ചിറകു വെച്ചു പറക്കുന്നതാണ് ജീവിതവിജയം.

ജോയ്‌സ് വർഗീസ്, കാനഡ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam