കുളിച്ചില്ലെങ്കിലും 'എന്തോ ഒന്ന്' പുരപ്പുറത്തിടാറില്ലേ? അതുതന്നെയാണ് ഇപ്പോൾ നമ്മുടെ ധനകാര്യം

SEPTEMBER 21, 2022, 5:28 PM

നാക്കിന് എല്ലില്ലാതെ എന്തെങ്കിലും വിളിച്ചുപറയുന്ന ഒരാളായിരിക്കരുത് ധനമന്ത്രി. കേരളത്തിലെ ധനമന്ത്രി കെ.എൻ. രാജഗോപാൽ മാന്യനായ ഒരു മന്ത്രിയാണ്. പക്ഷെ, ഖജനാവ് ശൂന്യമെന്നോ, സാമ്പത്തിക സ്ഥിതി ഗുരുതരമെന്നോ പറയാൻ പിണറായി മന്ത്രിസഭയിലെ ആർക്കും അനുവാദമില്ല. എന്തിന് ധനമന്ത്രി പോലും അങ്ങനെ പറയരുതെന്നാണ് പാർട്ടി കൽപ്പന. പിന്നെ പറയാവുന്ന ഒരു നാടൻ ശൈലിയുണ്ട്. ചെറുക്കൻ കാണാൻ മറുനാട്ടിൽ നിന്നു വന്ന  പെൺവീട്ടുകാരോട് അയൽപക്കക്കാരൻ പറഞ്ഞ ഒരു ഫലിതമാണത്.

ചെറുക്കൻ സൽസ്വഭാവിയാണ്. ചിലപ്പോൾ കഞ്ചാവ് ബീഡി വല്ലപ്പോഴും വലിക്കും. പിന്നെ ആള് ബിരുദധാരിയാണ്. പക്ഷെ, പഞ്ചാബിലോ മറ്റോ പോയി കാശിനു വാങ്ങിയ ഡിഗ്രിയാണെന്നു ചില വിവരദോഷികൾ പറയും. ധൈര്യമായിട്ട് മോളെ കെട്ടിച്ചു കൊടുത്തോ എന്ന് പറയുന്ന ആ നല്ല അയൽക്കാരൻ പറയാതെ പറഞ്ഞതെന്താ? ചെറുക്കൻ ഒന്നാന്തരം തിരുമാലിയാണെന്നല്ലേ? ഓണത്തിന് 15000 കോടിയൊക്കെ ചെലവാക്കി തലയും വാലുമില്ലാതെ കിളിപോയ മട്ടിൽ നിന്ന ധനമന്ത്രി പറഞ്ഞത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നായിരുന്നു.

അൽപ്പം പേടിയുള്ള കൂട്ടത്തിലാല്ലേ എന്നു ചോദിക്കുമ്പോൾ, ഏയ് പേടിയൊന്നുമില്ല, ഒരു ചെറിയ ഭയം എന്ന സിനിമാഡയലോഗ് പോലെ വിചിത്രമായി സംസാരിച്ച ധനമന്ത്രി വീണ്ടും ഒരു 'ഫയർ ടെസ്റ്റ്' നേരിടേണ്ടിവന്നു. കാലിയായ ഖജനാവിൽ എലി പെറ്റുകിടക്കുമോ എന്നു പത്രക്കാർ ചോദിക്കരുതേയെന്നു മനസ്സിൽ പ്രാർത്ഥിക്കവേ, ദേ വരുന്നു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ സന്ദർശന പ്രഖ്യാപനം.

vachakam
vachakam
vachakam

ധനമന്ത്രി വീണ്ടും പിടിച്ചു നിന്നു. വിദേശയാത്ര ഒഴിവാക്കാൻ നമ്മുടെ കേരളം ദരിദ്രരാജ്യമൊന്നുമല്ലെന്നായിരുന്നു ഇക്കാര്യത്തിൽ ബാലഗോപാലൻ സാറിന്റെ മറുപടി.

പെട്ടിയിൽ പുത്തനുണ്ടെങ്കിൽ ഇങ്ങനെ ഒളിച്ചു കളിക്കരുത്

തൽക്കാലം നമുക്ക് മന്ത്രിയുടെ സൈഡ് പിടിക്കാം. പക്ഷെ മന്ത്രി താഴെ പറയുന്ന ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ സ്വയം പൂരിപ്പിച്ച് നാട്ടുകാരെ അറിയിക്കുമോ? ഭിന്നശേഷിക്കാരായ കിടപ്പുരോഗികളെ ശുശ്രൂഷിക്കുന്നവർക്ക് പ്രതിമാസം 600 രൂപ നൽകി വരുന്നുണ്ടായിരുന്നു. കഴിഞ്ഞ 2 വർഷമായി 'ആശ്വാസകിരണം' എന്ന സെന്റിമെന്റലായ പേരുള്ള ആ പദ്ധതിയിലെ ഉപയോക്താക്കൾക്ക് ഈ തുക കുടിശ്ശികയാണ്. എന്തുകൊണ്ട് ?

vachakam
vachakam
vachakam

ആരും വിശന്നിരിക്കരുതെന്ന്  ഭരണകർത്താക്കൾ ശഠിക്കുന്നത് നല്ലതാണ്. ഇതിനായി 20 രൂപയ്ക്ക് ഊണ് കിട്ടുന്ന ജനകീയ ഹോട്ടലുകൾ തുടങ്ങാൻ കുടുംബശ്രീക്കാർക്ക് നിർദ്ദേശം നൽകി. സംസ്ഥാനത്ത് സർക്കാർ കണക്കിൽ 1027 ജനകീയ ഹോട്ടലുകളുണ്ട്. ഒരു ഊണിന് 10 രൂപയാണ് സർക്കാർ സബ്‌സിഡി. കഴിഞ്ഞ 5 മാസമായി ഈ സബ്‌സിഡി വിതരണം ചെയ്തിട്ടില്ല. ഈ കുടിശ്ശിക തീർക്കാൻ 14 കോടി രൂപയെങ്കിലും വേണം. എറണാകുളം ജില്ലയിലെ ജനകീയ ഹോട്ടലുകൾക്കു മാത്രം 2 കോടി രൂപ കുടിശ്ശിക നൽകാനുണ്ട്.

കൊച്ചി കോർപ്പറേഷന്റെ വക സമൃദ്ധി @ കൊച്ചി ഹോട്ടലുകാർക്കും സബ്‌സിഡിയായി കൊടുക്കാനുള്ളത് 20 ലക്ഷം രൂപയാണ്. മന്ത്രി പറയൂ, ഈ തുക എന്നു കൊടുക്കും? പ്രളയം രണ്ടു തവണ വന്നു. ചക്രവാതച്ചുഴലി, മേഘവിസ്‌ഫോടനം, മിന്നൽ പ്രളയം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പദങ്ങൾ കേൾക്കാൻ ഇമ്പമുണ്ട്. പക്ഷെ, കഴിഞ്ഞ മഴക്കെടുതികളിൽ ഉണ്ടായ കൃഷി നാശത്തിന് കണക്കാക്കിയ 316.84 കോടി രൂപ കർഷകർക്ക് ഇനിയും കിട്ടിയിട്ടില്ല.

കേരളത്തിൽ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കാൻ വേണ്ടി കർഷകരിൽ നിന്ന് ശേഖരിച്ച ഉൽപ്പന്നങ്ങളുടെ വിലയും ഇതേവരെ 'ഹോൾട്ടി കോർപ്പറേഷൻ' നൽകിയിട്ടില്ലെന്ന് ഭരണകക്ഷി എം.എൽ.എ.യായ മുൻമന്ത്രി ഗണേഷ്‌കുമാർ നിയമസഭയിൽ പറഞ്ഞിട്ടും ഓണത്തിനുപോലും അവർക്ക് സർക്കാർ പണം നൽകിയില്ല. ഇനി എന്നു കൊടുക്കുമെന്ന് മന്ത്രിയൊന്ന് പറഞ്ഞേ.

vachakam
vachakam
vachakam


നമ്മുടെ പ്രധാനാധ്യാപകർ ചിന്താവിഷ്ടരാണ്...

സർക്കാർ വക ഉച്ചക്കഞ്ഞിയെന്നെല്ലാം പറയുമെങ്കിലും, ഓരോ സ്‌കൂളിലും അതിന്റെ പേരിൽ വെന്തു നീറുന്നത് പ്രധാനാധ്യാപകരാണ്. കടം മേടിച്ചും, സ്വർണം പണയംവെച്ചും, രക്ഷാകർത്തൃ സംഘടനയുടെ കാലും കൈയും പിടിച്ചുമെല്ലാമാണ് കുട്ടികൾക്ക് ഉച്ചക്കഞ്ഞിയുണ്ടാക്കി നൽകുന്നത്. സർക്കാരിന്റെ മാനം കാക്കുന്ന ഈ ധീര ഗുരുക്കന്മാർക്ക് ഈയിടെ വിദ്യാഭ്യാസ വകുപ്പിലെ ഏമാന്മാർ എട്ടിന്റെയല്ല, പതിനെട്ടിന്റെ പണികൊടുത്തു.

2010 മുതൽ 2021 വരെ വിതരണം ചെയ്ത 9,10 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പ്രളയവും കോവിഡുമെല്ലാം കാരണം സ്‌കൂളുകളിൽ കെട്ടിക്കിടക്കുന്നുണ്ട്. വിദ്യാർത്ഥികൾ വാങ്ങാതെ പോയ 12 വർഷത്തെ പാഠപുസ്തകങ്ങളുടെ വിലയും 18 ശതമാനം പലിശയും ചേർത്ത് സർക്കാരിന് പ്രധാനാധ്യാപകർ നൽകണമെന്നാണ് ഇപ്പോൾ ഉത്തരവിറങ്ങിയിട്ടുള്ളത്. വിദ്യാഭ്യാസ വകുപ്പിലെ ഉന്നതന്മാരുടെ നിർദ്ദേശം ടെക്സ്റ്റ് ബുക്ക് ഓഡിറ്റ് വിഭാഗവും ശരിവച്ചു കഴിഞ്ഞു.

ഇക്കാര്യത്തിൽ അധ്യാപകരുടെ പരാതി കേട്ട് പരിഹാരമുണ്ടാക്കണമെന്ന് ഹൈക്കോടതി വിധിച്ചിട്ടുണ്ട്. 2009 വരെ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്ന് മുൻകൂർ  പണം നൽകി പ്രധാനാധ്യാപകർ പാഠപുസ്തകങ്ങൾ വാങ്ങിയിരുന്നു. 2010 മുതൽ വിദ്യാഭ്യാസവകുപ്പ് പുസ്തകങ്ങൾ സ്‌കൂളുകളിൽ നേരിട്ടെത്തിക്കാൻ തുടങ്ങി. അധ്യയന വർഷമാരംഭിച്ച് പലപ്പോഴും മാസങ്ങൾ കഴിഞ്ഞാണ് പാഠപുസ്തകങ്ങൾ സ്‌കൂളിലെത്തിക്കുന്നത് അതുകൊണ്ടുതന്നെ പല കുട്ടികളും പാഠപുസ്തകങ്ങൾ വാങ്ങാതെ തടിതപ്പും. വിൽക്കാത്ത പുസ്തകങ്ങൾ വിദ്യാഭ്യാസ വകുപ്പ് തിരിച്ചെടുക്കില്ല.

പല  പ്രധാനാധ്യാപകരും വിരമിക്കാൻ ഒരുങ്ങിനിൽക്കേ പാഠപുസ്തകങ്ങളുടെ കണക്ക് സംബന്ധിച്ച ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയാലേ റിട്ടയർമെന്റ് ആനുകൂല്യങ്ങളും പെൻഷനും കിട്ടൂ എന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. പാവം അധ്യാപകർ അവർ ഇപ്പോൾ ഉച്ചക്കഞ്ഞിക്ക് പണം കണ്ടെത്താൻ നാട്ടുകാർക്കു മുമ്പിൽ കൈനീട്ടിയതുപോലെ പാഠപുസ്തക വിലയുടെ കുടിശ്ശിക അടയ്ക്കാൻ എന്തെങ്കിലും ചെയ്യാനാവുമോ എന്ന  തത്രപ്പാടിലാണ്.


മൈക്കിനൊക്കെ ഇപ്പോ എന്താ റേറ്റ് ?

പണ്ടൊരു സിനിമയിൽ (താളവട്ടം -പ്രിയദർശൻ) ജഗതിശ്രീകുമാറിന്റെ കഥാപാത്രം എം.ജി. സോമന്റെ ഡോക്ടർ വേഷത്തോട് ഒരു ഡയലോഗ് പറഞ്ഞിട്ടുണ്ട് ''ഞാനൊരു മൈക്കും കെട്ടിവച്ച് ഇറങ്ങാൻ പോകുവാ'' എന്ന്. ഇപ്പോൾ അത്തരമൊരു ഡയലോഗ് ഏശില്ല. കാരണം ഉച്ചഭാഷിണിയുടെ ലൈസൻസ് ഫീ, 15 ദിവസത്തേയ്ക്ക് 330 രൂപയിൽ നിന്ന് 660 രൂപയായി സർക്കാർ ഉയർത്തിക്കഴിഞ്ഞു.

ജില്ലയ്ക്കുള്ളിൽ വാഹനത്തിൽ അനൗൺസ്‌മെന്റ് നടത്താൻ 555 രൂപ മതിയായിരുന്നു ഇപ്പോൾ അത് 1110 രൂപയായി. 5 ദിവസം കേരളമൊട്ടുക്ക് മൈക്കിൽ കൂടി വിളിച്ചു പറയണോ? രൂപ 5515ൽ നിന്ന് 11030 രൂപ. സർക്കാരിനെതിരെയുള്ള ഒരു പ്രതിഷേധയോഗം സംഘടിപ്പിക്കാൻ പോലും കാശ് കൂടും. ഇതും അഭിപ്രായ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടാനും നിയന്ത്രിക്കാനുമല്ലേ എന്ന് ചോദിക്കാം. പക്ഷെ ഈ ക്വിസിന് ആര് മറുപടി തരാൻ?

ക്രൈം: കൊച്ചി കൂവിത്തെളിയുന്നു

കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കൊച്ചി നഗരം ദേശീയതലത്തിൽ മൂന്നാമതെത്തി. മയക്കുമരുന്ന് വിപണന മേഖലയിലും കൊച്ചി രണ്ടാം സ്ഥാനത്തുണ്ട്. ഇതെങ്ങനെ ഒപ്പിച്ചെടുത്തുവെന്ന എൻക്വയറി ഔദ്യോഗികമായി നടന്നുവരുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കൊച്ചി നഗരാതിർത്തിയിൽ കൊല്ലപ്പെട്ടത് അഞ്ചു പേരാണ്.

നമ്മുടെ ആഭ്യന്തരവകുപ്പ് നേടിയെടുക്കുന്ന ഈ കുപ്രസിദ്ധി മറുനാട്ടിൽ അറിയിക്കുന്നത് സദുദ്ദേശത്തോടെയാണ്. കഴിയുമെങ്കിൽ കൊച്ചി വഴി യാത്ര തൽക്കാലം വേണ്ട. എപ്പോഴാണ് തല പോകുന്നതെന്നറിയില്ലല്ലോ.

ജനകീയ സർക്കാരിന്റെ ചെയ്തികൾ കഠിനം

'ജനകീയം'എന്ന പദം ജനങ്ങളോട് ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്കുവേണ്ടി പട്ടയം നൽകി പതിച്ചെടുത്തതാണ്. ജനകീയ സമരം, ജനകീയ പ്രശ്‌നം തുടങ്ങി കവല പ്രസംഗങ്ങളിൽ രാഷ്ട്രീയ നേതാക്കൾ ഞങ്ങളുടെ സർക്കാർ ജനകീയ സർക്കാരെന്നു വരെ പറഞ്ഞു കളയും. എന്നാൽ ഇപ്പോഴുള്ള സർക്കാർ ജനകീയ സർക്കാരാണോ ? ആണെന്നു പറയാൻ ആഗ്രഹമുണ്ടെങ്കിലും അങ്ങനെയല്ല കാര്യങ്ങളെന്നു പലരും പറയുന്നുണ്ട്.

തൽക്കാലും നമുക്ക് ഓണക്കിറ്റിന്റെ കാര്യം ഉദാഹരണമായി പറയാം. സംസ്ഥാനത്തുള്ളത് 14,000 റേഷൻ കടകൾ. ആഗസ്റ്റ് 23ന് കിറ്റ് വിതരണം തുടങ്ങി. 15 ദിവസം കിറ്റ് വിതരണം ചെയ്തതിൽ അവസാനത്തെ 4 ദിവസം മാത്രമാണ് 'പോർട്ടൽ സംവിധാനം' പ്രവർത്തിച്ചത്. ഏത് റേഷൻ കടയിൽ നിന്നും കിറ്റ് വാങ്ങാൻ സൗകര്യമൊരുക്കുന്നതാണ് പോർട്ടിബിലിറ്റി സംവിധാനം.

എന്തുകൊണ്ട്, പോർട്ടിബിലിറ്റി സംവിധാനം നേരത്തെ തന്നെ ഏർപ്പെടുത്തുന്നതിൽ സർക്കാർ അനാസ്ഥ കാട്ടി ? കാരണം ഓണക്കിറ്റ് കഴിയാവുന്നത്ര കുറച്ചു പേർക്ക് നൽകിയാൽ മതിയെന്ന 'വാക്കാലുള്ള നിർദ്ദേശം' ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കാം. അപ്പോൾ ഈ സർക്കാർ ജനകീയ സർക്കാരാണോ? ഉത്തരം നിങ്ങൾക്ക് മനസ്സിൽ കുറിച്ചിടാം.

സബ്‌സിഡി ആമസോൺ വഴി പോരേ ?

കർഷക പ്രേമം ഏതു സർക്കാരിനും കലശലാണെന്നു പറയേണ്ട കാര്യമില്ല. കർഷക ദിനത്തിൽ പ്രത്യേക തൊപ്പി, കോട്ട് തുടങ്ങിയവ ധരിച്ചുകൊണ്ടുള്ള പ്രഹസനങ്ങൾ നാം കണ്ടതാല്ലോ. കർഷകർക്ക് സബ്‌സിഡി നൽകുന്നതിൽ കേന്ദ്രസംസ്ഥാന ഭരണകൂടങ്ങൾ ഒന്നിനൊന്ന് മുന്നിൽ നിൽക്കാറുണ്ടല്ലോ. കർഷകർക്ക് നൽകുന്ന പുൽവെട്ടിക്കുള്ള സബ്‌സിഡിയുടെ കാര്യം അറിയണോ?

മുപ്പതിനായിരം രൂപയുടെ പുൽവെട്ടി വാങ്ങിയാൽ 50 ശതമാനം സബ്‌സിഡി. ഇതു തന്നെ പലവട്ടം കൃഷിഭവനുകൾ കയറിയിറങ്ങിയാൽ മാത്രമേ കിട്ടൂ. ഇതേ കർഷകൻ ആമസോൺ വഴി  പുൽവെട്ടി വാങ്ങിയാൽ 50 ശതമാനം വില കുറച്ച് കിട്ടും. പിന്നെ എന്തിനാണ് സർക്കാരേ ഈ സബ്‌സിഡി എന്നു ചോദിക്കരുത്.

ഓണക്കിറ്റിന്റെ ഒരു തമാശ കൂടി പറയാം. റേഷൻ കടക്കാർക്ക് ഇതേവരെ 11 കിറ്റുകളുടെ കമ്മീഷൻ കുടിശ്ശികയുണ്ട്. റേഷൻകടക്കാർക്ക് ഒറ്റ സംഘടനയേയുള്ളൂ. കേരളാ കോൺഗ്രസ് ജേക്കബ്ബ് ഗ്രൂപ്പിലെ നേതാവ് ജോണി നെല്ലൂരാണ് നേതാവ്. റേഷൻകടക്കാർ സമരമെല്ലാം പ്രഖ്യാപിച്ച് പുകിലായപ്പോൾ മൂന്ന് ഘട്ടങ്ങളിലായി കമ്മീഷൻ നൽകാമെന്നു സർക്കാർ സമ്മതിച്ചിട്ടുണ്ട്.

ആദ്യ ഘട്ടത്തിൽ കമ്മീഷൻ തുക നൽകാൻ തന്നെ 8 കോടി രൂപ വേണമെന്നാണ് കണക്ക്. ഓണമെല്ലാം ആഘോഷിച്ച് ഖജനാവ് കാലിയായ സ്ഥിതിക്ക് ഈ കാശ് ഉടനെ കിട്ടുമോയെന്ന ആശങ്കയിലാണ് റേഷൻകടക്കാർ. 

അറിഞ്ഞോ, വിത്തൗട്ട് ചായയ്ക്ക് വില കുറച്ചു

നിങ്ങൾ ചായക്കടയിൽ നിന്ന് വിത്തൗട്ട് കഴിക്കുന്നയാളാണോ? ചായയ്ക്ക് പണം കൊടുക്കുമ്പോൾ റേറ്റ് ശ്രദ്ധിക്കണം. മധുരമിട്ട ചായയുടെ വില തന്നെ വിത്തൗട്ടിനു കൊടുക്കേണ്ടെന്ന് സിവിൽ സപ്ലൈസ് വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. മലബാറുകാർ പ്രത്യേകിച്ച് ഇടതുപക്ഷ സർക്കാർ അപ്പോൾ ചോദിക്കും.

ജനങ്ങളുടെ ഇത്രയേറെ ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധയുള്ള മറ്റേത് സർക്കാരുണ്ട്  ? അതുകൊണ്ട്, ഈ സർക്കാർ ജനങ്ങളുടേതു തന്നെ. വേറിട്ട അഭിപ്രായമുള്ളവർക്ക് സ്വന്തമായി യൂ ട്യൂബ് ചാനൽ തുടങ്ങി നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കാം. അതിനപ്പുറമുള്ള സാഹസിക ചിന്തയൊന്നും വേണ്ട. ഇത് കേരളമാണ്.

ആന്റണി ചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam