ലൈവ് സ്ട്രീമിങ്, ചോദ്യങ്ങള്‍ക്ക് ഉത്തരം; കിടിലന്‍ ഫീച്ചറുകളുമായി റേ ബാന്‍-മെറ്റ ഗ്ലാസ് ഇന്ത്യന്‍ വിപണിയിലേക്ക്

APRIL 23, 2025, 11:09 AM

ഞെട്ടിക്കുന്ന ഫീച്ചറുകളുമായി റേ ബാന്‍-മെറ്റ ഗ്ലാസ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ വിപണികളിലേക്ക് ഉടനെത്തും. ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മെക്സിക്കോ, യുഎഇ എന്നിവയടക്കമുള്ള രാജ്യങ്ങളിലേക്കും ഈ സ്മാര്‍ട്ട് ഗ്ലാസുകള്‍ ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കി.

മെറ്റയും റേ ബാനിന്റെ മാതൃ കമ്പനിയായ എസ്സിലോര്‍ ലക്സോട്ടിക്കയും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് റേ ബാന്‍-മെറ്റ ഗ്ലാസ്. തത്സമയ പരിഭാഷയ്ക്ക് പുറമെ അവിശ്വസിനീയമെന്ന് തോന്നാവുന്ന നിരവധി ഫീച്ചറുകള്‍ ഉള്‍പ്പെട്ടതാണ് ഈ സ്മാര്‍ട്ട് ഗ്ലാസുകള്‍. ഗ്ലാസ് ധരിച്ചുകൊണ്ട് കാണുന്ന വസ്തുക്കളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അതിന് കഴിയും. കാണുന്നതെന്തും ഫെയ്സ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും ലൈവ് സ്ട്രീം ചെയ്യാന്‍ സാധിക്കും. ഫോട്ടോകളും വീഡിയോകളും പകര്‍ത്താം, മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ സംഗീതവും പോഡ്കാസ്റ്റുകളും ആസ്വദിക്കാം തുടങ്ങിയ നിരവധി സവിശേഷതകളുള്ള സ്മാര്‍ട്ട് ഗ്ലാസുകളാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.

റേ ബാന്‍-മെറ്റ സ്മാര്‍ട്ട് ഗ്ലാസുകളുടെ പ്രധാന സവിശേഷതകള്‍

വിരല്‍ അനക്കുക പോലും ചെയ്യാതെ ഫോട്ടോകളും വീഡിയോകളുമെടുക്കാന്‍ ഈ സ്മാര്‍ട്ട് ഗ്ലാസുകള്‍ക്ക് സാധിക്കും. സ്മാര്‍ട്ട് ഗ്ലാസിലുള്ള ബില്‍റ്റ്-ഇന്‍ ക്യാമറകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഹാന്‍ഡ് ഫ്രീയായി അവര്‍ കാണുന്ന ദൃശ്യങ്ങളുടെ ഫോട്ടോകളും വീഡിയോകളും പകര്‍ത്താം. എത്ര തിരക്കിനിടയിലും ചുറ്റുമുള്ള ശബ്ദങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ സംഗീതം, പോഡ്കാസ്റ്റുകള്‍ എന്നിവ കേള്‍ക്കുവാനും ഫോണ്‍ വിളിക്കാനും ഉപയോക്താക്കള്‍ക്ക് സാധിക്കുന്നു. ഫ്രെയിമുകളില്‍ ഘടിപ്പിച്ചിട്ടുള്ള ഓപ്പണ്‍-ഇയര്‍ സ്പീക്കറുകളുടെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്.

ഫോണ്‍ വിളിക്കുന്ന സന്ദര്‍ഭങ്ങളില്‍ വ്യക്തമായ ശബ്ദം പിടിച്ചെടുക്കുന്നതിനും വോയിസ് കമാന്‍ഡുകള്‍ക്കുമായി ഇവയില്‍ മള്‍ട്ടി-മൈക്രോഫോണ്‍ സംവിധാനവുമുണ്ട്. അഞ്ച് മൈക്രോഫോണുകള്‍ ഉള്‍പ്പെട്ടതാണിത്. ഫോട്ടോകളും വീഡിയോകളും എടുക്കുക, കോള്‍ ചെയ്യുക, സന്ദേശങ്ങള്‍ അയയ്ക്കുക, നിര്‍ദേശം നല്‍കുന്നതിന് അനുസരിച്ച് പ്രവര്‍ത്തിക്കുക തുടങ്ങിയ വിവിധ ജോലികള്‍ 'ഹായ് മെറ്റ' വോയിസ് കമാന്‍ഡ് മാത്രം ഉപയോഗിച്ച് ചെയ്യാം. മെറ്റാ എഐയുമായി സംവദിക്കാനും ഇത്തരത്തില്‍ അനായാസം സാധിക്കും.

കൂടാതെ മറ്റ് ഭാഷകളില്‍ നിന്ന് തത്സമയ വിവര്‍ത്തനം നടത്താനുള്ള കഴിവ് ഒരു പ്രധാന സവിശേഷതയാണെന്ന് നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. മറ്റൊരു ഭാഷ സംസാരിക്കുന്ന ഒരാള്‍ പറയുന്നത് വിവര്‍ത്തനം ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് 'Hey Meta, start live translation' എന്ന നിര്‍ദേശം നല്‍കിയാല്‍ മാത്രം മതിയാകും. അത് പിന്നീട് ഗ്ലാസിന്റെ ഫ്രെയിമില്‍ ഘടിപ്പിച്ചിട്ടുള്ള സ്പീക്കറുകളിലൂടെ കേള്‍ക്കാന്‍ കഴിയും.

ഉപയോക്താക്കള്‍ക്ക് അവര്‍ കാണുന്ന കാര്യങ്ങള്‍ അതുപോലെ തന്നെ ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും ലൈവ് സ്ട്രീം ചെയ്യാന്‍ സാധിക്കും. മെറ്റ എഐയുടെ പിന്തുണയോടെ ധരിക്കുന്നയാള്‍ കാണുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും സ്മാര്‍ട്ട് ഗ്ലാസിന് സാധിക്കും. ഓര്‍മ്മപ്പെടുത്തലുകള്‍, ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പുകള്‍ നിര്‍ദേശിക്കല്‍ എന്നിവ പോലുള്ള ക്രിയാത്മകമായ ജോലികളില്‍ സഹായിക്കാനും ഇതിന് കഴിയും.

IPX4 വാട്ടര്‍-റെസിസ്റ്റന്റ് റേറ്റിംഗ് ഉള്ളവയാണ് റേ-ബാന്‍ മെറ്റാ ഗ്ലാസുകള്‍. അവയ്ക്ക് വെള്ളം തെറിച്ചാലും ചെറിയ മഴയും താങ്ങാന്‍ കഴിയും. ഉടന്‍ തന്നെ മെക്സിക്കോ, ഇന്ത്യ, യുഎഇ എന്നിവിടങ്ങളില്‍ റേ-ബാന്‍ മെറ്റാ ഗ്ലാസുകള്‍ അവതരിപ്പിക്കുകയാണെന്നാണ് നിര്‍മാതാക്കള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ മാസം ആദ്യം യുകെ ഉള്‍പ്പെടെ നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ ഗ്ലാസുകള്‍ ലഭ്യമാക്കിയിരുന്നുവെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam