ഒരു കാര്യം തീർച്ചയായി സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളെ പോലും നേരിട്ട് കാണാൻ പാർട്ടിയുടെ ഉന്നത നേതാക്കൾ ഇപ്പോൾ ഭയപ്പെടുന്നു. അണികളെല്ലാം ഒന്ന് തണുത്തിട്ട് മതി ഇനിയുള്ള ചർച്ചകൾ എന്ന് പിണറായിയും ഗോവിന്ദനും തീരുമാനിച്ചു കഴിഞ്ഞു. ഓഗസ്റ്റിൽ നടക്കുന്ന വിപുലമായ സംസ്ഥാന കമ്മിറ്റിയിൽ പോലും പങ്കെടുപ്പിക്കാൻ ഉദ്ദേശിക്കുന്നത് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ വരെയുള്ള പാർട്ടി നേതാക്കളെയാണ്.
പ്രാദേശിക കമ്മിറ്റികളിലേക്ക് 40 ചോദ്യങ്ങൾ ഏ.കെ.ജി സെന്ററിൽ നിന്ന് അയച്ചത് ഏരിയാ കമ്മിറ്റികൾ മൈൻഡ് ചെയ്തതേയില്ല. ഇതോടെയാണ് സംസ്ഥാന കമ്മിറ്റിയെ കൊണ്ട് പിണറായിയും ഗോവിന്ദനും പുതിയ നിർദ്ദേശം മുന്നോട്ടു വച്ചത്. പൊളിറ്റ് ബ്യൂറോ പോലും കേരളത്തിലെ പാർട്ടിക്ക് ഗുരുതരമായ തെറ്റ് പറ്റിയിട്ടുണ്ടെന്നും പ്ലീനം വിളിച്ചു ചേർക്കണമെന്നും സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടുവെങ്കിലും അതൊന്നും സി.പി.എം. സംസ്ഥാനകമ്മറ്റി ചെവികൊണ്ടില്ല.
എല്ലാ ജില്ലാ സെക്രട്ടറിമാരും സെക്രട്ടറിയേറ്റ് അംഗങ്ങളും പിണറായി വച്ച എറാൻമൂളികളാണെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. അതുകൊണ്ടുതന്നെ ഓഗസ്റ്റിൽ ചേരുന്ന വിപുലമായ പാർട്ടി സമ്മേളനത്തിൽ മുഴങ്ങാൻ പോകുന്നത് കുറെ ശിങ്കിടികളുടെ ഇലത്താളമായിരിക്കുമെന്നത് തീർച്ച. ഒരർത്ഥത്തിൽ, അണികൾക്ക് പാർട്ടി നേതാക്കളെ തിരുത്താനുള്ള കനകാവസരം ഇല്ലാതാക്കാൻ തന്നെയാണ് പിണറായിയും ഗോവിന്ദനും ശ്രമിക്കുന്നത്.
വിശദീകരണങ്ങളുടെ വായ്ത്താരികൾ
എന്തുകൊണ്ട് പാർട്ടി തോറ്റുവെന്ന ലളിതമായ ചോദ്യത്തിന് ഭരണവിരുദ്ധ വികാരമല്ല കാരണമെന്ന് പാർട്ടി സെക്രട്ടറി പറയുന്നു. മാത്രമല്ല തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും പാർട്ടിക്കാണ് തെറ്റ് പറ്റിയതെന്നും ആണയിട്ട് പറയുന്നു. അങ്ങനെയെങ്കിൽ പാർട്ടിയെ നയിക്കുന്നവർക്ക് തെറ്റ് പറ്റിയെന്നാണോ പറയുന്നതെന്ന ചോദ്യത്തിന് 'ഏയ് ഞങ്ങൾക്ക് തെറ്റ് പറ്റിയിട്ടില്ല.' പാർട്ടിക്കാണ് തെറ്റ്പറ്റിയതെന്ന് വീണ്ടും ഗോവിന്ദൻ തട്ടിവിടുകയാണ്. തോൽവിക്ക് രണ്ട് കാരണങ്ങൾ പാർട്ടി കണ്ടെത്തിയിട്ടുണ്ട്. ഒന്ന് ന്യൂനപക്ഷങ്ങൾ അകന്നുപോയത്രെ.
രണ്ട് ഭൂരിപക്ഷപ്രീണനത്തിനുവേണ്ടി പാർട്ടി കൈക്കൊണ്ട നടപടികൾ തിരിച്ചടിച്ചു. സി.പി.എമ്മിനെ മുഖ്യമായും തോൽപ്പിച്ചത് വെള്ളാപ്പള്ളി നടേശനാണെന്ന് പാർട്ടി കരുതുന്നുണ്ട്. നടേശന്റെ 'വാപോയ കോടാലി' വർത്തമാനങ്ങൾ മുസ്‌ലിംങ്ങളെ വല്ലാതെ ചൊടിപ്പിച്ചുവെന്ന് പി.ജയരാജൻ ചൊവ്വാഴ്ച തുറന്നു പറഞ്ഞുകഴിഞ്ഞു. കോൺഗ്രസ്-ബി.ജെ.പി. ഡീലെന്ന പഴകി തുരുമ്പെടുത്ത ആരോപണവും ഗോവിന്ദൻ ഉന്നയിക്കുകയുണ്ടായി.
സി.പി.എമ്മിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകളിലാണ് ബി.ജെ.പി. ജയിച്ചതെന്ന കാര്യം ഗോവിന്ദൻ സൗകര്യപൂർവ്വം മറക്കുന്നു. ഏതായാലും ആഗോള അയ്യപ്പ സംഗമത്തിൽ യു.പി.മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസ വായിച്ചതും തെറ്റായിപ്പോയെന്ന് മാഷ് ഏറ്റുപറയുന്നു. 30 സീറ്റുകളിൽ യു.ഡി.എഫിനെ ബി.ജെ.പി. സഹായിച്ചുവെന്ന് പാർട്ടി സെക്രട്ടറി പറയുമ്പോൾ സി.പി.എമ്മിന്റെ ഷുവർ സീറ്റുകളായിരുന്ന കോഴിക്കോട് ജില്ലയിൽ പാർട്ടിക്ക് വോട്ട് കുറഞ്ഞതിനെപ്പറ്റി സെക്രട്ടറി മൗനം പാലിക്കുന്നു.
ഇ.ഡി.യെ തൊട്ടത് വൻ പാളിച്ച
മുൻ മുഖ്യമന്ത്രിയുടെ മകൾ വീണയെ ചോദ്യം ചെയ്യാനെത്തിയ ഇ.ഡി.ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഇതേ ആഴ്ചക്കുറിപ്പിൽ പ്രവചിച്ചതുപോലെ പാർട്ടിക്ക് പണിയായിട്ടുണ്ട്. വീണയെ ഇനി ചുമക്കേണ്ടന്ന നിലപാടിലാണ് ഇപ്പോൾ പാർട്ടി. കെ.കെ.ശൈലജയും ജോൺ ബ്രിട്ടാസുമെല്ലാം ഇതേ അഭിപ്രായം ചാനലുകൾക്കു മുമ്പിൽ പ്രകടിപ്പിച്ചുകഴിഞ്ഞു. എന്നാൽ പിണറായിയെ തൊട്ടാൽ കളി മാറുമെന്ന മുന്നറിയിപ്പ് ചില നേതാക്കളിൽ നിന്നുണ്ടായിട്ടുണ്ട്. അതൊരു 'ഠോ' പൊട്ടിച്ചതാണ്. പേടിയുള്ളവർ മസില് പെരുപ്പിച്ചു കാണിക്കുന്നതുപോലെയുള്ള ഒരു അടവ്തന്ത്രം മാത്രമാണത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ താമസിച്ചുകൊണ്ടും, ഏ.കെ.ജി.സെന്ററിന്റെ മേൽവിലാസം ഉപയോഗിച്ചു വീണ നടത്തിയ ഇടപാടുകളുടെ അന്വേഷണത്തിന്റെ അടുത്തഘട്ടത്തിൽ എങ്ങനെയായിരിക്കും. ഇ.ഡി.യുടെ തുടരന്വേഷണമെന്നതിനെക്കുറിച്ച് പാർട്ടി ഭയപ്പെടുന്നുണ്ട്. വെള്ളിയാഴ്ച കൊച്ചിയിലെ ഇ.ഡി.ഓഫീസിനു മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാൻ സുപ്രീംകോടതിയെവരെ വീണ സമീപിച്ചേക്കാം.
എന്നാൽ ഇ.ഡി.ക്ക് ലഭിച്ച 134 സുപ്രധാന രേഖകൾ ഈ നിയമകടമ്പയും ചാടിക്കടക്കാൻ ഇ.ഡി.യെ സഹായിച്ചേക്കും. യു.എ.ഇ.യിലെ ബാങ്കുകളിൽ 2019ൽ വീണയ്ക്കുണ്ടായിരുന്ന അക്കൗണ്ടുകളെക്കുറിച്ചുള്ള അന്വേഷണവും ഇ.ഡി. ആരംഭിച്ചുകഴിഞ്ഞു.
പിണറായിയെയും മകളെയും രക്ഷിക്കാൻപോയ പ്രാദേശിക നേതാക്കളും അണികളും ഇപ്പോൾ പെട്ടിരിക്കുകയാണ്. ഇ.ഡി.ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രതികളാക്കപ്പെട്ടവർക്ക് ജാമ്യം ലഭിക്കാൻ സാദ്ധ്യതയില്ല. അതുകൊണ്ടുതന്നെ, വലിയ വരുമാനമൊന്നുമില്ലാത്ത ഈ പാർട്ടിയണികളുടെ കുടുംബങ്ങളെ പോറ്റേണ്ട ഗതികേടും ഇനി പാർട്ടി നേതാക്കൾക്കുണ്ട്. എന്നാൽ തുടക്കത്തിൽ തലോടുമെങ്കിലും മാസങ്ങൾ കഴിയുമ്പോൾ ആ സഹായവും പിന്തുണയുമെല്ലാം നിലയ്ക്കാനാണ് സാധ്യത.
പാർട്ടി കുടുംബമാണെങ്കിലും മനുഷ്യത്വം മറക്കില്ല
കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സംസ്ഥാന സർക്കാർ സി.ബി.ഐയ്ക്ക് വിട്ടത്, കണ്ണൂരിലെ പാർട്ടി ഉന്നതരുടെ ഉറക്കം നഷ്ടപ്പെടുത്തിക്കഴിഞ്ഞു. പോലീസിലെ ഒരൊറ്റ ഉദ്യഗസ്ഥനെകൊണ്ട് തറവേലകൾ കാണിച്ചാണ് പി.പി.ദിവ്യയെ ഈ കേസിൽ പാർട്ടി സംരക്ഷിച്ചു നിർത്തിയതെന്ന് ജനം പറയുന്നു. പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടവും, മൃതദേഹം പത്തനംതിട്ടയിലേക്ക് കൊണ്ടുപോയപ്പോൾ അന്നത്തെ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെയും മറ്റും ആംബുലൻസിലെ സാന്നിധ്യവും, മന്ത്രി എം.ബി.രാജേഷും അടക്കമുള്ള നേതാക്കളുടെ സാന്നിദ്ധ്യത്തിൽ നവീൻബാബുവിന്റെ മൃതദേഹം പിടിച്ച പിടിയാലെ ദഹിപ്പിച്ചതും പാർട്ടിയെ സംശയ സ്ഥാനത്ത് നിർത്തുന്നുണ്ട്.
പാർട്ടിയുടെ ബിനാമി സ്വത്തുക്കളുടെ വിവരങ്ങളും മലബാർ ദേവസ്വം വക ക്ഷേത്രങ്ങളുടെ ഭൂമി പാർട്ടി അനധികൃത പാർട്ടി കൈവശം വച്ചുകൊണ്ടിരിക്കുന്നുവെന്ന രഹസ്യറിപ്പോർട്ടും നവീൻബാബു ശേഖരിച്ചതായി ജനസംസാരമുണ്ട്. നവീൻബാബുവിനെ അവസാനമായി കണ്ട ജീപ്പ് ഡ്രൈവർ ഷംസുദ്ദീൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോയെന്നുപോലും ആർക്കുമറിയില്ല. നേരറിയാനായാലും നേരത്തെയറിയാനായാലും സി.ബി.ഐ വരട്ടെയെന്ന് ചിന്തിക്കേണ്ട പാർട്ടി സുപ്രീംകോടതിവരെ പോയി സി.ബി.ഐ.അന്വേഷണം വേണ്ടന്ന് വാദിച്ചതിനു പിന്നിൽ ഒരു കാരണവുമില്ലാതിരിക്കുമോ?
നവീൻബാബുവും കുടുംബവുമെല്ലാം ഇടതു പാർട്ടിയുടെ പാരമ്പര്യമുള്ളവരാണ്. എന്നിട്ടും കുടുംബത്തിന്റെ ആവശ്യമായ സി.ബി.ഐ. അന്വേഷണത്തിന് സതീശൻ സർക്കാർ അനുമതി നൽകിയത്, മനുഷ്യപ്പറ്റുള്ള നടപടിയാണ്. ഒപ്പം നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്തതും, ആ കുടുംബത്തിന്റെ കണ്ണീരൊപ്പുന്ന നടപടിയായി മാറി.
സി.പി.എമ്മിന് പറയാൻ എന്തുവകാശം?
മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭർത്താവിനെ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചതിനെ ചോദ്യം ചെയ്യുന്ന ഇടതു നേതാക്കൾക്ക് അതു പറയാൻ എന്ത് ധാർമികതയാണുള്ളത്? മരുമകനെ മന്ത്രിയാക്കിയും ഭാര്യയെ സ്ഥാനാർത്ഥിയാക്കിയും ചിറ്റപ്പനെ മുന്നണി കൺവീനറാക്കിയും ഇടതു ഭരണകാലത്ത് നടന്ന ബന്ധുനിയമനങ്ങളും നടപടികളും അവർ മറന്നുപോയോ?
കിഫ്ബിയിൽ നടത്തിയ നിയമനങ്ങൾ പലതും കൂടടച്ചുള്ള ബന്ധുനിയമനങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതും റിട്ടയർ ചെയ്ത ഉദ്യോഗസ്ഥരെയും അവരുടെ ഭാര്യമാരെയും സഹോദരീ സഹോദരന്മാരെയുമെല്ലാം കിഫ്ബിയെന്ന 'നവ കൊള്ള' സങ്കേതത്തിൽ നിയമിച്ചത് അന്വേഷണത്തിൽ പുറത്തുവന്നുകഴിഞ്ഞു. പ്രതിമാസം 4 ലക്ഷം രൂപ വരെ ശമ്പളം പറ്റുന്നവർ ഈ പട്ടികയിലുണ്ട്. സമാന്തര ഭരണകൂടമെന്ന രീതിയിൽ പാർട്ടിയുടെ ഫുൾ കൺട്രോളിൽ കിഫ്ബി നടത്തിയ കൊള്ളകൾ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
ബജറ്റിനു പുറത്താണ് കിഫ്ബിയുടെ പ്രവർത്തനമെന്നു പറയുകയും റോഡ് ടാക്‌സിന്റെയും ഇന്ധന നികുതിയുടെയും പങ്ക് പറ്റുകയും ചെയ്യുന്ന 'വിചിത്ര ഘടന' യാണത്രെ കിഫ്ബിക്കുള്ളത്. ഏറ്റെടുത്ത വികസനപദ്ധതികൾ പലതും പാതിവഴിയിലാണ്. മിക്കവാറും എല്ലാ വികസനപദ്ധതികളും കിഫ്‌കോൺ എന്ന കിഫ്ബിയുടെ ജാരസ്ഥാപനത്തിന്റെ പേരിലാണ് നടപ്പാക്കുന്നതെന്നും ആരോപണമുണ്ട്.
കേരളത്തിന്റെ സാമ്പത്തികാരോഗ്യത്തെക്കുറിച്ചുള്ള തൽസ്ഥിതി റിപ്പോർട്ട് പഠിച്ച്, പഴയ ധനമന്ത്രി ജനസമക്ഷം കൃത്യമായ മറുപടി നൽകേണ്ടതുണ്ട്. എന്നാൽ, എല്ലാം രാഷ്ട്രീയ ആരോപണങ്ങളെന്ന മട്ടിലുള്ള അഴകൊഴമ്പൻ നിലപാടാണ് മുൻധനമന്ത്രി ബാലഗോപാലിന്റേത്. കെ എന്ന അക്ഷരത്തിൽ തുടങ്ങുന്ന കിഫ്ബിയും കെ ഫോണുമെല്ലാം ഈ പേരുകളുടെ ആദ്യാക്ഷരമായ 'കെ' സൂചിപ്പിക്കുന്നത്. കേരളമാണെന്ന് പറയുമായിരിക്കാം. പക്ഷെ ഇപ്പോൾ നമുക്ക് മനസ്സിലാകുന്നത് ആ 'കെ' കൊള്ളയെന്ന പദത്തിന്റെ സൂചനാക്ഷരമെന്നാണ്!
ആന്റണിചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
