വിജിലൻസ് ഔട്ട്..!

OCTOBER 25, 2026, 3:47 AM

വിവരാവകാശ നിയമത്തിന്റെ വലക്കണ്ണികളിൽ നിന്ന് വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയെ സംസ്ഥാന സർക്കാർ അങ്ങ് ഒഴിവാക്കിയത്രേ! കേട്ടപാതി കേൾക്കാത്തപാതി നാട്ടിലെ സദാചാര വിപ്ലവകാരികളും പ്രതിപക്ഷ സുഹൃത്തുക്കളും ദാ കുടയുമെടുത്ത് ഇറങ്ങിയിരിക്കുകയാണ്.

''അഴിമതിക്കാരെ സംരക്ഷിക്കാനുള്ള കുറുക്കുവഴി, ജനാധിപത്യത്തിന്റെ കരിദിനം'' എന്നൊക്കെയാണ് ചിലരുടെ കാച്ചിപ്പടയ്ക്കലുകൾ. എന്നാൽ, ഈ വിഷയത്തിൽ നമ്മുടെ  മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുള്ള ആ 'നല്ല മനസ്സ്' കാണാൻ നിങ്ങൾക്ക് എന്താ കണ്ണ് തുറക്കാത്തത്? അതിലുമപ്പുറം, എത്ര ബുദ്ധിപൂർവ്വമായ ഒരു തത്രമാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത് എന്ന് ആലോചിക്കുമ്പോൾ ആദരവ് തോന്നിപ്പോയി? കാത്തതാർക്കാണ്..? 

മുഖ്യമന്ത്രിയുടെ ആ 'നല്ല മനസ്സ്' കാണാതെ പോകരുത്!

vachakam
vachakam
vachakam

അദ്ദേഹത്തിന്റെ ക്രിയാത്മകമായ ദീർഘവീക്ഷണം നമുക്കൊന്ന് വിശകലനം ചെയ്യാം. ദിവസേന എത്രയോ ഫയലുകളാണ് അദ്ദേഹം ഒപ്പിടുന്നത്. ജനങ്ങളുടെ ക്ഷേമം ഓർത്തോർത്ത് രാത്രി ഉറക്കം പോലും കളയുന്ന നേതാവ്. അദ്ദേഹത്തിന്റെ കീഴിലുള്ള വിജിലൻസ് ഉദ്യോഗസ്ഥരാകട്ടെ, ആര് കൈക്കൂലി വാങ്ങി, ആര് സ്വത്ത് സമ്പാദിച്ചു എന്ന് കണ്ടുപിടിക്കാൻ രാപ്പകൽ ഓട്ടപ്പാച്ചിലിലാണ്.

അങ്ങനെയുള്ള പാവം വിജിലൻസ് ഉദ്യോഗസ്ഥരെ ഈ വിവരാവകാശ അപേക്ഷകൾ നൽകി ശല്യം ചെയ്യുന്നത് എത്ര വലിയ ക്രൂരതയാണ്? 'അപ്പുറത്തെ വില്ലേജ് ഓഫീസർ വാങ്ങികൂട്ടിയ അയ്യായിരം രൂപയുടെ ഫയൽ താ', 'ഇപ്പുറത്തെ എൻജിനീയർ അളന്നു മാറ്റിയ റോഡിന്റെ രേഖ താ' എന്നിങ്ങനെ ചോദിച്ച് ജനങ്ങൾ അയക്കുന്ന അപേക്ഷകൾ കണ്ട് വിജിലൻസുകാരുടെ കണ്ണ് തള്ളിയിരിക്കുകയായിരുന്നു. 

അപേക്ഷകൾക്ക് മറുപടി എഴുതിയെഴുതി പാവങ്ങളുടെ പേനയിലെ മഷി തീർന്നു. വിജിലൻസുകാരുടെ ഈ 'വർക്ക് ലോഡ്' കുറയ്ക്കാൻ സിഎം കാണിച്ച ആ കാരുണ്യം നമ്മൾ സമ്മതിച്ചു തന്നേ പറ്റൂ.  ഇനിയിപ്പോൾ അവർക്ക് സമാധാനമായി അഴിമതിക്കാരെ 'പിടിക്കുന്ന' ചവിട്ടുനാടകം  തുടരാമല്ലോ!

vachakam
vachakam
vachakam

ഇതൊരു കുറുക്കുവഴിയല്ല, ഒരു 'അഡ്വാൻസ്ഡ് സ്മാർട്ട് വർക്ക്' ആണ്! നമുക്കറിയാം, വിവരാവകാശ നിയമം വന്ന കാലം തൊട്ട് സർക്കാർ ഓഫീസുകളിലെ ഒരു സുതാര്യത! എന്ത് ചോദിച്ചാലും രേഖകൾ പുറത്തു വരും. ഇത് കാരണം ഭരണാധികാരികൾക്ക് ഒരു സ്വകാര്യതയും ഇല്ലാത്ത അവസ്ഥയായിരുന്നു. ആരെങ്കിലും രഹസ്യമായി ഒരു ചായ കുടിച്ചാൽ പോലും അതിന്റെ ബില്ല് വിവരാവകാശത്തിലൂടെ പുറത്തു കൊണ്ടുവരുന്ന ദുഷ്ടന്മാരുള്ള നാടാണിത്.

അവിടെയാണ് സർക്കാർ ഈ മാസ്റ്റർ സ്‌ട്രോക്ക് ഇറക്കിയത്: ''അഴിമതി നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കുന്ന വിജിലൻസിനെക്കുറിച്ച് ജനങ്ങൾ ഒന്നും അറിയേണ്ടതില്ല!''

എന്തൊരു മനോഹരമായ തത്വം. ചോദ്യങ്ങളും ഇല്ല, ഉത്തരങ്ങളും ഇല്ല. അഴിമതിയുടെ തെളിവുകൾ വിവരാവകാശത്തിലൂടെ പുറത്താകുമ്പോഴല്ലേ അത് അഴിമതിയാകുന്നത്? ഫയലുകൾ ജനങ്ങൾ കാണാതിരുന്നാൽ നാട്ടിൽ അഴിമതിയുണ്ടെന്ന് ആരെങ്കിലും പറയുമോ? അങ്ങനെ ഒറ്റ ഉത്തരവിലൂടെ സംസ്ഥാനത്തെ അഴിമതിരഹിതമാക്കിയ ആ കുറുക്കുവഴിക്ക് നമ്മൾ അവാർഡല്ലേ കൊടുക്കേണ്ടത്?

vachakam
vachakam
vachakam

മാത്രമല്ല, ഇനിമുതൽ വിജിലൻസ് ഓഫീസുകളിൽ വിവരാവകാശ അപേക്ഷകൾ കൈകാര്യം ചെയ്യാനുള്ള ജീവനക്കാരുടെ ശമ്പളം ലാഭിക്കാം. പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർക്ക് ചായ കുടിച്ചിരിക്കാൻ കൂടുതൽ സമയം കിട്ടും. എന്നാൽ  നാട്ടിലെ ചില പൗരന്മാർക്ക് ഇപ്പോഴും ഒരു തെറ്റിദ്ധാരണയുണ്ട്തങ്ങൾ നികുതി കൊടുക്കുന്ന പണം എങ്ങോട്ട് പോകുന്നു എന്ന് അറിയാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന്! ആ പാവങ്ങളോട് പറയാനുള്ളത്, 'നിങ്ങൾ നികുതി അടയ്ക്കുക, ബാക്കി കാര്യങ്ങൾ സർക്കാർ രഹസ്യമായി സൂക്ഷിച്ചോളാം' എന്ന  സ്‌നേഹപൂർവ്വമായ ലൈൻ മനസ്സിലാക്കാൻ ശ്രമിക്കക്കുകയാണ് ജനം ചെയ്യേണ്ടത്. 

ഏതായാലും, വിവരങ്ങൾ 'അവകാശമായി' ചോദിക്കാൻ വരുന്ന ജനങ്ങളെ തടഞ്ഞുനിർത്താൻ വിജിലൻസിന് ചുറ്റും കെട്ടിയ ഈ പുതിയ മതിൽ ജനാധിപത്യത്തിന്റെ മറ്റൊരു സുന്ദരമായ കാഴ്ച്ചയാണ്. മുഖ്യമന്ത്രിയുടെ ഈ പുതിയ ഭരണപരിഷ്‌കാരം വഴി ഇനി വിജിലൻസ് അന്വേഷണങ്ങൾ കൂടുതൽ 'രഹസ്യവും' സരസവുമായി മുന്നോട്ട് പോകട്ടെ എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് പുതിയ ഗവർണറുടെ വരവ്.

അദ്ദേഹം വന്ന്  കസേരയിലിരിക്കുമ മുമ്പ് പി.എസ്.സി ചെയർമാനേയും സംഘത്തേയും പുറത്താക്കാനുള്ള തന്ത്രം മെനയുകയാണ്. അതോടെ ജനത്തിനും ജനം ടിവിക്കും ചർച്ച ചെയ്യാൻ പുതിയ വിഷയവും കിട്ടിയിരിക്കുന്നു. സസ്യഭുക്കിന്റെ കാഞ്ഞ ബുദ്ധി അപാരം തന്നെ..

ജോഷി ജോർജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
vachakam