യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഉയർന്ന ഇറക്കുമതി തീരുവ കാരണം ആപ്പിളും സാംസങ്ങും ഉൾപ്പെടെയുള്ള ടെക് ഭീമന്മാർ തങ്ങളുടെ ആഗോള ഉൽപ്പാദനത്തിന്റെ വലിയൊരു ഭാഗം ഇന്ത്യയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോർട്ട്.
ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 54 ശതമാനവും വിയറ്റ്നാമീസ് ഉൽപ്പന്നങ്ങൾക്ക് 46 ശതമാനവും ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 26 ശതമാനവും തീരുവ ചുമത്തുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം. അതിനാൽ, യുഎസിലേക്കുള്ള കയറ്റുമതിക്കുള്ള ഏറ്റവും വിലകുറഞ്ഞ ഉൽപ്പാദന കേന്ദ്രമായി ഇന്ത്യ മാറിയേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആപ്പിൾ വളരെക്കാലമായി ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കുന്നുണ്ട്. ചൈനീസ് നിർമ്മാണ ലൈനുകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇപ്പോൾ ഈ ടെക് കമ്പനിക്ക് കഴിയുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോർട്ടിനെ ഉദ്ദരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയിലെ ഐഫോണ്‍ ഫാക്ടറികൾ ഉല്‍പ്പന്നങ്ങള്‍ യുഎസിലേക്ക് കയറ്റുമതി ചെയ്യാൻ മാത്രമായി ഉപയോഗിക്കപ്പെടുമെന്നും ഇന്ത്യയിലെ ഐഫോൺ നിര്‍മാണ മേഖലയില്‍ ഇതൊരു പ്രധാന കുതിച്ചുചാട്ടമായിരിക്കുമെന്നും ഒരു ഉന്നത വ്യവസായ ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
നിലവിൽ ഇന്ത്യയിലെ ഐഫോണുകൾ ഫോക്‌സ്‌കോണും ടാറ്റയും ചേർന്നാണ് അസംബിൾ ചെയ്യുന്നത്. ഈ നീക്കങ്ങൾ ഇന്ത്യയില്‍ ഫോക്‌സ്‌കോണിലും ടാറ്റയിലും പുതിയ നിക്ഷേപങ്ങൾ കൊണ്ടുവരാനും സാധ്യതയുണ്ട്.
കൂടാതെ യുഎസിലേക്കുള്ള ഐഫോണുകളുടെ കയറ്റുമതി ഈ സാമ്പത്തിക വർഷത്തേക്കുള്ള നിലവിലെ എസ്റ്റിമേറ്റ് ആയ 10 ബില്യൺ ഡോളറിനപ്പുറം വളരാനും സാധ്യതയുണ്ട്. യുഎസും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ എങ്ങനെ വികസിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ആപ്പിളിന്‍റെ ഇന്ത്യൻ പദ്ധതികൾ എന്നും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം വിയറ്റ്നാമിലെ വൻ ഉൽപ്പാദന കേന്ദ്രത്തെ ദീർഘകാലമായി ആശ്രയിച്ചിരുന്ന സാംസങിനെയും ട്രംപിന്‍റെ പുതിയ താരിഫ് നയം ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. വിയറ്റ്നാമിൽ നിന്ന് ഏകദേശം 55 ബില്യൺ ഡോളറിന്‍റെ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ കമ്പനി കയറ്റുമതി ചെയ്യുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്