കേരളത്തിലെ കോൺഗ്രസിൽ ഇപ്പോൾ കേൾക്കുന്ന ഏറ്റവും വലിയ വിലാപ കാവ്യം 'കെ.പി.സി.സി പ്രസിഡന്റിനെ എന്ന് കിട്ടും?' എന്നതല്ല, പകരം 'എല്ലാ ജാതിയും മതവും ഒത്തുവരുന്ന ഒരു കുറ്റമറ്റ റോബോട്ടിനെ എവിടെ നിന്ന് കിട്ടും?' എന്നതാണ്. പാർട്ടിക്ക് ഒരു പുതിയ നേതാവിനെ കണ്ടെത്താൻ ഹൈക്കമാൻഡും ഇവിടുത്തെ ലോക്കമാൻഡും ഗ്രൂപ്പ് മാനേജർമാരും നടത്തുന്ന 'ഗവേഷണങ്ങൾ' കണ്ടാൽ ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞന്മാർ പോലും ലജ്ജിച്ചു തലതാഴ്ത്തും.
കാരണം, ചന്ദ്രയാൻ വിക്ഷേപിക്കുന്നതിനേക്കാൾ സങ്കീർണ്ണമാണ് കോൺഗ്രസിലെ ജാതിമതവർഗവർണ്ണ സമവാക്യങ്ങൾ ഒപ്പിച്ചുളള ഈ ഭാരവാഹി നിർണ്ണയം. കഴിഞ്ഞ ദിവസം നടന്ന അടിയന്തര ഹൈക്കമാൻഡ് ആലോചനാ യോഗത്തിൽ ഉയർന്നുവന്ന ചില വിചിത്രമായ ഉപാധികൾ ചോർന്നു കിട്ടിയിട്ടുണ്ട്. അതനുസരിച്ച് പുതിയ പ്രസിഡന്റാകാൻ പോകുന്ന ആൾക്ക് താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം:
അദ്ദേഹത്തിന്റെ പിതാവിന്റെ വഴി തെക്കൻ കേരളത്തിലെ ഒരു പ്രബല സമുദായത്തിലും, അമ്മയുടെ വഴി മധ്യതിരുവിതാംകൂറിലെ ആഢ്യ ക്രൈസ്തവ സഭയിലും ആയിരിക്കണം. എന്നാൽ ജനിച്ചു വളർന്നതും വോട്ട് ചെയ്യുന്നതും മലബാറിലെ ഒരു പ്രബല ന്യൂനപക്ഷ സമുദായ ബെൽറ്റിൽ ആയിരിക്കുകയും വേണം.
ഇനി ഇത്രയും ഒത്തുവന്നാൽ മാത്രം പോരാ; പുള്ളിയുടെ ഭാര്യയുടെ വീട്ടുകാർക്ക് തീരദേശ മേഖലയിലെ വോട്ടുബാങ്കിൽ നിർണ്ണായക സ്വാധീനം ഉണ്ടായിരിക്കണം. ഇതിനെയൊക്കെയാണ് കോൺഗ്രസ് ഭാഷയിൽ 'പ്രാതിനിധ്യ സമവാക്യം' എന്ന് വിളിക്കുന്നത്!
പോരാത്തതിന് വർണ്ണവർഗ്ഗ സമവാക്യങ്ങൾ വേറെയുമുണ്ട്. നേതാവിന് വല്ലാതെ വെളുത്തു തുടുക്കാൻ പാടില്ല (അത് വരേണ്യതയായി വ്യാഖ്യാനിക്കപ്പെടും). ഒരു മാതിരി 'സെമിഫെയർ' ലുക്കിലുള്ള ആളായിരിക്കണം. പ്രായത്തിന്റെ കാര്യത്തിലാണെങ്കിൽ, യുവാക്കൾക്ക് പ്രാതിനിധ്യം നൽകാൻ 30 വയസ്സ് തോന്നിപ്പിക്കണം, എന്നാൽ പരിചയസമ്പത്ത് കാണിക്കാൻ 70 വയസ്സിന്റെ നരച്ച മുടിയും ഉണ്ടായിരിക്കണം!
ഇനി ഈ ലക്ഷണങ്ങളെല്ലാം ഒത്തുവരുന്ന ഒരു പുണ്യവാളനെ കിട്ടിയെന്നു തന്നെ ഇരിക്കട്ടെ, അപ്പോഴായിരിക്കും അടുത്ത പാര വരുന്നത്'അയാൾ ഏത് ഗ്രൂപ്പാണ്?'. എ ഗ്രൂപ്പുകാരന്റെ താടിക്ക് ഐ ഗ്രൂപ്പുകാരന്റെ നീളമുണ്ടോ? അതോ കെ. കരുണാകരന്റെ പാരമ്പര്യം അവകാശപ്പെടുന്ന മൂന്നാം ഗ്രൂപ്പിന്റെ കണ്ണ് ഇയാൾക്കുണ്ടോ? ഇങ്ങനെയൊരു നേതാവിനെ കോൺഗ്രസ് അല്ലാതെ വേറെ ആർക്കാണ് സൃഷ്ടിക്കാൻ കഴിയുക?
ലോകം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കാൽഭാഗം പിന്നിട്ട് നിൽക്കുമ്പോഴും, ചൊവ്വാ ഗ്രഹത്തിൽ മനുഷ്യൻ കോളനി സ്ഥാപിക്കാൻ ആലോചിക്കുമ്പോഴും, നമ്മുടെ കോൺഗ്രസ്സ് നേതാക്കൾ കവലയിലെ ചായക്കടയിൽ ഇരുന്ന് മുതിർന്ന നേതാക്കളുടെ ജാതിയും ഉപജാതിയും എണ്ണി തിട്ടപ്പെടുത്തുകയാണ്. മെറിറ്റും ജനപ്രീതിയും നോക്കി ഒരാളെ അധ്യക്ഷനാക്കിയാൽ കേരളത്തിൽ ഉടനെ പ്രളയം വരുമെന്നാണ് ഇവരുടെ വിചാരം.
ഒടുവിൽ കിട്ടുന്ന വിവരം അനുസരിച്ച്, എല്ലാ ജാതിയും മതവും ഗ്രൂപ്പും തുല്യ അളവിൽ ചേർത്തുവെച്ച ഒരു 'ഹൈബ്രിഡ്' നേതാവിനെ നിർമ്മിച്ചെടുക്കാൻ കോൺഗ്രസ് ഐ.ടി സെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ടത്രേ. ചാറ്റ് ജി.പി.ടിയോട് 'കോൺഗ്രസിന് പറ്റിയ ഒരു പ്രസിഡന്റിനെ തരുമോ' എന്ന് ചോദിച്ചപ്പോൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലും ഹാങ്ങായിപ്പോയി എന്നാണ് കേൾക്കുന്നത്.
എന്തായാറും ഒന്നുറപ്പാണ്; ഈ ഒടുക്കത്തെ സമവാക്യങ്ങൾ ഒപ്പിച്ചു വരുമ്പോഴേക്കും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പും കഴിഞ്ഞ് ഭരണം മറ്റാരെങ്കിലും കൊണ്ടുപോയിരിക്കും. അപ്പോഴും ഇവിടുത്തെ ഖദർ ധാരികൾ ഇന്ദിരാ ഭവന്റെ തിണ്ണയിലിരുന്ന് കണക്കു കൂട്ടിക്കൊണ്ടേയിരിക്കുകയേയുള്ളു. വേറെ പണിയൊന്നുമില്ലെങ്കിൽ അവർ പിന്നെന്തു ചെയ്യാനാണ്..!
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
