വാർധക്യത്തിൽ ഒറ്റപ്പെടലും പരിചരണക്കുറവും അനുഭവിക്കുന്നവരുടെ തോത് കുതിച്ചുയരുന്ന കാലത്തിലാണ് കേരളം ജീവിക്കുന്നത്. ഈ സാമൂഹിക യാഥാർത്ഥ്യത്തിന് ശാശ്വതവും സർഗാത്മകവുമായ പരിഹാരം കണ്ടെത്താനുള്ള വി.ഡി സതീശൻ സർക്കാരിന്റെ പ്രതിബദ്ധത സാമൂഹിക ശാസ്ത്രജ്ഞരുടെ അഭിന്ദനം പിടിച്ചുപറ്റുന്നുണ്ട്. രാജ്യത്ത് ആദ്യമായി വയോജന ക്ഷേമകാര്യങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കപ്പെട്ടതും ബജറ്റിൽ പ്രത്യേകം തുക അനുവദിച്ചതും കൂടാതെ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ വയോജനക്ഷേമ വകുപ്പ് ഉത്തരവിറക്കി.
കേരള സംസ്ഥാന വയോജന (പരിചരണവും അവകാശ സംരക്ഷണവും) ബില്ലിന്റെ നടപടി വേഗം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. വയോജന പരിചരണം, ക്ഷേമം, അവകാശ സംരക്ഷണം എന്നിവ ഉറപ്പാക്കുന്ന വയോജന സൗഹൃദ സമഗ്ര സംവിധാനം രൂപപ്പെടുത്തുകയാണ് ലക്ഷ്യം. പരിചരണ കേന്ദ്രങ്ങൾ, അനുബന്ധ സൗകര്യങ്ങൾ, പകൽവീട്, ഹോം കെയർ ഏജൻസി തുടങ്ങിയ സേവനങ്ങൾക്ക് നിലവാരവും ഉത്തരവാദിത്വവും നിയമ വിധേയമാക്കും. പരിണത പ്രജ്ഞനായ മുൻ മന്ത്രി പി.ജെ. ജോസഫിന് പുതുതായി രൂപീകരിക്കുന്ന വയോജന കമ്മീഷന്റെ ചെയർമാൻ സ്ഥാനം കാബിനറ്റ് പദവിയോടെ നൽകണമെന്ന കേരള കോൺഗ്രസിന്റെ ആവശ്യം യു.ഡി.എഫ് വൈകാതെ അംഗീകരിക്കുമെന്നാണറിയുന്നത്.
വയോജന കമ്മീഷൻ യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്ത് ഈ രംഗത്ത് കൂടുതൽ രചനാത്മക നടപടികൾക്കു വഴിയൊരുങ്ങുമെന്ന് സാമൂഹിക നിരീക്ഷകർ കരുതുന്നു. വയോജനക്ഷേമ വകുപ്പിന് പ്രത്യേകം മന്ത്രിയെന്നത് ദീർഘകാല ആവശ്യമാണെങ്കിലും നിലവിൽ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ കൂടെത്തന്നെയാണിത്. മുതിർന്ന പൗരന്മാരുടെ പ്രശ്‌നങ്ങൾ ഗൗരവപൂർവം പഠിക്കുകയും പരിഹാര നടപടികൾ സ്വീകരിക്കുകയും പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുകയും വേണമെങ്കിൽ പ്രത്യേകം മന്ത്രി തന്നെ ഉണ്ടാവണമെന്ന നിർദ്ദേശവും ഉയരുന്നുണ്ട്. സ്‌കാൻഡിനേവിയൻ രാജ്യങ്ങളിൽ മുതിർന്നവരുടെ പരിചരണം സർക്കാരിന്റെ ഉത്തരവാദിത്തമാണ്. സാവധാനമെങ്കിലും കേരളവും ഇതേ മാതൃകയിലേക്കു വരുമെന്ന പ്രതീക്ഷയുയരുന്നുണ്ട്.
കാലവും തലമുറയും പുതിയതായിരിക്കേ സ്വാഭാവികമായും പുതിയ തലമുറയുടെ ശബ്ദത്തിന് ലോകം കതോർക്കും. ഈ തലമുറയ്ക്ക് ജന്മം നല്കിയ തലമുറയെ 'സീനിയർ സിറ്റിസൺസ്' എന്ന് ബഹുമാന സൂചകമായി വിളിക്കുമ്പോഴും 'പഴഞ്ചന്മാർ' എന്നതാണ് പൊതുമനോഭാവമെന്ന യാഥാർത്ഥ്യവുമുണ്ട്. അവരുടെ ദുർബലവും ദീനവുമായ ശബ്ദത്തിന് അധികമാരും കതോർക്കുകയില്ലെന്നു മാത്രമല്ല, പരിഗണനയും ആ വിധമാകും. അറുപത് വയസ് പിന്നിട്ടവരുടെ ജനസംഖ്യാ ശരാശരി രാജ്യത്ത് 13 ശതമാനമായിരിക്കേ, കേരളത്തിൽ അത് 21 ശതമാനമാണ്. അതാകട്ടെ, നിലവിൽ രാജ്യത്തെ ഉയർന്ന ശരാശരിയുമാണ്. പത്തുവർഷംകൊണ്ട് സംസ്ഥാനത്തെ മുതിർന്ന പൗരന്മാരുടെ ജനസംഖ്യാ ശരാശരിയിൽ ഒരു ശതമാനം വർദ്ധനവ് പ്രതീക്ഷിക്കുന്നു. ഉയർന്ന ആയുർദൈർഘ്യവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുമൊക്കെ ഇതിന് കാരണമായി പറയാമെങ്കിലും, മുതിർന്ന പൗരന്മാർക്കുള്ള ക്ഷേമകാര്യങ്ങളുടെയും പരിഗണനയുടെയും കാര്യം വരുമ്പോൾ സ്ഥിതി വ്യത്യസ്തമാകും.
സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാനുള്ള തീരുമാനം ഉചിതവും അഭിനന്ദിക്കപ്പെടേണ്ടതുമാണ്. ഉത്തരവ് നടപ്പിലാകുമ്പോൾ മുതിർന്ന പൗരന്മാർക്ക് സർക്കാർ ഓഫീസുകളിലേക്ക് പടിക്കെട്ടുകൾ ചവിട്ടാതെ തന്നെ പ്രവേശനത്തിന് സൗകര്യമുണ്ടാകും. താഴത്തെ നിലയിൽ ശൗചാലയം, കൗണ്ടറുകളിൽ മുൻഗണനാ ക്യൂ എന്നിവയുണ്ടാകും. അതിനേക്കാൾ പ്രധാനമാണ് മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾക്കായി പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥരുണ്ടാകുകയെന്നത്. മക്കളും ചെറുമക്കളുമൊക്കെ വിദേശത്തോ ദൂരദിക്കുകളിലോ ആയിരിക്കേ, വീടുമായും പുരയിടവുമായും മറ്റും ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് സർക്കാർ ഓഫീസുകളിൽ എത്തുന്നത് അച്ഛനോ അമ്മയോ അപ്പൂപ്പനോ അമ്മൂമ്മയോ ഒക്കെയാവും. അവരുടെ അപേക്ഷകൾക്കും ആവശ്യങ്ങൾക്കും മുൻഗണനയും മുന്തിയ പരിഗണനയും ലഭിക്കുന്നുവെന്ന് ഉറപ്പാക്കൽ ഏറ്റവും പ്രധാനം തന്നെ.
വയോജനങ്ങൾ പടി ചവിട്ടാതെയും, കാത്തുനിൽക്കാതെയും വേഗത്തിൽ സമർപ്പിക്കപ്പെട്ട അപേക്ഷയിലെ ആവശ്യം അതേ വേഗതയിൽ പരിഹരിക്കപ്പെടുമ്പോഴാണ് വയോജനക്ഷേമം പൂർണവും അർത്ഥവത്തുമാവുക. അക്കാര്യം ഉറപ്പു വരുത്തുന്നതിനുള്ള സംവിധാനവും പ്രത്യേക നടപടിക്രമങ്ങളും ഫലപ്രദമാകണം.വയോജനങ്ങൾക്ക് ഏർപ്പെടുത്തുന്ന സൗകര്യങ്ങളുടെ മികവ് പരിഗണിച്ച് സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും പ്രത്യേകം സ്‌കോർ നല്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നിങ്ങനെ സർട്ടിഫിക്കേഷനും കിട്ടും. പ്രവേശനക്ഷമത, സേവനരീതി, ജീവനക്കാരുടെ പരിശീലനവും പെരുമാറ്റവും, വിവര വിനിമയം, പങ്കാളിത്തം എന്നിവയാണ് സ്‌കോറിനുള്ള പരിഗണനാ വിഷയങ്ങൾ. അതേസമയം, മുതിർന്ന പൗരന്മാരുടെ ആവശ്യത്തിന്മേലോ അപേക്ഷികളിന്മേലോ അതിവേഗം തീർപ്പുണ്ടാക്കി എന്നത് ഏതു ഗണത്തിൽ വരുമെന്ന സംശയവുമുയരുന്നു.
സർക്കാർ ഓഫീസുകളിൽ പ്രത്യേക സൗകര്യമൊരുക്കുക എന്നത് വയോജനക്ഷേമ വകുപ്പിനെ കാത്തിരിക്കുന്ന സേവന പ്രവർത്തനങ്ങളുടെ ചെറിയ തുടക്കം മാത്രമാണ്. മക്കളും ഉറ്റവരും അന്യദേശങ്ങളിലായതിനാൽ നാട്ടിൽ ഒറ്റയ്ക്കാകുന്ന മുതിർന്ന പൗരന്മാരുടെ പുനരധിവാസം, ആരോഗ്യക്ഷേമം, താമസസ്ഥലത്ത് സർക്കാർ സേവനങ്ങൾ എത്തിച്ചുനല്കൽ, വീടുകളിൽത്തന്നെ അവഗണനയും പീഡനവും നേരിടേണ്ടിവരുന്ന സംഭവങ്ങൾ, നിയമ സേവനം തുടങ്ങിയവയിലൊക്കെ വകുപ്പിന്റെ അതിവേഗ ഇടപെടലും നടപടികളും ഉണ്ടാകേണ്ടതാവശ്യം.
സ്‌കാൻഡിനേവിയൻ രാജ്യങ്ങളിൽ മുതിർന്നവരുടെ പരിചരണം സർക്കാരിന്റെ ഉത്തരവാദിത്തമാണെങ്കിലും, അതിനായുള്ള നയരൂപീകരണവും നടത്തിപ്പും പ്രദേശിക ഭരണകൂടങ്ങളാണ് (മുനിസിപ്പാലിറ്റികൾ) കൈകാര്യം ചെയ്യുന്നത്. അതേസമയം, അടിയന്തര ചികിത്സയും ആശുപത്രി സേവനങ്ങളും പ്രദേശിക ഭരണമേഖലയിലെ ഉന്നത അധികൃതരുടെ (റീജിയണൽ അതോറിറ്റികൾ) പരിധിയിൽ വരുന്നു. ഡെൻമാർക്കിൽ, പരമ്പരാഗത നഴ്‌സിംഗ് ഹോമുകൾക്ക് പകരം, ആവശ്യമായ പരിചരണത്തോടെ സ്വന്തം വീട്ടിൽ തന്നെ താമസിക്കുന്ന രീതിയാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. 1980കൾ മുതൽ തന്നെ സ്വീഡനും മുതിർന്ന പൗരന്മാരെ സ്വന്തം വീട്ടിൽ താമസിക്കാൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്. നെതർലാൻഡ്‌സിലും മുതിർന്നവർക്കുള്ള ഗൃഹാധിഷ്ഠിത പരിചരണത്തിനാണ് (ഹോം കെയർ) കൂടുതൽ പ്രാധാന്യം നൽകുന്നത്.
ഡെൻമാർക്കിൽ പ്രചാരത്തിലുള്ള ഒരു രീതിയാണ് 'റിയേബിൾമെന്റ്'. മുതിർന്ന പൗരന്മാരെ കഴിയുന്നത്ര കാലം സ്വതന്ത്രമായി ജീവിക്കാൻ സഹായിക്കുന്ന ഒരു സമീപനമാണിത്. അവരുടെ ജീവിതനിലവാരവും സ്വയംപര്യാപ്തതയും വീണ്ടെടുക്കുന്നതിനായി അവരുമായി സഹകരിച്ച് പ്രവർത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഉദാഹരണത്തിന്, ആശുപത്രി വാസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തുമ്പോൾ, കുറച്ചു കാലത്തേക്ക് അധിക സഹായവും പിന്തുണയും ലഭിക്കാൻ ഈ രീതി സഹായിക്കുന്നു. കുളിക്കുക, വസ്ത്രം ധരിക്കുക തുടങ്ങിയ ദൈനംദിന കാര്യങ്ങളിൽ മാത്രമല്ല, മറിച്ച് അവരുടെ സ്വന്തം കഴിവുകൾ മെച്ചപ്പെടുത്തുന്നതിലും ഈ സഹായം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിനുശേഷവും ആവശ്യമാണെങ്കിൽ മാത്രമേ തുടർന്ന് ഗൃഹാധിഷ്ഠിത പരിചരണം നൽകൂ. പ്രയോഗികമായി പറഞ്ഞാൽ, ഭക്ഷണം നേരിട്ട് എത്തിച്ചുനൽകുന്ന സേവനത്തേക്കാൾ, പാചകം ചെയ്യാനുള്ള പരിശീലനം നേടാനാണ് മുതിർന്ന പൗരന്മാരെ പ്രേരിപ്പിക്കുന്നത്.
'ടൈം ബാങ്ക്'
വയോജന സൗഹൃദത്തിന്റെ സ്‌കാൻഡിനേവിയൻ സ്വപ്‌നം കേരളത്തിലും പങ്കുവയ്ക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സാമൂഹികനീതി വകുപ്പ്. ഇതിനായി സന്നദ്ധസേവനത്തിന് മുൻഗണന നൽകി വകുപ്പ് ആവിഷ്‌കരിക്കുന്ന ഏറ്റവും പുതിയ ആശയമാണ് 'ടൈം ബാങ്ക്'. ലളിതമായി പറഞ്ഞാൽ, പണത്തിന് പകരം സേവന സമയം ബാങ്കിലെന്നപോലെ നിക്ഷേപിക്കുകയും ആവശ്യമുള്ളപ്പോൾ അത് തിരികെ ഉപയോഗിക്കുകയും ചെയ്യുന്ന രീതിയാണിത്.
'സമയം ഒരു സാമൂഹിക നിക്ഷേപം' എന്ന ആശയമാണ് ടൈം ബാങ്കിന്റെ അടിസ്ഥാനം. യുവാക്കൾ മുതിർന്ന പൗരന്മാർക്കായി നൽകുന്ന ഒരോ മണിക്കൂർ സേവനവും ടൈം ക്രെഡിറ്റായി ഡിജിറ്റലായി രേഖപ്പെടുത്തും. ഉദാഹരണത്തിന്, ഒരു യുവാവ് മുതിർന്ന വ്യക്തിയെ ആശുപത്രിയിലെത്തിക്കാൻ രണ്ടു മണിക്കൂർ ചെലവഴിച്ചാൽ ആ സമയം ടൈം ക്രെഡിറ്റായി അക്കൗണ്ടിൽ വരും. അതായത് ഇന്ന് നിങ്ങൾ മറ്റൊരാൾക്ക് നൽകുന്ന സമയം, നാളെ നിങ്ങൾക്ക് ആവശ്യമായി വരുമ്പോൾ ഒരു സമ്പാദ്യമായി തിരികെ ലഭിക്കുന്നു.
ആശുപത്രിയിൽ കൂട്ടുപോകുക, മരുന്നുകൾ വാങ്ങിക്കൊടുക്കുക, വീട്ടുചുമതലകളിൽ സഹായിക്കുക, അല്ലെങ്കിൽ വെറുതെ ഒപ്പമിരുന്ന് സംസാരിച്ച് മാനസികമായ പിന്തുണ നൽകുക എന്നിവയെല്ലാം സേവനത്തിൽ ഉൾപ്പെടാം. ഭാവിയിൽ, ഈ സേവനം ചെയ്ത വ്യക്തിക്ക് അല്ലെങ്കിൽ അവരുടെ കുടുംബത്തിന് ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമുള്ള ഘട്ടത്തിൽ, അല്ലെങ്കിൽ അവർ വാർധക്യത്തിലേക്ക് എത്തുമ്പോൾ ഈ ടൈം ക്രെഡിറ്റ് ഉപയോഗിച്ച് സൗജന്യമായി തിരികെ സേവനം ലഭ്യമാക്കാം.നൽകിയ സേവനത്തിന്റെ അടിസ്ഥാനത്തിൽ തിരികെ സേവനം ലഭിക്കുന്നതിന് സാമൂഹികനീതി വകുപ്പ് ഇടനിലക്കാരന്റെ റോളിൽ പ്രവർത്തിക്കും.
സ്‌കാൻഡിനേവിയൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ വിജയകരമായി നടപ്പിലാക്കിവരുന്നുണ്ടിത്്. എന്നാൽ അവിടുത്തെ സാമൂഹിക അന്തരീക്ഷമല്ല കേരളത്തിലുള്ളത്. അതിനാൽ വിദേശ മാതൃക അതുപോലെ പകർത്തുന്നതിന് പകരം കേരളത്തിന്റെ തനിമയ്ക്കും സാമൂഹികസാമ്പത്തിക സാഹചര്യങ്ങൾക്കും അനുയോജ്യമായ രീതിയിൽ ഈ പദ്ധതി രൂപപ്പെടുത്താനാണ് സർക്കാരിന്റെ നീക്കം. 'തലമുറകൾ തമ്മിലുള്ള അകലം കുറയ്ക്കുക (ഇന്റഗ്രേഷണൽ ബ്രിഡ്ജിംഗ്) എന്ന പ്രധാന ലക്ഷ്യത്തോടെയാണ് ഈ ആശയം വയോജന വകുപ്പ് ആവിഷ്‌കരിക്കുന്നത്.
ജനറേഷൻ ടുഗെതർ യൂത്ത് ആൻഡ് ഇന്റർ ജനറേഷനൽ പാർട്ണർഷിപ്പ് പ്രോഗ്രാമി'ന്റെ ഭാഗമായാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പദ്ധതിയുടെ പ്രയോഗികതയെക്കുറിച്ചും നിർവ്വഹണ രീതിയെക്കുറിച്ചും ശാസ്ത്രീയമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രമുഖ അക്കാദമിക് ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും താൽപര്യ പത്രം ക്ഷണിച്ചുകഴിഞ്ഞു. ടാറ്റാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യൽ സയൻസസ് പോലുള്ളവ ഇതിൽ താത്പര്യം കാണിച്ചിരുന്നു. സ്‌കാൻഡിനേവിയൻ മാതൃകയിൽ വാർധക്യകാലത്ത് മാത്രം സേവനം തിരികെ ലഭിക്കുന്ന രീതിക്ക് പുറമെ, യുവാക്കൾക്ക് തൽക്കാലം പ്രയോജനപ്പെടുന്ന ഇൻസെന്റീവുകളും ഇതിൽ ഉൾപ്പെടുത്താൻ പരിഗണിക്കുന്നുണ്ട്.
കേളേജ്, സ്‌കൂൾ വിദ്യാർത്ഥികൾ വയോജന പരിചരണത്തിനായി ചെലവഴിക്കുന്ന സമയം അവരുടെ ഗ്രേസ് മാർക്ക് സിസ്റ്റത്തിലോ കേളേജ് ഗ്രേഡിംഗ് സിസ്റ്റത്തിലോ ഉൾപ്പെടുത്താൻ സാധിക്കുമോ എന്ന് പരിശോധിക്കുന്നുണ്ട്. എൻ.എസ്.എസ്, എൻ.സി.സി, സകൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, കുടുംബശ്രീ, യുവജന ക്ലബ്ബുകൾ, റെസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവയുടെ പങ്കാളിത്തവും പദ്ധതിയിൽ ഉപയോഗപ്പെടുത്തിയേക്കും. മുതിർന്ന പൗരന്മാരുടെ സാമൂഹിക ഒറ്റപ്പെടൽ കുറയ്ക്കാനും തലമുറകൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും പദ്ധതി വഴി സാധിക്കുമെന്നാണ് സാമൂഹികനീതി വകുപ്പ് പ്രതീക്ഷിക്കുന്നത്.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
