ബോംബായും അഗ്‌നിയായും ബ്ലീച്ചിംഗ് പൗഡർ

MAY 31, 2023, 8:08 PM

അരിക്കൊമ്പനെ തമിഴ്‌നാട്ടിലേക്ക് കടത്തിയതിന്റെ ആശ്വാസത്തിലായിരുന്ന കേരളത്തെ വീണ്ടും വിറപ്പിച്ചുകൊണ്ട് ബ്ലീച്ചിംഗ് പൗഡർ ശേഖരങ്ങൾ ബോംബായി മാറുന്നു. വൻ ദുരൂഹത ബാക്കിയാക്കിയാണ് സർക്കാർ അധീനതയിലെ ബ്ലീച്ചിംഗ് പൗഡർ അഗ്‌നിബാധയുടെ ആവർത്തനം അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്കായാണ് ആരോഗ്യ വകുപ്പ് ടൺ കണക്കിനു ബ്ലീച്ചിംഗ് പൗഡർ ശേഖരിച്ചത്. ടെൻഡറോ ക്വട്ടേഷനോ ഇല്ലാതെ 3.04 ലക്ഷം കിലോ ബ്ലീച്ചിംഗ് പൗഡർകൂടി വാങ്ങാൻ നീക്കം നടക്കുന്നതിനിടെയാണു തീക്കളിയുടെ ആവർത്തനം.

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ എല്ലാ സംഭരണകേന്ദ്രങ്ങളിലും 5000 കിലോയ്ക്കു മുകളിൽ ബ്ലീച്ചിംഗ് പൗഡർ ശേഖരിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ടെൻഡർ ഒഴിവാക്കി കോടിക്കണക്കിനു രൂപയുടെ മരുന്നും മെഡിക്കൽ ഉപകരണങ്ങളും മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി വാങ്ങിയതു വിവാദമായിരുന്നു. അതിനു പിന്നാലെ ആരോഗ്യവകുപ്പിലെ അഞ്ഞൂറിലധികം സുപ്രധാന ഫയലുകൾ കാണാതായി.

ഈ ദുരൂഹതകൾ മാറും മുമ്പാണ് വൻ ഇടപാടിലൂടെ വാങ്ങിക്കൂട്ടിയ ബ്ലീച്ചിങ് പൗഡർ കത്തിത്തീർന്നത്. സ്പ്രിംഗ്‌ലർ, പി.പി.ഇ. കിറ്റ്, ഗ്ലൗസ്, മരുന്ന് തുടങ്ങിയ ഇടപാടുകളിലാണ് ഇതിനു മുമ്പ് അഴിമതി ആരോപണം ഉയർന്നത്. അന്വേഷണം മുറുകുമ്പോൾ ഫയലുകൾ അപ്രത്യക്ഷമാകുന്നു, തീപിടിച്ചു നശിക്കുന്നു.

vachakam
vachakam
vachakam

ദുരൂഹം ഈ താണ്ഡവം

പത്ത് ദിവസത്തിനിടെ മൂന്ന് തീപ്പിടിത്തം. എല്ലാം മെഡിക്കൽ സർവീസസ് കോർപറേഷന്റെ (കെ.എം.എസ്.സി.എൽ) ഗോഡൗണുകളിലും 17നു ബുധനാഴ്ച രാത്രി കൊല്ലം നഗരത്തിൽ ഉളിയക്കോവിൽ ദേവീ ക്ഷേത്രത്തിന് സമീപമുള്ള കെ.എം.എസ്.സി.എല്ലിന്റെ ജില്ലാ മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപടർന്നു. 15 വർഷമായി പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ നിന്നാണ് കൊല്ലം ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കും സർക്കാർ ആശുപത്രികളിലേക്കും മരുന്നുകൾ എത്തിക്കുന്നത്.

7.18 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണു അധികൃതർ ആദ്യം പറഞ്ഞത്. ഇക്കൂട്ടത്തിൽ 17.53 ലക്ഷം രൂപയുടെ 7,014 പി.പി.ഇ കിറ്റുകളും ഉൾപ്പെടും. കൊവിഡ് സമയത്ത് സംഭരിച്ച സാനിറ്റൈസർ ഉൾപ്പെടെയുള്ളവ ഇവിടെ സൂക്ഷിച്ചിരുന്നു.
23ന് പുലർച്ചെ തുമ്പ കിൻഫ്ര പാർക്കിലെ മരുന്ന് സംഭരണ കേന്ദ്രത്തിലായിരുന്നു തീപ്പിടിത്തം. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തി നശിച്ചു. തീയണക്കാനുള്ള ശ്രമത്തിനിടെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞു വീണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ആറ്റിങ്ങൾ സ്വദേശി രഞ്ജിത് മരിക്കുകയും ചെയ്തു.

vachakam
vachakam
vachakam

ഇന്നലെ പുലർച്ചെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമുള്ള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ഗോഡൗണിലുമുണ്ടായി അഗ്‌നിബാധ. ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ചിരുന്ന മുറികളിലാണ് പുലർച്ചെ ഒന്നരയോടെ തീപ്പിടിച്ചത്. ജില്ലയിലെ സർക്കാരാശുപത്രികളിലേക്ക് മരുന്ന് എത്തിക്കുന്നത് ഇവിടെ നിന്നാണ്.

പഴി ക്ലോറിന്

ബ്ലീച്ചിംഗ് പൗഡറിലെ ഉയർന്ന ക്ലോറിൻ സാന്നിധ്യമാണ് തീപ്പിടിത്തങ്ങൾക്കു കാരണമെന്നാണ് സംശയിക്കപ്പെടുന്നത്. കുറഞ്ഞത് 30 ശതമാനം ക്ലോറിൻ സാന്നിധ്യം വേണമെന്നായിരുന്നു കഴിഞ്ഞ വർഷം ജൂലൈയിൽ ക്വട്ടേഷൻ വിളിക്കുമ്പോൾ കെ.എം.എസ്.സി.എൽ നിബന്ധന വെച്ചിരുന്നത്. രണ്ട് വർഷം കാലാവധിയും നിശ്ചയിച്ചു. കേരളം ആസ്ഥാനമായുള്ള പാർക്കിൻസ് എന്റർപ്രൈസസ്, ഉത്തർപ്രദേശിലെ ബങ്കെ ബിഹാറി കമ്പനി എന്നിവർക്കാണ് കരാർ നൽകിയത്.

vachakam
vachakam

ബങ്കെ ബിഹാറി കമ്പനി ഇറക്കിയ ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ച കേന്ദ്രങ്ങളിലാണ് തീപ്പിടിത്തമുണ്ടായത്. രണ്ട് വർഷം കാലാവധി ലഭിക്കുന്നതിനു കമ്പനി ക്ലോറിൻ അളവ് കൂട്ടിയിരിക്കാമെന്നാണ് കരുതപ്പെടുന്നത്. തീപ്പിടിത്തത്തിനു കാരണമായ ബ്ലീച്ചിംഗ് പൗഡറിന്റെ വിതരണവും ഉപയോഗവും കെ.എം.എസ്.സി.എൽ ഇപ്പോൾ മരവിപ്പിച്ചിട്ടുണ്ട്. ആശുപത്രികളിൽ എത്തിച്ച ചാക്കുകൾ പൊട്ടിക്കരുതെന്നും ഒരു പാക്കറ്റ് പോലും പുറത്തു പോകരുതെന്നും നിർദേശം നൽകിയതായും അറിയുന്നു.

കുടിക്കാം അഴുക്കുവെള്ളം

മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ജലസ്രോതസ്സുകൾ ശുദ്ധീകരിക്കുന്നതിനാണ് കെ.എം.എസ്. സി.എൽ ബ്ലീച്ചിംഗ് പൗഡർ വാങ്ങിയത്. മഴക്കാലം അടുത്തെത്തിയിരിക്കെ പൗഡറിന്റെ വിതരണം നിർത്തിവെച്ചത് ശുചീകരണ പ്രവർത്തങ്ങളെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട്. ഈ മൂന്ന് കെട്ടിടങ്ങളിലും തീപ്പിടിത്തമുണ്ടായാൽ നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങളില്ലായിരുന്നുവെന്നാണ് ഫയർഫോഴ്‌സ് അധികൃതരും അതാത് കേന്ദ്രങ്ങളിലെ ജീവനക്കാരും പറയുന്നത്.

തിരുവനന്തപുരത്തെ കിൻഫ്ര കെട്ടിടത്തിൽ ഒരു വിധം തീ നിയന്ത്രണ സംവിധാനവും ഉണ്ടായിരുന്നില്ലെന്ന് ഫയർഫോഴ്‌സ് മേധാവി ബി. സിന്ധ്യയാണ് അറിയിച്ചത്. കൊല്ലത്തും തിരുവനന്തപുരത്തും തീപ്പിടിത്തമുണ്ടായ മരുന്ന് ഗോഡൗണുകളിൽ അഗ്‌നിരക്ഷസേന നേരത്തേ ഫയർ ഓഡിറ്റ് നടത്തുകയും നോട്ടീസ് നൽകുകയും ചെയ്തുവെങ്കിലും ബന്ധപ്പെട്ടവർ തുടർ നടപടികൾ സ്വീകരിച്ചില്ലെന്നും പറയപ്പെടുന്നു. ആയിരം ചതുരശ്ര അടിയിൽ കൂടുതലുളള എല്ലാ കെട്ടിടങ്ങളിലും തീപ്പിടിത്തത്തെ നേരിടാൻ ആവശ്യമായ സംവിധാനങ്ങൾ വേണമെന്നും ഇതു സ്ഥാപിച്ചു ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിന്റെ എൻ.ഒ.സി വാങ്ങണമെന്നുമാണ് ചട്ടം.

ഇത് ഒരോ വർഷവും പുതുക്കുകയും വേണം.
കൊവിഡ് കാലത്ത് പി.പി.ഇ കിറ്റും ഇതര മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ ക്രമക്കേട് നടന്നതായും 500 രൂപയുടെ പി.പി.ഇ കിറ്റ് 1,500 രൂപക്കാണ് ആരോഗ്യ വകുപ്പ് വാങ്ങിയതെന്നും പരാതി ഉയർന്നിരുന്നു. ഇക്കാര്യത്തിൽ ലോകായുക്തയുടെ അന്വേഷണം നടന്നു വരികയുമാണ്. കേസിൽ ലോകായുക്തയുടെ ഇടപെടലിനെ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെ ഹൈക്കോടതിയിൽ ചോദ്യം ചെയ്‌തെങ്കിലും കേസ് പരിഗണിക്കൻ ലോകായുക്തക്ക് അധികാരമുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റെ തീർപ്പ്.

ദുരന്ത കാലത്ത് ആളുകളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഉയർന്ന വിലക്ക് മെഡിക്കൽ ഉപകരണങ്ങൾ വങ്ങേണ്ടി വന്നതെന്ന് ഉദ്യോഗസ്ഥ മേധാവികൾ ന്യായീകരിച്ചപ്പോൾ അഴിമതിക്കും സ്വജന പക്ഷപാതത്തിനും ദുരന്തങ്ങൾ മറയാക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തു കോടതി.

അട്ടിമറി ആരോപണം

ഈ കേസിൽ അന്വേഷണം നടന്നു കൊണ്ടിരിക്കെ, കൊവിഡ് കാലത്തെ ഉപകരണങ്ങൾ അടക്കം സൂക്ഷിച്ച കേന്ദ്രങ്ങളിൽ ഒന്നിനു പിറകെ ഒന്നായി തീപ്പിടിത്തമുണ്ടാകുമ്പോൾ അട്ടിമറിയണോ എന്നു സംശയമുയരുക സ്വാഭാവികം. പ്രതിപക്ഷം ഇതുസംബന്ധിച്ച് ആരോപണം ഉന്നയിക്കുകയും ചെയ്തു. ആരോഗ്യ വകുപ്പിൽ നിന്ന് 500ലേറെ ഫയലുകൾ കാണാതായ സംഭവവുമായി ഇതിനെ കൂട്ടിവായിക്കുന്നുമുണ്ട്. 2021 അവസാനത്തിൽ മരുന്നുവാങ്ങൽ, ഓഡിറ്റ് എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് നഷ്ടമായതിലേറെയും.

ആരോഗ്യ വകുപ്പ് ജീവനക്കാർ ദിവസങ്ങളോളം തിരച്ചൽ നടത്തിയെങ്കിലും നഷ്ടപ്പെട്ടവയിൽ ഒരെണ്ണം പോലും കണ്ടെത്താനായില്ല. ഇതിൽ കൊവിഡ് കാലത്തെ ഇടപാടുകൾ സംബന്ധിച്ച ഫയലുകളുമുണ്ടെന്നു സംശയിക്കപ്പെടുന്നു.
ഉന്നതർക്കെതിരെ എന്തെങ്കിലും ആരോപണങ്ങൾ ഉയരുമ്പോൾ, ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ തീപ്പിടിത്തമുണ്ടാകുന്നതും സ്ഥലത്തെ സി.സി.ടി വിക്യാമറകൾ പെട്ടെന്ന് കേടാകുന്നതുമൊക്കെ പതിവു സംഭവവുമാണ്. കെ.എം.എസ്.സി.എൽ ഗോഡൗണുകളിലെ തീപ്പിടിത്തം സംബന്ധിച്ച് സംശയങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം അനിവാര്യമാണ്.

ബാബു കദളിക്കാട്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam