സമ്മർ ഇൻ ബെത്‌ലെഹെമല്ല, 'സുനാമി' ഇൻ ബത്‌ലെഹെം'!

MAY 11, 2022, 6:57 PM

24 വർഷം മുമ്പ് റിലീസായ സിനിമയാണ് 'സമ്മർ ഇൻ ബെത്‌ലഹെം' സിയാദ് കോക്കർ നിർമ്മിച്ച് സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം. രഞ്ജിത്തിന്റെ (നിർമ്മാതാവല്ല, തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത്) ആദ്യകാല പണം വാരിപ്പടം. സുരേഷ് ഗോപിയും  മഞ്ജുവാര്യരും അവർ അന്നുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളെയായിരുന്നു ഈ സിനിമയിൽ അവതരിപ്പിച്ചത്.

മോഹൻലാൽ അതിഥി താരമായി എത്തിയ ചിത്രം. ഗിരിഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾക്ക് വിദ്യാസാഗർ നൽകിയ സംഗീതവും അന്ന് ഹിറ്റായിരുന്നു.എന്തേ ഈ പടം(പഴം)പുരാണം ഇപ്പോൾ പറയാൻ എന്ന് ചോദിക്കരുത്. കാരണം തിരുവനന്തപുരത്തെ ബ്രോ മേയർ മൽസരിച്ചു ജയിച്ച വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ നിന്നൊരു വാർത്തയുണ്ട്.

അവിടെയുള്ള മൂന്നാംമൂട് പുലരി നഗറിലെ ബെത്‌ലെഹെം എന്ന വീട് കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ ഭാഗ്യക്കുറി വച്ച് വിൽക്കാൻ പോകുന്നു. 'എങ്ങാനും ബിരിയാണി കൊടുത്താലോ' എന്ന സലീംകുമാറിന്റെ സിനിമ ഡയലോഗ് നിങ്ങളുടെ മനസ്സിലുമുണ്ടെങ്കിൽ 2000 രൂപ മുടക്കി വീട് നറുക്കിൽ പങ്കുചേരാം. 3700 ടിക്കറ്റേ അച്ചടിച്ചിട്ടുള്ളൂ.

vachakam
vachakam
vachakam

അതെ തോൽക്കുന്നവർ ഒറ്റപ്പെടുന്നു !

അജോ എന്ന കുടുംബനാഥന് അപകടത്തിൽ പരുക്കേറ്റ് ഒരു കണ്ണ് പോയതോടെയാണ് ഈ കുടുംബത്തിന്റെ കഷ്ടകാലം തുടങ്ങിയത്. വീട്ടമ്മയായ അന്ന എഞ്ചിനീയറാണ്. അന്ന ഹോങ്കോങ്ങിൽ ജോലി ചെയ്തുണ്ടാക്കിയ പണം കൊണ്ടാണ് ഈ കുടുംബം മൂന്നരവർഷം മുമ്പ് ബാങ്ക് വായ്പ കൂടിയെടുത്ത് വീട് വാങ്ങിയത്. അജോയുടെ ചികിത്സാച്ചെലവ് ആ കുടുംബത്തെ കുത്തുപാളയെടുപ്പിച്ചു. ചികിത്സിച്ച് ചികിത്സിച്ച് ഇപ്പോൾ അജോയുടെ മറ്റേ കണ്ണിനും 30 ശതമാനം കാഴ്ചയേയുള്ളൂ.

പല ബിസിനസുകളും തുടങ്ങാൻ ശ്രമിച്ചുവെങ്കിലും ഒന്നും ക്ലെച്ച് പിടിച്ചില്ല. വീടിനായി എടുത്ത ബാങ്ക് വായ്പയുടെ പലിശ പെരുകി വന്നു. കൈവായ്പ വാങ്ങിയവരും മുറുമുറുക്കാൻ തുടങ്ങി. അങ്ങനെ വീട് വിൽക്കാൻ തീരുമാനിച്ചു. ബ്രോക്കർമാരും റിയൽ എസ്റ്റേറ്റുകാരും ചേർന്ന് വീടിന്റെ വില ഇടിച്ചു താഴ്ത്തിയെന്നു ആരോപണവുമുയർന്നു. മൂക്കറ്റം കടത്തിൽ മുങ്ങിയിരിക്കെ 'നക്കാപ്പിച്ച വില'യ്ക്ക് വീട് വാങ്ങാനാണ് പലരും ശ്രമിച്ചത്.

vachakam
vachakam
vachakam

ഒടുവിൽ ഗതികെട്ട്, വീട് വിൽക്കാൻ ഭാഗ്യക്കുറി നടത്തുകയെന്ന ആശയത്തിലെത്തി അജോ. വിദേശരാജ്യങ്ങളിലെല്ലാം ഇത്തരം 'ഭാഗ്യക്കുറി വിൽപ്പന' നടക്കാറുണ്ട്. ''കിട്ടിയാൽ ഊട്ടി, പൊട്ടിയാൽ ചട്ടി'' എന്ന മനോഭാവമുള്ളവർക്ക് 2000 രൂപയുടെ ടിക്കറ്റെടുക്കാം കേട്ടോ. മൊബൈൽ നമ്പർ 8089748577. ഒകടോബർ 17 ന് ക്രിസ്തുരാജപുരം പള്ളിയിൽ വച്ചായിരിക്കും നറുക്കെടുപ്പ്. ലോട്ടറിയടിക്കുന്നയാൾ രജിസ്‌ട്രേഷൻ കാശ് മാത്രം മുടക്കിയാൽ മതി.

പക്ഷെ, അജോ അന്ന ദമ്പതിമാരുടെ സ്ഥിതി അതല്ല. സമ്മാന നികുതിയായി അവർ 18 ലക്ഷം രൂപ സർക്കാരിൽ അടയ്ക്കണമത്രെ. കടക്കെണിയിൽ നിന്ന് കരകയറാനായാലും ലോട്ടറി ലോട്ടറി തന്നെ, കടം കയറി മുടിഞ്ഞവന്റെ കണ്ണുനീരുകൊണ്ട് പാൽപ്പായസമുണ്ടാക്കി കഴിക്കുന്ന ഇപ്പോഴത്തെ ഭരണകൂടമേ, ഒരു റെഡ് സല്യൂട്ട് ദാ, പിടിച്ചോ.

നിയമം നടപ്പാക്കാം, കസേര കളിക്കാം ...

vachakam
vachakam

കാസർകോട്ട് ഷവർമ്മ കഴിച്ച് ഒരു പെൺകുട്ടി മരിച്ച കാര്യം കഴിഞ്ഞയാഴ്ച എഴുതിയിരുന്നു. ഏതായാലും ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നൊരു സംവിധാനം നാട്ടിലുണ്ടെന്ന് ഇപ്പോൾ മനസ്സിലായിക്കഴിഞ്ഞു. മന്ത്രിസഭായോഗത്തിനുള്ള 'നോട്ട്‌സ്' പോലും തയ്യാറാക്കാതെ ഞായറാഴ്ച അവധിയായി ആഘോഷിക്കാറുള്ള സർക്കാർ ഉദ്യോഗസ്ഥരിലെ 'ഭക്ഷ്യ സുരക്ഷാ കരിമ്പൂച്ചകൾ' ഇക്കഴിഞ്ഞ ഞായറാഴ്ച പോലും ഹോട്ടലുകളും ചായക്കടകളുമെല്ലാം പരിശോധിച്ച് കൈകുഴയുന്നത് ജനം കണ്ടു.

ആലപ്പുഴയിൽ തോമസ് ചാണ്ടിയുമായി കൊമ്പു കോർക്കുകയും തൃശ്ശൂരിൽ പെൺ കളക്ടറുടെ വീറും വാശിയും തെളിയിക്കുകയും ചെയ്ത ഒരു ഐ.എ.എസുകാരിയെ ഒടുവിൽ ഇടതുഭരണകൂടം കൊണ്ടു പോയി തളച്ചത് ഭക്ഷ്യസുരക്ഷാ കമ്മീഷണർ പദവിയിലായിരുന്നു. ചറുപറായെന്ന് പറ നിറച്ച് അരിവിറ്റ് കാശുണ്ടാക്കിയ ഒരു അരിമില്ലുകാരന്റെ അരിപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി തുടങ്ങിയ കച്ചവടങ്ങളിലെ 'തരികിട' കണ്ടെത്തിയതോടെ വീണ്ടും അവരുടെ കസേര ഇളകി. നിലവിൽ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറാണ് ഈ വീരവനിത.

പ്ലീസ്, ആ കോപ്റ്റർ വിട്ടുകൊടുക്കൂ

ഈ ഉദ്യോഗസ്ഥ നിയമനത്തെ പരാമർശിച്ചത് വെറുതെയല്ല. പത്ത് വർഷം മുമ്പ് ഭക്ഷ്യസുരക്ഷാച്ചട്ടങ്ങൾ നിലവിൽ വന്നപ്പോൾ ഹെൽത്ത് ഓഫീസർമാരുടെ അധികാരങ്ങൾ വെട്ടിക്കുറച്ചു. പകരം മെഡിക്കൽ ഓഫീസർമാരായി ഭക്ഷ്യസുരക്ഷാ വീഴ്ചകളിൽ നടപടിയെടുക്കേണ്ടവർ. എന്നിട്ടും ഭക്ഷ്യസുരക്ഷാനിയമങ്ങൾ കർക്കശമായി പാലിക്കാതിരിക്കാൻ ഭരണകൂടം അനാസ്ഥ കാണിച്ചുവെന്നതാണ് സത്യം.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓഫീസുകൾ 140 നിയമസഭാ മണ്ഡലങ്ങളിലുമുണ്ട്. ജില്ലാതലങ്ങളിലും 20 ഓഫീസുകളുണ്ട്. ഈ ഓഫീസുകൾക്കായി 160 ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ തസ്തികകളുമുണ്ട്. പക്ഷെ നിലവിൽ 39 ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ കസേരകളിലും ആളില്ല. ദേവനന്ദന എന്ന പിഞ്ചു പെൺകൊടി മരിച്ച കാസർഗോഡ് അടക്കമുള്ള 5 വടക്കൻ ജില്ലകളിൽ നിന്നുള്ള ഭക്ഷ്യവിഭവങ്ങൾ പരിശോധിക്കേണ്ട ലാബിൽ ഇപ്പോഴുള്ളത് ഒരു മൈക്രോ ബയോളജിസ്റ്റ് മാത്രം! ഇവിടെ സർക്കാർ വാഹനമേയില്ല.

തിരുവനന്തപുരത്ത് വെറുതെ വാടക കൊടുത്തിട്ടിരിക്കുന്ന ഹെലികോപ്ടറിന്റെ സേവനം ആവശ്യമുള്ളപ്പോൾ ഈ ഓഫീസിന് ലഭ്യമാക്കിക്കൂടേയെന്ന് കോമഡിയായി ചോദിക്കാമെന്നു മാത്രം.
ഭക്ഷ്യ സുരക്ഷാനിയമങ്ങൾ ഇല്ലാഞ്ഞിട്ടല്ല. അത് നടപ്പാക്കാൻ ഭരണകൂടത്തിന് താൽപ്പര്യമില്ലെന്നതാണ് പ്രശ്‌നം. 2006ൽ ഇറച്ചിക്കടകൾ നടത്താൻ മാർഗരേഖ പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് മരക്കുറ്റികളിൽ വച്ച് ഇറച്ചിവെട്ടരുതെന്ന് പറഞ്ഞിട്ടുണ്ട്.

ഈ നിയമം കേട്ട് ഇറച്ചിക്കടകളിലെ മരക്കുറ്റി പോലും ഇന്ന് ചിരിക്കും! ഇറച്ചികോഴി വിൽപ്പന കേന്ദ്രങ്ങൾ നടത്താൻ സർക്കാർ ലൈസൻസ് നൽകിയിട്ടുള്ളത് ഇതേവരെ 1190 കടകൾക്കാണ്. ഇപ്പോൾ കേരളത്തിലുള്ള കോഴിക്കടകളുടെ ഏകദേശ എണ്ണം എത്രയാണെന്നോ? 26000 !

മാർഗരേഖയുണ്ട്, പക്ഷെ, പാലിക്കില്ല

വിവാദമായി മാറിയ ഷവർമക്കടയുടെ ലൈസൻസ് 2021 ഒക്‌ടോബറിൽ തീർന്നതാണത്രെ. എന്നിട്ടും ഇത് നടത്തിക്കൊണ്ടിരുന്നത് സ്ഥലം ഭക്ഷ്യ സുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരറിഞ്ഞില്ലേ? ഇതേ പട്ടികയിൽ മറ്റൊരു ചട്ടമുണ്ട്. 6 മാസത്തിനുള്ളിൽ കടകൾ അണുവിമുക്തമാക്കി ഇത്തരം കടകൾക്ക് സാനിറ്റേഷൻ സർട്ടിഫിക്കറ്റ് നൽകണമെന്നതാണത്. കടയിലെ ജോലിക്കാരുടെ ശാരീരിക പരിശോധനയും 6 മാസത്തിനുള്ളിൽ നടത്തി അവർക്ക് ഹെൽത്ത് കാർഡ് നൽകണം

 പൊതുജനാരോഗ്യ ഓർഡിനൻസിൽ നിർദ്ദേശിക്കുന്ന പരിശോധനാ സംവിധാനമായ ലോക്കൽ പബ്ലിക് ഹെൽത്ത് അതോററ്റി പോലും എല്ലാ ജില്ലകളിലും രൂപീകരിച്ചിട്ടില്ല. ഭക്ഷണശാലകൾക്കായുള്ള ലൈസൻസ് നൽകുന്നതിനു മുമ്പ് ഹെൽത്ത് ഇൻസ്‌പെക്ടർ സ്ഥലം സന്ദർശിച്ച് തൃപ്തിപ്പെടണം. ഈ സന്ദർശന വിവരങ്ങൾ എഴുതി സൂക്ഷിക്കാൻ പെഴ്‌സണൽ രജിസ്റ്ററും വേണം! ഇതെല്ലാം എവിടെ എന്ന് ചോദിച്ചിട്ട് കാര്യമില്ല. കാരണം, നിയമപാലനം ഈ മേഖലയിൽ സംരംഭകരുടെ ചുമലിൽ ചാരിവച്ചിരിക്കുകയാണ് ഉദ്യോഗസ്ഥർ.

ജീവിതശൈലികളിലെ ഇടർച്ചകൾ

നടപ്പില്ലെങ്കിൽ കിടപ്പാകുമെന്ന് എല്ലാ ഡോക്ടർമാരും മലയാളികൾക്ക് മുന്നറിയിപ്പ് നൽകാറുണ്ട്. ഇരിപ്പും കിടപ്പുമല്ലാതെ മറ്റൊന്നും മലയാളിക്ക് ഇപ്പോൾ പരിചിതമല്ല. കാരണം, നഗരത്തിൽ പ്രഭാതസവാരിക്കേ സ്‌കോപ്പുള്ളൂ. സായാഹ്ന സവാരിയെപ്പറ്റി ചിന്തിക്കുകയേ വേണ്ട. ഇടത്തരക്കാരും പാവപ്പെട്ടവരുമെല്ലാം നടപ്പിലെ അധ്വാനം വേറെ രീതിയിൽ പൂർത്തിയാക്കുന്നവരാണ്. എന്നാൽ സാധാരണക്കാരിലെ ഉയർന്ന വരുമാനക്കാരുടെ അവസ്ഥ ദയനീയമാണ്. ഈയിടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കുടുംബാരോഗ്യ സർവേയിൽ 38% സ്ത്രീകളും 36.5% പുരുഷന്മാരും  പൊണ്ണത്തടിയുള്ളവരാണ്.

നാം വിശപ്പുണ്ടെങ്കിലും ഇല്ലെങ്കിലും വാരിവലിച്ച് തിന്നുന്ന ശീലമുള്ളവരായി മാറിയിട്ടുണ്ടോ? 'ജംഗ് ഫുഡ്' ഇനത്തിൽ പെട്ട ഭക്ഷണമാണോ നമ്മുടെ കുട്ടികൾ കഴിക്കുന്നത്? കുട്ടികൾ പലതും നേരിട്ട് വാങ്ങുമ്പോൾ അവരുടെ നന്മ നോക്കുന്ന രക്ഷിതാക്കൾ ഭക്ഷണം ഓൺലൈനിലോ ഓഫ് ലൈനിലോ, ഓർഡർ ചെയ്യുമ്പോൾ അവരുടെ ആരോഗ്യത്തിന് അത് നല്ലതാണോ എന്ന് ചിന്തിക്കാറുണ്ടോ? ഡെബിറ്റ് ക്രെഡിറ്റ് കാർഡുകളിലൂടെ കുട്ടികൾ ഭക്ഷണം ഓർഡർ ചെയ്യുന്നത് രക്ഷിതാക്കൾ അത് അവരുടെ സ്വാതന്ത്ര്യമല്ലേയെന്ന മട്ടിൽ നിസ്സാരവത്ക്കരിക്കുന്നുണ്ടോ?

ഭർത്താവിന് രാവിലെ 8ന് ജോലിക്ക് പോകണം, ഭാര്യ ജോലി കഴിഞ്ഞെത്തുന്നത് വെളുപ്പിന് 3 മണിക്ക് കുട്ടികളുടെ പ്രത്യേക ഓൺലൈൻ ട്യൂഷൻ വെളുപ്പിന് 5 മണിക്ക് എന്ന മട്ടിൽ ഒരു കുടുംബം ജീവിക്കുമ്പോൾ ആ കുടുംബം അനാരോഗ്യകരമായ ഭക്ഷണശൈലികളിലേക്ക് തലകുത്തി വീഴുമെന്ന കാര്യം മറക്കാതിരിക്കാം. അപ്പോൾ വീട്ടിലിരുന്നും വിഷം ഓർഡർ ചെയ്യാമെന്നാണോ നാം കരുതിയിട്ടുള്ളത്.

കുളിയും നനയുമില്ലെങ്കിൽ അത്രയും ലാഭം

ഏറ്റവും എളുപ്പത്തിൽ ലാഭമുണ്ടാക്കാവുന്നത് ഹോട്ടൽ ബിസിനസാണെന്ന് പറയുന്നു. 60 ശതമാനം വരെയാണ് ലാഭം. പക്ഷെ ഒരു ഹോട്ടൽ നടത്തിക്കൊണ്ടുപോകുകയെന്നത് കേരളത്തിൽ അത്ര എളുപ്പമല്ല. പാചകത്തൊഴിലാളികളും വെയിറ്റർമാരുമെല്ലാം വന്നുപോയുമിരിക്കുന്നവരാണ്. അന്യസംസ്ഥാനത്തൊഴിലാളികളെ കൂലിയിലുള്ള ലാഭം നോക്കി മലയാളികൾ നിയമിച്ചു തുടങ്ങിയിട്ട് കാലമേറെയായി. തമിഴരുടെ ഹോട്ടലുകളിൽ പണ്ട് അവരുടെ ബന്ധുക്കളും അകന്ന ബന്ധുക്കളുമെല്ലാമായിരുന്നു തൊഴിലാളികൾ. ഇപ്പോൾ അത് മാറി. തമിഴ് കുടുംബങ്ങളിലെ ചെറുപ്പക്കാർ എച്ചിലെടുക്കാനും പാത്രം കഴുകാനും വരുന്നില്ല.

അവർ കൂടുതൽ പണം കിട്ടുന്ന തൊഴിലുകൾ കണ്ടെത്തുന്നു. മറ്റു ചിലർ വിദേശത്ത് പഠനവും ജോലിയുമായി വിമാനമേറുന്നു. അതുകൊണ്ട് 'കുളിയും നനയുമില്ലാത്ത' അതിഥിത്തൊഴിലാളിയെ പണിക്കുവച്ചാൽ വെള്ളവും എണ്ണയും സോപ്പുമെല്ലാം ലാഭമെന്നു കരുതുന്ന ഹോട്ടലുടമകൾ പോലുമുണ്ട്.പണ്ട് എറണാകുളം നോർത്തിൽ രണ്ട് പ്രധാനപ്പെട്ട ഹോട്ടലുകൾ ഉണ്ടായിരുന്നു. ഒന്ന് മാതാ ടൂറിസ്റ്റ് ഹോം. മറ്റൊന്ന് ബാനർജി റോഡിലുള്ള സോണി. (പേരിന്റെ കോപ്പിറൈറ്റ് പ്രശ്‌നം കൊണ്ടാണോ എന്തോ ഇപ്പോൾ സാനിയെന്നു പേര് മാറ്റിയിട്ടുണ്ട്.)

കലൂർ ഡെന്നിസ് എന്ന തിരക്കഥാകൃത്തിന് മാതാ ടൂറിസ്റ്റ് ഹോമിൽ പ്രത്യേകം എഴുത്തു മുറിവരെയുണ്ടായിരുന്നു. 'മാതാ'യിൽ വിളമ്പുന്ന ചോറിനുള്ള അരി ഹോട്ടൽ ഉടമസ്ഥൻ അന്ന് കുട്ടനാട്ടിൽ നിന്നു കൊണ്ടുവന്നിരുന്നു. നല്ല കരിമീൻ കറിയും വറുത്തതുമെല്ലാം മാതായുടെ സ്‌പെഷ്യൽ ഐറ്റങ്ങളായിരുന്നു. സോണി ഹോട്ടലിലാകട്ടെ, ഓരോ 10 മിനിട്ട് കൂടുമ്പോഴും ഹോട്ടൽ മുതലാളി അടുക്കളയിലേക്ക് ഓടിയിരുന്നു. പോകുന്ന പോക്കിൽ പരിചയമുള്ള ഇടപാടുകാരുടെ തോളത്തൊന്നു തട്ടും. ഒരു ചിരിയും പാസാക്കും.

ഓരോ കസ്റ്റമറെയും നിരീക്ഷിക്കുകയും അവരുടെ ആവശ്യങ്ങൾ വെയിറ്റർമാർ കാണുന്നില്ലെങ്കിൽ, അത് ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്ന രണ്ട് ഉടമസ്ഥശിങ്കങ്ങളായിരുന്നു സോണിയുടെ അട്രാക്ഷൻ.  ഇന്ന്, തമിഴ് ഹോട്ടലുകൾ കൊണ്ടുവന്ന 'ഊണിന് മുൻകൂർ ചീട്ട്' എന്ന രീതി പല മലയാളി ഹോട്ടലുടമകളും പിന്തുടരുന്നുമുണ്ട്. സ്‌നേഹം കൂടി ഭക്ഷണത്തോടൊപ്പം പണ്ട് വിളമ്പിയ ഹോട്ടലുകൾ ഇന്ന് കേരളത്തിൽ വിരളമാണ്. 'വേണമെങ്കിൽ കഴിച്ചിട്ട്, കാശ് വച്ചിട്ട് പോടേ' എന്ന മട്ടിലുള്ള രീതിയിലാണ് ഇപ്പോൾ ഹോട്ടൽ നടത്തിപ്പ്.


വലിയ വലിയ ലോകം, കുഞ്ഞു കുഞ്ഞു കടകൾ...

പഴകിയ ഭക്ഷണം പിടിക്കാൻ പോയിട്ട്  കണി കാണാൻ പോലും കിട്ടാത്ത കൊച്ചു കൊച്ചു ഭക്ഷണശാലകളും ഇപ്പോൾ കേരളത്തിൽ പച്ച പിടിക്കുന്നുണ്ട്.  എറണാകുളം പാലാരിവട്ടം പൈപ്പ് ലൈനിലുള്ള 'മാതാ ഹോട്ടൽ' ഗൂഗിൾ റേറ്റിങ്ങിൽ ഏറെ മുന്നിലാണ്. അന്നന്നുള്ള കസ്റ്റമർമാർ പോലും നേരത്തേ ഇടം പിടിച്ചില്ലെങ്കിൽ ഭക്ഷണം കിട്ടാതെ പോകുമെന്നതാണ് ഇവിടുത്തെ സ്ഥിതി. കേരളത്തിന്റെ മുക്കിലും മൂലയിലുമുള്ള ചെറുകിട ഭക്ഷണശാലകൾ കയറിയിറങ്ങി, അത്തരം, 'പാവപ്പെട്ട കട' കളെ നവമാധ്യമങ്ങളിൽ പരിചയപ്പെടുത്തുന്ന നിരവധി പേരുണ്ടിപ്പോൾ.

അതുകൊണ്ട്, മഴക്കാലത്ത് ഒരു ചുടു ചായ വേണമെന്നുള്ളപ്പോൾ, ഹോട്ടലിന്റെ 'പള പളപ്പ്' നോക്കാതെ ഗൂഗിളിലൊന്നു പരതൂ. 'ജോൺസൺ മാഷിന്റെ പാട്ടും' പരിപ്പു വടയും ചൂട് കട്ടൻചായയും ചുടു കഞ്ഞിയും പയറു കറിയുമെല്ലാം കിട്ടുന്ന ഏതെങ്കിലുമൊരു കുഞ്ഞു കടയുടെ ലൊക്കേഷൻ മാപ്പ് കണ്ണിൽ തടയും. വെറുതെ 'ഷവർമ'യും മറ്റും കഴിച്ച് പിഞ്ച് പ്രായത്തിലേ 'ചുമരിൽ പടമായി കയറാതിരിക്കാൻ' ഈ ഉപദേശം ഉപകാരപ്പെടും കേട്ടോ.

ആന്റണി ചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam