കോഴിക്കോട്ട് നടന്ന സി.പി.എം.ന്റെ വിശാല സമ്മേളനത്തിൽ മൂന്നു ദിവസമായി ഉഴിച്ചിലും പിഴിച്ചിലും ധാരകോരലും അരങ്ങേറി. പിണറായിയുടെ പവർ 'കട്ട്' ചെയ്യാൻ ഒരുമ്പിട്ടിറങ്ങിയ തോമസ് ഐസക്കിനും ടി.പി.രാമകൃഷ്ണനും 'തല' പോയ അവസ്ഥയിലാണ്. ടി.പി.യെ ഇടതുമുന്നണി കൺവീനർ സ്ഥാനത്തു നിന്നും സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നും മാറ്റി നിർത്തിയത്.
ടി.പി.ക്ക് 76 വയസ്സായെന്ന ന്യായത്തിലായിരിക്കാം. എന്നാൽ 73 വയസ്സുള്ള തോമസ് ഐസക്കിന്റെ കാര്യം അങ്ങനെയല്ല. ജനങ്ങൾ നൽകിയ പാർട്ടിക്കുള്ള ഷോക്ക് ട്രീറ്റ്‌മെന്റ് അംഗീകരിച്ച് നേതാക്കൾ തിരുത്താൻ തയ്യാറാകണമെന്ന് തോമസ് ഐസക്ക് പൊതുവേദിയിൽ തുറന്നടിച്ചത് പിണറായിയെയും ഗോവിന്ദനെയും ലക്ഷ്യമിട്ടായിരുന്നു. അത് തിരിച്ചറിഞ്ഞ പിണറായി പക്ഷം ഐസക്കിനെതിരെ കരുനീക്കി. തിരുത്താൻ വിളിച്ചു കൂട്ടിയ വിശാല സമ്മേളനം, പിണറായിയെ പരുക്കേൽക്കാതെ പൊതിഞ്ഞു പിടിച്ചതും ഇ.ഡി.ക്കെതിരെ പ്രമേയം പാസാക്കിയതും ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവർക്ക് നല്ല വാർത്തയല്ല.
സമ്മേളനത്തിൽ എല്ലാം പിഴിഞ്ഞെടുത്തിട്ടും മുറുമുറുപ്പ്...
കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി യു.ഡി.എഫ്. സർക്കാരിന്റെ കെട്ടുകാര്യസ്ഥതയായി സോഷ്യൽ മീഡിയയിൽ പ്രചരണം കൊഴുപ്പിക്കുന്നുണ്ട് സൈബർ സഖാക്കൾ. എന്നാൽ, കെ.എസ്.ഇ.ബി.യിലെ ചില യൂണിയൻ സഖാക്കൾ ഒരുക്കിവച്ച കെണിയിൽ യു.ഡി.എഫ്. ഭരണകൂടം വീണുപോയെന്നേ പറയാനാവൂ. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 75 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഇടതുസർക്കാരിന്റെ കാലത്ത് കൂടുതലായി ഉൽപ്പാദിപ്പിച്ചിട്ടുള്ളൂ. മാത്രമല്ല, ഇടുക്കി ഡാമിലെ വെള്ളം മുഴുവൻ ഊറ്റി കറന്റുണ്ടാക്കി 'നക്കാ പിച്ച' വിലയ്ക്ക് വിറ്റു തുലച്ചത് ഇടതു സർക്കാരായിരുന്നു. മാത്രമല്ല, വൈദ്യുതി ലഭ്യമാക്കാനുള്ള ദീർഘകാല കരാറുകളെല്ലാം റദ്ദാക്കി സ്വകാര്യ ഏജൻസികളിൽ നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി 'പുട്ടടി'ച്ചവരാരെല്ലാമെന്ന് അന്വേഷിച്ചാൽ ഇപ്പോൾ ഈ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നവരുടെ കളി പുറത്താകും.
ബോർഡിലെ ഇടതു ഓഫീസേഴ്‌സ് അസോസിയേഷനിലെ ചില നേതാക്കളുടെ സ്വത്ത് വിവരം പോലും അന്വേഷിച്ച് ജനത്തെ കൊള്ളയടിക്കാൻ കൂട്ടു നിന്നവരെ കണ്ടെത്താൻ വൈദ്യുതി മന്ത്രി സണ്ണി വക്കീൽ മടി കാണിക്കരുത്. ഒരു കാര്യം തീർച്ചയാണ്. ഇത്രയേറെ ഗുരുതരമായ പ്രതിസന്ധിയുണ്ടാകാമെന്ന സൂചനപോലും മഴ മാറിനിൽക്കുന്നതുവരെ മന്ത്രിയെ ധരിപ്പിക്കുന്നതിൽ ബോർഡ് ചെയർമാൻ രാജമാണിക്യവും കൂട്ടരും വീഴ്ച വരുത്തിയോ?
രാജമാണിക്യത്തെ പൂർണ്ണമായും കുറ്റം പറയാനാവാത്ത മൂന്നിലധികം വകുപ്പുകളുടെ ചുമതല അദ്ദേഹം നേക്കേണ്ടതുണ്ട്. ഇതിനിടെ ദീർഘകാല കരാർ 2023ൽ റദ്ദാക്കിയതിന് 12750 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് സ്വകാര്യ വൈദ്യുതി വിതരണ കമ്പനികൾക്കെതിരെ സുപ്രീം കോടതിയിലുള്ള കേരളത്തിന്റെ കേസ് വേഗത്തിലാക്കാൻ പഴയ സർക്കാർ താത്പര്യം കാണിച്ചിരുന്നില്ലെന്ന പരാതിയുണ്ട്.
ഇന്നലെ (ചൊവ്വ) കേസ് വേഗം കേൾക്കണമെന്ന് കേരളത്തിന്റെ അഭിഭാഷകൻ സുപ്രീംകോടതിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ കരാർ സംബന്ധിച്ച്, അന്ന് ബോർഡ് ചെയർമാനായിരുന്ന ഡോ.ബി.അശോക് ഒരു യൂട്യൂബ് ചാനലിനു നൽകിയ 1 മണിക്കൂറും 17 മിനിറ്റും നീണ്ട അഭിമുഖം എന്താണ് നിലവിലെ വൈദ്യുതി പ്രതിസന്ധിയുടെ കാരണമെന്ന് വ്യക്തമാക്കുന്നുണ്ട്.
വൈദ്യുതി കച്ചവടമെന്ന 'കച്ച കപടം'!
കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാവുന്ന ജലവൈദ്യതി പദ്ധതികളോ ആണവനിലയ പദ്ധതികളോ കഴിഞ്ഞ 10 വർഷം നടപ്പാക്കാൻ ഇടതുഭരണം ശ്രമിച്ചിട്ടില്ല. കഴിഞ്ഞ 3 വർഷം കൊണ്ട് 5000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കർണാടകത്തിനു വരെ കഴിഞ്ഞു. റിന്യുവബിൾ എനർജി ഉൽപ്പാദന പദ്ധതികളോട് ബോർഡിലെ പല ഉന്നതർക്കും കടുത്ത എതിർപ്പാണ്. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി, ആ ഭീമമായ നഷ്ടം ജനത്തിനു മുകളിൽ കെട്ടിവയ്ക്കാനാണ് ബോർഡിലെ ചില ഏമാന്മാർക്ക് താൽപ്പര്യമത്രെ. കമ്മീഷന്റെ പങ്ക് പറ്റാൻ ഭരണകക്ഷിയിലെ ചിലരും കൂട്ടിനുണ്ടാകും.
ദിവസേന മൂന്നുവട്ടമെല്ലാം പവർകട്ട് വേണ്ട സാഹചര്യം മുൻകൂട്ടി കണ്ട് വൈദ്യുതി ലഭ്യമാക്കാൻ ഭരണമാറ്റത്തിനിടെ ആരും തയ്യാറായില്ല. ഇടതു യൂണിയനുകളും അക്കാര്യത്തിൽ തന്ത്രപൂർവം മൗനം പാലിക്കുകയാണുണ്ടായത്. ഇപ്പോൾ ഹിമാചൽ പ്രദേശിൽ നിന്ന് കേന്ദ്രത്തിലെ ഒരു കോൺഗ്രസ് നേതാവ് വൈദ്യുതി ഉറപ്പാക്കിയെന്ന് സോഷ്യൽ മീഡിയയിൽ കണ്ടു. മുഖ്യമന്ത്രിയുടെ ബുധനാഴ്ചത്തെ വാർത്താ സമ്മേളനത്തിൽ ഈ പ്രചരണത്തിന്റെ മുന തകർന്നു. രാത്രിയും പകലും ഒരേ നിരക്ക് വച്ചു മാത്രമേ വൈദ്യുതി നൽകാനാവൂ എന്നാണ് ഹിമാചൽ സർക്കാരിന്റെ വാദം. സർക്കാർ ഇപ്പോഴും അവരുമായി 'വിലപേശൽ' നടത്തിക്കൊണ്ടിരിക്കുകയാണ്.
ഇതിനിടെ 'പവർകട്ട്' ഒഴിവാക്കാൻ യൂണിറ്റിന് 35 രൂപ നിരക്കിൽ തമിഴ്‌നാട് സർക്കാർ വൈദ്യുതി വാങ്ങിക്കൊണ്ടിരിക്കുന്ന കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഏതായാലും സർക്കാർ 30 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ പോകുന്നുവെന്ന മാധ്യമ വാർത്തകൾ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. സൗരോർജ്ജ ഉൽപ്പാദനം സംബന്ധിച്ച നൂലാമാലകൾ സർക്കാർ അതിവേഗം മാറ്റുവാൻ ആലോചന തുടങ്ങിക്കഴിഞ്ഞു. കേരളത്തിന് യൂണിറ്റിന് 10 രൂപയ്ക്ക് മുകളിൽ വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ സർക്കാരിനെതിരെയുള്ള പ്രചരണങ്ങൾ വ്യാജമാണെന്നു പറയേണ്ടിവരും.
ജനാധിപത്യവും രാഷ്ട്രീയ പാർട്ടികളും
ഇന്നലെ (സെപ്തംബർ 15) അന്താരാഷ്ട്ര ജനാധിപത്യ ദിനമായിരുന്നു. മാതൃഭൂമി ദിനപത്രം മാത്രമാണ് ഈ ദിനത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ഒരു എഡിറ്റോറിയൽ എഴുതിയത്. 2007 ലാണ് ഈ ദിനാചരണം തുടങ്ങിയത്. ആ മുഖ പ്രസംഗത്തിൽ നീതിയുടെ ആ വാസസ്ഥാനമായിരിക്കേണ്ട രാഷ്ട്രീയ പാർട്ടികൾ എന്നൊരു പരാമർശമുണ്ട്. ജനാധിപത്യമെന്ന പദം ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ തങ്ങളുടെ നയപരിപാടികളോട് ഉൾച്ചേർത്ത് പറഞ്ഞിട്ടുള്ള സി.പി.എം.ന്റെ വിശാല സമ്മേളനം സമാപിച്ചതും ഈ ദിവസം തന്നെയായത് കൗതുകമുണർത്തുന്നു. കാരണം, ഉൾപ്പാർട്ടി ജനാധിപത്യം ആ പ്രസ്ഥാനത്തിൽ അവശേഷിക്കുന്നുണ്ടെന്ന് പറയാനാവാത്ത വിധം ജീർണ്ണാവസ്ഥയിലാണവർ.
സംസ്ഥാന സെക്രട്ടറിയേറ്റിലെ മൂന്നുപേരെ മാറ്റി നിർത്തിയത്, പാർട്ടിയിലെ ഏതോ ഏകാധിപതിയുടെ താൽപ്പര്യമനുസരിച്ചാണെന്ന വാദഗതികൾ യാഥാർത്ഥ്യത്തോട് അടുത്തുനിൽക്കുന്നു. എന്നാൽ മുൻമന്ത്രി റിയാസിനെതിരെയുള്ള ഇ.ഡി. നടപടികളിൽ സത്യമേയില്ലെന്നു സമ്മതിക്കാൻ പല സഖാക്കൾക്കും കഴിയുന്നില്ല. കോൺഗ്രസുമായി 'ഡീൽ' ഉണ്ടെന്നു പറയുന്നണ്ട്. ബി.ജെ.പി. ഇ.ഡി. പിണറായിയെ വേട്ടയാടുന്നുവെന്ന തോന്നൽ അണികൾക്ക് ക്യാപ്‌സൂളുകളായി നൽകിയതിന്റെ ഗുണം പ്രതിപക്ഷ നേതാവിനു ലഭിച്ചുവെന്നതാണ് നേര്.
ഇപ്പോൾ പാർട്ടി ക്ലാസുകൾക്ക് പ്രത്യേക മൊബൈൽ ആപ്പ് ഏർപ്പെടുത്താൻ സി.പി.എം. തീരുമാനിച്ചുവെങ്കിലും പുതിയ തലമുറയ്ക്ക് 'അരിവാളും ചുറ്റിക'യുമെന്ന ചിഹ്നം ഇപ്പോൾ പ്രീതികരമാകുമോയെന്ന ചിന്ത നല്ലതാണ്. മാത്രമല്ല, ദേശാഭിമാനി എന്ന പാർട്ടി പത്രത്തിന്റെ ഒന്നാം പേജിൽ വർഗീയതയ്‌ക്കെതിരെ സൂക്ഷ്മാണു പ്രതിരോധമെന്നൊരു തലവാചകമെഴുതിയ പത്രപ്രവർത്തകൻ തീർച്ചയായും ഗോവിന്ദൻമാഷ് എന്ന താത്വികാചാര്യനു പഠിക്കുകയാണെന്ന് പറയേണ്ടിവരും. പാർട്ടിപത്രം വായിക്കേണ്ടവന്റെ ഗതികേട് എന്നല്ലാതെ എന്തുപറയാൻ?
ട്രീകട്ടർ ടിവിയും റെയിഡും
മരം മുറി ചാനലിന്റെ ഓഫീസുകളിൽ പുലർച്ചെ 4 മണിക്ക് എസ്.ഐ.ടി. സംഘം നടത്തിയ റെയിഡിനെതിരെ പ്രതിപക്ഷ നേതാവിന്റെ പ്രതിഷേധം സോഷ്യൽ മീഡിയയിൽ കണ്ടു. ഈ നേതാവ് മുഖ്യമന്ത്രിയായിരിക്കെ പത്രസ്ഥാപനങ്ങൾക്കും പത്രപ്രവർത്തകർക്കും എതിരെ നടത്തിയ 'കടന്നാക്രമണങ്ങൾ' എല്ലാവരും മറന്നുപേയോ? 2017ൽ വനം വകുപ്പ് മന്ത്രി ശശീന്ദ്രനെ ഹണിട്രാപ്പിൽ പെടുത്തിയെന്ന് ആരോപിച്ചുകൊണ്ട് ആ ടെലിവിഷൻ സ്ഥാപനം റെയ്ഡ് ചെയ്തതും സി.ഇ.ഒ. അടക്കമുള്ളവരെ അറസ്റ്റ് ചെയ്തതും ഓർമ്മയില്ലേ?
2023ൽ ഏഷ്യാനെറ്റ് ന്യൂസിനും, ആ ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനുമെതിരെ പിണറായി സർക്കാർ നടത്തിയ ധിക്കാര നടപടികളും നമ്മുടെ ഓർമ്മയിൽ നിന്നും മാഞ്ഞിട്ടില്ല. എന്തിന് മറുനാടൻ ചാനലിന്റെ ഓഫീസിൽ കയറി ലാപ്‌ടോപ്പും മൊബൈൽ ഫോണുകളും പിടിച്ചെടുത്തത് ഇടതു സർക്കരായിരുന്നില്ലേ? നവകേരളയാത്രയ്ക്ക് മദ്ധ്യേ ഉണ്ടായ ആക്രമണത്തിന് 24 ചാനലിലെ പത്രപ്രവർത്തകനെതിരെ തിരിഞ്ഞതും, എസ്.എഫ്.ഐ. നേതാവിന്റെ മാർക്ക് ലിസ്റ്റ് വിവാദത്തിനെതിരെ വാർത്ത നൽകിയ ഏഷ്യാനെറ്റ് ന്യൂസിലെ അഖില നന്ദകുമാറിനെതിരെ കേസെടുത്തതും പത്ര സ്വാതന്ത്ര്യം ഹനിക്കൽ തന്നെയായിരുന്നില്ലേ? ഇപ്പോൾ പൊലീസ് ഫയൽ ചെയ്ത എഫ്.ഐ.ആറിന്റെയും കോടതി ഉത്തരവിന്റെയും ബലത്തിലാണ് റിപ്പോർട്ടർ ചാനലിന്റെ ഓഫീസ് റെയ്ഡ് ചെയ്തതെന്ന കാര്യം പ്രതിഷേധിക്കുന്നവർ മറന്നുപോകരുത്.
പാർവതിയെന്ന സൂപ്പർസ്റ്റാർ
അഭിനയത്തിന്റെ കാര്യത്തിൽ പാർവതി തിരുവോത്ത് ഒരു അദ്ഭുതമാണ്. 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' എന്ന സിനിമയിൽ പാർവതിയെ നായികയായി അവതരിപ്പിക്കാൻ വേണ്ടി ഒമ്പതുമാസം കാത്തിരുന്നതായി ആ സിനിമയുടെ സംവിധായകൻ ഷഹദ് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു കേട്ടു. സിനിമയ്ക്കുള്ളിലെ സിനിമ പോലെ പൊലീസ് വകുപ്പിനുള്ളിലെ ചില കറുത്ത ഏടുകൾ ഇപ്പോൾ വല്ലപ്പോഴും ഒരു സിനിമയായി തിയറ്ററുകളിലെത്തുന്നുണ്ട്.
ദിലീഷ് പോത്തൻ നായകനായ 'റോന്ത്' ഈ ഗണത്തിൽ പെട്ട നല്ല സിനിമയാണ്. ഇപ്പോൾ ഒ.ടി.ടി.യി.ൽ കാണാൻ കഴിയുന്ന ഈ ചിത്രം തിയറ്ററിൽ വൻവിജയം നേടാതെ പോയി. നല്ല സിനിമകൾ തെരഞ്ഞു പിടിച്ച് കണ്ട് പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷകരുടെ ഒരു പുതിയ നിര രൂപപ്പെടുമെന്നാണ് പ്രതീക്ഷ. അങ്ങനെ സംഭവിക്കട്ടെ. നമുക്ക് കാത്തിരിക്കാം.
ആന്റണിചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
