സെപ്റ്റംബര്‍ ഒമ്പതിന് ആപ്പിള്‍ ഐഫോണ്‍ 17 സീരീസ് എത്തും. ഈ പുതിയ സീരീസിന്റെ വരവ് ആപ്പിളിന് മാത്രമല്ല, ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ മേഖലയ്ക്കും അഭിമാനകരമായ നിമിഷമായി മാറും. ആദ്യമായി, ഒരു ഐഫോണ്‍ സീരീസിന്റെ എല്ലാ മോഡലുകളും തുടക്കംമുതല്‍ ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്നു എന്ന പ്രത്യേകത ഐഫോണ്‍ 17-നുണ്ട്.
മുന്‍പ് ഐഫോണ്‍ 16 സീരീസ് ഇന്ത്യയില്‍ നിര്‍മിച്ചിരുന്നെങ്കിലും അത് ഘട്ടംഘട്ടമായാണ് നടപ്പിലാക്കിയത്. എന്നാല്‍, ഐഫോണ്‍ 17 സീരീസിന്റെ കാര്യത്തില്‍, തുടക്കം മുതല്‍തന്നെ ഇന്ത്യയില്‍ നിര്‍മാണം നടക്കുന്നു എന്ന സവിശേഷതയുണ്ട്. ഇതോടൊപ്പം, ഇന്ത്യയില്‍ നിര്‍മിക്കുന്ന ഈ മോഡലുകള്‍ ലോകമെമ്പാടും കയറ്റുമതി ചെയ്ത് വില്‍പ്പനയ്ക്കെത്തുകയും ചെയ്യും.
ഈ നേട്ടം ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ മേഖലയില്‍ വഴിത്തിരിവാകും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആപ്പിള്‍, സാംസങ്, ഷാവോമി, ഒപ്പോ, വിവോ, റിയല്‍മി, മോട്ടോറോള തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകളും ലാവ പോലുള്ള ഇന്ത്യന്‍ കമ്പനികളും ഇന്ത്യയെ ഒരു പ്രധാന നിര്‍മാണ കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്.
2023-24 വര്‍ഷത്തില്‍ സ്മാര്‍ട്‌ഫോണ്‍ കയറ്റുമതിയില്‍ 40% വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലായ് വരെ 750 കോടി ഡോളറിന്റെ ഐഫോണുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തു. ഇത് കഴിഞ്ഞ വര്‍ഷത്തെ മൊത്തം കയറ്റുമതിയുടെ പകുതിയോളം വരും.
ഏതാണ്ട് 200-ലധികം സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ ഫാക്ടറികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (PLI) സ്‌കീം ഉള്‍പ്പെടെയുള്ള പദ്ധതികളും ഫേസ്ഡ് മാനുഫാക്ചറിങ് പ്രോഗ്രാം പോലുള്ള ഉദ്യമങ്ങളും വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇതിന്റെ ഫലമായി, ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മാണ കേന്ദ്രമായി മാറിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്