ഇടക്കാലത്ത് ലോകത്തിന്റെ കണ്ണീർതുള്ളിയായി മാറിയ ശ്രലങ്കയെ ഇതാ അടിമുടി ചുവപ്പിക്കാനായി ഇടതപക്ഷക്കാർ കച്ചമുറുക്കിയിറങ്ങിയിരിക്കുന്നു. അതിന് ചുക്കാൻപിടിച്ച മഹാമാന്ത്രീകനാണ് എകെഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന 56 കാരനായ അനുര കുമാര ദിസനായകെ. അതേ, രാജ്യത്തെ പുതിയ പ്രഭാതത്തിലേക്ക് നയിക്കുമെന്ന വാഗ്ദാനത്തോടെ ഈ നേതൃമാന്യൻ ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റായിക്കഴിഞ്ഞിരിക്കുന്നു.
'പുതിയൊരു ശ്രീലങ്കയെ വാർത്തെടുക്കാനാണ് ജനം അനുര കുമാരയ്ക്കു പിന്നിൽ പാറപോലെ ഉറച്ചു നിന്നത്. ആ മാറ്റം കൊണ്ടുവരാൻ താൻ തയാറാണെന്നും ഏഴു പതിറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും വലിയ കടക്കെണിയിലാണ് താൻ പെട്ടുപോയതെന്നും കൂട്ടായ പ്രയത്‌നത്തിലൂടെ രാജ്യത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കുവാനാകും എന്ന ശുഭപ്രതീക്ഷയിലാണ് താനെന്നും ആശാൻ തട്ടിവിടുന്നു.
എന്നാൽ ശ്രീലങ്കയ്ക്ക് ഒറ്റയ്ക്ക് നിൽക്കാനാവില്ലെന്നും അയൽ രാജ്യങ്ങളുടെ പിന്തുണ വേണമെന്നും അനുരയ്ക്കറിയാം.
ഇന്ത്യയോടും പ്രത്യേകിച്ച് മോദിയോടും അദ്ദേഹം നന്ദിയൊക്കെപ്പറഞ്ഞിട്ടുണ്ടെങ്കിലും ദിസനായകെ വരുമ്പോൾ ചൈനീസ് പക്ഷത്തേക്ക് ശ്രീലങ്ക ചായുമോ എന്നൊരു ശങ്ക ഇന്ത്യക്കില്ലാതില്ല. അത്യാവശ്യ സാധനങ്ങൾ പോലും കിട്ടാനില്ലാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും തുടർന്നുള്ള കലാപങ്ങൾക്കും പിന്നാലെ ഇടതുപക്ഷത്തിന് കഷ്ടിച്ചൊരു അവസരം നൽകി മറ്റൊരു പരീക്ഷണത്തിനിറങ്ങിയിരിക്കുകയാണ് ഇറങ്ങിയിരിക്കുകയാണ് ശ്രീലങ്കക്കാർ. ജനത വിമുക്തി പെരമുന (ജെവിപി) നേതാവായ അനുര കുമാര ദിസനായകെ ശ്രീലങ്കയിലെ ആദ്യ മാർക്‌സിസ്റ്റ് പ്രസിഡന്റെന്ന ബഹുമതിയോടെയാണ് ചരിത്രപട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.
ചരിത്രത്തിലാദ്യമായി പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ ദ്വീപിന് രണ്ടാം ഘട്ട മുൻഗണന വോട്ടെണ്ണലിലേക്ക് കടക്കേണ്ടി വന്നുവെന്നത് വേറേ കാര്യം. അഴിമതി വിരുദ്ധ നേതാവെന്ന പ്രതിച്ഛായയാണ് ദിസനായകെയുടെ ആകെക്കൂടിയുള്ള കൈമുതൽ..! ദിസനായകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തന്നെ പ്രകടമായ മാറ്റം അറിഞ്ഞോ അറിയാതെയോ സംഭവിച്ചു. തൊഴിലൊന്നില്ലാതെ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ചെറുപ്പക്കാരെ ഏറെ ആത്മാർത്ഥതയോടെ ചേർത്തു നിർത്താനായി കക്ഷിക്ക്. അവർ തൊണ്ടപൊട്ടുമാറുച്ചത്തിൽ പലവിധ മുദ്രാവാക്യങ്ങൾ വിളിച്ചുകൂകിനാടുനീളെ അലഞ്ഞതിന്റെ ഫലമാണീവിജയം.
ജെവിപിയുടെ വിശാല മുന്നണിയായ നാഷണൽ പീപ്പിൾസ് പവർ (എൻപിപി) പാർട്ടിയുടെ അഴിമതി വിരുദ്ധ സന്ദേശവും രാഷ്ട്രീയ സംസ്‌കാരത്തിലെ മാറ്റമെന്ന വാഗ്ദാനവും കനത്ത സാമ്പത്തിക പ്രതിസന്ധിയുടെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിൽ നിന്നും കരകയറ്റും എന്ന വാഗ്ദാനവും യുവ വോട്ടർമാരിൽ ശക്തമായി പ്രതിധ്വനിച്ചു എന്ന് വേണം കരുതാൻ.2019ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മൂന്ന് ശതമാനത്തോളം വോട്ട് മാത്രം നേടി എന്ന വസ്തുത പരിശോധിക്കുമ്പോഴാണ് എൻപിപിയുടെ മാന്ത്രീക വളർച്ചയുടെ പൂർണ ചിത്രം വ്യക്തമാവുക.
വടക്കൻ മധ്യ പ്രവിശ്യയിലെ തമ്പുട്ടേഗമ ഗ്രാമത്തിൽ ജനിച്ച ദിസനായകെ കൊളംബോ സബർബൻ കെലാനിയ സർവകലാശാലയിൽ നിന്ന് ശാസ്ത്രത്തിൽ ബിരുദമെടുത്തു. 1987ൽ ഇന്ത്യ വിരുദ്ധ കലാപം കൊടുംപിരികൊണ്ട് നിൽക്കുന്ന കാലത്ത് എൻപിപിയുടെ മാതൃ പാർട്ടിയായ ജെവിപിയിൽ അംഗമായി. 1987ലെ ഇന്തോലങ്കാ കരാറിനെ പിന്തുണച്ച എല്ലാ ജനാധിപത്യ പാർട്ടികളിലെയും പ്രവർത്തകരെ ജെവിപി പുറത്താക്കിയിരുന്നു. രാജ്യത്ത് രാഷ്ട്രീയ സ്വയംഭരണത്തിനുള്ള തമിഴ് ആവശ്യം പരിഹരിക്കാൻ ഇന്ത്യയുടെ നേരിട്ടുള്ള ഇടപെടലായിരുന്നു രാജീവ് ഗാന്ധി ജെ.ആർ.ജയവർധന ഉടമ്പടി. ഇന്ത്യൻ ഇടപെടലിനെ ശ്രീലങ്കയുടെ പരമാധികാര വഞ്ചനയെന്നാണ് ജെവിപി വിശേഷിപ്പിച്ചത്.
എന്നിരുന്നാലും ഈ വർഷം ഫെബ്രുവരിയിൽ ദിസനായകെ ഇന്ത്യ സന്ദർശിച്ചത് വിദേശ നിക്ഷേപ താത്പര്യങ്ങളിൽ എൻപിപിയ്ക്ക് ഇന്ത്യയോടുള്ള സമീപന മാറ്റമായി നമുക്കു കാണാം. അല്ലെങ്കിൽ അങ്ങിനെ പ്രത്യാശിക്കാം. ദിസനായകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും തൊണ്ണൂറുകളുടെ അവസാനത്തിൽ ജെവിപി ജനാധിപത്യ രാഷ്ട്രീയം ഏറ്റെടുത്തതോടെ ദിസനായക്ക് ജെവിപി കേന്ദ്ര കമ്മിറ്റിയിൽ ഇടം ലഭിച്ചു. 2000ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജെവിപിയിൽ നിന്ന് പാർലമെന്റലെത്തി. 2001 മുതൽ ദിസനായകെ സജീവമായി പ്രതിപക്ഷത്തുണ്ട്.
2004 ലെ തെരഞ്ഞെടുപ്പിൽ ശ്രീലങ്ക ഫ്രീഡം പാർട്ടിയുമായി സഖ്യം ചേർന്ന് കുരുനാഗലയുടെ വടക്കുപടിഞ്ഞാറൻ ജില്ലയിൽ നിന്ന് ദിസനായകെ വീണ്ടും പാർലമെന്റിലെത്തി. അന്ന് കൃഷിമന്ത്രിയായി നിയമിയതനായി. എൽഎൽടിഇയുമായി ചേർന്ന് 2004ലെ സുനാമി ദുരിതാശ്വാസ സഹായം വിമതർ കയ്യടക്കിയിരുന്ന വടക്ക് ഭാഗത്തിന് നൽകിയതോടെയാണ് ജെവിപി സർക്കാർ ബന്ധം അവസാനിക്കുന്നത്. 2008ൽ ദിസനായകെ ജെവിപിയുടെ പാർലമെന്ററി ഗ്രൂപ്പ് നേതാവായി. വീണ്ടും പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
2010ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കൊളംബോ ജില്ലയിൽ നിന്ന് വിജയിച്ചു. 2014ൽ പാർട്ടിയുടെ തലവനായി. 2015ൽ കൊളംബോയിൽ നിന്ന് വീണ്ടും വിജയിച്ച അദ്ദേഹം പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായി. 1971 ലും 1987-1990 കാലത്തിന് ഇടയിലും സർക്കാരുകളെ അട്ടിമറിക്കുന്നതിന് പാർട്ടി രണ്ട് കലാപങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. എന്നാൽ ഓരോ തവണയും ഭരണകൂടം ഇതിനെ അടിച്ചമർത്തി.
കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥ നിലനിൽക്കുന്ന രാജ്യത്ത് സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാവി നിർണ്ണയിക്കുക എന്ന അടിയന്തര വെല്ലുവിളിയാണ് അനുര കുമാര ദിസനായകെ നേരിടാൻ പോകുന്നത്. എൻപിപി അന്താരാഷ്ട്ര നാണയ നിധി പ്രോഗ്രാമുകളെ എതിർക്കുന്ന നിലപാടാണ് മുൻ കാലങ്ങളിൽ സ്വീകരിച്ചിരുന്നത്. എന്നാൽ പാർട്ടിയുടെ സമീപകാല നിലപാടുകൾ നയങ്ങളിൽ അമ്പരപ്പിക്കുന്ന മാറ്റം വരുത്തുമെന്നൊക്കെയാണ് ശ്രീലങ്കൻ അങ്ങാടിയിൽ പാടിക്കേൾക്കുന്നത്.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്