രാജ്യവ്യാപകമായി 5ജി സേവനം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സുപ്രധാന പൈലറ്റ് പരീക്ഷണം പൊതുമേഖലാ ടെലികോം ഓപ്പറേറ്ററായ ബിഎസ്എൻഎൽ പൂർത്തിയാക്കി.
ബിഎസ്എൻഎല്ലിന്റെ അഞ്ചാം തലമുറ (5ജി) നെറ്റ്‌വർക്ക് വിന്യാസത്തിനായുള്ള പരീക്ഷണ പദ്ധതി പൂർത്തിയായതായി കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥൻ വിവേക് ദുവ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
‘5ജിക്കായുള്ള പരീക്ഷണം ഞങ്ങൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ ബിഎസ്എൻഎല്ലിനുള്ള 4ജി നെറ്റ്‌വർക്ക് എളുപ്പത്തിൽ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ കഴിയും. ഉടൻ തന്നെ 5ജി വിന്യാസം തുടങ്ങുമെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഎസ്എൻഎൽ 4ജി നെറ്റ്‌വർക്കുകൾ അടുത്ത ആറു മുതൽ എട്ട് മാസത്തിനുള്ളിൽ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
4ജിയെപ്പോലെ, പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബിഎസ്എൻഎൽ രാജ്യത്ത് 5ജി നെറ്റ്‌വർക്കും ഒരുക്കുന്നത്. 5ജി കൂടി യാഥാർഥ്യമാകുന്നതോടെ കൂടുതൽ ഉപഭോക്താക്കളെ നേടാനും മികച്ച സേവനം നൽകാനും ബിഎസ്എൻഎല്ലിന് സാധിക്കുമെന്നാണ് പ്രതീക്ഷ.
ബിഎസ്എൻഎൽ രാജ്യത്തുടനീളം വിന്യസിച്ചിരിക്കുന്നത് തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യയാണ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 92,564 ‘മെയ്ഡ് ഇൻ ഇന്ത്യ’ 4ജി ടവറുകൾ ഉദ്ഘാടനം ചെയ്തിരുന്നു.
ഇതോടെ സ്വീഡൻ, ഫിൻലാൻഡ്, ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം സ്വന്തമായി 4ജി സാങ്കേതികവിദ്യയുള്ള രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യയും എത്തി.
അടുത്ത ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ ഈ 4ജി ടവറുകൾ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. ഇതോടെ ഇന്ത്യയിൽ ഒരു എൻഡ്-ടു-എൻഡ് 5ജി നെറ്റ്‌വർക്ക് പ്രവർത്തനക്ഷമമാക്കുമെന്നും ടെലികോം മന്ത്രി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്