കെ.സി.സി.എൻ.എ. നാഷണൽ ഫാമിലി കൺവൻഷന്റെ റജിസ്‌ട്രേഷൻ പൂർത്തിയായി

JUNE 22, 2024, 12:38 AM

1000 നു മുകളിൽ രജിസ്‌ട്രേഷൻ, 5000 ത്തോളം സമുദായംഗങ്ങൾ പങ്കെടുക്കും, 21 യൂണിറ്റുകളുടെ ആവേശകരമായ തയ്യാറെടുപ്പുകൾ, അഭൂതപൂർവ്വമായ യുവജന പങ്കാളിത്തം (1500ന് മുകളിൽ), ലോക പ്രസിദ്ധരായ കലാകാരന്മാരുടെ അത്യുഗ്രമായ പ്രകടനങ്ങൾ, മെഗാ ചെണ്ടമേളം, വർണ്ണശബളമായ ഘോഷയാത്ര, യൂണിറ്റ്തല കലാ കായിക മത്സരങ്ങൾ, സെമിനാറുകൾ, ഗ്രൂപ്പ് ഡിസ്‌കഷൻസ്, യൂത്ത് ഒൺലി ഇവെന്റ്‌സ്

ഡാളസ്: വടക്കേ അമേരിക്കയിലെ ക്‌നാനായ സമുദായം വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ക്‌നാനായക്കാരുടെ പ്രവാസി മാമാങ്കം, ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (കെ.സി.സി.എൻ.എ.) യുടെ 15-ാമത് നാഷണൽ ഫാമിലി കൺവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കെ.സി.സി.എൻ.എ. എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ഷാജി ഏടാട്ടും കൺവെൻഷൻ കമ്മറ്റികൾക്കുവേണ്ടി കൺവെൻഷൻ ചെയർമാൻ ജെറിൻ കുര്യൻ പടപ്പമ്മാക്കിലും അറിയിച്ചു.

അമേരിക്കയിലേയും കാനഡയിലുമായി നാല്പതിനായിരത്തിലധികം വരുന്ന ക്‌നാനായക്കാർ  അത്യാവേശത്തോടെ ഏറ്റെടുത്ത കൺവെൻഷൻ റജിസ്‌ട്രേഷൻ ജൂൺ 15ന് അവസാനിച്ചപ്പോൾ സംഘാടകരുടെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് വളരെ മികച്ച പിന്തുണയോടെ വിജയകരമായി അവസാനിച്ചു. 1000നു മുകളിലുള്ള രെജിസ്‌ട്രേഷനിലൂടെ 5000ത്തോളം സമുദായംഗങ്ങൾ പങ്കെടുക്കും. കൺവൻഷനിൽ രെജിസ്ടർ ചെയ്ത എല്ലാ ക്‌നാനായ മക്കൾക്കും കെ.സി.സി.എൻ.എ. എക്‌സിക്യൂട്ടീവ് കമ്മറ്റി നന്ദി രേഖപ്പെടുത്തി. അതോടോപ്പം ഇതിനായി സഹകരിച്ച എല്ലാ യൂണിറ്റ് അംഗ സംഘടന ഭാരവാഹികളെയും കെ.സി.സി.എൻ.എ. എക്‌സിക്യൂട്ടീവ് കമ്മറ്റി അഭിനന്ദിച്ചു.

vachakam
vachakam
vachakam

ക്‌നാനായ കാത്തലിക് സൊസൈറ്റി ഓഫ് സാൻ അന്റോണിയോ (KCSSA) ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ കൺവെൻഷൻ ജൂലൈ 4,5,6,7 തിയതികളിൽ ലോക പ്രശസ്തമായ സാൻ അന്റോണിയയിലെ റിവർ വാക്കിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഹെൻട്രി  ബി. ഗോൺസാലസ് കൺവൻഷൻ സെന്ററിലാണ് നടത്തപ്പെടുന്നത്. കൺവെൻഷൻ സെന്ററിനോടനുബന്ധിച്ചുള്ള ഗ്രാൻഡ് ഹയത്ത്, മാരിയട്ട് റിവർ വാക്, മാരിയട്ട് റിവർ സെന്റർ എന്നീ മൂന്നു ഹോട്ടലുകളിലായാണ് കൺവെൻഷനിൽ പങ്കെടുക്കുന്നവർക്കുള്ള താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.

സ്വന്തം ജനത്തോടുള്ള ആത്മബന്ധത്തിന്റെ അടങ്ങാത്ത കടലിരമ്പങ്ങൾ ഹൃദയത്തിൽ സൂ ക്ഷിയ്ക്കുന്നവർ ഒരു വട്ടം കൂടി ഒരുമിയ്ക്കുന്ന വടക്കേ അമേരിക്കയിലെ ക്‌നാനായ സ്‌നേഹസംഗമത്തിന് ഇനി ഏതാനും സുര്യോദയങ്ങൾ മാത്രം. സിരകളിലൊഴുകുന്ന സമുദായ സ്‌നേഹവുമായി തിരക്കുകളെല്ലാം മാറ്റിവച്ച് സംഘടനയ്ക്കു വേണ്ടി, സമുദായത്തിനു വേണ്ടി, ദൂര പരിധികൾ വക വയ്ക്കാതെ ഒഴുകിയെത്തുന്ന ക്‌നാനായ സമൂഹം.

ഇത്തവണത്തെ കൺവൻഷന്റെ തീം : 'ഒരുമയിൽ തനിമയിൽ വിശ്വാസനിറവിൽ !' എന്നതാണ്.  ഈ കാലഘട്ടത്തിൽ വളരെയധികം പ്രതിസന്ധികളിലൂടെയും വെല്ലുവിളികളിലൂടെയും കടന്നു പോകുമ്പോഴും, തങ്ങളുടെ പൂർവ്വികർ സംരക്ഷിച്ചു പകർന്നു നൽകിയ ക്‌നാനായത്വം എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നും അത് പുതുതലമുറയിലേക്ക് പകർന്നു നൽകുമെന്നും ദൃഢമായി പ്രഖ്യാപിച്ചുകൊണ്ട് പ്രസിഡന്റ്  ഷാജി എടാട്ടിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം  വിവിധ മേഖലകളിലായി അൻപതിൽപരം കൺവൻഷൻ കമ്മറ്റികളും കെ.സി.സി.എൻ.എ നാഷണൽ കൗൺസിൽ അംഗങ്ങളും കൺവൻഷന്റെ വിജയത്തിനായി അക്ഷീണം പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നു.

vachakam
vachakam
vachakam

കൺവെൻഷനിൽ പങ്കെടുക്കുന്ന എല്ലാ പ്രായത്തിലുള്ളവർക്കായി അവരുടെ അഭിരുചികൾക്കനുസൃതമായ മനോഹരമായ പരിപാടികൾ അവതരിപ്പിക്കും. അഭൂതപൂർവ്വമായ യുവജന പങ്കാളിത്തം കൊണ്ട് ഇത്തവണത്തെ കൺവെൻഷൻ ശ്രദ്ധയാകർഷിക്കും. ഇത്തവണ ആയിരത്തഞ്ഞൂറോളം യുവജനങ്ങൾ ഇതുവരെ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. 33 വയസ് പിന്നിട്ട അവിവിവാഹിതരായ യുവജനങ്ങൾക്കായി ഇത്തവണ പ്രത്യേകമായ പ്രോഗ്രാമുകൾ അണിയറയിൽ ഒരുങ്ങുന്നു.

പ്രശസ്ത ഗായിക റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന റിമി ടോമി ലൈവ് മെഗാ ഷോ  'മ്യൂസിക്കൽ  & കോമഡി നൈറ്റ് ', 300ൽപരം ചെണ്ടമേളക്കാർ അണിനിരക്കുന്ന മെഗാ ചെണ്ടമേളം, ലോക പ്രശസ്ത സ്റ്റാൻഡ്അപ്പ് കൊമേഡിയൻ ആകാശ് സിങ് ഷോ, പ്രശസ്ത ഡിജെ & ഡ്രമ്മർ DJ iLLEST പെർഫോർമൻസ് എന്നിവ ഇത്തവണത്തെ കൺവൻഷന്റെ പ്രധാന ആകർഷണങ്ങളാണ്.

യൂണിറ്റുകൾ തിരിഞ്ഞുള്ള കലാ കായിക മത്സരങ്ങൾ, വിനോദ പരിപാടികൾ, കൺവൻഷൻ റാലി, പ്രബന്ധങ്ങൾ, പ്രമേയങ്ങൾ, സെമിനാറുകൾ, പൂർവികരെ ആദരിക്കൽ,യുവജനങ്ങൾക്കുള്ള പ്രത്യേക എന്റെർറ്റൈന്മെന്റ് പ്രോഗ്രാമ്‌സ് തുടങ്ങി നിരവധി വർണ്ണാഭങ്ങളായ പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്. വിശദമായ പ്രോഗ്രാം ഷെഡ്യൂൾ ഉടനെ പ്രസിദ്ധീകരിക്കും.

vachakam
vachakam
vachakam

കൺവൻഷന്റെ രണ്ടാം ദിനം ജൂലൈ 5ന് രാവിലെ 9 മണിക്ക് 21 യൂണിറ്റുകൾ പങ്കെടുക്കുന്ന വർണ്ണശബളമായ ഘോഷയാത്ര നടക്കും. കെ.സി.സി.എൻ.എ ദേശീയ കൺവൻഷനെ വർണ്ണവിസ്മയംകൊണ്ട് അലങ്കരിക്കുന്ന ഘോഷയാത്രയായിരിക്കും ഇത്തവണ നടത്തുക. ക്‌നാനായ കൂട്ടായ്മയുടെ പാരമ്പര്യവും പൈതൃകവും ഒപ്പം ജന്മനാടിന്റെ എല്ലാ ആവേശവും നെഞ്ചിലേറ്റിയാകും ഘോഷയാത്ര അണിനിനിരക്കുകയെന്ന് പ്രോസഷൻ കമ്മറ്റി അറിയിച്ചു.

അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ഇന്ത്യൻ റെസ്റ്റോറന്റുകളാണ് കൺവൻഷനായി ഫുഡ് ഒരുക്കുന്നത്. ഈ മേഖലയിൽ പരിണിത പ്രജ്ഞരായ ഫുഡ് കമ്മിറ്റി കൊതിയൂറുന്ന നാടൻ കേരളീയ വിഭവങ്ങളും, നോർത്ത് ഇന്ത്യൻ, ചൈനീസ്, കോണ്ടിനെന്റൽ ഡിഷുകൾ കോർത്തിണക്കിക്കൊണ്ടു വിഭവ സമൃദ്ധമായ ഫുഡ് മെനു ആണ് അവതരിപ്പിച്ചിരിക്കുന്നത്.

സാൻ അന്റോണിയോ മേഖലയിലെ പ്രധാന ടൂറിസം ഫുഡ് ഹബ് പോയിന്റുകൾ കോർത്തിണക്കികൊണ്ട് വളരെ വിശദമായ ഒരു ടൂറിസം ഗൈഡാണ്, സൈറ്റ് സീങ് ആൻഡ് ഡെസ്റ്റിനേഷൻ എക്‌സ്പിരിയൻസ് കമ്മറ്റി പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൺവെൻഷനൊടൊപ്പം സാൻ അന്റോണിയോ എക്‌സ്പീരിയൻസ് ചെയ്യുവാൻ ഇതുപകരിക്കും.

അമേരിക്കയിലെ, ഷിക്കാഗോ, ന്യൂയോർക്ക്, ഹൂസ്റ്റൺ, ഡാളസ്, സാൻ അന്റോണിയോ, ബോസ്റ്റൺ, ഫിലെഡെൽഫിയ, വാഷിംഗ്ടൻ ഡിസി, അറ്റ്‌ലാന്റ, ടാമ്പ, മയാമി, ലാസ് വേഗസ്, ലോസ് ഏഞ്ചൽസ്, സാൻ ഹോസേ, സാക്രമെന്റോ, ഒഹിയോ, ഡിട്രോറ്റ്‌വിൻഡ്‌സർ, മിന്നസോട്ട യൂണിറ്റുകളിൽ നിന്നും, കാനഡയിലെ കാനഡ, കാൽഗറി യൂണിറ്റുകളിൽ നിന്നുമായി അതിരില്ലാത്ത ആവേശത്തോടെ, സഹപാഠികളെയും, ബന്ധുക്കളെയും, നാട്ടിലെ ഇടവക സഹോദരങ്ങളെയും കാണുവാൻ ക്‌നാനായ സമൂഹം കൺവെൻഷൻ നഗരിയിലേക്ക് പറന്നെത്തുന്നു.

ഇന്ത്യയിൽ നിന്നും ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുമുള്ള ക്‌നാനായ സമുദായ നേതാക്കളും  ആത്മീയാചാരന്മാരും പ്രതിഭകളും ലോകത്തിലെ ഏറ്റവും വലിയ ക്‌നാനായ സമുദായ കൺവൻഷനിൽ പങ്കെടുക്കുവാൻ എത്തിച്ചേരും.


ബൈജു ആലപ്പാട്ട്, കെ.സി.എൻ.എ. പി.ആർ.ഒ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam