പരകാലജ്ഞാനം

AUGUST 28, 2026, 7:52 AM

ഇന്ത്യൻ പ്രതിപക്ഷ നേതാവിന്റെ റോളിൽ ഏറെക്കാലമായി പ്രശോഭിക്കുന്നതാരാ..? സാക്ഷാൽ പരകാല പ്രഭാകരൻ..! കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ അപ്രിയതമൻ! പ്രണയകഥയൊന്നുമല്ല കേട്ടോരാജ്യത്തിന്റെ സാമ്പത്തിക നയങ്ങൾ കാണുമ്പോൾ പ്രഭാകരന് തോന്നുന്ന പ്രണയവിരഹമാണ് ഈ ബന്ധത്തിന്റെ അടിസ്ഥാനം!

ജെ.എൻ.യുവിൽ പഠിക്കുമ്പോഴാണ് നിർമലയെ പ്രിയതമയാക്കിയത്. അവിടെനിന്നും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്നുമൊക്കെ ടിയാൻ പഠിച്ചെടുത്തത് സാമ്പത്തികശാസ്ത്രത്തേക്കാൾ ചങ്കുറപ്പും ആത്മവീര്യവുമാണോ എന്നു സംശയം. 

മോദി-ഷാജി കൂൽസിതകുസൃതിക്കൂട്ടത്തെ മാത്രമല്ല, ബി.ജെ.പിയെ അച്ചാലും മുച്ചാലും കടിച്ചുകുടഞ്ഞിട്ടും അരിശം തീരാത്ത പ്രഭാകരൻ കുത്തിക്കുറിച്ചതാണ് 'ദി ക്രൂക്കഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ: എസ്സേസ് ഓൺ എ റിപ്പബ്ലിക് ഇൻ ക്രൈസിസ്' എന്ന കിത്താബ്. ഇത് പുറത്തിറങ്ങിയപ്പോൾ ചിലർ വായിച്ചു; ചിലർ വായിക്കാതെ തന്നെ വിമർശിച്ചു; വായിച്ചവർക്ക് തലവേദനയും വായിക്കാത്തവർക്ക് അതിനേക്കാൾ വലിയ മനോവേദനയുമായി..!

vachakam
vachakam
vachakam

കാര്യക്ഷമമല്ലാത്ത ഭരണത്തിലൂടെ മോദി സമൂഹത്തിൽ കടുത്ത ഭിന്നിപ്പുണ്ടാക്കുകയാണെന്നും, 2024ൽ വീണ്ടും അധികാരത്തിലേറിയാൽ ഫലം സർവനാശം. സാമ്പത്തികരംഗമടക്കം മോദിയുടെ കഴിവില്ലായ്മ അമ്പരപ്പിക്കുന്നതാണെന്നും മറ്റും പ്രഭാകരൻ എത്രയോ മുമ്പേ പ്രവചിച്ചിരുന്നു. പ്രവചനങ്ങൾ കേട്ടപ്പോൾ പലരും പരിഹസിച്ചു.  'ദോഷൈകദൃക്ക്' എന്നു ബി.ജെ.പി.ക്കൂട്ടം കൊക്കിക്കൂകി. അതൊന്നും ആന്ധ്രാപ്രദേശിലെ മുൻമന്ത്രി ശേഷാവതാരത്തിന്റെ മകന് പ്രശ്‌നമേയല്ല. കണ്ണിൽ മുളക് വീണവനോട് 'നീ എന്തിനാണ് കണ്ണ് തുറന്നിരിക്കുന്നത്?' എന്നു ചോദിച്ചിട്ട് കാര്യമുണ്ടോ!

അടിയുറച്ച കോൺഗ്രസ് കുടുംബത്തിൽ നിന്നെത്തിയ പ്രഭാകരൻ വാജ്‌പേയി സർക്കാരിന്റെ കാലത്ത് ബി.ജെ.പി.യിലേക്ക് ആകർഷിക്കപ്പെട്ടു എന്നത് ചരിത്രം..! പിന്നെ അവരുടെ വാലായി, വക്താവുമായി. അങ്ങനെ അധികാരത്തിന്റെ അകത്തളങ്ങളിലേക്കും കയറി. 

കൂടെക്കിടന്നപ്പോഴാണ് ബി.ജെ.പി.യുടെ രാപ്പനിയും കരപ്പനും കണ്ടെത്തിയത്. ഉടൻ ചിരഞ്ജീവിയുടെ പ്രജാരാജ്യത്തേക്ക് ചേക്കേറി.

vachakam
vachakam
vachakam

അതോടെ രാഷ്ട്രീയം തനിക്ക് പറ്റിയ പണിയല്ലെന്ന് മനസ്സിലായി. പിന്നെ, രാഷ്ട്രീയ നിരീക്ഷണവും എഴുത്തും ശീലമാക്കി. രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയെങ്കിലും രാഷ്ട്രീയത്തെ വെറുതെ വിടാൻ ടിയാൻ തയ്യാറായില്ല അതാണ് ബി.ജെ.പി.യുടെ കഷ്ടകാലവും..!

അധികാരത്തിന്റെ ശരിതെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ഉച്ചഭാഷിണിയെന്തിന് ? സാമ്പത്തിക നയം മുതൽ സാമൂഹിക ഭിന്നിപ്പ് വരെ, ഭരണപരാജയം മുതൽ ജനാധിപത്യത്തിന്റെ ഭാവി വരെഒരധികാരമില്ലെങ്കിലും പേനകൊണ്ട് അധികാരത്തെ അസ്വസ്ഥനാക്കാൻ കഴിയുമല്ലോ. അധികാരികൾക്ക് തോക്കുകളുണ്ട്; പ്രഭാകരന് വാക്കുകളുടെ രണ്ടിന്റെയും ശബ്ദം കേൾക്കുമ്പോൾ ചിലർക്ക് ഉറക്കം പോകും!

തകർന്നുകൊണ്ടിരിക്കുന്ന ഈ റിപ്പബ്ലിക്കിനെ തിരിച്ചുപിടിക്കാൻ നമ്മുടെ പാറ്റകളായ മക്കൾ തന്നെ പോരാടണമെന്നു ശഠിക്കുന്നത് ശരിയല്ലെന്നും, അവരോടൊപ്പം എത്രയും വേഗം അണിചേരുകയാണ് വേണ്ടതെന്നും പരകാല പറയുന്ന ഈ പച്ചപ്പരമാർഥം ഇനിയെങ്കിലും മാലോകർ മനസ്സിലാക്കിയെങ്കിൽ..!

vachakam
vachakam
vachakam

ഇല്ലെങ്കിൽ ചരിത്രം ഒരിക്കൽ ചോദിക്കും: ''റിപ്പബ്ലിക്ക് രക്ഷിക്കേണ്ട സമയത്ത് നിങ്ങൾ എവിടെയായിരുന്നു?''

ഞങ്ങൾ വാട്‌സാപ്പ് ഗ്രൂപ്പിലായിരുന്നു. അവിടെ റിപ്പബ്ലിക്കിനെ രക്ഷിക്കുന്ന തിരക്കിലായിരുന്നു എന്നോക്കെ ഞഞ്ഞപിഞ്ഞ... പറയാനാകുമോ..?

ജോഷി ജോർജ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
vachakam