അണയാൻ തുടങ്ങുന്ന പ്രസ്ഥാനത്തെ ഒരു തരി കനലിൽ നിന്ന് ഒരിക്കൽ കൂടി ഊതിക്കാച്ചി എടുക്കാനുള്ള ശ്രമത്തിലാണ് കേരളത്തിൽ ഇടതുപക്ഷം. പ്രത്യേകിച്ച് സി.പി.എം. ഇന്ത്യയിൽ മറ്റെങ്ങും ഭരണത്തിൽ ഇല്ല എന്നതുകൊണ്ടല്ല പ്രസ്ഥാനം അണയാൻ തുടങ്ങുന്നു എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. അപൂർവമായ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരു പതിറ്റാണ്ട് കേരളം തുടർച്ചയായി ഭരിച്ച രാഷ്ട്രീയ കക്ഷിയുടെ വീഴ്ച എന്ന അർത്ഥത്തിലാണത്.
ചിത്രത്തിലെ ആകെയുള്ള ചുവപ്പ് രേഖ മാഞ്ഞു പോകരുത് എന്ന് ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് പാർട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും സ്വപ്‌നമാണ് ഒരു വീണ്ടെടുപ്പ്. തെരഞ്ഞെടുപ്പ് തോൽവിയെ ഒരു മഹാസംഭവമായി കാണേണ്ടതില്ല. എന്നാൽ, തോൽവിക്ക് പിന്നാലെ പാർട്ടി നേതൃത്വം കൈകൊണ്ട് നിലപാടുകളാണ് അണികളിൽ ആശയക്കുഴപ്പവും അസംതൃപ്തിയും പടർത്തിയത്.
ഭരണത്തിൽ എവിടെയോ തകരാർ സംഭവിച്ചു എന്ന് ഏവർക്കും മനസ്സിലായ ഒരു ജനകീയ വിധി. വീണുടഞ്ഞ തുടർഭരണ സ്വപ്‌നം. ഉയർന്നുവന്ന അനവധി ചോദ്യങ്ങൾ. നേതാക്കൾ സ്വയം ചമച്ച വ്യാഖ്യാനങ്ങൾ. അവയിലെ പൊരുത്തക്കേടുകൾ. ഭരണത്തിൽ ഇരിക്കെ കേൾക്കാത്ത അഴിമതിയുടെ അപസർപ്പക കഥകൾ. ഉത്തരം പറഞ്ഞേ മതിയാവൂ എന്ന നില. എങ്കിൽ ഉത്തരം പറഞ്ഞേക്കാം എന്ന കാലാവസ്ഥ.
തിരുത്തലിന്റെ അവസ്ഥാന്തരങ്ങൾ കാത്തിരുന്ന അണികൾക്ക് ഒടുവിൽ എന്താണ് ലഭിച്ചത് ?
അണികൾക്ക് ലഭിച്ചത്
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന്, അവസാനം നടന്ന സി.പി.എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി പറഞ്ഞത്, തെറ്റ് തിരുത്തി പാർട്ടി മുന്നോട്ട് പോവും എന്നതായിരുന്നു. ഏതൊക്കെ തെറ്റാണ് തിരിച്ചറിഞ്ഞത്, അവയിൽ ഏതൊക്കെയാണ് പാർട്ടി തിരുത്താൻ സന്നദ്ധമാകുന്നത്? ഈ ചോദ്യം വിശാല സംസ്ഥാന കമ്മിറ്റി അവസാനിക്കുമ്പോഴും ബാക്കിയാവുകയാണ്. അധികാരകേന്ദ്രീകരണം എന്ന വാക്ക് വലതുപക്ഷ വ്യതിയാനത്തിന്റെ ഒന്നാന്തരം സൂചനയായി പാർട്ടിയുടെ നെഞ്ചത്തേക്ക് വന്നെങ്കിലും അതിന്റെ അമ്പുവന്നു കൊണ്ടത് സാക്ഷാൽ പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന് നേരെ.
മറ്റൊന്ന് വ്യക്തിപൂജയായിരുന്നു. സഖാവ് കൃഷ്ണപിള്ളയെയും എ.കെ.ജിയെയും ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടിനെയും പൂജിച്ച കാലമല്ല. അത്തരം പൂജ അർഹിക്കുന്ന നേതാക്കളെ പ്രതീക്ഷിക്കുന്ന ഒരു തലമുറയും ഇപ്പോൾ ഇവിടെയില്ല. മതേതര പ്രതിച്ഛായയ്ക്ക് പരിക്കേറ്റത് അധികമാരും ശ്രദ്ധിച്ചില്ല. ന്യൂനപക്ഷ വിഭാഗങ്ങളുടെ അകൽച്ച പലപ്പോഴും നിസാരമായി കണ്ടു. ഇതിനെല്ലാം ഉപരി ജനങ്ങളിൽ നിന്നുള്ള അകൽച്ചയാണ് പാർട്ടി ഭേദമന്യേ ഏറെ ചർച്ചയായത്. അതിനും മുഖ്യ കാരണക്കാരനായി പാർട്ടിയുടെ മുഖ്യമന്ത്രി മാറി.
'കടക്ക് പുറത്ത് ' എന്ന പ്രയോഗം വ്യാപകമായി ശത്രുക്കളാൽ ദുരുപയോഗം ചെയ്യപ്പെട്ടു. പിണറായി വിജയന്റെ ശരീര ഭാഷ മാധ്യമങ്ങൾക്ക് വിരുന്നായി. മകളും മരുമകനും ഉൾപ്പെട്ട മാസപ്പടി വിവാദവും അതിന്റെ അലയോലികളും ഒരു കുടുംബത്തെ മാത്രമല്ല, ഒരു പ്രസ്ഥാനത്തെ തന്നെ പിടിച്ചുലയ്ക്കുന്ന സംഭവമായി മാറി. എല്ലാത്തിനും മറുപടി ആര് നൽകും?
പാർട്ടി നൽകണം. എന്താണ് പാർട്ടി? അത് പിണറായി തന്നെ!
അപ്പോൾ ഇടതുപക്ഷ ഭരണകൂടത്തിന് ആശയപരമായ വ്യതിയാനം സംഭവിച്ചോ എന്ന ചോദ്യത്തിന് എന്ത് പ്രസക്തി?
എന്നാൽ, എല്ലാറ്റിനും പരിഹാരം രൂപപ്പെടുത്താൻ സ്വാഭാവികമായും ഈ സംഘടനാ വ്യായാമംകൊണ്ട് സാധിച്ചിട്ടില്ല. പാർട്ടി നേതൃത്വവും സാധാരണ പ്രവർത്തകരും തമ്മിൽ രൂപപ്പെട്ടിരിക്കുന്ന വിടവ് നികത്തുന്നതിനാണ് പാർട്ടി ശ്രമിക്കുന്നത്. പരസ്പരവിശ്വാസം പാർട്ടിയിൽ ശക്തമായാൽ ജനങ്ങളുമായുള്ള ബന്ധം പുനസ്ഥാപിക്കാനാകുമെന്ന് നേതൃത്വം കരുതുന്നു.
പിണറായി വിജയന്റെ പാർലമെന്ററി നേതൃത്വത്തിലും എം.വി.ഗോവിന്ദന്റെ സംഘടനനേതൃത്വത്തിലും കാര്യങ്ങൾ ഭദ്രമാണെന്ന വിലയിരുത്തൽ കേന്ദ്രനേതൃത്വത്തിലെ എല്ലാവർക്കും ഇല്ല. തിരുത്തലിനും മാറ്റങ്ങൾക്കും അവരെയും വിധേയരാക്കാമെന്ന പ്രതീക്ഷ നേതാക്കൾ പങ്കുവയ്ക്കുന്നുണ്ടെങ്കിലും എത്രകണ്ടെന്നു സംശയമുണ്ട്. വിമർശനങ്ങൾ ഉൾക്കൊണ്ടു പ്രവർത്തനശൈലിയിൽ മാറ്റത്തിനു ഗോവിന്ദൻ ശ്രമിക്കുന്നു. പക്ഷേ, തളിപ്പറമ്പിൽ പി.കെ.ശ്യാമളയെ മത്സരിപ്പിച്ചതും അവിടെ തോൽവിയും അവനെ പിന്തുടരുന്നു. നേതൃത്വത്തിൽ ഇരുവരും തുടരുമെങ്കിലും പഴയതുപോലെ പാർട്ടിയുടെ ആകെ പിന്തുണ ഉറപ്പക്കേണ്ടത് ഇരുവരുംതന്നെയാണെന്നാണ് കേന്ദ്രനേതാക്കൾ കരുതുന്നത്.
അതിനിടെ, സംസ്ഥാന സെക്രട്ടേറിയറ്റിൽ രൂപപ്പെട്ടുവരുന്ന ചേരിതിരിവുകളിൽ കേന്ദ്രനേതൃത്വം സംശയദൃഷ്ടിയിലൂടെ നോക്കിക്കാണുകയാണ്.
സെക്രട്ടേറിയറ്റ് പുനസംഘടിപ്പിക്കണമെന്ന വാദം ചർച്ചകളിലുണ്ട്. സമിതിയുടെ തുടർനടപടികൾ പിബി ആലോചിക്കുന്ന ഘട്ടത്തിൽ അത്തരം കാര്യങ്ങൾ വരും. പാർട്ടിയുടെ അനൗദ്യോഗിക വക്താക്കളായി അതിനു ശോഭിക്കാൻ കഴിയുന്നവരെ നിയോഗിക്കുന്നത് ആലോചനയിലുണ്ട്. വലിയ തിരിച്ചടിയുണ്ടായ ജില്ലകളിലെ കണക്കിനെക്കുറിച്ച് ഉയർന്നിരിക്കുന്ന വിമർശനങ്ങൾ ചില അഴിച്ചുപണികൾ ആലോചിക്കുന്നുണ്ട്. പാർട്ടി അനുബന്ധ സംഘടനകളിലും മാറ്റങ്ങളും.
ഏതായാലും, കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ യാതൊരു പരിക്കമില്ലാതെ അടുത്ത സംസ്ഥാന സമ്മേളനം വരെ തുടരുമെന്ന് ഉറപ്പായി. പേരെടുത്ത് പിണറായിയെ വിമർശിക്കാനും ആരും ധൈര്യം കാട്ടിയില്ല. പരോക്ഷമായി എം.എ. ബേബിയുടെ ചില പരാമർശങ്ങൾ. ഒരു കൊതിക്കെറിവു പോലെ പുറമേ പറഞ്ഞുനടക്കുന്ന തോമസ് ഐസക്കുമാരുടെ ജല്പനങ്ങൾ. ഇതൊന്നുമല്ല സി.പി.എമ്മിനെ സ്‌നേഹിക്കുന്ന സാധാരണക്കാർ പ്രതീക്ഷിക്കുന്നത്.
സംസ്ഥാന സെക്രട്ടേറിയറ്റിൽ രൂപപ്പെട്ടുവരുന്ന ചേരിതിരിവുകളിൽ കേന്ദ്രനേതൃത്വത്തിന് ഉത്കണ്ഠയുണ്ട്. അടുത്ത നിര കടന്നുവരേണ്ട സമയമായെന്നു കരുതുന്നവരുണ്ട്. സെക്രട്ടേറിയറ്റ് പുനസംഘടിപ്പിക്കണമെന്ന വാദം. തുടർനടപടികൾ പിബി ആലോചിക്കുന്ന ഘട്ടത്തിൽ അത്തരം കാര്യങ്ങൾ ആലോചിച്ചു വരാം. പാർട്ടിയുടെ അനൗദ്യോഗിക വക്താക്കളായി അതിനു ശോഭിക്കാൻ കഴിയുന്നവരെ നിയോഗിക്കുന്നത് ആലോചനയിലുണ്ട്. വലിയ തിരിച്ചടിയുണ്ടായ ജില്ലകളിലെ കണക്കിനെക്കുറിച്ച് ഉയർന്നിരിക്കുന്ന വിമർശനങ്ങൾ ചില അഴിച്ചുപണികൾ ആലോചിക്കുന്നുണ്ട്. പാർട്ടി അനുബന്ധ സംഘടനകളിലും മാറ്റങ്ങളും.
സമ്മേളന വേദിയിൽ ഉയർത്തിയ രക്ത പതാകയിൽ നിന്ന് അഴിമതിയുടെ റെഡ് ബുക്ക് പിണറായി വിജയന്റെയും മരുമകന്റെയും കയ്യിലേയ്ക്ക് വീഴുന്ന കാർട്ടൂൺ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. അത് പതാകയോടുള്ള അവഹേളനം മാത്രമല്ല, പ്രസ്ഥാനത്തോടുള്ള അവമതിപ്പ് കൂടിയാണെന്ന് വിമർശനം ഉണ്ടായി. എതിർ വാർത്തകൾ എഴുതിയ ഒരു മാധ്യമപ്രവർത്തകൻ മരിച്ചപ്പോഴും അയാളുടെ ചിത്രത്തിന് ചുവട്ടിൽ വലിയ സൈബർ ആക്രമണം ഉണ്ടായി. ആശയ പൊരുത്തം ഇല്ലാത്തവരെ ആക്രമിച്ചു കീഴ്‌പ്പെടുത്തുക എന്ന മനുഷ്യസഹജമായ ബലഹീനതകളായി അവയെ തള്ളിക്കളയാം. എന്നാൽ ജീവിച്ചിരിക്കുന്ന എതിരാളികൾക്ക് ചരമക്കുറിപ്പും അന്ത്യാഞ്ജലിയും അർപ്പിക്കുന്നിടത്തോളം മലയാളി സമൂഹം 'വളർന്നെങ്കിൽ' അതിന് ചികിത്സ ആവശ്യമാണ്.
പ്രിജിത്ത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
