പുഴയും പ്രകൃതിയും മനുഷ്യനും: വിവേകമില്ലാത്ത നയങ്ങളും ആവർത്തിക്കുന്ന ദുരന്തങ്ങളും

AUGUST 5, 2026, 1:56 PM

ഒരോ പുഴയും കാടും ഒരു നാടിന്റെ ജീവനാഡിയാണ്. നമ്മുടെ പ്രകൃതിയിൽ ജീവനും ജീവിതവും പകർന്നുനൽകി ഒഴുകുന്ന നദികൾ വെറും ജലാശയങ്ങൾ മാത്രമല്ല; അവ മനുഷ്യന്റെയും പ്രകൃതിയുടെയും നിലനിൽപ്പിന്റെ കാവലാളുകൾ കൂടിയാണ്.

എന്റെ വീട് നിൽക്കുന്നത് ഒരു പുഴയുടെ തീരത്താണ്. പണ്ടൊക്കെ വേനൽ അടുത്തുതുടങ്ങുമ്പോൾ ആ പുഴയോരം ജീവസ്സുറ്റ ഒരു ഗ്രാമീണ ജീവിതത്തിന്റെ കേന്ദ്രമായിരുന്നു. മണൽ വാരുന്നവർ, പുഴയിൽ നിന്ന് പൊന്നരിക്കുന്നവർ, മീൻപിടിത്തക്കാർ, ആടുമാടുകളെ തീറ്റാൻ കൊണ്ടുപോകുന്നവർ, കുളിക്കുവാനും സൈഗത തട്ടുകളിൽ അൽപനേരം കാറ്റുകൊള്ളാനും വരുന്നവർ, ജീവിതത്തിന്റെ വേദനകളും പ്രയാസങ്ങളും പങ്കുവെക്കുന്നവർ...

അങ്ങനെ പുഴയുടെ തീരങ്ങൾ പകർന്നു നൽകിയ ശാന്തസുന്ദരമായ മനോഹാരിതയും വെള്ളത്തിന്റെ ഓളങ്ങളും മനുഷ്യമനസ്സുകൾക്ക് നൽകിയ വർണ്ണാഭമായ ഭാവനകളും ഒത്തുചേരുന്ന ഒരു വലിയ സ്വർഗ്ഗീയ തീരമായിരുന്നു അത്. ആ പുഴയുടെ അവർണ്ണനീയമായ സാധ്യതകളെ നുകർന്നുകൊണ്ട് ജീവിതം മെച്ചപ്പെടുത്തിയ ഒരു വലിയ പറ്റം ജനങ്ങളെ അന്ന് കാണാൻ സാധിച്ചിരുന്നു.

vachakam
vachakam
vachakam

എന്നാൽ ഇന്ന് ഈ അന്തരീക്ഷത്തിന് സാരമായ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. പുഴയോരങ്ങൾ മലിനമായിരിക്കുന്നു; ഒരോരുത്തരായി വകഞ്ഞു മാറ്റി സ്വന്തമാക്കി തീർത്തിരിക്കുന്നു. പുഴ തന്നെ അതിന്റെ ഭാവവും രൂപവും മാറ്റിയിരിക്കുന്നു. മുങ്ങി കുളിച്ചിരുന്ന വെള്ളക്കുഴികളെല്ലാം ഇന്ന് മണൽ കൊണ്ട് മൂടിയിരിക്കുന്നു. പണ്ട് മൂന്നും നാലും ആൾ താഴ്ചയുണ്ടായിരുന്ന കയങ്ങളും കിടങ്ങുകളും ഇന്ന് നടന്നു കയറാവുന്ന രീതിയിൽ മണ്ണടിഞ്ഞു നികന്നിരിക്കുന്നു. പുഴയും കരയും ഒന്നായി മാറിയിരിക്കുന്നു. എന്നാൽ, കൺമുന്നിൽ പുഴ ചത്തുകൊണ്ടിരിക്കുമ്പോഴും അവിടെനിന്ന് ഒരു മീൻ പിടിക്കാനോ അടിഞ്ഞുകൂടിയ മണൽ നീക്കാനോ അനുവാദമില്ലാത്ത രീതിയിൽ നമ്മുടെ നിയമങ്ങളും നീതികളും നിഷ്‌കരുണം മാറിമറിഞ്ഞിരിക്കുന്നു.

വിശുദ്ധ വേദപുസ്തകത്തിൽ തികച്ചും പ്രസക്തമായ ഒരു വാക്യമുണ്ട്: 'മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യനത്രേ' (സങ്കീർത്തനങ്ങൾ 49:20). ഇന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ഈ പ്രവാചകശബ്ദത്തിന്റെ ദാരുണമായ പ്രതിഫലനമാണ്. ഭൂമിക്കും നാടിനും ഉറപ്പേകി തലയുയർത്തി നിന്ന വലിയ മലകളും പാറകളും മണലിനു വേണ്ടി നമ്മൾ ഇടിച്ച് പൊടിക്കുന്നു (M-Sand). അതേസമയം, പുഴകളിൽ പ്രകൃതിദത്തമായി അടിഞ്ഞുകൂടുന്ന മണലിനെ നീക്കം ചെയ്യാതെ, അത് കാലാകാലങ്ങളായി ഉറച്ച് ഉറപ്പുള്ള തിണ്ടുകളായിട്ടും പുതിയ ദ്വീപുകളായിട്ടും മാറാൻ അനുവദിക്കുകയും ചെയ്യുന്നു!

ഉറപ്പുള്ള പാറ പൊട്ടിച്ച് മണലാക്കുക, അതേസമയം പുഴയിലെ സ്വാഭാവിക മണലിനെ ഉറപ്പിച്ച് കരയാക്കി മാറ്റുക! ഇതിലും വലിയ ഒരു ബുദ്ധിശൂന്യത ഏതൊരു പരിഷ്‌കൃത സമൂഹത്തിനാണ് കാണിക്കാനാവുക? അല്പം പോലും പ്രയോഗിക ബുദ്ധിയില്ലാത്ത പ്രകൃതിനിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കിവിടുന്ന ഉദ്യോഗസ്ഥവൃന്ദവും അത് കണ്ണടച്ച് നടപ്പിലാക്കുന്ന ഭരണവർഗ്ഗവും ഇതിന് മറുപടി പറയേണ്ടതുണ്ട്.

vachakam
vachakam
vachakam

ഒരു ലളിതമായ ഉദാഹരണം നോക്കാം. നമ്മുടെ വീടുകളിലെ കിണറുകൾ നാം എത്ര ശ്രദ്ധയോടെയാണ് പരിപാലിക്കുന്നത്! ഒഴുക്കിനോ വെള്ളത്തിനോ കുഴപ്പമില്ലെങ്കിൽ പോലും, വർഷത്തിലൊരിക്കൽ അടിത്തട്ടിൽ അടിയുന്ന ചെളിയും മണ്ണും നീക്കം ചെയ്യാൻ നാം 'കിണറ്റുവെള്ളം തേകി' വൃത്തിയാക്കാറുണ്ട്. കാരണം, അതിന്റെ ആഴവും സംഭരണശേഷിയും നിലനിർത്തിയാൽ മാത്രമേ വേനലിലും കുടിവെള്ളം ലഭ്യമാകൂ എന്ന് സാധാരണക്കാരന് അറിയാം. സ്വന്തം കിണറിന്റെ കാര്യത്തിൽ ഈ വിവേകം കാണിക്കുന്ന മനുഷ്യർ, എന്തുകൊണ്ടാണ് നാടിന്റെ കുടിവെള്ള ഉറവിടമായ പുഴയുടെ ആഴം നിലനിർത്താൻ ശ്രമിക്കാത്തത്? പ്രകൃതിയെ സ്‌നേഹിക്കുക എന്നാൽ അതിനെ മാറ്റമില്ലാതെ നിർത്തി ശ്വാസം മുട്ടിക്കലല്ല, മറിച്ച് അതിന്റെ സ്വാഭാവിക ഒഴുക്ക് നിലനിർത്തുകയാണ്.

പുഴയോരങ്ങളിലെ ദുരിതം മാത്രമല്ല ഇന്ന് നമ്മുടെ നാടിനെ ഉലയ്ക്കുന്നത്. അശാസ്ത്രീയമായ പ്രകൃതിനിയമങ്ങൾ കാരണം ജനങ്ങളുടെ സ്വൈര്യജീവിതവും പ്രാണൻ തന്നെയും ഭീഷണിയിലായിരിക്കുകയാണ്. കാട്ടാനയും പുലിയും കരടിയും കാട്ടുപോത്തും പന്നിയും നാട്ടിലിറങ്ങി മനുഷ്യജീവനെടുക്കുമ്പോഴും കൃഷിയിടങ്ങൾ തകർക്കുമ്പോഴും നിയമങ്ങൾ കാഴ്ചക്കാരായി നിൽക്കുന്നു. വീടിന്റെ അടുക്കളയിൽ ഇരിക്കുന്ന ഭക്ഷണം കുരങ്ങൻ വാരിക്കൊണ്ടുപോയാലും, വളർത്തുകോഴികളെ കീരിയും പരുന്തും പിടിച്ചുകൊണ്ടു പോയാലും ഒന്നും ചെയ്യാൻ കഴിയാത്ത ദയനീയ അവസ്ഥ! മറുവശത്ത്, വിദ്യാലയങ്ങളിലേക്ക് പോകുന്ന പിഞ്ചുകുഞ്ഞുങ്ങളെ വഴിയിൽ പേപ്പട്ടികളും തെരുവ് നായ്ക്കളും കാത്തിരിക്കുന്നു; വിദ്യാലയങ്ങളിൽ എത്തിയലോ മൂലകളിൽ പതിയിരിക്കുന്ന പാമ്പുകളും ഏതുനിമിഷവും തകർന്നുവീഴാറായ മേൽക്കൂരകളും!

ഇവിടെയാണ് വിദേശരാജ്യങ്ങളിലെ പ്രയോഗിക നിയമങ്ങളെക്കുറിച്ച് നാം ചിന്തിക്കേണ്ടത്. ഉദാഹരണത്തിന്, അമേരിക്ക പോലുള്ള രാജ്യങ്ങളിൽ പ്രകൃതിയെയും വന്യമൃഗങ്ങളെയും സംരക്ഷിക്കാൻ ശക്തമായ സംവിധാനങ്ങളുണ്ട് (Department of Fish and Wildlife); എന്നാൽ ആ നിയമങ്ങളെല്ലാം മനുഷ്യന്റെ പ്രയോജനത്തിനും ജീവന്റെ സുരക്ഷയ്ക്കുമായി ഉപയോഗിക്കപ്പെടുന്നു. സ്വന്തം ഭവനത്തിലോ പറമ്പിലോ വന്യമൃഗങ്ങൾ കയറി ജീവന് ഭീഷണിയായാൽ അവയെ പ്രതിരോധിക്കാനും നശിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ആ ഭവനക്കാരനുണ്ട്.

vachakam
vachakam
vachakam

മൃഗങ്ങളുടെ എണ്ണം പെരുകുമ്പോൾ ശാസ്ത്രീയമായി തിട്ടപ്പെടുത്തി നിയന്ത്രിതമായി വേട്ടയാടാൻ (Hunting Seasons) അനുവദിക്കാറുമുണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ സ്വന്തം വീട്ടുമുറ്റത്തു നിന്നോ കൃഷിയിടത്തിൽ നിന്നോ വന്യമൃഗങ്ങൾ മനുഷ്യനെ പിടിച്ചുകൊണ്ടുപോയാൽ പോലും ഒന്നും ചെയ്യാൻ കഴിയാത്ത കാടൻ നിയമങ്ങളാണ് നിലനിൽക്കുന്നത്. മനുഷ്യജീവന് വിലകൽപ്പിക്കാത്ത ഇത്തരം ചട്ടങ്ങൾ തിരുത്തപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഈ വിഷയം വിശകലനം ചെയ്യുമ്പോൾ കേന്ദ്രസംസ്ഥാന തലങ്ങളിൽ ഇതിനായി പ്രവർത്തിക്കുന്ന ഔദ്യോഗിക സംവിധാനങ്ങൾ ഏതൊക്കെയാണെന്നും അവയുടെ ഉത്തരവാദിത്തങ്ങൾ എന്താണെന്നും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്: ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (GSI): ഭൗമശാസ്ത്രപരമായ പരിശോധനകൾ, ഭൂപട നിർമ്മാണം, മണ്ണ്പാറമണൽ എന്നിവയുടെ നിരീക്ഷണം എന്നിവയ്ക്കായുള്ള കേന്ദ്ര ഏജൻസി. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് (Kerala): ക്വാറികളുടെ അനുമതി, മണൽ വാരൽ നിയന്ത്രണങ്ങൾ (River Sand Mining Act) എന്നിവ കൈകാര്യം ചെയ്യുന്ന സംസ്ഥാന വകുപ്പ്. സെൻട്രൽ വാട്ടർ കമ്മീഷൻ (CWC): പുഴകളിലെ വെള്ളത്തിന്റെ അളവും മണൽ അടിഞ്ഞുകൂടലും നിരീക്ഷിക്കാനുള്ള കേന്ദ്ര ഏജൻസി. വനവന്യജീവി വകുപ്പുകൾ: കാടുകളുടെയും വന്യജീവികളുടെയും സംരക്ഷണം ഉറപ്പാക്കുന്ന വിഭാഗങ്ങൾ. കോടിക്കണക്കിന് നികുതിപ്പണം ശമ്പളമായി വാങ്ങുന്ന ആയിരക്കണക്കിന് ഉദ്യോഗസ്ഥരുള്ള ഈ വകുപ്പുകൾ, ഒരോ വർഷവും പുഴയിൽ അടിയുന്ന മണലിന്റെ അളവു തിട്ടപ്പെടുത്തനോ അല്ലെങ്കിൽ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൃത്യമായി നിയന്ത്രിക്കനോ മുന്നോട്ടുവരില്ല എന്നത് ഖേദകരമാണ്.

നമ്മുടെ നാട്ടിൽ പ്രളയം വരുമ്പോൾ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും, വെള്ളമിറങ്ങുമ്പോൾ ചളിയും ചേറും വാരാനും എത്തുന്ന സന്നദ്ധ പ്രവർത്തകരും യുവജന പ്രസ്ഥാനങ്ങളും നാടിന്റെ നന്മ തന്നെയാണ്. എന്നാൽ ഇവരെല്ലാവരും ചേർന്ന് ദുരന്തങ്ങൾ ഉണ്ടാകുന്നതിന് മുൻപ് ചെയ്യേണ്ട പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് മുന്നിട്ടിറങ്ങേണ്ടത്. 'ദുരന്തം വന്നതിനു ശേഷമുള്ള കണ്ണീരിനേക്കാൾ പ്രധാനം, ദുരന്തം വരാതിരിക്കാൻ മുന്നേ കൂട്ടുന്ന മുൻകരുതലുകളാണ്.' പുഴകളിൽ അടിഞ്ഞുകൂടിയ മണൽത്തിട്ടകളും എക്കലും ശാസ്ത്രീയമായി നീക്കം ചെയ്ത് പുഴയുടെ ആഴം കൂട്ടിയാൽ ഒരുപരിധി വരെ വെള്ളപ്പൊക്ക ദുരന്തങ്ങൾ ഒഴിവാക്കാം.

നാടിനെയും നാട്ടുകാരെയും നന്നാക്കുന്ന ജോലി കോടതികൾക്കും ഭരണവർഗ്ഗത്തിനും ഉദ്യോഗസ്ഥർക്കും മാത്രം വിട്ടുനൽകി സാമാന്യജനം ഉത്തരവാദിത്തമില്ലാത്തവരെപ്പോലെ മാറിനിൽക്കരുത്. നീതിയുടെ ഇടങ്ങളിൽ നിന്ന് നീതി നിഷേധിക്കപ്പെടുകയും അധികാരികൾ കൺകെട്ടു മായാജാലക്കാരായി അരങ്ങുവാഴുകയും ചെയ്യുമ്പോൾ, ഒരോ പൗരനും പ്രതികരണശേഷിയുള്ള 'വെളിച്ചപ്പാടുകൾ' ആയി മാറുക തന്നെ വേണം.

നമുക്കാവശ്യം ക്രൂരമായ കരിനിയമങ്ങളല്ല, മറിച്ച് പ്രകൃതിയോടും മനുഷ്യനോടും ഒരുപോലെ കരുണ കാണിക്കുന്ന പ്രയോഗിക നിയമങ്ങളാണ്. ഇനി വരുന്ന ഒരു പ്രളയത്തിലും എന്റെ ഭവനവും നാടും ഒലിച്ചുപോകില്ലെന്നും, എന്റെ കുഞ്ഞുങ്ങൾ തെരുവിലും വിദ്യാലയങ്ങളിലും ഭയമില്ലാതെ സുരക്ഷിതരായിരിക്കുമെന്നും ഉറപ്പുവരുത്താൻ ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭരണകർത്താക്കളും ഉദ്യോഗസ്ഥരും ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്; 'ഞങ്ങൾക്ക് ഇനി ഒന്നും സംഭവിക്കാനില്ല' എന്ന അഹങ്കാരത്തിൽ ജീവിക്കുന്നവർ നാളെ സ്വന്തം വീടുകൾ പ്രളയത്തിൽ ഒലിച്ചുപോകുമ്പേഴേ പഠിക്കൂ എന്ന് വന്നാൽ അത് വലിയ വില നൽകേണ്ടിവരുന്ന പാഠമായിരിക്കും.

കരിനിയമങ്ങളല്ല, നാടിനോടും ജനങ്ങളോടും പ്രകൃതിയോടും കരുണയുള്ള കരങ്ങളാണ് നമുക്കാവശ്യം. ഉറങ്ങാതെ ഉണർന്നു പ്രവർത്തിക്കുന്ന നല്ല ഉദ്യോഗസ്ഥരും, ജനക്ഷേമം മുൻനിർത്തി ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ ചെയ്യുന്ന ഭരണനേതൃത്വവും നമ്മുടെ നാടിന്റെ അനിവാര്യതയാണ്. ഇനിവരുന്ന പ്രളയങ്ങളിൽ എന്റെ ഭവനവും എന്റെ നാടും സുരക്ഷിതമായിരിക്കും എന്ന് ഉറപ്പു വരുത്താൻ, ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കാൻ ഒരോ പൗരനും ഉറച്ച ശബ്ദത്തോടെ മുന്നേറേണ്ട സമയമായിരിക്കുന്നു.

പ്രകൃതിക്കായി, പുഴകൾക്കായി, നാളെക്കായി നമുക്ക് ഒന്നിച്ച് നിൽക്കാം!

റവ. ജെയിംസ് കെ. ജോൺ(ലബ്ബക്ക്, ടെക്‌സാസ്)

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam