സെയ്ന്റ് പിയര്‍ ആന്‍ഡ് മിക്വലന്‍: ബഹിരാകാശ അടിസ്ഥാന സൗകര്യ വികസനം, പ്രതിരോധം, സാമ്പത്തിക വളര്‍ച്ച എന്നീ മേഖലകളില്‍ തന്ത്രപ്രധാനമായ സഹകരണത്തിന് ധാരണയായി കാനഡയും ഫ്രാന്‍സും. ഫ്രഞ്ച് ദ്വീപ് സമൂഹമായ സെയ്ന്റ് പിയര്‍ ആന്‍ഡ് മിക്വലനില്‍ വച്ച് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തമ്മില്‍ നടത്തിയ നിര്‍ണായക കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും ചരിത്രപരമായ ഈ തീരുമാനമെടുത്തത്. ബഹിരാകാശ വിക്ഷേപണ സംവിധാനങ്ങളും ഗ്രൗണ്ട് സ്വീകരണ സൗകര്യങ്ങളും സംയുക്തമായി വികസിപ്പിക്കുന്നതിനും പങ്കിടുന്നതിനുമായി ഇരു രാജ്യങ്ങളുടെയും ബഹിരാകാശ ഏജന്‍സികളെയും പ്രതിരോധ മന്ത്രാലയങ്ങളെയും ചുമതലപ്പെടുത്താന്‍ ഉച്ചകോടിയില്‍ ധാരണയായി.
ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും അധികാര രാഷ്ട്രീയത്തിന്റെയും പശ്ചാത്തലത്തില്‍, സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും പ്രവര്‍ത്തിക്കാനുമുള്ള ശേഷി വര്‍ദ്ധിപ്പിക്കാനാണ് കാനഡയും ഫ്രാന്‍സും ശ്രമിക്കുന്നത്. ഈ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ഭാഗമായി ഊര്‍ജ്ജ പരിവര്‍ത്തനം, കാലാവസ്ഥാ പ്രതിരോധം, പ്രാദേശിക സാമ്പത്തിക വളര്‍ച്ച എന്നിവ ലക്ഷ്യമിട്ട് അറ്റ്‌ലാന്റിക് കാനഡയും സെയ്ന്റ് പിയര്‍ ആന്‍ഡ് മിക്വലനും തമ്മിലുള്ള സംയുക്ത സഹകരണ കമ്മീഷന്റെ പ്രവര്‍ത്തനം വിപുലീകരിക്കും. കൂടാതെ ബിസിനസ് ബന്ധങ്ങള്‍ ശക്തമാക്കുന്നതിനായി കനേഡിയന്‍-ഫ്രഞ്ച് ചേംബര്‍ ഓഫ് കൊമേഴ്സുകള്‍ വരും ആഴ്ചകളില്‍ പ്രത്യേക കരാറില്‍ ഒപ്പുവെക്കാനും ധാരണയായിട്ടുണ്ട്.
അമേരിക്കയുമായുള്ള ബന്ധത്തില്‍ ഇരുപക്ഷത്തും വന്‍ പിരിമുറുക്കങ്ങള്‍ നിലനില്‍ക്കുന്ന ഘട്ടത്തിലാണ് കാനഡയും ഫ്രാന്‍സും തമ്മിലുള്ള ഈ സഹകരണം എന്നത് ശ്രദ്ധേയമാണ്. കാനഡയെ യൂറോപ്യന്‍ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗം ആക്കാന്‍ താല്പര്യമുണ്ടെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ കൂടിക്കാഴ്ച നടന്നത്. യൂറോപ്പുമായുള്ള കാനഡയുടെ പങ്ക് കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി യുവാക്കള്‍ക്കുള്ള തൊഴില്‍ അവസരങ്ങളും സംയോജിത സാമ്പത്തിക വിപണിയും യാഥാര്‍ത്ഥ്യമാക്കാനുള്ള നീക്കത്തിലാണ് മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തിലുള്ള കനേഡിയന്‍ സര്‍ക്കാര്‍.
സെയ്ന്റ് പിയര്‍ ആന്‍ഡ് മിക്വലന്‍ ദ്വീപിലേക്ക് ഒരു കനേഡിയന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദര്‍ശനമെന്ന പ്രത്യേകതയും ഈ കൂടിക്കാഴ്ചയ്ക്കുണ്ട്. ഉച്ചകോടിക്ക് ശേഷം രണ്ടാം ലോകമഹായുദ്ധത്തില്‍ നാസി അനുകൂല വിച്ചി ഭരണകൂടത്തില്‍ നിന്ന് ദ്വീപിനെ മോചിപ്പിച്ച ഫ്രീ ഫ്രഞ്ച് വോളന്റിയര്‍മാരുടെ സ്മാരകത്തില്‍ ഇരുനേതാക്കളും പുഷ്പചക്രം അര്‍പ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനായി ഇരുവരും തുടര്‍ന്ന് ന്യൂയോര്‍ക്കിലേക്ക് തിരിക്കും.
English summary
In a landmark official meeting in Saint-Pierre-et-Miquelon, Canadian Prime Minister Mark Carney and French President Emmanuel Macron pledged to deepen bilateral cooperation across space infrastructure, defense, and economic growth, tasking their space agencies to co-develop space launch systems and ground facilities while finalizing a broader agreement between their chambers of commerce. Amid rising geopolitical tensions and friction with the United States, this historic visit underlines Canada's broader strategic pivot toward Europe, reinforced by recent proposals from the European Union to grant Canada "associate member" status and expand integrated market access.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
