ഹിന്ദുത്വരാഷ്ട്രീയം ഉള്ളിലൊളിപ്പിച്ച ആം ആദ്മി കേരളം പിടിക്കാനിറങ്ങുമ്പോൾ

MAY 18, 2022, 3:53 PM

ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ പഞ്ചാബ് തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ്  ഡൽഹി നിവാസികളോട് വീഡിയോകൾ നിർമ്മിക്കാനും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനും വലിയ രീതിയിൽ ആഹ്വാനം ചെയ്തിരുന്നു. 'ഏക് മൗക്ക കെജ്രിവാൾ കോ' ക്യാമ്പയിൻ എന്നായിരുന്നു അതിന് പേരിട്ടിരുന്നത്. ഡൽഹിയിൽ ആം ആദ്മി പാർട്ടി നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് പറയുകയും കെജ്രിവാളിന് മറ്റു സംസ്ഥാനങ്ങളിലും അവസരം നൽകണമെന്ന് അവരോട് അപേക്ഷിക്കുകയും ചെയ്യാം.

''ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾക്ക് വർഷങ്ങളായി ഡൽഹിയിൽ അവർ വ്യക്തിപരമായി ശ്രദ്ധിച്ച പരിവർത്തനങ്ങളെക്കുറിച്ച് മറ്റുള്ളവരോട് പറയാൻ കഴിയും. ഡൽഹി സർക്കാർ സ്വീകരിച്ച നടപടികളേയും പൊതുജനങ്ങളെ സഹായിക്കുന്ന തരത്തിലുള്ള വീഡിയോകൾ ചിത്രീകരിക്കാനാകും, അവിടെ എന്തൊക്കെ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് അവർക്ക് കാണിക്കാനാകും. ഡൽഹിയിലുടനീളം സ്‌കൂളുകൾ, ആശുപത്രികൾ, വൈദ്യുതി, വെള്ളം, റോഡുകൾ തുടങ്ങിയവയിൽ ആം ആദ്മി സർക്കാർ വമ്പിച്ച പ്രവർത്തനങ്ങളാണ് നടത്തിയതെന്നും ലോകം മുഴുവൻ അറിയിക്കാനാണ് അഭ്യർത്ഥന.

എഎപി സർക്കാർ ഡൽഹിയിൽ എന്തെങ്കിലും ഗുണം ചെയ്തിട്ടുണ്ടെങ്കിൽ അത് വീഡിയോയിൽ പരാമർശിക്കൂ. തനിക്ക് ഒരു അഭ്യർത്ഥന മാത്രമേയുള്ളൂ വീഡിയോയുടെ അവസാനം, ആളുകൾക്ക് അവരുടെ സംസ്ഥാനത്ത് നല്ല ജോലികൾ ചെയ്യണമെങ്കിൽ, ആം ആദ്മി പാർട്ടിക്കും അരവിന്ദ് കെജ്രിവാളിനും അവരെ സേവിക്കാൻ അവസരം നൽകണമെന്ന് അപേക്ഷിക്കണം. പൊതുജനങ്ങൾ സ്വാതന്ത്ര്യത്തോടെ അതിനുള്ള അവസരം നൽകിയതിനാൽ ഡൽഹിയെ നന്നായി സേവിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ബാക്കിയുള്ള സംസ്ഥാനങ്ങളിലെ ജനങ്ങൾ ഞങ്ങളെ പിന്തുണച്ചാൽ മാത്രമേ ഡൽഹി മാതൃക ഇന്ത്യയൊട്ടാകെ ആവർത്തിക്കാനാകൂ,'' കെജ്രിവാൾ പറയുന്നു.

vachakam
vachakam
vachakam

ഇത്തരം പ്രചരണമൊക്കെ നല്ലകാര്യം തന്നെ. എന്നാൽ നല്ലതിനെ പെരുപ്പിക്കുകയും അതിലേറെ മോശം കാര്യങ്ങൾ കണ്ടില്ലെന്നു നടിക്കാനുമാണ് കെജ്രിവാളിന് താല്പര്യം.ഇന്ത്യാമഹാരാജ്യത്തെ അഴിമതിവിരുദ്ധ പ്രവർത്തകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന അരവിന്ദ് കെജ്രിവാൾ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയാണ് ആം ആദ്മി പാർട്ടി. 2012 നവംബർ 26നു പാർട്ടി നിലവിൽ വന്നു, ഡൽഹിയിലെ കോൺസ്റ്റിറ്റിയൂഷൻ ക്ലബിൽ വച്ചായിരുന്നു പാർട്ടി രൂപവത്കരണം. ആം എന്നാൽ സാധാരണ എന്നും ആദ്മി എന്ന ഹിന്ദി വാക്കിന് മനുഷ്യൻ എന്നുമാണർത്ഥം. ആം ആദ്മി പാർട്ടി എന്നാൽ സാധാരണക്കാരന്റെ പാർട്ടി എന്നർത്ഥം.

ഇന്ത്യൻ റവന്യൂ സർവീസിലെ മുൻ ഉദ്യോഗസ്ഥനും ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമാണ് അരവിന്ദ്കുമാർ കെജ്രിവാൾ എന്ന കേജ്രിവാൾ ജന ലോക്പാൽ ബില്ലിന്റെ കരട് രൂപപ്പെടുത്തുന്നതിൽ പ്രമുഖ പങ്കുവഹിച്ച ഇദ്ദേഹം വിവരാവകാശനിയമത്തിന്റെ നല്ല ഫലങ്ങൾ സാധാരണ ജനങ്ങളിലേയ്ക്ക് എത്തിക്കാനുള്ള ശ്രമങ്ങളുടെ പേരിലും പ്രസിദ്ധനാണ്.
പാവപ്പെട്ടവരുടെ ഉന്നമനത്തിനും വിവരാവകാശ നിയമം പ്രാവർത്തികമാക്കുന്നതിനും നൽകിയ നേതൃത്വത്തെ മാനിച്ച് 2006ൽ ഇദ്ദേഹത്തിന് മാഗ്‌സെസെ അവാർഡ് ലഭിച്ചിട്ടുണ്ട്. 2012ൽ ഇദ്ദേഹം ഡൽഹിയിലെ മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനോട് മത്സരിച്ച് 25,864 വോട്ടുകൾക്ക് വിജയിക്കുകയും ചെയ്തു.

2022 ൽ വൻ ഭൂരിപക്ഷത്തോടെ പഞ്ചാബിൽ അധികാരത്തിലുമെത്തി.അഴിമതിക്കെതിരായ പോരാട്ടങ്ങളിലൂടെയാണ് കെജ്രിവാൾ  ദേശീയതലത്തിൽ ശ്രദ്ധേയനാകുന്നത്. 2006ൽ ഇൻകംടാക്‌സ് വകുപ്പിലെ ജോയിന്റ് കമ്മീഷണർ സ്ഥാനം രാജി വെച്ചാണ് കെജ്രിവാൾ ഇന്ത്യയിലെ രാഷ്ട്രീയ, പൊതു സമൂഹങ്ങളിലെ അഴിമതിക്കെതിരായ പോരാട്ടം തുടങ്ങിയത്. ഡെൽഹി കേന്ദ്രമാക്കി പരിവർത്തൻ എന്ന കൂട്ടായ്മ രൂപീകരിച്ചുകൊണ്ടാണ് പൊതു പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. മദർ തെരേസയുടെ കൊൽക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി, വടക്കു കിഴക്കൻ ഇന്ത്യയിലെ രാമകൃഷ്ണമിഷൻ, നെഹ്‌റു യുവകേന്ദ്ര എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുമുണ്ട്. 

vachakam
vachakam
vachakam

ആദായനികുതി വകുപ്പിലെ അഴിമതിക്കെതിരെ ടെലിവിഷൻ ജേർണലിസ്റ്റായ മനീഷ് സിസോദിയയുമായി ചേർന്ന് പരിവർത്തൻ എന്ന എൻ.ജി.ഒക്ക് രൂപം നൽകി. 2006 ഡിസംബറിൽ മനീഷ് സിസോദിയ, അഭിനന്ദൻ സെഖ്രി എന്നിവരുമായി ചേർന്ന് പബ്ലിക് കോസ് റിസർച്ച് ഫൗണ്ടേഷൻ ആരംഭിച്ചു. 2006 ൽ രാജ്യമെമ്പാടും വിവരാവകാശ നിയമത്തെ കുറിച്ചു പ്രചാരണം നടത്തി. തദ്ദേശഭരണത്തിൽ കാര്യക്ഷമത ഉറപ്പുവരുത്തുക, വിവരാവകാശനിയമത്തിനായി പ്രചാരണം നടത്തുക എന്നിവയായിരുന്നു ഫൗണ്ടേഷന്റെ ദൗത്യങ്ങൾ. വിവരാവകാശ നിയമത്തിനുവേണ്ടിയും അതിന്റെ വ്യാപകമായ പ്രയോഗവൽകരണത്തിനുവേണ്ടിയും അരുണാ റോയിയോടൊപ്പം പ്രവർത്തിച്ചു.

ജൻലോക്പാൽ ബിൽ അവതരിപ്പിക്കാൻ പാർലമെന്റിനു മേൽ ശക്തമായ സമ്മർദം ചെലുത്തിക്കൊണ്ട് അണ്ണാഹസാരെ സമരത്തിനിറങ്ങിയപ്പോൾ വലംകയ്യായി പ്രവർത്തിച്ചത് അരവിന്ദ് കെജ്രിവാളാണ്. ലോക്പാൽ ബിൽ പാസ്സാക്കുന്നതിൽ പാർലമെന്റ് പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് 2011 ആഗസ്ത് 16നു  സത്യഗ്രഹമിരുന്നു. തുടർന്ന് കെജ്രിവാൾ അറസ്റ്റിലായി. 2012 ജൂലൈ മാസത്തിൽ കളങ്കിതരായ പതിനഞ്ച് കേന്ദ്രമന്ത്രിമാർക്കെതിരായി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് മനീഷ് സിസോദിയക്കും ഗോപാൽറായിക്കുമൊപ്പം ജന്ദർ മന്തറിൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തി. പിന്നീടാണ്  2012 സെപ്തംബറിൽ സ്വന്തം രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയത്.

ഹിന്ദുത്വരാഷ്ട്രീയം ഉള്ളിലൊളിപ്പിച്ച ആം ആദ്മി

vachakam
vachakam

ആം ആദ്മി പാർട്ടിയുടെ രൂപീകരണത്തിന് സാമ്പത്തിക സഹായം നൽകിയവരിൽ ആർ.എസ്.എസ്സുമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തിയത് ആദ്യകാലത്ത് അരവിന്ദ് കേജ്രിവാളിനൊപ്പം പ്രവർത്തിക്കുകയും അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ മുൻനിര പോരാളികളിൽ ഒരാളായിരിക്കുകയും ചെയ്ത പ്രശാന്ത് ഭൂഷണാണ്. ആം ആദ്മി പാർട്ടി ബീജാവാപം ചെയ്ത അണ്ണാ ഹസാരേയുടെ പ്രസ്ഥാനത്തെ താങ്ങിനിർത്തുന്നത് ആർ.എസ്.എസ് ആണെന്ന് കേജ്രിവാളിന് അറിവുണ്ടായിരുന്നുവെന്നും അദ്ദേഹം അതേക്കുറിച്ച് നിശ്ശബ്ദത പാലിക്കുകയായിരുന്നുവെന്നും പ്രശാന്ത് ഭൂഷൺ ആരോപിച്ചിരുന്നു.

അണ്ണാ ഹസാരേയുടെ സാന്നിദ്ധ്യത്തേയും ആർ.എസ്.എസ് പിന്തുണയേയും ഉപയോഗപ്പെടുത്തിയാണ് കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയവുമായി കേജ്രിവാൾ മുന്നോട്ടു പോയതെന്ന് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദും പരസ്യമായി  പറഞ്ഞിരുന്നു. ഇതേ ആരോപണം ഇത്തവണ പഞ്ചാബിലും ഗോവയിലും മറ്റും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന സന്ദർഭത്തിൽ പ്രിയങ്കാ വാദ്ര ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ആവർത്തിച്ചിരുന്നതായും കാണാം.

കേന്ദ്രഭരണം ഉപയോഗിച്ച് ഹിന്ദുരാഷ്ട്രമെന്ന സങ്കല്പം യാഥാർത്ഥ്യമാകുന്നതു കൂടി ലക്ഷ്യമിട്ട് ബി.ജെ.പി ഗവൺമെന്റ് നിയമനിർമ്മാണങ്ങൾക്കും ഭേദഗതികൾക്കും തുനിഞ്ഞപ്പോഴും, കാർഷിക നിയമഭേദഗതിപോലുള്ള നീക്കങ്ങൾക്കു മുതിർന്നപ്പോഴും സന്ദിഗ്ദ്ധതകളിലായിരുന്നു ആം ആദ്മി പാർട്ടിയുടെ നിലപാടുകൾ ഊന്നിയത്. ഇത്തരം സമരങ്ങളുടെ ക്രെഡിറ്റ് കോൺഗ്രസ് അവകാശപ്പെടാതിരിക്കാനുള്ള നീക്കങ്ങളിലും നിലപാടുകളിലുമായിരുന്നു ആ പാർട്ടിയുടെ നേതാക്കൾ. ദില്ലിയിൽ സമരത്തിനെത്തുന്ന കർഷകരെ 'ബി.ജെ.പി ഗുണ്ടകളു'ടെ ആക്രമണത്തിൽനിന്നും തടയുന്നതിനായി പൊലീസിനെ വിന്യസിക്കണമെന്ന് അന്ന് പഞ്ചാബ് ഭരിച്ചിരുന്ന കോൺഗ്രസ് ഗവൺമെന്റിനോട് ദില്ലിയിലെ ആം ആദ്മി വക്താവ് ആവശ്യപ്പെട്ടത് നല്ലൊരു ഉദാഹരണമാണ്.

ഒരു സംസ്ഥാനത്തെ പൊലീസിന് മറ്റൊരു സംസ്ഥാനത്ത് അനുമതി കൂടാതെ പ്രവേശിക്കുന്നത് അസാധ്യമായിരിക്കെ ഇതെങ്ങനെ ക്രമസമാധാനം കേന്ദ്ര ചുമതലയിലുള്ള ഒരു പ്രദേശത്ത് സാധ്യമാകും. ആം ആദ്മി ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള ഹോം ഗാർഡുകളെപോലും ഉപയോഗപ്പെടുത്താത്തവരാണെന്നു കൂടി അറിഞ്ഞിരിക്കണം. പൗരത്വനിയമ ഭേദഗതിക്കെതിരെ ദില്ലിയിൽ പ്രതിഷേധം കനത്ത സമയത്തും കശ്മീരിനു പ്രത്യേക പദവി നൽകുന്ന 370-ാം വകുപ്പ് ഭേദഗതി ചെയ്‌പ്പോഴും മധ്യവർഗ്ഗ ഗ്യാലറിക്കു വേണ്ടി കളിക്കാനാണ് ആം ആദ്മി നേതാക്കൾ മുതിർന്നത്. ഷഹീൻ ബാഗ് സമരത്തിന്റെ കാര്യത്തിൽ സന്ദിഗ്ദ്ധ നിലപാടാണ് ആം ആദ്മി പാർട്ടി എടുത്തത് എന്നിരിക്കലും പൗരത്വനിയമത്തെ എതിർത്തവർ ഒന്നടങ്കം ആം ആദ്മിയെ പിന്തുണക്കുകയാണ് ഉണ്ടായത് എന്നതും സത്യം!

ഇപ്പോൾ രാജ്യത്ത് പ്രബലമായിരിക്കുന്ന ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെയല്ല  ആം ആദ്മി പാർട്ടി സംസാരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഹിന്ദുത്വത്തിലധിഷ്ഠിതമായ തീവ്ര ദേശീയരാഷ്ട്രീയത്തെ നേരിട്ട് എതിർക്കാൻ മുതിരുകയോ അതിനെതിരെ ഉറക്കെ സംസാരിക്കുകയോ ആം ആദ്മി പാർട്ടി നേതൃത്വം ചെയ്യുന്നില്ല. അതേസമയം തന്റെ ഹനുമൽഭക്തി തുറന്നു പ്രകടിപ്പിക്കുകയാണ് ആം ആദ്മി നേതാവ് ചെയ്തത്. അതേസമയം കോൺഗ്രസ്സിൽനിന്ന് ആ പാർട്ടിയെ വ്യത്യസ്തമാക്കുന്നത് ഒരു മുനിസിപ്പൽ ഭരണകൂടത്തിന്റെ സ്വഭാവം മാത്രമുള്ള, രണ്ടു സംസ്ഥാനത്തേ ഭരിക്കുന്നുള്ളൂവെങ്കിലും അവിടെ കൈക്കൊള്ളുന്ന ജനക്ഷേമപരമായ ഭരണനടപടികളാണ്. കൂടുതൽ ശക്തമായ കോൺഗ്രസ് വിരുദ്ധ വികാരമുള്ള പഞ്ചാബിലെ മുഖ്യജനവിഭാഗത്തിന് ഡൽഹിയുമായി വലിയ ബന്ധമുണ്ട്. എന്ന കാര്യവും മറക്കരുത്.

ആം ആദ്മി പാർട്ടിയുടെ പഞ്ചാബിലെ വൻവിജയമാണ് ഇപ്പോൾ ആ പാർട്ടിയെ ദേശീയ രാഷ്ട്രീയത്തിലെ കേന്ദ്രസ്ഥാനത്തേക്കു കൊണ്ടുവന്നിരിക്കുന്നത്. 2024ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുൻപായി പ്രതിപക്ഷമുഖമായി ഉയർന്നുവരാൻ മമതാ ബാനർജി ഉൾപ്പെടെയുള്ള വിവിധ പ്രാദേശിക പാർട്ടി നേതാക്കൾ തീവ്രപരിശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ഘട്ടത്തിലാണ് ആം ആദ്മി പാർട്ടിയുടെ പഞ്ചാബിലെ ഈ മുന്നേറ്റം. ചുരുങ്ങിയത് ഹിന്ദി ഹൃദയഭൂമിയിലെങ്കിലും ബി.ജെ.പിയെ എതിർക്കാൻ കെല്പില്ലാത്ത കോൺഗ്രസ്സിനു ബദലായി ആം ആദ്മി പാർട്ടിയെ കാണാൻ വോട്ടർമാരെ ഇപ്പോൾ ആ പാർട്ടിക്കു കിട്ടിയ പ്രാമുഖ്യം പ്രേരിപ്പിച്ചേക്കും.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് ആം ആദ്മി പാർട്ടി പഞ്ചാബിൽ അവരുടെ സാന്നിദ്ധ്യം ശക്തമാണെന്ന വസ്തുത ലോകത്തെ അറിയിക്കുന്നത്. ആ തെരഞ്ഞെടുപ്പിൽ 24.4 ശതമാനം വോട്ട് വിഹിതത്തോടെ നാല് സീറ്റാണ് പഞ്ചാബിൽ പാർട്ടി നേടിയത്. 2015ൽ ഡൽഹിയിൽ കോൺഗ്രസ്സിനേയും ബി.ജെ.പിയേയും തൂത്തെറിഞ്ഞ് ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലെത്തിയതിനു ശേഷം 2017ൽ പഞ്ചാബിൽ ആ വിജയം ആവർത്തിക്കുമെന്ന് ആം ആദ്മി പാർട്ടി നേതൃത്വം കരുതിയിരുന്നു. എന്നാൽ, ക്യാപ്ടൻ അമരീന്ദർ സിങ്ങിന്റെ നേതൃത്വത്തിൽ 77 സീറ്റ് നേടിയ കോൺഗ്രസ്സിനു പിറകേ 20 സീറ്റുമായി രണ്ടാംസ്ഥാനത്തെത്താനേ പാർട്ടിക്ക് കഴിഞ്ഞുള്ളൂ. എന്നിരുന്നാലും അത് രാഷ്ട്രീയമായ വളർച്ചയെത്തന്നെയാണ് കാണിച്ചത്.

ആം ആദ്മി പാർട്ടിയെ സംബന്ധിച്ചിടത്തോളം മുഖ്യ പ്രതിപക്ഷ പാർട്ടിയാകുകയെന്നത് ഒട്ടും മോശമല്ലാത്ത കാര്യമായിരുന്നു.  അകാലിദളിന്റേയും കോൺഗ്രസ്സിന്റേയും മാറിമാറി വന്ന ഗവൺമെന്റുകളാണ് 70 വർഷം പഞ്ചാബ് ഭരിച്ചത്. ഒരു മാറ്റത്തിനുവേണ്ടി ജനം ആഗ്രഹിച്ചുവെന്നതിന്റെ സന്ദേശമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഉണ്ടാക്കിയ കുതിപ്പ് കാണിക്കുന്നത്. ''ഇത്തവണ നിങ്ങൾ വഞ്ചിതരാകില്ല, ഭഗവന്ത്മാനും കേജ്രിവാളിനും ഒരവസരം നൽകൂവെന്നായിരുന്നു'' ആം ആദ്മിയുടെ മുദ്രാവാക്യം. ആ മുദ്രാവാക്യം ജനം ഏറ്റെടുക്കുകയും ചെയ്തു.

എന്നാൽ കേരളത്തിലെ ആം ആദ്മിയുടെ സ്ഥിതി എന്താണ്. നിഷ്പക്ഷമതികളായ ഒട്ടേറെപ്പേർ കേരളത്തിൽ ആം ആദ്മി പാർട്ടിയുടെ നേതൃനിരയിലെത്തിയെങ്കിലും എങ്ങുമെങ്ങുമെത്താൻ കഴിഞ്ഞില്ല. പലരും പാർട്ടിയോട് വിടപറഞ്ഞു. ഇപ്പോഴിതാ രാജ്യത്തെ ഏറ്റവും അപകടകരമായ അരാഷ്ട്രീയ പ്രസ്ഥാനത്തോട് ചേർന്ന് ആംആദ്മി കേരളം പിടിക്കാനിറങ്ങിയിരിക്കുന്നു. ആം ആദ്മിട്വന്റി20 സഖ്യത്തെക്കുറിച്ച് എന്തുപറയാൻ!

കിഴക്കമ്പലം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്വന്തം കമ്പനിയുടെ നിലനിൽപ്പിന് വേണ്ടി ഉണ്ടാക്കിയതാണ് ട്വന്റി20. സിഎസ്ആർ ഫണ്ട് ദുർവിനിയോഗം ചെയ്ത് ഒരു കാർഡിന്റെ ബലത്തിൽ പിടിച്ചു നിൽക്കുന്ന വ്യക്തിയുമായി ചങ്ങാത്തമുണ്ടാക്കി കേരളം പിടിക്കാനിറങ്ങിയതിലെ പൊരുത്തക്കേട് കേരളീയർ അറിയേണ്ടതാണ്. ഹിന്ദുരാഷ്ട്രീയത്തെ തള്ളിപ്പറയാതെ ക്ഷേമപദ്ധതികൾക്ക് ഊന്നൽ നൽകി ജനങ്ങളെ അഭിമുഖീകരിക്കുകയെന്ന തന്ത്രമാണ് ആം ആദ്മി പാർട്ടിയും കേജ്രിവാളും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പയറ്റുന്നത്.

എമ എൽസ എൽവിൻ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam