വിവാദങ്ങളിലൂടെ പുനർജനിക്കുന്ന സതീശനും, പാർട്ടി മാധ്യമങ്ങളിലെ ചില 'ജീർണലിസ്റ്റുകളും' ....

AUGUST 5, 2026, 12:10 PM

കേരളത്തിൽ പുഴകളും കൈത്തോടുകളും ചേർന്ന് വീട് കയറുന്നു. കായലുകൾ നാട് വിറപ്പിച്ചുകൊണ്ട് കവലച്ചട്ടമ്പികളെപോലും റോഡുകളും കടകളും കൈയടക്കുന്നു. അപ്പർ കുട്ടനാടിന്റെ പേരിലെ 'അപ്പർ' ഇപ്പോഴില്ല. പകരം വളരെ വളരെ 'ലോ'യിലാണ് കേരളത്തിന്റെ പഴയ ഈ നെല്ലറ. മധ്യ കേരളവും വടക്കൻ കേരളവും മഴക്കെടുതിയിൽ ആകെ വലയുമ്പോൾ, രാഷ്ട്രീയത്തിലെ ചില നേതാക്കളെങ്കിലും ആ ദുരിതബാധിതരെ നോക്കി കൊഞ്ഞനം കുത്തുന്നു.

രാഷ്ട്രീയം നോക്കാതെ ജനങ്ങളെ സഹായിക്കാൻ ഇറങ്ങിത്തിരിച്ച തിരുവനന്തപുരം നേമം കല്ലിയൂർ കിഴക്കേതെറ്റി വിള രാജേഷ് ഭവനിൽ ആർ. രാജേഷ് സ്വന്തം ജീവൻ ബലിയായി നൽകിയത് പാർട്ടി നോക്കിയോ ജാതി നോക്കിയോ ആയിരുന്നില്ലെന്ന് തിരിച്ചറിയാനുള്ള വിവേകം, ആ മൃതദേഹം കാത്തിരിക്കുന്ന മുൻമന്ത്രിയടക്കമുള്ളവർക്ക് ഇല്ലാതെ പോയല്ലോ എന്ന് നമുക്ക് വിലപിക്കാം. 

പ്രളയത്തിൽ പെട്ട വിടുകളിലുള്ളവരെ രക്ഷിക്കാൻ പോയപ്പോൾ കല്ലിൽ തലയിടിച്ചു വീണ രക്ഷാപ്രവർത്തകൻ പി.രജിത്കുമാറിനെയും ബുധനാഴ്ചത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അനുസ്മരിക്കേണ്ടിയിരുന്നുവെന്ന് തോന്നിപ്പോയി. നിസ്വാർത്ഥനായ ആ മനുഷ്യനെക്കുറിച്ച് ഓർമ്മിക്കാൻ ഇനിയും സർക്കാരിന് സമയമുണ്ട്. 

vachakam
vachakam
vachakam

സതീശനെ തന്നെ നോട്ടമിട്ട്...

സി.പി.എം. ഇപ്പോഴും മുഖ്യമന്ത്രി വി.ഡി.സതീശന്റെ പിന്നാലെയാണ്. പിണറായിയുടെ ഭരണകാലത്ത് 2 വിജിലൻസ് റിപ്പോർട്ടുകളിലും പ്രതിപക്ഷ നേതാവും പറവൂർ എം.എൽ.എ.യുമായിരുന്ന വി.ഡി.സതീശൻ 2018ലെ പ്രളയകാലത്ത്  നേതൃത്വം നൽകിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ക്ലീൻചിറ്റ് നൽകിയിരുന്നു. പുനർജനി എന്ന ഈ പദ്ധതിയെപ്പറ്റി കൂടുതൽ വിസ്തരിച്ചു സി.എം.നു പറയാൻ സി.പി.എം. സംസ്ഥാന സെക്രട്ടറി തന്നെ കഴിഞ്ഞ ദിവസം അവസരമൊരുക്കി. ആ ദുരിതാശ്വാസ പദ്ധതിയുടെ വിശദാംശങ്ങൾ ബുധനാഴ്ചയാണ് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത് ചില മാധ്യമങ്ങൾക്ക് സുഖിച്ചിട്ടില്ല.

പറവൂരിലെ 1600 കടകൾക്ക് സഹായം നൽകിയതും, ക്ഷീരകർഷകർക്ക് 50 ടൺ കാലിത്തീറ്റ നൽകിയതും നൂറിലധികം വീടുകൾ നിർമ്മിച്ചതും റോട്ടറി ക്ലബ്ബ് പോലെയുള്ള സംഘടനകൾ വഴി 1200 പേർക്ക് തയ്യൽ മെഷീനുകൾ നൽകിയതും കളമശ്ശേരി എസ്.സി.എം.എസ്. ഇൻസ്റ്റിട്യൂട്ടിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നു നടത്തിയ സർവേ അടിസ്ഥാനമാക്കിയായിരുന്നുവെന്ന് മുഖ്യമന്ത്രി വിശദീകരിക്കുകയുണ്ടായി. കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രളയത്തിന്റെ ഈ നാളുകളിൽ പല സുമനസ്സുകളുടെയും സഹായം സ്വീകരിച്ചുകൊണ്ട് നടപ്പാക്കിയ 'പുനർജനി' ഒരോ തവണയും സി.പി.എം. വിവാദമാക്കുമ്പോഴും, അതിൽ നിന്ന് ''രാഷ്ട്രീയ മൈലേജ്'' ഉണ്ടാക്കുകയാണ് സതീശൻ.

vachakam
vachakam
vachakam

മാത്രമല്ല, രക്തസാക്ഷി ഫണ്ടുകൾ പോലും 'മുക്കി'യതിന്റെ പേരിൽ സ്വന്തം പാർട്ടിക്കാർ തന്നെ തെരഞ്ഞെടുപ്പിൽ 'പണി' കൊടുത്ത വിവാദങ്ങൾ കണ്ണൂരിൽ പുകയവേ, പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി തലസ്ഥാനത്ത് വാർത്താ സമ്മേളനം വിളിച്ച് ചേർത്ത് സതീശനെ കുറ്റരോപിതനാക്കാനുള്ള  നീക്കം പരിഹാസ്യമാണെന്നേ പറയാൻ കഴിയൂ. 

ഭരണം കിട്ടിയിട്ടും മുറുമുറുപ്പോ?

ജനം നൽകിയ വിജയം ചില യു.ഡി.എഫ്. നേതാക്കൾക്കെങ്കിലും തലയ്ക്ക് പിടിച്ചോ? മന്ത്രി സി.പി.ജോൺ നല്ല ഒരു വാഗ്മിയാണ്. എന്നിട്ടും സർക്കാർ നടപ്പാക്കിയ ഏറ്റവും മികച്ച പദ്ധതിയായ 'പ്രിയദർശിനി ബസ് യാത്ര' യുടെ ശോഭ കെടുത്താൻ അദ്ദേഹം എന്തിന് ശ്രമിച്ചു? അപകടം തിരിച്ചറിഞ്ഞ എം.വി.രാഘവന്റെ പഴയ കൂട്ടാളി ആദ്യം ഒന്ന് ഉരുണ്ടു നോക്കിയെങ്കിലും, ബുധനാഴ്ച മാപ്പ് പറഞ്ഞ് തടിയൂരി. ഇനിനിടെ മന്ത്രി പി.സി.വിഷ്ണുനാഥിനെതിരെ ചില കോൺഗ്രസുകാർ രംഗത്തെത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

അവലോകന യോഗത്തിന് വിളിച്ചില്ലെന്ന് 'യൂത്തൻ' മന്ത്രിയും പരാതി പറഞ്ഞുകേട്ടു. കോന്നി എം.എൽ.എ.യ്ക്ക് മുഖ്യമന്ത്രി തന്റെ മണ്ഡലം സന്ദർശിക്കാത്തതിൽ പ്രതിഷേധമുണ്ട്. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ ജനങ്ങൾക്ക് ആശ്വാസമെത്തിക്കാൻ ശ്രമിക്കുന്ന സാധാരണക്കാരായ മനുഷ്യരും, ജീവൻ പണയം വച്ച് കൊല്ലം വാടികടപ്പുറത്തുനിന്ന് കുതിച്ചെത്തിയ മത്സ്യത്തൊഴിലാളികളും അണിനിരക്കുന്ന രക്ഷാപ്രവർത്തന മേഖലയിൽ, ഇത്തരം 'ചീളുകേസുകൾ' അവഗണിക്കാനേ നമുക്ക് കഴിയൂ.

ചിത്രയുടെ പാഴ് ശ്രുതി ശ്രദ്ധിക്കണേ....

പ്രമുഖ ഗായിക ചിത്രാമ്മയെക്കുറിച്ചല്ല കേട്ടോ പറയുന്നത്. 'അമ്മാതിരി ഡയലോഗ്' ഇപ്പോൾ ഉചിതമല്ലെന്നും നമുക്കറിയാം എങ്കിലും ബി.ജെ.പി. ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷൻ അംഗമായ സുഗതന് കൗൺസിലിൽ ഹാജർ പതിപ്പിക്കാൻ 6 മാസം അവധി നൽകിയ തദ്ദേശ സ്വയംഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇടതുസർക്കാർ കെ.എ.എസ്. (കേന്ദ്രത്തിന്റെ ഐ.എ.എസ്.പോലെയുള്ള ഒരു ഗ്രേഡിംഗ് നൽകിയ 20 പേരിൽ ഒരാളാണ് ഡോ.ചിത്ര.) തിരുവനന്തപുരം മേയർ വി.വി.രാജേഷ് സർക്കാരിനയച്ച കത്തിൽ മറുപടി നൽകാൻ ആഭ്യന്തരവകുപ്പും തദ്ദേശ സ്വയംഭരണവകുപ്പുമാണ് ഇടപെടേണ്ടിയിരുന്നത്.

'അതെ' അല്ലെങ്കിൽ 'അല്ല' എന്ന മറുപടിയാണ് മേയർക്ക് നൽകേണ്ടിയിരുന്നതെങ്കിലും, സർക്കാരിന്റെ നയത്തിനു വിരുദ്ധമായി സുഗതന് 'അയോഗ്യത' മറികടക്കാനുള്ള ഒരു ചെറിയ കുറിപ്പടി  തന്നെ ഡോ.ചിത്ര തയ്യാറാക്കി അയച്ചു. ആ കത്താണ് യു.ഡി.എഫിന്റെ പ്രതിപക്ഷ നേതാവായ ശബരീനാഥന്റെ വായടപ്പിക്കാൻ മേയർ എടുത്തുയർത്തി കാണിച്ചത്.     

പണ്ട് മലബാറിൽ 'കോ ലീ  ബീ' സഖ്യമെന്ന് സി.പി.എം.കാർ ഉന്നയിച്ച ആരോപണം ചിത്രയുടെ ഈ നടപടി വഴി വീണ്ടുമുയർന്നു കഴിഞ്ഞിട്ടുണ്ട്. ഇതിൽ നിന്നും, മന്ത്രി കെ.മുരളീധരൻ ചൂണ്ടിക്കാണിച്ച പിണറായി ഭരണത്തിന്റെ അവശിഷ്ടരൂപങ്ങളിൽ ഒന്നാണോ ചിത്രയെന്ന സംശയവുമുയർന്നു കഴിഞ്ഞു. 

മാധ്യമങ്ങൾ വിഴുങ്ങുന്ന ആരോപണങ്ങൾ 

ബുധനാഴ്ച വാർത്താ സമ്മേളനം അവസാനിപ്പിച്ചുകൊണ്ട് കസേരയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ മുഖ്യമന്ത്രി വി.ഡി.സതീശൻ മാധ്യമങ്ങളെ മൃദുവായൊന്ന് കൊട്ടിയത് കേരളം കണ്ടു. 
മുഖ്യന്റെ ഹെലികോപ്ടർ യാത്ര, ഇനിയും പുറത്ത് പറയാത്ത അജ്ഞാതരായ  പറയാത്ത നിക്ഷേപകർ, പുനർജനി, തുടങ്ങിയ വിഷയങ്ങൾ വാർത്താ ലേഖകർ വിശദമായി മുഖ്യനു മുന്നിൽ അവതരിപ്പിക്കുകയുണ്ടായി. എന്നാൽ ഈ 'കുത്തിത്തിരുപ്പുകൾക്ക്' മുഖ്യമന്ത്രി ചുട്ട മറുപടി നൽകി. വിവാദ ഹെലികോപ്ടറിന് അഞ്ച് മാസമായി വാടക കുടിശ്ശികയുണ്ട്.

പറന്നാലും ഇല്ലെങ്കിലും 80 ലക്ഷം രൂപയാണ് കോപ്ടർ കമ്പനിക്ക് സർക്കാർ പ്രതിമാസം നൽകേണ്ടത്. ഇതെല്ലാം വിശദീകരിച്ചു പറയാൻ ഇടതുപക്ഷ മാധ്യമങ്ങളുടെ ചോദ്യങ്ങൾ തന്നെ മുഖ്യമന്ത്രിയെ തുണച്ചു.

ഡാം മനേജ്‌മെന്റിലെയും ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ വീഴ്ചകൾ  മാധ്യമങ്ങൾ കുത്തിപ്പൊക്കിയപ്പോഴും, പഴയ മുഖ്യമന്ത്രി കൊച്ചു മകനുമൊത്ത് 'റൂം ഫോർ റിവർ' പദ്ധതി പഠിക്കാൻ വിദേശത്തു പോയതിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് പറയാനും അവർ അവസരമൊരുക്കുകയായിരുന്നു.

റീബിൽഡ് കേരള എന്ന തട്ടിപ്പ് 

പഴയ സർക്കാരിന്റെ റീബിൽഡ് കേരളയ്ക്ക് വേണ്ടി പിരിച്ച പണവും, നദികളുടെ ഒഴുക്കും മറ്റും മെച്ചപ്പെടുത്താൻ മണൽ വിറ്റ് സർക്കാർ വാരിക്കൂട്ടിയ കോടികളും എവിടെപ്പോയി? ആരെങ്കിലും ഇതെല്ലാം ചോദിച്ചുവോ? എനിക്ക് അറിയില്ല. പരമ്പരാഗത രീതിയിലുള്ള 'രാഷ്ട്രീയ പ്രവർത്തന' ങ്ങളുടെ നോക്കു കുത്തികളായി മാറിയ ചില  ഇടതുപക്ഷ നേതാക്കൾ ഇനിയെങ്കിലും നേർക്കു നേർക്കുള്ള 'രാഷ്ട്രീയ ഗുസ്തി'ക്കായി താറുടുത്ത്  ഇറങ്ങരുത്.

ഇടതുപക്ഷ മാധ്യമങ്ങൾ മാത്രം വായിക്കുകയും കാണുകയും ചെയ്യുന്ന പാർട്ടിക്കാരും ജനങ്ങളുമല്ല ഇന്ന് കേരളത്തിലുള്ളത്. 'സോഷ്യൽ മീഡിയയ്ക്ക് ' ജനാഭിപ്രായം സ്വരൂപിക്കുന്നതിൽ വലിയ പങ്കുണ്ടെന്ന കാര്യം പിണറായിയും ഗോവിന്ദനുമെല്ലാം മറക്കരുത്. നാടും നാട്ടാരും വല്ലാതെ മാറിയിട്ടുണ്ട്. യഥാർത്ഥ വസ്തുതകൾ തമസ്‌രിക്കാൻ പഴയ പാർട്ടി പ്രചാരണം പോരാതെ വരും. ഇടതുപക്ഷം ഇനിയും ഒരു ജനാധിപത്യ സംവിധാനത്തിൽ വേണമെന്ന് ചിന്തിക്കുന്നവരെ ഇനിയെങ്കിലും പാർട്ടി സെക്രട്ടറി നാറ്റിക്കരുത്. 

രക്തസാക്ഷി ഫണ്ട് അടിച്ചു മാറ്റുക മാത്രമല്ല, രക്തസാക്ഷികളോട് പാർട്ടി നീതി കാണിച്ചുവോ? അഭിമന്യു വധക്കേസ് തന്നെയല്ലേ ഇതിന് ഏറ്റവും വലിയ തെളിവ്? 2018 ജൂലൈ 2ന് പാർട്ടി ഭരണത്തിലിരിക്കുമ്പോഴാണ് അഭിമന്യു വധിക്കപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉൾപ്പെടെ 26 പ്രതികൾ. മൂന്നു ഘട്ടമായി പ്രതികൾ എല്ലാം അറസ്റ്റിലായി. ആദ്യം അറസ്റ്റിലായ 16 പ്രതികളുടെ കുറ്റപത്രം 2018 സെപ്തംബർ 26ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിക്കുകയുണ്ടായി. കേസ് പൂർത്തിയാക്കണമെന്ന് ഹൈക്കോടതി അന്ത്യശാസനം നൽകിക്കഴിഞ്ഞു. ഇത് മൂന്നാം തവണയാണ് കോടതി ഇത്തരമൊരു നിർദ്ദേശം നൽകുന്നത്.

വിചാരണ വൈകുന്നതിൽ അഭിമന്യുവിന്റെ കുടുംബം തന്നെയാണ് ഇപ്പോഴും കോടതിയിൽ വാദി ഭാഗത്തുള്ളത്. ഇങ്ങനെ ചില പാർട്ടി സഖാക്കൾക്കും അനുഭാവികൾക്കുമെല്ലാം ഭരണത്തിന്റെ യാതൊരു പരിഗണനയും ലഭിക്കാതെ പോയത് യാദൃശ്ചികമാണോ? 

പയ്യന്നൂരിൽ പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിച്ച കുഞ്ഞിക്കൃഷ്ണൻ യു.ഡി.എഫ്. സർക്കാർ തന്റെ മണ്ഡലത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളെപ്പറ്റി പ്രദേശിക ചാനലുകളിൽ വിശദീകരിച്ചുകൊണ്ടിരിക്കെ, പാർട്ടിയുടെ ചില നേതാക്കൾ ആ സീനിയർ നേതാവിനെതിരെ പറഞ്ഞു പരത്തുന്ന ആരോപണങ്ങൾ ആര് കേൾക്കാൻ?

ആന്റണിചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam