മാധ്യമങ്ങൾ ഉയർത്തുന്ന കുനിഷ്ട് ചോദ്യങ്ങൾക്ക് ചിരിച്ചും കണ്ണിറുക്കിയും മറുപടി പറയുന്ന ഒരു മുഖ്യമന്ത്രിയുണ്ടായിരുന്നു നമുക്ക് പണ്ട്. അത്, പത്രക്കാർക്ക് മാപ്രകൾ എന്ന് വിളിപ്പേര് വീഴും മുൻപുള്ള സുവർണ്ണ കാലം !
രാഷ്ട്രീയ എതിരാളികളുടെ ആക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കും ആക്രമണങ്ങൾക്കും ഒരുപോലെ വിധേയനായ ഒരു മുഖ്യമന്ത്രി. ഉത്തരം പറയാൻ ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ഏറ്റവും കൂടുതൽ നേരിട്ട ഒരു ഭരണാധികാരി. കരിങ്കാലി എന്ന പേര് ശത്രുക്കൾ ചാർത്തി കൊടുക്കുമ്പോഴും കേരളത്തിന്റെ വികസന ചരിത്രത്തിൽ കയ്യൊപ്പ് ചാർത്തിയ ചിത്രകാരൻ കൂടിയായ കെ.കരുണാകരൻ !
കേരള രാഷ്ട്രീയത്തെ തന്റെ കൈവെള്ളയിൽ അമ്മാനമാടിയ രാഷ്ട്രീയ ആചാര്യൻ. ഇന്ത്യ എന്നാൽ ഇന്ദിര എന്ന മന്ത്രം ഭാരതമാകെ ഓതണം എന്ന സന്ദേശം നൽകിയ അടിയന്തരാവസ്ഥയുടെ ഉഷ്ണകാലം പിന്നിട്ട് ജനാധിപത്യത്തിന്റെ പച്ചപ്പിനെ പുൽകിയ ലീഡർ !
മുഖ്യമന്ത്രി പദത്തിൽ റെക്കോർഡ് സ്ഥാപിച്ച ഒരു കമ്മ്യൂണിസ്റ്റ് നേതാവ്. പ്രതിവാരം പ്രേക്ഷകർക്ക് മുന്നിൽ വന്നിരുന്ന് അവരുടെ ഏതു ചോദ്യങ്ങൾക്കും തന്നാലാവുംവിധം മറുപടി പറഞ്ഞിരുന്ന ഇ.കെ.നായനാർ. വിളിക്കുന്ന ആരുമായും വലുപ്പചെറുപ്പം നോക്കാതെ വാർത്താ ചാനൽ ക്യാമറയ്ക്ക് മുന്നിൽ വന്നിരുന്ന് സരസമായി ഏത് കടുകട്ടി വിഷയത്തെയും നേരിടുകയും നിലപാട് പറയുകയും ചെയ്തിരുന്ന സഖാവ്. ആരോടും തന്റെ നാട്ടുഭാഷയിൽ സംവദിക്കാൻ മടിയില്ലാതിരുന്ന ജനകീയനായ നേതാവ്.
ഇന്നത്തെ മുഖ്യമന്ത്രി വി ഡി സതീശന് മുന്നിൽ മേൽപ്പറഞ്ഞ രണ്ട് മുൻഗാമികളുടെ ചിത്രം നമ്മൾ വെക്കുന്നത് അദ്ദേഹം ഇന്ന് സഞ്ചരിക്കുന്ന മാർഗത്തിൽ നിന്ന് വ്യതിചലിക്കണമെന്ന് പറയാനല്ല. പകരം, ജനങ്ങളെ കേൾക്കുന്ന രീതിയിൽ കെ. കരുണാകരനും ഇ.കെ. നായനാരും പുലർത്തിയ ലളിത പാത കാണിച്ചുതരാനാണ്. വാരി പുൽകാൻ നിരവധി വിവാദങ്ങൾ ചുറ്റും ഉണ്ടായിരുന്നു അവർക്ക്. പക്ഷേ, അവരുടെ ഭരണത്തിന് മാർക്ക് നൽകാൻ അവർ വിവാദങ്ങളെ അനുവദിച്ചില്ല. ജനങ്ങളിൽ നിന്ന് അവർ ഒന്നും മറച്ചുവയ്ക്കുന്നില്ല എന്ന തോന്നൽ പൗര സമൂഹത്തിൽ സൃഷ്ടിച്ചതാണ് അവർ ഉണ്ടാക്കിയ നേട്ടം.
നന്നായി ചിരിക്കുന്ന സതീശനിൽ നിന്ന് കൂടുതൽ സുതാര്യതയാണ് കേരളം പ്രതീക്ഷിക്കുന്നത്. എന്നാൽ, ഭരണത്തിൽ കയറിയ ദിവസം മുതൽ വി.ഡി. സതീശൻ എന്ന മുഖ്യമന്ത്രി താൻ തുടക്കമിടുന്ന നല്ല കാര്യങ്ങൾക്ക് ചുറ്റിനും വിവാദങ്ങളെ വളർത്തിയെടുക്കുകയാണെന്ന് തോന്നും. എവിടെവച്ച് കണ്ടാലും മാധ്യമങ്ങളോട് പ്രതികരിക്കുക എന്ന രീതി തുടക്കത്തിലെ ഉപേക്ഷിച്ച മുഖ്യമന്ത്രിയാണ് സതീശൻ.
അത് അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാൻ ഒരു പരിധിവരെ സഹായിച്ചുവെങ്കിലും, ബുധനാഴ്ചകളിൽ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കാനുള്ള പത്രസമ്മേളനത്തിന് ലഭിക്കുന്ന ഒരാഴ്ചയുടെ ഇടവേളയിൽ ചോദ്യശരങ്ങളുടെ മുന്നിലെത്തുന്ന മുഖ്യമന്ത്രിക്ക് സ്വയം പ്രതിരോധം തീർക്കാൻ മാത്രമേ സമയം ലഭിക്കുന്നുള്ളൂ. അതിനുള്ള വക ആ ഒരാഴ്ചയ്ക്കുള്ളിൽ അദ്ദേഹമോ സഹമന്ത്രിമരോ സൃഷ്ടിച്ചു കഴിഞ്ഞിരിക്കും.
മുഖ്യമന്ത്രി കൊളുത്തി വയ്ക്കുന്നത് സഹമന്ത്രിമാർ പകർത്തുകയാണ് എന്നു തോന്നും വിവാദങ്ങളുടെ പട്ടിക കണ്ടാൽ. ബോധപൂർവ്വം സൃഷ്ടിക്കുന്ന നാവുപിഴ എന്ന് തോന്നും വിധമാണ് മന്ത്രിസഭാംഗങ്ങൾ മൈക്കിനു മുന്നിൽ വന്ന് നിന്ന്, ജനവിരുദ്ധം എന്ന് ആർക്കും തോന്നുന്ന ഡയലോഗുകൾ കാച്ചുന്നത്. ചാനൽ മുറികളിൽ അവ ചർച്ചയ്ക്ക് വരുമ്പോൾ ന്യായീകരണ വിദഗ്ധർക്ക് പോലും തല കുമ്പിട്ട് ഇരിക്കേണ്ടിവരുന്ന അവസ്ഥ.
അവയ്ക്കും മറുപടി പറയേണ്ടത് മുഖ്യമന്ത്രി തന്നെ! മറ്റു മുൻ മുഖ്യമന്ത്രിമാരിൽ നിന്ന് സതീശനെ വ്യത്യസ്തനാക്കുന്ന നിരവധി നല്ല ഘടകങ്ങൾ നിലനിൽക്കുമ്പോൾ തന്നെ, അവധാനതയോടെ നിലപാടുകൾ സ്വീകരിക്കേണ്ട വിധം എങ്ങനെ എന്നുകൂടി കരുതലോടെ മനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിയണം.
ചുമ്മാ ഒരു വിവാദം
മുഖ്യമന്ത്രി ഊണ് കഴിച്ചതാണോ ഹെലികോപ്റ്റർ ഉപയോഗിച്ചതാണോ എന്ന് നോക്കി വിമർശനം ഉന്നയിക്കുന്നതിലല്ല കാര്യമെന്നും, ദുരന്തനിവാരണ രംഗത്തെ മുൻകരുതലുകളിലും പ്രളയാനന്തര ആശ്വാസ നടപടികളിലും സർക്കാരിന് സംഭവിച്ച വീഴ്ചകളാണ് ജനങ്ങൾക്കിടയിൽ ചർച്ചയാകേണ്ടതെന്നും സതീശൻ പറയുന്നത് മാധ്യമങ്ങളോടാണ്.
അധികാരമേറ്റ ദിവസം മുതൽ, ഒരുപക്ഷേ അധികാരത്തിലേറുന്നതിന് മുമ്പ് തന്നെ വിവാദങ്ങളുടെ പാളത്തിൽ ഓടുന്ന വണ്ടിയായി യു.ഡി.എഫ് സർക്കാർ മാറിയെങ്കിൽ അതിന്റെ ഉത്തരവാദിത്വം ഒരു പരിധിവരെ മുഖ്യമന്ത്രിക്ക് കൂടി ഉള്ളതാണ്. അതിനിടെ, സി.പി.എമ്മിന്റെ വക പോലും ഉപദേശം വന്നു സതീശനെ ലക്ഷ്യമിട്ട്. സാഹചര്യം മനസിലാക്കി ഇടപെടാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രി നിറവേറ്റണമെന്ന്.
അരക്ഷിതാവസ്ഥയിലുള്ള ജനങ്ങൾ പ്രതീക്ഷ വയ്ക്കുന്നത് സംസ്ഥാന സർക്കാരിലും മുഖ്യമന്ത്രിയിലുമാണെന്നും സി.പി.എം സെക്രട്ടറിയേറ്റിന്റെ പ്രസ്താവന.
'സ്ഥിതി രൂക്ഷമായിട്ടും സർക്കാർ സംവിധാനത്തെ ഏകോപിപ്പിക്കാൻ ഏറ്റവും ഉത്തരവാദിത്വപ്പെട്ടയാളാണ് മുഖ്യമന്ത്രി. ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയോട് ചോദിച്ചപ്പോൾ ഓഫീസിൽ നിന്ന് ബ്രീഫ് ചെയ്യുമെന്ന നിസ്സംഗ സമീപനമാണ് സ്വീകരിച്ചത്.
സർക്കാർ വാടകയ്‌ക്കെടുത്ത ഹെലിക്കോപ്റ്റർ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചുവെന്നതും ജനം ദുരിതമനുഭവിക്കുമ്പോൾ വിരുന്നുണ്ണാൻ പോയതും മുഖ്യമന്ത്രിക്കെതിരെ ഉയർന്ന വിമർശമനത്തിന് ആക്കം കൂട്ടിയപ്പോഴും സതീശൻ പുലർത്തിയ നിസ്സംഗതയും നൽകിയ മറുപടിയും മേൽപ്പറഞ്ഞ മുൻഗാമികൾ കാര്യങ്ങളെ കൈകാര്യം ചെയ്ത മാതൃകയോട് തുലനം ചെയ്യാൻ കഴിയാത്തവയാണ്.
ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും അവശ്യഘട്ടങ്ങളിലും ഉപയോഗിക്കാനാണ് സംസ്ഥാനം ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്. എൽ.ഡി.എഫ് സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തപ്പോൾ അതിനെ ധൂർത്ത് എന്ന് വിമർശിച്ച അന്നത്തെ പ്രതിപക്ഷ നേതാവാണ് ഇന്നത്തെ മുഖ്യമന്ത്രി.
പ്രിയദർശിനി ബസ്സിലെ സ്ത്രീകളുടെ സൗജന്യ യാത്രയെ മന്ത്രി തന്നെ പരിഹസിച്ചത്, യു.ഡി.എഫ് മന്ത്രിസഭയുടെ പൈലറ്റ് പ്രോജക്ടിന്റെ കടയ്ക്കൽ തീ കൊളുത്തുന്നതിന് തുല്യമായി. സി.പി. ജോൺ എന്ന പുരോഗമനവാദിയിൽ നിന്ന് പ്രതീക്ഷിക്കാത്ത പ്രസ്താവനയാണ് വന്നത്. അപ്പോഴും കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ ഒന്നാകെ ഒലിച്ചുപോകുന്ന സാഹചര്യമുണ്ടാക്കി. നല്ലത് ചെയ്യുക മാത്രമല്ല അവ ജനങ്ങളെ ബോധ്യപ്പെടുത്തുക കൂടി സർക്കാരിന്റെ കടമയല്ലേ? സർക്കാർ ആശുപത്രിയെ ഹോട്ടൽ ആക്കാൻ കൊള്ളാം എന്ന കെ. മുരളീധരന്റെ നിരീക്ഷണവും വിവാദത്തിനുള്ള നല്ല ചേരുവയായി പലരും കണ്ടു.
അമ്മാതിരി ചോദ്യം വേണ്ട
അതിനിടെ, മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ, ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരെ നിരീക്ഷിക്കാനും ചിത്രീകരിക്കാനുമായി വാർത്താ സമ്മേളനത്തിൽ ക്യാമറ വെച്ചതും മാധ്യമ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് പിന്നീട് ക്യാമറ എടുത്തുമാറ്റിയതും എന്തു നേട്ടമാണ് സർക്കാരിന് ഉണ്ടാക്കിയത്. കൈരളിയും ദേശാഭിമാനിയും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം അലങ്കോലപ്പെടുത്താൻ ശ്രമിച്ചു എന്ന് ആരോപിക്കുന്ന സതീശൻ, മാധ്യമം ഏതാണെന്ന് തിരിച്ചറിഞ്ഞ് മറുപടി പറയുന്ന ശൈലിയും സ്വീകരിക്കുന്നുണ്ട്.
'താൻ ഏത് കടലാസ് ആണ് ' എന്ന് പണ്ട് അച്ചടി മാധ്യമപ്രവർത്തകരെ നോക്കി നായനാർ ചോദിക്കുമായിരുന്നു. ആ ചോദ്യം ഒരു പത്രപ്രവർത്തകനെയും മുറിവേൽപ്പിച്ചിരുന്നില്ല. എന്നാൽ എതിർ രാഷ്ട്രീയത്തിൽപ്പെട്ട മാധ്യമങ്ങളെ അകറ്റി നിർത്തുന്ന ശൈലി, സതീശന് ചാർത്തിക്കൊടുക്കുന്നത് ഇടക്കാലത്ത് സാക്ഷാൽ പിണറായി വിജയൻ എടുത്തണിഞ്ഞ അതേ ഏകാധിപത്യ മേലങ്കി തന്നെയാണ്.
സ്വകാര്യ ബിസിനസ് ഗ്രൂപ്പിനെ കാണാൻ ഹെലികോപ്റ്ററിൽ കൊച്ചിയിൽ പോയ സതീശൻ അത് ഏത് ഗ്രൂപ്പ് ആണെന്ന് വ്യക്തമാക്കാനാവില്ല എന്നു പറയുന്നു. മുഖ്യമന്ത്രിക്ക് തന്റെ സ്വകാര്യതയിൽ അഭിരമിക്കാനുള്ള എല്ലാ അവകാശവും നിലനിൽക്കുമ്പോഴും പൊതു മനസ്സാക്ഷി ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ താൻ കടപ്പെട്ടവനാണെന്ന ബോധ്യം ഉണ്ടാവുന്നത് നല്ലതാണ്.
അതുകൊണ്ട്, തന്റെ മുൻഗാമിയായ പിണറായി വിജയനെ ഇക്കാര്യത്തിൽ അംഗീകരിച്ചില്ലെങ്കിലും, സ്വന്തം പാർട്ടിയിലെ മുൻഗാമിയായ കെ.കരുണാകരനെ അനുകരിക്കുന്നത് സതീശന് അഭികാമ്യമായിരിക്കും.
പ്രജിത്ത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
