സെൽഫ് ഗോളടിക്കുന്ന രാഷ്ട്രീയക്കാരും കബഡി കളിക്കുന്ന മാധ്യമങ്ങളും

JULY 9, 2021, 10:16 PM

കേരളത്തിലെ നമ്പർവൺ പത്രവും ചാനലും തമ്മിൽ ഒരുതരം കബഡി മൽസരം നടക്കുകയാണിപ്പോൾ. അച്ചടി മാധ്യമങ്ങൾ ആകട്ടെ എല്ലും തോലുമായി അരപ്പട്ടിണിയിലാണ്. ഒന്നാം സ്ഥാനത്തുള്ള മലയാളത്തിന്റെ പത്രമുത്തശ്ശി ദിവസങ്ങൾക്കു മമ്പേ ഒരു വാർത്ത 'ബ്രേക്ക്' ചെയ്തു. റഫാൽ വിമാന ഇടപാടിൽ ഫ്രാൻസിൽ അന്വേഷണം തുടങ്ങിയെന്നതായിരുന്നു ആ ബ്രേക്ക് ന്യൂസ്. കൃത്യമായി ഇതേ വാർത്ത ഒരു മുഖ്യ ഇടതുപക്ഷ പത്രവും ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചു.

പക്ഷെ, നിർഭയം, നിരന്തരം പിന്നെ എന്തൊക്കെയോ 'തന്തിരം' എന്ന പരസ്യവാചകമുള്ള നമ്പർ വൺ ചാനൽ ആ വാർത്ത മുക്കി. റഫാൽ ഇടപാടിനെക്കുറിച്ച് 'അന്തി ചർച്ചകൾ' ഏറെ നടത്തിയ ചാനൽ, ഏതൊരു അഴിമതിയും മുഖം നോക്കാതെ തുറന്നു കാണിക്കുന്ന ആ 'ഏഷ്യാവല' എന്തുകൊണ്ടാകാം ആ വാർത്ത കണ്ടില്ലെന്നു നടിച്ചത് ? ഇതിനുള്ള മറുപടി നമ്പർ വൺ പത്രത്തിന്റെ കേന്ദ്രമന്ത്രിസഭാവികസനത്തെക്കുറിച്ചുള്ള വാർത്തയിൽ അവർ നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

പുതിയതായി ചുമതലയേറ്റ ഒരു മന്ത്രി നമ്മുടെ നമ്പർ വൺ ചാനലിൽ പണമിറക്കിയിട്ടുള്ള കമ്പനിയുടെ ഉടമയാണെന്ന് പത്രം പറയുന്നു. പേരുകൾ തുറന്നെഴുതാത്തത് മനഃപൂർവമാണ്. കാരണം ഏതൊക്കെ തരത്തിലുള്ള വാർത്താലേഖനങ്ങളാണോ നാളെ കുറ്റകരമാണെന്ന് ഭരണീയർ കണ്ടെത്തുന്നതെന്നറിയില്ലല്ലോ. അതുകൊണ്ട് അൽപ്പം അടക്കവും മിതത്വവും കാണിച്ചുവെന്നേയൂള്ളൂ.

എൽ.ഡി.എഫ് ഉറപ്പായും വരുമെന്ന് പല സർവേകൾ നടത്തി പ്രഖ്യാപിച്ച നമ്പർ വൺ ചാനൽ, ഇടതുപക്ഷ സർക്കാരിനെതിരെ എല്ലാ ദിവസവും ഒരു അഴിമതി, ഒരു സാമൂഹിക നീതിനിഷേധം, ഒരു പൊളിറ്റിക്കൽ ബന്ധമുള്ള ക്രൈം എന്ന മട്ടിലുള്ള ചേരുവകൾ വിളമ്പുകയാണിപ്പോൾ. 900 കോടി രൂപയുടെ പരസ്യം മാധ്യമങ്ങൾക്ക് ഇടതുപക്ഷ സർക്കാർ നൽകിയെന്ന് ആരോപണമുയർന്നിരുന്നു.

പക്ഷെ കോവിഡ് കാലത്ത് പത്രമാപ്പീസുകൾക്കും ചാനലുകൾക്കും പൂട്ടുവീഴാതിരുന്നതിന് പിണറായിക്കു മുമ്പിൽ തിരികത്തിച്ച് പ്രാർത്ഥിച്ചവർ അന്നുമുണ്ട്, ഇന്നുമുണ്ട്. ഇതെല്ലാമായിട്ടും താത്കാലിക നിയമനം ലഭിച്ച പാർട്ടി സെക്രട്ടറി എ. വിജയരാഘവൻ ഇപ്പോൾ പറയുന്നു: ഇടതുപക്ഷ സർക്കാരിനെതിരെ മാധ്യമ സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന്!

vachakam
vachakam
vachakam

പിണറായി ഭരണത്തിന്റെ രണ്ടാം ഭാഗം, കമനീയമായ അക്ഷരങ്ങൾ കൊണ്ട് പടച്ചുവിട്ട വാർത്തകൾ കൊണ്ടും, ചന്ദ്രിക സോപ്പിന്റെ പത പോലും തോറ്റപോകുന്ന വിധത്തിലുള്ള പതപ്പിക്കൽ കൊണ്ടും കെങ്കേമമാക്കിയ പത്രമാധ്യമങ്ങളും ചാനലുകളും അർജുൻ ആയങ്കിയെയും മുട്ടിൽ മരംമുറിയെയും വിസ്മയയുടെ മരണത്തെയുമെല്ലാം വാർത്താതോരണങ്ങളാക്കി മാറ്റിയപ്പോൾ, വിജയരാഘവൻ പറയുന്നത് അത് മാധ്യമ സിൻഡിക്കേറ്റ് വക കരിമരുന്നു പ്രയോഗമെന്നാണ് ! അപ്പോൾ, തെരഞ്ഞെടുപ്പിനു മുമ്പ് എല്ലാ പത്രങ്ങളും ചാനലുകളും ഒരപോലെ വിളിച്ചു കൂവിയത് ഉറപ്പാണ് എൽ.ഡി.എഫ്. എന്നല്ലേ ? അന്ന് മാധ്യമങ്ങളിൽ നിന്ന് ഈ സിൻഡിക്കേറ്റ് മാറിനിൽക്കുകയായിരുന്നവോ?

മാണി അഴിമതിക്കാരനാണെന്നു സുപ്രീം കോടതിയിൽ വാദിച്ച രഞ്ജിത് കുമാർ എന്ന അഭിഭാഷകന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്നാണ് ഇപ്പോൾ മാധ്യമങ്ങളുടെ പേരിലുള്ള പുതിയ കുറ്റം. നിയമസഭാ ടി.വി.യുടെ ക്ലിപ്പിംഗ് കണ്ടാൽ, തെമ്മാടിപ്പിള്ളേർ പോലും നാണിച്ച് തല താഴ്ത്തുമെന്നു പറയേണ്ടിവരും. പുതിയ വിദ്യാഭ്യാസ മന്ത്രിയുടെ 'സ്റ്റണ്ട് സീൻ' വിദ്യാർത്ഥികൾക്ക് വാട്‌സാപ്പായി അയച്ചുകൊടുത്ത്

വരുംതലമുറയെ 'ഗുണ്ടവൽക്കരിക്കാൻ' ഇതിൽ പരം വേറെ എന്ത് 'ദൃശ്യ'മാണ് വേണ്ടത് ?

vachakam
vachakam

ഒരു പത്രപ്രവർത്തകനെ കാറിടിച്ചുകൊന്നുവെന്ന് ആരോപിക്കുന്ന ഉദ്യോഗസ്ഥന്റെ കൈപ്പിഴ മദ്യം മൂലമാണെന്ന് തിരിച്ചറിഞ്ഞിട്ടും, വീണ്ടും 'ജോലിയിലുള്ള ടെൻഷൻ' കുറയ്ക്കാൻ നിസ്സാര തുകയ്ക്ക് ബാർലൈസൻസ് വേണമെന്ന് നാണമില്ലാതെ പറയുന്ന കേരളത്തിലെ 'ഉദ്യോഗസ്ഥ കിരീടധാരികൾ' മറ്റ് പല നേരമ്പോക്കുകളും കൂടി സൗജന്യ നിരക്കിൽ തരാമോ എന്ന് സർക്കാരിനോട് ചോദിക്കുന്ന കാലം വിദൂരമല്ല. കേരളത്തിന്റെ മൊത്തവരുമാനത്തിന്റെ 65% ഉം ശമ്പളവും പെൻഷനുമായി 'തിന്നുമുടിക്കുന്ന'വരെന്ന ചീത്തപ്പേര് മാറ്റാൻ ഇനിയെങ്കിലും സർക്കാർ ഉദ്യോഗസ്ഥന്മാരുടെ സംഘടനകൾ ശ്രമിക്കമോ ആവോ ?

ഈയിടെ ഒരു കണക്ക് പത്രങ്ങളിൽ കണ്ടു. കർണ്ണാടകത്തിൽ 110.76 ലക്ഷം ഹെക്ടർ കൃഷിഭൂമിയുണ്ടെന്നും അവിടെ 1425 ഹെക്ടറിന് ഒരു കൃഷിയാപ്പീസർ എന്നാണ് അനുപാതമെന്നും ആ വാർത്തയിലുണ്ട്. കേരളത്തിൽ കൃഷിഭൂമിയായിട്ടുള്ളത് 11.16 ലക്ഷം ഹെക്ടർ. ഇവിടെ 141 ഹെക്ടറിന് ഒരു കൃഷിയാപ്പീസർ എന്നാണ് അനുപാതം. എന്നിട്ടും നമ്മുടെ കർഷകർക്ക് കൃഷിവകുപ്പിൽ നിന്ന് ലഭിക്കുന്ന 'സേവനം' എത്രയുണ്ടെന്ന് എല്ലാവർക്കുമറിയാം.

കേരളത്തിന് ലോകരാജ്യങ്ങളിൽ നല്ല മേൽവിലാസമുണ്ടാകണമെങ്കിൽ, നമ്മുടെ നാട് ഭരിക്കുന്നവർ അവരുടെ പാർട്ടികളുടെ സ്ഥാപിത കാലത്തുള്ള ആദർശ വാക്യങ്ങളെങ്കിലും മനസ്സിരുത്തി പഠിക്കണം. ലോകം മാറിയിരിക്കുന്നു. കോവിഡ് പഠിപ്പിച്ച പാഠങ്ങൾ രാഷ്ട്രീയ പാർട്ടികളിൽ പലതും ഹൃദിസ്ഥമാക്കുന്നതേയില്ല. പത്രങ്ങളും ചാനലുകളും വരച്ചിടുന്ന വാർത്തകളുടെ ചാലുകൾക്കപ്പുറത്ത് മറ്റൊരു ലോകമുണ്ട്. ഓണത്തിനും വിഷുവിനും കിറ്റ് കൊടുത്ത് ആ ഇല്ലാപ്പാവങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്ന് അഹങ്കരിക്കരുത്.

സ്വർണ്ണ കടത്ത് നടത്തിയെന്ന് ആരോപിക്കുന്ന വനിതാരത്‌നം ലോക്ഡൗൺ കാലത്ത് തിരുവനന്തപുരത്തുനിന്ന് കർണ്ണാടകത്തിലേക്ക് പോയത് എത്രയോ പോലീസ് ചെക്ക്‌പോസ്റ്റുകൾ കടന്നായിരുന്നു ! കള്ളത്തടി മുറിച്ചു കടത്തിയതും മറ്റൊരു ലോക്ഡൗൺ കാലത്തുതന്നെ. അന്നത്തെ ചെക്ക്‌പോസ്റ്റുകൾക്ക് ഇപ്പോഴും മാറ്റമില്ല.

കാരണം അഴിമതിയുടെ 'കറുത്തനാട' ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ നിന്ന് പോലീസ് ആസ്ഥാനം വഴി താഴെക്കിടയിലുള്ള ഉദ്യോഗസ്ഥവൃന്ദം വരെ 'കാണ്ഡം കാണ്ഡമായി' നീണ്ടു കിടക്കുകയല്ലേ ? കള്ളവാറ്റിന് കയ്യാമവും കള്ളസ്വർണക്കടത്തിനും കള്ളത്തടി വെട്ടിനും പട്ടും വളയും എന്ന മട്ടിലുള്ള ഭരണമെന്ന് മറ്റുള്ളവർ കുറ്റപ്പെടത്തമ്പോൾ പാവം ജനം എന്തു പറയാനാണ്.

അതല്ലെങ്കിൽ സ്വർണക്കള്ളക്കടത്തും കള്ളത്തടിവെട്ടുമെല്ലാം നമ്മുടെ സർക്കാർ ഔദ്യോഗിക വ്യവസായങ്ങളായി പ്രഖ്യാപിക്കട്ടെ. നമുക്ക് പറ്റില്ലെങ്കിലും നമ്മുടെ മക്കൾക്കെങ്കിലും ഇ.ഡി.യെ പേടിക്കാതെ ഒരു സുന്ദരലോകം തീർക്കണമെന്നതല്ലേ എല്ലാവരുടെയും മോഹം. പണ്ടും 'പൊന്ന'രിവാളില് കണ്ണെറിയുന്നതാണല്ലോ നമ്മുടെ ശീലം. എന്തുകൊണ്ട് അത് 'ഇരുമ്പ്' അരിവാൾ എന്ന് കവി എഴുതിയില്ല ? കാരണം മിക്ക കവികളും എല്ലാം മുൻകൂട്ടി കാണുന്ന പ്രവാചകന്മാരാണ്. അന്നും ഇന്നും.

ആന്റണി ചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam