എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ആടിയുലഞ്ഞ് കോൺഗ്രസ്

SEPTEMBER 22, 2022, 10:20 AM

കോൺഗ്രസിന്റെ കണ്ടക ശനിക്കാലത്തിനു വിരാമമിടുകയെന്ന ലക്ഷ്യത്തോടെ എ.ഐ.സി.സി പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള മുന്നൊരുക്കങ്ങൾ മുറുകവേ സാരഥി വൃന്ദം ബാക്കിവയ്ക്കുന്നതു 'ടോട്ടൽ കൺഫ്യൂഷൻ'. നെഹ്‌റു കുടുംബത്തിന്റെ താളത്തിനു തുള്ളുന്ന അധികയോഗ്യതയുടെ പിൻബലത്തോടെ അശോക് ഗെലോട്ട് ആകും പ്രസിഡന്റെന്ന മട്ടിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നതെങ്കിലും ശശി തരൂർ, മനീഷ് തിവാരി എന്നിവരും മൽസരിക്കുമെന്ന സൂചനകൾ ബലപ്പെടവേ സർവത്ര ആശയക്കുഴപ്പമാണ് പാർട്ടിയിൽ. ശനിയുടെ രൂക്ഷാപഹാരക്കാലത്ത് ഏതിൽ തൊട്ടാലും വിപരീതാനുഭവമെന്ന ജ്യോതിഷ നിരീക്ഷണം ശരിവയ്ക്കാൻ സ്വയം നിന്നുകൊടുക്കുകയാണ് വീണ്ടും കോൺഗ്രസ്.   
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കുമെന്ന് ഇപ്പോഴും ഉറപ്പായിട്ടില്ല.

അനിശ്ചിതത്വം ബാക്കിയാണെങ്കിലും, തെരഞ്ഞെടുപ്പ് തയാറെടുപ്പുകളുടെ ഭാഗമായി അന്തിമ വോട്ടർപട്ടിക എ.ഐ.സി.സിയിൽ പരിശോധനയ്ക്ക് ലഭ്യമാക്കിക്കഴിഞ്ഞു. ഇതിന്റെ ആവശ്യമില്ലെന്ന സാരഥി വൃന്ദത്തിന്റെ ശാഠ്യം തകർത്തതിന്റെ ക്രെഡിറ്റ് ശശി തരൂരിനു സ്വന്തം. തരൂരാകട്ടെ, സോണിയയെ ചെന്നുകണ്ടത് മത്സര താൽപര്യം അറിയിക്കാൻ കൂടിയാണ്. ഇതിനിടെ, ശശി തരൂരിന് ഒപ്പമായിരിക്കില്ലെന്ന സന്ദേശം കെ. മുരളീധരൻ തുടങ്ങിയുള്ള കേരള നേതാക്കൾ പരസ്യമായി നൽകുന്നുമുണ്ട്.

അതേസമയം, നെഹ്‌റു കുടുംബത്തെ അനുകൂലിക്കാമെന്ന തരൂരിന്റെ നിലപാടിനോട് മറ്റ് ജി 23 നേതാക്കൾക്ക് എതിർപ്പുണ്ട്. രാഹുൽഗാന്ധി മത്സരിച്ചാലും മനീഷ് തിവാരിയെ ഇറക്കി നേരിടാനുള്ള ആലോചന ചില നേതാക്കൾക്കിടയിൽ സജീവവുമാണ്. ശശി തരൂർ മത്സരിക്കും എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതിനാൽ കൂടിയാണ് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് കൂടുതൽ ദേശീയ ശ്രദ്ധ പിടിച്ചു പറ്റുന്നത്. നെഹ്‌റു കുടുംബത്തോട് തികഞ്ഞ വിധേയത്വം കാത്തുസൂക്ഷിക്കുന്നയാൾ തന്നെ തരൂർ. സുനന്ദ പുഷ്‌കറിന്റെ അപമൃത്യുവുമായി ബന്ധപ്പെട്ട് അദ്ദേഹം വേട്ടയാടപ്പെട്ടപ്പോൾ സോണിയ ഗാന്ധി കരുത്തുപകർന്ന് തരൂരിനൊപ്പമുണ്ടായിരുന്നു. ഇതൊക്കെയാണെങ്കിലും ഗെലോട്ടിനെപ്പോലെ ഏകപക്ഷീയ വിധേയത്വവുമായി എക്കാലവും കുനിഞ്ഞുനിൽക്കാൻ അദ്ദേഹത്തെ കിട്ടില്ലെന്ന് മറ്റാരെയും കാൾ നന്നായറിയാവുന്നത് നെഹ്‌റു കുടുംബാംഗങ്ങൾക്കു തന്നെ.

vachakam
vachakam
vachakam

മത്സരം അനിവാര്യമായാൽ, പത്രിക നൽകാനുള്ള അവസാന ദിവസം ഈ മാസം 30 ആണ്. രാഹുൽ മാത്രമല്ല, പ്രസിഡന്റ് സ്ഥാനമേൽക്കാൻ അശോക് ഗെലോട്ടും വിസമ്മതിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനവും രാജസ്ഥാനിലെ പാർട്ടി നിയന്ത്രണവും മറ്റൊരാൾക്ക് കൈമാറി ദേശീയ പദവി ഏറ്റെടുക്കുന്നത് ഫലത്തിൽ തനിക്കു നഷ്ടമാകുമെന്ന് അദ്ദേഹം കരുതുന്നു. സംസ്ഥാനത്തെ പാർട്ടി പ്രതിയോഗി സച്ചിൻ പൈലറ്റിന് കളം വിട്ടുകൊടുക്കേണ്ടി വരും. ദേശീയ തലത്തിൽ പാർട്ടിയിൽ ഐക്യം വീണ്ടെടുക്കുക, സംഘടന കെട്ടിപ്പടുക്കുക എന്നീ ലക്ഷ്യങ്ങൾ സഫലമാകുമെന്നു പ്രതീക്ഷിക്കാനും അദ്ദേഹത്തിനാകുന്നില്ല.

ഹിന്ദി ബെൽറ്റിനപ്പുറത്തേക്ക് എന്തെങ്കിലും തരംഗമുണർത്താൻ കഴിയുന്ന കരിസ്മ അദ്ദേഹത്തിനുള്ളതായി നിരീക്ഷണമില്ല. സീതാറാം കേസരി ഇരുന്ന കസേരയല്ലേ, നെഹ്‌റു കുടുംബത്തിന്റെ കാവൽക്കാരനാകുകയെന്നതല്ലേ തൽക്കാലം പ്രധാനം തുടങ്ങിയവയാണ് മറ്റ് പ്രധാന നിരീക്ഷണങ്ങൾ. പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കാൻ ഏറ്റവും വിശ്വസ്തനായി നെഹ്‌റു കുടുംബം കാണുന്നത് ഗെലോട്ടിനെയാണെന്ന കാര്യം വ്യക്തമായിക്കഴിഞ്ഞു. സോണിയ ഗാന്ധി ഇക്കാര്യം ഗെലോട്ടിനെ അറിയിച്ചിട്ടുമുണ്ട്.

ഭാരത് ജേഡോ യാത്രയിൽ അടക്കം പ്രധാന നേതൃമുഖമായി അവതരിപ്പിച്ചു പോരുന്ന രാഹുൽ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുക തന്നെ ചെയ്യുമെന്ന വിശ്വാസം നേതൃനിരയ്ക്ക് നഷ്ടമായിട്ടില്ലെന്നത് വൈരുദ്ധ്യമായി തുടരുന്നുമുണ്ട്. രാഹുൽ ഗാന്ധിയാകട്ടെ ഈ ആശയക്കുഴപ്പം തീവ്രമായി തുടരുന്നത് ആസ്വദിക്കുകയും ചെയ്യുന്നു. മത്സരമില്ലെന്ന് ഉറപ്പാകുന്നപക്ഷം, സ്ഥാനം ഏറ്റെടുക്കാൻ രാഹുൽ സമ്മതം മൂളുമെന്ന നിരീക്ഷണവും ശക്തം. ഭാരത് ജേഡോ യാത്രയിൽ രാഹുലിനൊപ്പമായിരുന്ന സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ സോണിയ ഗാന്ധി അടിയന്തരമായി ഡൽഹിക്ക് വിളിച്ചത് അടുത്ത കരുനീക്കങ്ങൾക്കായാണ്.

vachakam
vachakam
vachakam

രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് കൂടുതൽ സംസ്ഥാന ഘടകങ്ങൾ ആവശ്യപ്പെടുന്നതിനിടെ തന്നെയാണ്, മത്സരം നടന്നേക്കുമെന്ന സൂചന ബലപ്പെടുന്നത്. ഇതിനിടെയും രാഹുലിനെ വീണ്ടും പ്രേരിപ്പിക്കാനും മത്സരം ഒഴിവാക്കാനും മുതിർന്ന നേതാക്കൾ തീവ്രശ്രമം തുടരുന്നുമുണ്ട്. ശശി തരൂരിന് പുറമെ, തിരുത്തൽ പക്ഷത്തെ മനീഷ് തിവാരിയും എ.ഐ.സി.സി പ്രസിഡന്റ് ആകാൻ തയാറെടുക്കുന്നു. അതേസമയം, ഇവരോട് മത്സരിക്കാൻ രാഹുൽ തയാറാകുമെന്ന് ആരും കരുതുന്നില്ല.

തരൂരോ മറ്റാരെങ്കിലുമോ മത്സരിക്കാൻ ഉറച്ചാൽ എതിർ സ്ഥാനാർഥിയാകേണ്ടി വരുന്ന അശോക് ഗെലോട്ട്, ഒപ്പമുള്ള രാജസ്ഥാൻ എം.എൽ.എമാരുടെ യോഗം വിളിച്ച് ഭാവി നടപടികൾ ചർച്ച ചെയ്തത് നിർണ്ണായക നീക്കമായി. രാഹുലിന് പകരക്കാരനാകേണ്ടി വന്നാൽ വിശ്വസ്തനെ മുഖ്യമന്ത്രിയാക്കണം, അതല്ലെങ്കിൽ വർക്കിങ് പ്രസിഡന്റായും മുഖ്യമന്ത്രിയായും കുറെക്കാലം മുന്നോട്ടു പോകാൻ അനുവദിക്കണം തുടങ്ങിയ നിബന്ധനകൾ ഗെലോട്ട് മുന്നോട്ടുവെച്ചതായി എൻഡി ടിവി റിപ്പോർട്ടിൽ പറയുന്നു. മത്സരിക്കുന്നെങ്കിൽ ഗെലോട്ട് ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന ആവശ്യം സച്ചിൻ പൈലറ്റ് പാർട്ടിക്കുള്ളിൽ തുറന്നുപറയുന്നുമുണ്ട്.

അതേസമയം, മുഖ്യമന്ത്രിയെന്ന നിലയിൽ ഏറ്റവും കാര്യക്ഷമമായ പ്രകടനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന ഗെലോട്ട് എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്കു വരുന്നപക്ഷം രാജസ്ഥാനിൽ പുതിയ പ്രശ്‌നങ്ങൾ പാർട്ടിക്കു നേരിടേണ്ടിവരുമെന്ന ആശങ്ക വ്യാപകമാണ്. മാത്രമല്ല, തരൂർ ഉൾപ്പെടെയുള്ള ജി 23 നേതാക്കൾ മുന്നോട്ടുവച്ച പരാതികൾക്ക് എത്രത്തോളം പരിഹാരമാകുമെന്നതിനു പുറമേ പുതിയ പ്രശ്‌നങ്ങൾ പൊട്ടിപ്പുറപ്പെടില്ലേയെന്ന ചോദ്യവും ഉയർന്നുതുടങ്ങി.

vachakam
vachakam

എന്തായാലും തികഞ്ഞ കരുതലോടെയാണ് തരൂരിന്റെ ചുവടുവയ്പ്പുകളെന്ന കാര്യം വ്യക്തം. രാഹുൽ ഗാന്ധി അധ്യക്ഷനാകാനില്ലെങ്കിൽ സോണിയ ഗാന്ധി തുടരണം എന്ന നിർദ്ദേശവും തരൂർ മുന്നോട്ട് വെക്കുന്നു. നെഹ്‌റു കുടുംബത്തിൽ നിന്ന് ആരുമില്ലെങ്കിൽ മത്സരിക്കും എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയുമാണ് അദ്ദേഹം. തരൂരിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയാണെന്നും ഔദ്യോഗിക പിന്തുണയുണ്ടാവില്ലെന്നും എ.ഐ.സി.സി വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്.
സോണിയ ഗാന്ധിയെ കണ്ട് നിലപാടറയിച്ച ശശി തരൂർ തൽക്കാലം മൗനത്തിലാണ്. ഇപ്പോൾ പരസ്യപ്രതികരണത്തിനില്ലെന്നാണ് തരൂർ പറയുന്നത്. സോണിയ ഗാന്ധിയെ കണ്ടപ്പോൾ തരൂർ മൂന്ന് നിർദ്ദേശങ്ങൾ വച്ചു എന്നാണ് സൂചന.

ഒന്ന്, രാഹുൽ ഗാന്ധി അധ്യക്ഷനാകുക. രണ്ട്, രാഹുൽ തയ്യാറല്ലെങ്കിൽ പ്രിയങ്ക ഗാന്ധി അധ്യക്ഷയാകണം. മൂന്ന്, രണ്ട് പേരും തയ്യാറല്ലെങ്കിൽ സോണിയ ഗാന്ധി ഈ സ്ഥാനത്ത് തുടരണം. എന്നാൽ തനിക്ക് തുടരാൻ കഴിയില്ലെന്ന നിലപാടാണ് സോണിയ ഗാന്ധി അറിയിച്ചത്. രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ അവസാന തീരുമാനം സോണിയ വ്യക്തമാക്കിയില്ല. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ചേർന്ന് വൈകാതെ ഇക്കാര്യത്തിൽ തീരുമാനം എടുക്കും എന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്. ഈ തീരുമാനത്തിനായി ശശി തരൂരും കാത്തിരിക്കുകയാണ്.

ചുരുങ്ങിയപക്ഷം, പാർട്ടി പ്രവർത്തക സമിതി അംഗത്വമെങ്കിലും ലക്ഷ്യം വച്ചാണ് തരൂരിന്റെ നീക്കമെന്ന് ചിലർ കരുതുന്നു. കേരളത്തിൽ പാർട്ടിയുടെ മുഖമായി മാറാൻ തരൂരിന് താല്പര്യമുണ്ടെന്നു സംശയിക്കുന്നു പലരും. അക്കാരണത്താൽ കൂടിയാകണം തരൂരിന്റെ നീക്കം പ്രതിരോധിക്കാൻ കേരളത്തിലെ നേതാക്കൾ ഏറെക്കുറെ ഒരു പോലെ തയ്യാറെടുക്കുന്നു. അടുത്ത മുഖ്യമന്ത്രിക്കസേര ലക്ഷ്യമാക്കുന്ന കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, കെ. മുരളീധരൻ ഉൾപ്പെടെയുള്ളവർ ശശി തരൂരിന്റെ ചുവടുവയ്പ്പുകൾ സസൂക്ഷ്മം നിരീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യുക സ്വാഭാവികമാണല്ലോയെന്ന് പല നേതാക്കളും പറയുന്നു.

ബാബു കദളിക്കാട്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam