കൽവകുന്ത്‌ല ചന്ദ്രശേഖർ റാവുവിനെ നിങ്ങൾ അറിയുമോ..? തെലുങ്കാന ഗാന്ധിയെന്നു അനുയായികളെക്കൊണ്ടും തെലുങ്കാന ടൈഗർ എന്ന് അച്ചടിദൃശ്യ മാധ്യമങ്ങളെക്കൊണ്ടും വിളിപ്പിച്ച സാക്ഷാൽ കെ. ചന്ദ്രശേഖര റാവുതന്നെ കക്ഷി.
എന്നാലക്കാലമെല്ലാം പോയ്‌പ്പോവുകയാണ്. പല്ലുകൊഴിഞ്ഞ് എല്ലുന്തിനിൽക്കുന്ന കെ.സി.ആറിന്റെ എല്ലാ പ്രതാപവും കഴിഞ്ഞു. കോൺഗ്രസിൽ നിന്നും എം.എൽ.എമാരെ അടർത്തിയെടുത്തും സോണിയാഗാന്ധിയെ തേച്ചൊട്ടിച്ചിട്ടുമായിരുന്നു ഈ കളികളൊക്കെ ഇഷ്ടൻ കളിച്ചുകൂട്ടിയത്.
ഉള്ളതു പറയണമല്ലോ, തെലങ്കാനയ്ക്ക് സംസ്ഥാന പദവി നേടാനുള്ള തെലങ്കാന പ്രസ്ഥാനത്തെ നയിച്ചത് കെ.സി.ആറായിരുന്നു. അത് ലഭ്യമായ അവസരത്തിൽ പരിസരം മറന്നു നടത്തിയ സ്തുതി വാക്കുകൾ ഇങ്ങനെ:
തെലുങ്കാന സംസ്ഥാനം ഉണ്ടാകുന്നതിന് ആദ്യത്തേയും അവസാനത്തേയും കാരണക്കാരി മാഡം സോണിയാഗാന്ധിയാണ്. അവരുടെ ആത്മാർഥമായ ഇടപെടലുകൾ ഉണ്ടായിരുന്നില്ലെങ്കിൽ ഈ വിജയം നമുക്കിന്ന് ലഭിക്കില്ലായിരുന്നു. എന്നാൽ രണ്ടേരണ്ടാഴ്ചക്കുള്ളിൽ അതെല്ലാം മറന്ന് കോൺഗ്രസിനെ തള്ളിപ്പറഞ്ഞ് നന്ദികെട്ടവനായി നാടുഭരിക്കാനിറങ്ങിയപ്പോൾ പത്രക്കാർ ചോദിച്ചു: എന്താ തെലുങ്കാനയുടെ ക്രഡിറ്റ് സോണിയായ്ക്കിപ്പോൾ നൽകുന്നില്ലേ..?
അതിനു പറഞ്ഞ ഉത്തരം പത്രക്കാരേയും കോൺഗ്രസുകാരേയും ഒരുപോലെ ഞെട്ടിച്ചു. 'ഗാന്ധിജിയും നെഹ്‌റുവും പട്ടേലുമൊക്കെച്ചേർന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിതന്നതിന് ബ്രിട്ടീഷ് രാജ്ഞിക്ക് ആരെങ്കിലും പൂമാലയിടുമോ..?'
ഒരു സത്യം കൂടി അറിയുക. 2012ൽ കെ.സി.ആർ സോണിയാഗാന്ധിക്ക് ഒരു വാക്കു കൊടുത്തിരുന്നു. തെലുങ്കാന സംസ്ഥാനം നിലവിൽ വന്നാൽ താനും തന്റെ പാർട്ടിയും കോൺഗ്രസിൽ ലയിച്ചിരിക്കും. ചന്ദ്രശേഖര റാവു വാക്കുതെറ്റിച്ചെങ്കിലും അദ്ദേഹത്തിന്റെ പാർട്ടിക്കാർ കോൺഗ്രസിലേക്കിപ്പോൾ കൂട്ടത്തോടെ ചേക്കേറിക്കൊണ്ടിരിക്കുകയാണ്.
1980ൽ യൂത്ത് കോൺഗ്രസ് വഴിയാണ് കക്ഷി രാഷ്ട്രീയത്തിലെത്തിയത്. 1983ൽ കോൺഗ്രസ് വിട്ട് തെലുങ്കുദേശം പാർട്ടിയിൽ ചേർന്നു. 1983ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കെ.സി.ആർ പരാജയപ്പെട്ടു. 1985 മുതൽ 2004 വരെ സിദ്ധിപേട്ട് മണ്ഡലത്തിൽ തുടർച്ചയായി നാല് തവണ നിയമസഭാംഗമായി. 2001ൽ ടി.ഡി.പി വിട്ട് തെലുങ്കാന രാഷ്ട്ര സമിതി എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ച കെ.സി.ആർ 2004 മുതൽ 2014 വരെ ആന്ധ്ര പ്രദേശിൽ നിന്നുള്ള ലോക്‌സഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
തെലങ്കാന മേഖലയിൽ നിന്നുള്ളവർ രാഷ്ട്രീയമായി അടിച്ചമർത്തപ്പെടുന്നു എന്നാരോപിച്ച് 2001ൽ ആണ് ടി.ആർ.എസ് എന്ന പാർട്ടി തല്ലിക്കൂട്ടിയെടുത്തത്. ചന്ദ്രബാബു നായിഡുവിന്റെ മന്ത്രിസഭയിൽ ഡെപ്യൂട്ടി സ്പീക്കറായിരിക്കവെയാണ് പദവി ഉപേക്ഷിച്ചിറങ്ങിപ്പോയി. പിന്നെ തെലുങ്കാന സംസ്ഥാനവുമായാണ് തിരികെ എത്തിയത്.
2014 മുതൽ 2023 വരെ 9 വർഷം തെലങ്കാനയിലെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു. 2023ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചതിനെ തുടർന്ന് കെ.സി.ആറിന്റെ പാർട്ടി 39 സീറ്റിലൊതുങ്ങുകയും 64 സീറ്റ് നേടിയ കോൺഗ്രസ് ആദ്യമായി തെലുങ്കാനയിൽ അധികാരത്തിലെത്തുകയും ചെയ്തു.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്