വാഷിംഗ്ടണ്‍: അമേരിക്കയിലെ മധ്യമേഖലാ സംസ്ഥാനങ്ങളില്‍ അതിശക്തമായ ഉഷ്ണതരംഗം പിടിമുറുക്കുന്നു. അന്തരീക്ഷത്തിലെ ഉയര്‍ന്ന മര്‍ദം മൂലം ചൂട് പുറത്തുപോകാതെ തങ്ങിനില്‍ക്കുന്ന ഹീറ്റ് ഡോം എന്ന പ്രതിഭാസമാണ് രാജ്യം നേരിടുന്നതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഡാളസ് മുതല്‍ നോര്‍ത്ത് ഡക്കോട്ട വരെയുള്ള പ്രദേശങ്ങളില്‍ എട്ടുകോടിയോളം ആളുകളാണ് നിലവില്‍ ജാഗ്രതാ നിര്‍ദേശത്തിന് കീഴിലുള്ളത്. വരും ദിവസങ്ങളിലും ചൂട് വര്‍ധിക്കുമെന്നാണ് നാഷണല്‍ വെതര്‍ സര്‍വീസിന്റെ കണക്കുകൂട്ടല്‍.
പല പ്രദേശങ്ങളിലും അന്തരീക്ഷ താപനില സാധാരണ നിലയേക്കാള്‍ 10 മുതല്‍ 15 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ ഉയര്‍ന്നിട്ടുണ്ട്. ഡെന്‍വര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ മുന്‍ വര്‍ഷങ്ങളിലെ സര്‍വകാല റെക്കോര്‍ഡുകള്‍ തകരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. വെസ്റ്റേണ്‍ നെബ്രാസ്‌ക പോലുള്ള സ്ഥലങ്ങളില്‍ താപനില 108 ഡിഗ്രി ഫാരന്‍ഹീറ്റ് (42 ഡിഗ്രി സെല്‍ഷ്യസ്) വരെ ഉയര്‍ന്നപ്പോള്‍ ലാസ് വെഗാസില്‍ ഇത് 114 ഡിഗ്രി ഫാരന്‍ഹീറ്റ് (45 ഡിഗ്രി സെല്‍ഷ്യസ്) രേഖപ്പെടുത്തി. ഉയര്‍ന്ന ആര്‍ദ്രത കൂടി എത്തിയതോടെ ജനജീവിതം കൂടുതല്‍ ദുസ്സഹമായി മാറിക്കഴിഞ്ഞു.
രാത്രികാലങ്ങളിലും താപനില കാര്യമായി താഴാത്തത് ശരീരത്തിന് ആശ്വാസം നല്‍കാനുള്ള അവസരം ഇല്ലാതാക്കുകയും ഹീറ്റ് സ്‌ട്രോക്ക് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ശക്തമായ ചൂട് കാരണം പുറംജോലികളില്‍ ഏര്‍പ്പെടുന്നവരും കച്ചവട സ്ഥാപനങ്ങളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കെട്ടിടങ്ങളുടെ റൂഫുകളിലും ആറ്റിക്കുകളിലും ജോലി ചെയ്യുന്ന എയര്‍ കണ്ടീഷണര്‍ ടെക്‌നീഷ്യന്‍മാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ ശക്തമായ ചൂടിലാണ് ജോലി ചെയ്യുന്നത്. സൂര്യാഘാതത്തില്‍ നിന്ന് രക്ഷനേടാന്‍ നീളമുള്ള വസ്ത്രങ്ങള്‍ ധരിച്ചും ധാരാളം വെള്ളം കുടിച്ചും ഇടയ്ക്കിടെ തണലില്‍ വിശ്രമിച്ചും ജോലി ചെയ്യണമെന്ന് പുറംജോലിക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിക്കുന്നതിനാല്‍ പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും മ്യൂസിയങ്ങളിലും സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അടിയന്തര സാഹചര്യം നേരിടാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഡെന്‍വര്‍ നഗരത്തില്‍ ആളുകള്‍ക്ക് തണുപ്പുകായുന്നതിനായി എയര്‍ കണ്ടീഷണര്‍ സൗകര്യമുള്ള പ്രത്യേക കൂളിംഗ് സെന്ററുകള്‍ തുറന്നു. ഇന്‍ഡ്യാനപ്പൊളിസ് മോട്ടാര്‍ സ്പീഡ്വേയില്‍ നടക്കുന്ന കായിക പരിപാടികളില്‍ പങ്കെടുക്കുന്ന കാണികള്‍ക്കായി കുടിവെള്ള വിതരണ കേന്ദ്രങ്ങളും വിശ്രമ കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. വയോധികര്‍, കുട്ടികള്‍, രോഗബാധിതര്‍ എന്നിവര്‍ ചൂടില്‍ നിന്ന് രക്ഷനേടാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.
കാലാവസ്ഥാ വ്യതിയാനവും ഫോസില്‍ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗവുമാണ് ഇത്തരം അസാധാരണമായ ഉഷ്ണതരംഗങ്ങള്‍ക്ക് പ്രധാന കാരണണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയ്ക്ക് പുറമെ ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും ഇത്തവണ അത്യുഷ്ണം കനത്ത നാശനഷ്ടങ്ങള്‍ വിതച്ചിരുന്നു. ഈ ആഴ്ചയുടെ പകുതിയോടെ ടെക്‌സാസ്, ഗള്‍ഫ് കോസ്റ്റ് മേഖലകളിലേക്ക് അത്യുഷ്ണം കൂടുതല്‍ രൂക്ഷമായി വ്യാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
