ഡൊണാൾഡ് ട്രമ്പും ഇന്ത്യൻ പ്രതീക്ഷകളും

DECEMBER 25, 2024, 4:49 AM

2025 ജനുവരി 20നു അമേരിക്കയുടെ 44-ാമത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രമ്പ് വീണ്ടും അധികാരത്തിലേക്കു തിരിച്ചെത്തുമ്പോൾ അത് ആ നാട്ടിൽ മാത്രമല്ല, ലോകമെമ്പാടും വലിയ മാറ്റങ്ങളുടെ കൊടുങ്കാറ്റുകൾക്കു തുടക്കമിടാൻ ശക്തിയുള്ള ഒരു ചരിത്ര സംഭവമായിരിക്കും. അദ്ദേഹംനേരത്തെ അധികാരത്തിലിരുന്ന അവസരത്തിലും അധികാരത്തിൽ നിന്ന് പുറത്തുപോയ  സമയത്തും ട്രമ്പിന്റെ നയങ്ങളും സമീപനങ്ങളും ഒരേപോലെ അമേരിക്കയെയും ലോകരാജ്യങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. നവംബറിൽ  തെരഞ്ഞെടുപ്പു ഫലം വന്ന സമയം മുതൽ ട്രമ്പിന്റെ നിഴൽലോകരംഗത്തു ശക്തമായിത്തന്നെ പ്രതിഫലിക്കുന്നുമുണ്ട്.

തിരിഞ്ഞുനോക്കുമ്പോൾ സമീപകാലത്തു ട്രമ്പിനെപ്പോലെ ലോകത്തെ അത്രമേൽ സ്വാധീനിച്ച മറ്റു അധികംനേതാക്കളെ കാണാനാവുകയില്ല. എന്താവും ട്രമ്പിന്റെ നയങ്ങളുടെ ആഘാതമെന്നുംലോകം എങ്ങനെ അതിനോടു പ്രതികരിക്കും എന്നുള്ളതും പല രാജ്യങ്ങളുടെയും ഭാവിയെ നിർണയിക്കുന്ന വിഷയമാണ്. ലോകത്തെകോടിക്കണക്കിനു ജനങ്ങളെ സംബന്ധിച്ചും അതു പ്രധാനമാണ്. അതിനാൽ വിവിധലോകരാജ്യങ്ങളിൽ അമേരിക്കൻ നയങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങളുടെ ഗതി എന്തായിരിക്കും; അതു വിവിധമേഖലകളിൽ എങ്ങനെ പ്രതിഫലിക്കും എന്നതിനെ കുറിച്ചുള്ള ചിന്തകളും വിശകലനങ്ങളും വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇന്ത്യയിലും അത്തരം ചർച്ചകൾ നടക്കുന്നുണ്ട്.

ട്രമ്പിന്റെ വിജയം ഇന്ത്യയിൽ പൊതുവിൽ കൂടുതൽ ആവേശത്തോടെയാണ് സ്വീകരിക്കപ്പെട്ടത് എന്നാണ് വിവിധമേഖലകളിൽ നിന്നുള്ള പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ആദ്യത്തെ പ്രതികരണം വന്നത് സാമ്പത്തിക രംഗത്തു നിന്നും അതിന്റെ സൂചികയായ ഓഹരി വിപണിയിൽ നിന്നുമാണ്. ഒക്ടോബർ അന്ത്യം വരെ ഏതാണ്ടു രണ്ടു മാസക്കാലം ഇന്ത്യൻ ഓഹരി വിപണി പൊതുവിൽ മരവിച്ചു കിടക്കുകയായിരുന്നു. എന്നാൽ നവംബർ മുതൽ വിപണിയിൽ വീണ്ടും കുതിപ്പിന്റെ ലക്ഷണങ്ങൾ കാണപ്പെടുകയുണ്ടായി. ദേശീയ ഓഹരി വിപണി സൂചിക 24,000ത്തിനു മുകളിൽ വീണ്ടും എത്തി. ബോംബെ  ഓഹരിവിപണി സൂചികയും 82,000 കടന്നു വീണ്ടും മുകളിലേക്ക് കുതിച്ചു. അതിന്റെ ഏറ്റവും മുഖ്യ കാരണം അന്താരാഷ്ട്ര വിപണിയിൽ നിന്നുള്ള സൂചനകളാണ്. വിപണിയെ  കൂടുതൽ ഊർജിതമാക്കുന്ന നയങ്ങൾ ട്രമ്പിന്റെ ഭരണകാലത്തു ഉണ്ടാവും എന്ന പ്രതീക്ഷ നിലനിൽക്കുന്നു എന്നാണത് കാണിക്കുന്നത്.

vachakam
vachakam
vachakam

അതിനു അനുസൃതമായ പല നടപടികളും ഇതിനകം തന്നെ ട്രമ്പ് സ്വീകരിച്ചു കഴിഞ്ഞിട്ടുമുണ്ട്. ഉദാഹരണത്തിന്, അമേരിക്കൻ സർക്കാർ സംവിധാനത്തെ ഉടച്ചു വാർക്കാനുള്ള നടപടികളുടെ ചുമതലക്കാരനായി അദ്ദേഹം കണ്ടെത്തിയിരിക്കുന്നത് ടെസ്ല കമ്പനിയുടെ ഉടമ ഇലോൺ മസ്‌കിനെയാണ്. മസ്‌ക് ട്രമ്പിനെപ്പോലെതന്നെ കർശന നയങ്ങളും സമീപനങ്ങളുമുള്ള ഒരു വ്യക്തിയാണ്. കടുത്ത തീരുമാനങ്ങളും സാഹസിക നയങ്ങളും സ്വീകരിക്കാൻ ഇരുവർക്കും ഒരു മടിയുമില്ല. അമേരിക്കയിൽ സമീപകാലത്തു ഏറ്റവും കൂടുതൽ സാഹസികമായ നടപടികൾ പൊതുരംഗത്തു സ്വീകരിച്ച വ്യക്തി ആരെന്നുചോദിച്ചാൽ ഉത്തരം ഡൊണാൾഡ് ട്രമ്പ് എന്നാണ്. അദ്ദേഹം അതിന്റെപേരിൽ ഒന്നിലേറെ തവണ ഇമ്പീച്ച്‌മെന്റിനു വിധേയനായി.

നിരവധികേസുകൾ നേരിട്ടു. സകല സമ്പത്തും കൈവിട്ടുപോകുകയും ഒരുപക്ഷേ ജയിലിൽ കഴിയേണ്ടി വരികയും ചെയ്യുന്ന തരത്തിലുള്ള സാഹസങ്ങൾക്കു അദ്ദേഹം മുതിർന്നു. പക്ഷേ അന്തിമമായി അമേരിക്കൻ ജനത അദ്ദേഹത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്നാണ് ജനവിധി നൽകുന്ന സന്ദേശം.  അതേ സവിശേഷതകൾ തന്നെയാണ് ഇലോൺ മസ്‌കിലും നമ്മൾ കാണുന്നത്. അദ്ദേഹം സാമ്പത്തികവ്യവസായ മണ്ഡലങ്ങളിൽ എടുത്ത സാഹസിക തീരുമാനങ്ങളും നടപടികളും അടുത്ത കാലത്തൊന്നും മറ്റൊരു കോർപ്പറേറ്റ് മേധാവിയിൽ നിന്നും ഉണ്ടായിട്ടില്ല. ഇന്നുവരെ ഒരു സ്ഥാപനത്തിനും ആരും നൽകാത്ത വില നൽകി മസ്‌ക് ട്വിറ്റർ എന്ന സാമൂഹിക മാധ്യമത്തെ ഏറ്റെടുത്ത അനുഭവംനോക്കുക.

സാധാരണനിലയിൽ ഒരു വ്യക്തിയും നല്കാൻ സാധ്യതയില്ലാത്ത ഉയർന്ന വിലയാണ് ട്വിറ്റർ ഏറ്റെടുക്കാനായി അദ്ദേഹം നൽകിയത്. അത് മസ്‌കിന്റെ സാമ്രാജ്യത്തെ തകർക്കും എന്നാണ് പലരും  പ്രതീക്ഷിച്ചത്. എന്നാൽ മസ്‌ക് അത്തരമൊരു സാഹസത്തിൽ അന്തിമമായി വിജയം പിടിച്ചെടുത്തു എന്നാണ് ഇപ്പോഴത്തെ അനുഭവങ്ങൾ കാണിക്കുന്നത്. എന്താണ് അതിന്റെ അർഥം? കാപിറ്റലിസം അഥവാ മുതലാളിത്തം എന്ന ആഗോള വ്യവസ്ഥിതിയുടെ അടിസ്ഥാനപരമായ സ്വഭാവം വമ്പിച്ച വെല്ലുവിളികളെ ഏറ്റെടുക്കുകയും സാഹസികമായ നീക്കങ്ങൾ വഴി വിജയം ഉറപ്പിക്കുകയും ചെയ്യുക എന്നതാണ്. പലപ്പോഴും വിജയമല്ല, പരാജയമാണ് സംഭവിക്കുക എന്നത് അതിന്റെ മറുവശം. ഓരോ വർഷവും ആയിരക്കണക്കിന് പുതിയ കമ്പനികൾ ഉയർന്നുവരുന്നു.

vachakam
vachakam
vachakam

എന്നാൽ അവയിൽ വിരലിൽ എണ്ണാവുന്നവ മാത്രമാണ് വിജയം വരിക്കുന്നത്. അത്തരത്തിലുള്ള കടുത്ത മത്സരങ്ങൾ മുതലാളിത്തത്തിന്റെ സഹജ സ്വഭാവമാണ്. അനിമൽ സ്പിരിറ്റ് എന്നാണതിന്റെ വിശേഷിപ്പിക്കുന്നത്. അതിലുള്ള വിജയം അത്യന്തം കഠിനവും അതിനാൽ അങ്ങേയറ്റം ആസ്വാദ്യകരവും ആയിരിക്കും. അത്തരം ചലനാത്മകതയും അനിശ്ചിതത്വവുമാണ് മുതലാളിത്തത്തിന്റെ സവിശേഷതയും അതിന്റെ നിത്യനൂതന സ്വഭാവത്തിനു ഊർജം പകരുന്ന ഘടകവും. ഇത്തരത്തിലുള്ള ഒരു അനിശ്ചിതത്വം ട്രമ്പിന്റെ നയങ്ങളിലും സമീപനങ്ങളിലും കാണാനുണ്ട്. അദ്ദേഹം ഒരു തികഞ്ഞ മുതലാളിത്ത രീതിക്കാരനാണ്. പ്രതിസന്ധികളിലാണ് അദ്ദേഹത്തിന്റെ വിജയം കുടികൊള്ളുന്നത്. വെല്ലുവിളികളാണ് അദ്ദേഹത്തിന്റെ സഹജ സ്വഭാവം. അതിനാൽ കനത്ത പരാജയമോ മഹാവിജയമോ ഏതാണ് വരുന്നതെന്ന് ആർക്കും പറയാനാവില്ല. പക്ഷേ ട്രമ്പ് ഈ കടുത്ത മത്സരത്തിൽ വിജയിയായി എന്നത് സത്യം തന്നെയാണ്.

അതിനാൽ ഇത്തവണ അദ്ദേഹം അധികാരത്തിലേക്കു തിരിച്ചു വരുമ്പോൾ ലോകനേതാക്കൾ അദ്ദേഹത്തെ വളരെ ഗൗരവത്തോടെ കാണും എന്നു തീർച്ചയാണ്. കഴിഞ്ഞ തവണ യൂറോപ്പിലെയും കാനഡയടക്കമുള്ള മറ്റു പാരമ്പരാഗത സുഹൃദ് രാജ്യങ്ങളിലെയും നേതാക്കളെപ്പോലും അദ്ദേഹം അതീവ കർശനമായ നിലയിലാണ് കൈകാര്യം ചെയ്തത്. കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോവിനെ ഒരിക്കൽ പരസ്യമായിത്തന്നെ അദ്ദേഹം ശാസിക്കുകയുണ്ടായി. അതിനാൽ ഇത്തവണ ട്രമ്പുമായി കൂടുതൽ മെച്ചപ്പെട്ട ബന്ധങ്ങൾ കെട്ടിപ്പടുക്കാനായി ട്രൂഡോനേരത്തെതന്നെ അദ്ദേഹത്തെ ചെന്നുകണ്ടു ചർച്ചകൾ നടത്തിക്കഴിഞ്ഞു. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രമ്പുമായി വളരെ മെച്ചപ്പെട്ട സൗഹദൃബന്ധങ്ങൾ വികസിപ്പിച്ചയാളാണ്. അഹമ്മദാബാദിലും ന്യൂയോർക്കിലും ഒരുവരും ഒന്നിച്ചു റാലികൾ നടത്തിയിട്ടുണ്ട്.

അതിനാൽ ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടും എന്നാണ് പ്രതീക്ഷിക്കേണ്ടത്. അതിന്റെ ഫലമായി ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാരവ്യവസായ ബന്ധങ്ങളും കൂടുതൽ ദൃഢമാവും എന്ന് പ്രതീക്ഷിക്കണം. അതിനപ്പുരം ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്ന മറ്റൊരു ഘടകം, ചൈനയുമായുള്ള ബന്ധങ്ങളിൽ ട്രമ്പ് കൂടുതൽ കർക്കശമായ സമീപനങ്ങൾ സ്വീകരിക്കും എന്ന സാധ്യതയാണ്. ഉയർന്ന വ്യാപാര താരിഫ് ഏർപ്പെടുത്തും എന്നു ചൈനയടക്കമുള്ള രാജ്യങ്ങൾക്കു ട്രമ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അതു നടപ്പിലായാൽ ചൈനയിലെ അമേരിക്കൻ നിക്ഷേപം കുറയുകയും അവിടെ നിന്നും അമേരിക്കൻ കമ്പനികൾ കൂടുതൽ സുരക്ഷിതമായ നിക്ഷേപ സാദ്ധ്യതകൾതേടിപ്പോവുകയും ചെയ്യും. ചൈനാ പ്ലസ് വൺ എന്നാണ് ഈ പ്രവണതയെ വിശേഷിപ്പിക്കുന്നത്. നിലവിൽ വിയറ്റ്‌നാം മുതൽ മെക്‌സിക്കോ വരെ പല രാജ്യങ്ങളിലേക്കും ഇങ്ങനെ കമ്പനികൾപോകുന്നുണ്ട്.

vachakam
vachakam
vachakam

ഭാവിയിൽ ഇന്ത്യയും അത്തരത്തിലുള്ള ഒരു പ്രധാന നിക്ഷേപകേന്ദ്രമായി മാറും എന്നാണ് പ്രതീക്ഷിക്കേണ്ടത്. മുൻകാലങ്ങളിൽ ഇന്ത്യയുടെ പ്രധാന പരിമിതി, അടിസ്ഥാന സൗകര്യങ്ങളുടെ അവികസിതാവസ്ഥ ആയിരുന്നു. എന്നാൽ സമീപകാലത്തു ഇന്ത്യയിൽ അടിസ്ഥാന വികസനമേഖലയിൽ വമ്പിച്ച കുതിച്ചുചാട്ടം സംഭവിച്ചിട്ടുണ്ട്. അതെല്ലാം കൂടുതൽ മെച്ചപ്പെട്ട നിക്ഷേപം രണ്ടാം ട്രമ്പ് ഭരണത്തിൽ ഇന്ത്യയിലേക്ക് വരാൻ സഹായിക്കും എന്നാണ് ഇന്ത്യൻ അധികൃതരും വ്യവസായവാണിജ്യ പ്രമുഖരും വിശ്വസിക്കുന്നത്.

അതിനു അടിസ്ഥാനമുണ്ട് എന്നതിന്റെ തെളിവ്, നേരത്തെ ഇന്ത്യയിൽ നിന്നും പുറത്തേക്കു ഒഴുകിയ ഓഹരിവിപണി നിക്ഷേപം നവംബർ മുതൽ വീണ്ടും തിരിച്ചുവരാൻ തുടങ്ങിയിരിക്കുന്നു എന്ന യാഥാർഥ്യമാണ്. ഒക്ടോബർ വരെ ചൈനയിലേക്ക് ഒഴുകിയ നിക്ഷേപമാണ് ഇപ്പോൾ തിരിച്ചു ഒഴുകാൻ തുടങ്ങിയത് എന്ന കാര്യവും ശ്രദ്ധേയമാണ്.

എൻ.പി. ചെക്കുട്ടി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam