ഹോർമുസ് കടലിടുക്ക് ലക്ഷ്യമിട്ട് ഇറാനിൽ അമേരിക്കൻ ആക്രമണം; ട്രംപ് കൂടുതൽ സൈനിക നടപടികൾക്ക് വഴിയൊരുക്കുന്നതായി റിപ്പോർട്ട്

JULY 15, 2026, 9:29 PM

വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാനെ സമ്മർദത്തിലാക്കുന്നതിനായി അമേരിക്ക അടുത്തിടെ നടത്തിയ വ്യോമാക്രമണങ്ങൾ, ഭാവിയിൽ കൂടുതൽ വ്യാപകമായ സൈനിക നടപടികൾക്ക് വഴിയൊരുക്കുന്ന തരത്തിൽ ഇറാന്റെ പ്രതിരോധ ശേഷി ദുർബലപ്പെടുത്താനുമുള്ള നീക്കമാണെന്ന് മൂന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

സൈനിക വിഷയങ്ങൾ സംബന്ധിച്ച് പ്രതികരിക്കാൻ അനുമതിയില്ലാത്തതിനാൽ പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഈ ആക്രമണങ്ങൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്  കൂടുതൽ സൈനിക ഓപ്ഷനുകൾ ലഭ്യമാക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ വാരാന്ത്യത്തിൽ ഇറാനുമായുള്ള യുദ്ധം ഔദ്യോഗികമായി പുനരാരംഭിച്ചതായി ട്രംപ് കോൺഗ്രസിനെ അറിയിച്ചതിന് പിന്നാലെയാണ് ഈ നീക്കങ്ങൾ.

ഇറാനുമായി ഉണ്ടായിരുന്ന ധാരണാപത്രം തകർന്നതിനെ തുടർന്ന് സമാധാനശ്രമങ്ങൾ പരാജയപ്പെട്ടതോടെ യുദ്ധം ഇപ്പോൾ അഞ്ചാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്.

vachakam
vachakam
vachakam

ഫെബ്രുവരി 28 മുതൽ അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണങ്ങളിൽ ഇറാന്റെ സൈനിക സംവിധാനങ്ങൾക്ക് വലിയ തിരിച്ചടിയുണ്ടായെങ്കിലും, ഡ്രോൺ-മിസൈൽ ആക്രമണശേഷി ഇപ്പോഴും ഇറാൻ നിലനിർത്തുന്നുണ്ട്. ഇതിനിടെ കടന്നുപോകുന്ന എണ്ണക്കപ്പലുകളെയും ഗൾഫ് മേഖലയിലെ അയൽരാജ്യങ്ങളെയും ഇറാൻ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

അമേരിക്കൻ സൈന്യത്തിന്റെ വിവരമനുസരിച്ച്, ഏറ്റവും പുതിയ ആക്രമണങ്ങളിൽ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ, തീരദേശ റഡാറുകൾ, മിസൈൽ-ഡ്രോൺ താവളങ്ങൾ, ചെറിയ നാവിക കപ്പലുകൾ, മറ്റ് സമുദ്ര സൈനിക സൗകര്യങ്ങൾ എന്നിവയാണ് ലക്ഷ്യമിട്ടത്.

ഇത് ഭാവിയിൽ കൂടുതൽ ശക്തമായ സൈനിക നടപടികൾക്ക് മുമ്പുള്ള "Shaping Operations" ആണെന്ന് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. "ആവശ്യമെങ്കിൽ അടുത്ത ഘട്ട സൈനിക നടപടികൾക്കുള്ള വേദി ഒരുക്കുന്ന നടപടികളാണിവ," എന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ അമേരിക്കൻ പ്രതിരോധ മന്ത്രാലയമായ പെന്റഗൺ പ്രതികരിച്ചിട്ടില്ല.

vachakam
vachakam
vachakam

മാർച്ചിൽ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തതുപോലെ, ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാൻ ഇറാന്റെ തീരപ്രദേശത്തേക്ക് അമേരിക്കൻ സൈന്യത്തെ വിന്യസിക്കുന്നതിനുള്ള സാധ്യതകളും പെന്റഗൺ നേരത്തെ പരിശോധിച്ചിരുന്നു.

ഇറാന്റെ എണ്ണകയറ്റുമതിയുടെ ഏകദേശം 90 ശതമാനവും നടക്കുന്ന ഖാർഗ് ദ്വീപ് നിയന്ത്രണത്തിലാക്കുന്നതും ചർച്ച ചെയ്തിരുന്നു. എന്നാൽ, ഇറാന്റെ മെയിൻലാൻഡിൽ നിന്ന് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ശക്തമായ തിരിച്ചടിയുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ അത് വലിയ അപകടസാധ്യതയുള്ള നീക്കമാണെന്നാണ് വിലയിരുത്തൽ.

ചൊവ്വാഴ്ച ഫോക്സ് ന്യൂസിനോട് സംസാരിച്ച ട്രംപ്, മുൻ ആക്രമണങ്ങളിൽ ഖാർഗ് ദ്വീപിലെ എണ്ണ ശാലകൾ  ആക്രമിക്കരുതെന്ന് സൈന്യത്തിന് നിർദേശം നൽകിയിരുന്നുവെന്ന് പറഞ്ഞു. എന്നാൽ ഭാവിയിൽ ദ്വീപ് പിടിച്ചെടുക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞില്ല. "അവരുടെ പ്രതിരോധശേഷി വേണ്ടത്ര തകർത്താൽ ഞാൻ അത് ചെയ്യാൻ തയ്യാറാണ്," എന്ന് ട്രംപ് പറഞ്ഞു.

vachakam
vachakam
vachakam

ടെഹ്റാനിലെ പ്രധാന ആണവ കേന്ദ്രത്തിന് സമീപമുള്ള ഭൂഗർഭ സുരക്ഷാകേന്ദ്രമായ 'പിക്‌ആക്സ് മൗണ്ടൻ' ആക്രമിക്കുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്.

സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് (Center for Strategic and International Studies) ഗവേഷകനും വിരമിച്ച അമേരിക്കൻ മറൈൻ ഉദ്യോഗസ്ഥനുമായ മാർക്ക് കാൻഷ്യൻ ട്രംപിന്റെ പരസ്യ പ്രസ്താവനകൾ ഇരുതല മൂർച്ചയുള്ള വാളാണെന്ന് അഭിപ്രായപ്പെട്ടു.

ഇത്തരം പ്രസ്താവനകൾ നയതന്ത്ര ചർച്ചകളിൽ ഇറാനെ സമ്മർദത്തിലാക്കാൻ സഹായിക്കുമെങ്കിലും, അമേരിക്കൻ സൈന്യത്തിന്റെ ഭാവി നീക്കങ്ങൾ മുൻകൂട്ടി വെളിപ്പെടുത്തുന്നത് സൈനികപരമായി ദോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ ഇറാൻ നയത്തെ വിമർശിക്കുന്നവർ പറയുന്നത്, യുദ്ധത്തിൽ ഇറാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ നാശനഷ്ടം വരുത്താനായെങ്കിലും, തന്ത്രപരമായി അമേരിക്ക ലക്ഷ്യം കണ്ടില്ലെന്നാണ്.

ഹോർമുസ് കടലിടുക്കിലൂടെ ലോകത്തെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ ഏകദേശം 20 ശതമാനം കടന്നുപോകുന്ന സാഹചര്യത്തിൽ, ആ മേഖലയിലെ സമ്മർദം വർധിപ്പിക്കാൻ ഇറാനിന് ഇപ്പോഴും കഴിവുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

പരമ്പരാഗത നാവികസേനയ്ക്ക് തിരിച്ചടിയേറ്റെങ്കിലും, ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് വ്യാപാരക്കപ്പലുകളെ ആക്രമിക്കാനുള്ള ശേഷി ഇറാൻ നിലനിർത്തുന്നുണ്ടെന്നാണ് വിലയിരുത്തൽ.

ഭാവിയിൽ എന്ത് സമീപനമാണ് സ്വീകരിക്കേണ്ടതെന്ന കാര്യത്തിൽ ട്രംപ് ഭരണകൂടത്തിനുള്ളിൽ ചർച്ചകൾ തുടരുകയാണെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സത്ത് ഇറാനെതിരായ സൈനിക നടപടികൾ കൂടുതൽ ശക്തമാക്കണമെന്ന് പിന്തുണയ്ക്കുന്നവരിൽ ഒരാളാണെന്നാണ് വിവരം.

മുൻ പെന്റഗൺ ഉദ്യോഗസ്ഥനും നിലവിൽ അറ്റ്ലാന്റിക് കൗൺസിലിലെ ഗവേഷകനുമായ ഇമ്രാൻ ബയൂമി  ട്രംപിന്റെ പരസ്യ പ്രസ്താവനകൾ പ്രധാനമായും ഇറാനെ സമ്മർദത്തിലാക്കാനുള്ള നയതന്ത്ര തന്ത്രമാണെന്ന് വിലയിരുത്തി.

"ട്രംപ് സോഷ്യൽ മീഡിയയിൽ പറയുന്നതും ദേശീയ സുരക്ഷാ സംഘവുമായി നടത്തുന്ന യഥാർത്ഥ ചർച്ചകളും ഒരുപോലെയായിരിക്കില്ല. പ്രസ്താവനകളെക്കാൾ നടപടികളെയാണ് വിലയിരുത്തേണ്ടത്," ബയൂമി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam