ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ തീരുമാനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. തന്റെ കരിയർ ഒരു ഭാരമായി മാറിയപ്പോഴാണ് വിരമിക്കാൻ തീരുമാനിച്ചതെന്നും ആ സമയത്ത് പിന്തുണയും ബഹുമാനവും ലഭിച്ചില്ലെന്നും യുവരാജ് പറഞ്ഞു. സാനിയ മിർസയുടെ 'സെർവിംഗ് ഇറ്റ് അപ്പ് വിത്ത് സാനിയ' എന്ന യൂട്യൂബ് ഷോയിലായിരുന്നു മുൻ ഇന്ത്യൻ താരത്തിന്റെ പ്രതികരണം.
2011 ലോകകപ്പിന് ശേഷം യുവരാജിന് ശ്വാസകോശ അർബുദം കണ്ടെത്തിയിരുന്നു. തുടർന്ന് താരം അമേരിക്കയിൽ ചികിത്സയ്ക്ക് വിധേയനായി രോഗത്തെ കീഴ്‌പ്പെടുത്തി. പിന്നീട് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും, യുവരാജിന് പഴയ ഫോം വീണ്ടെടുക്കാൻ കഴിഞ്ഞില്ല.
എൻ്റെ കരിയർ ഒരു ഭാരമായി മാറിയ ഒരു ഘട്ടത്തിലെത്തി. അതിനാൽ, എനിക്ക് എൻ്റെ കളി ആസ്വദിക്കാൻ കഴിഞ്ഞില്ല. 'എനിക്ക് ആസ്വദിക്കാൻ കഴിയാത്തപ്പോൾ ഞാൻ എന്തിനാണ് ക്രിക്കറ്റ് കളിക്കുന്നത്?' എന്നൊരു തോന്നലുമുണ്ടായി. എനിക്ക് പിന്തുണ ലഭിക്കുന്നതായി തോന്നിയില്ല. ബഹുമാനം ലഭിക്കുന്നതായും തോന്നിയില്ല. ഇതൊന്നും കിട്ടുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ഞാൻ ഇത് ചെയ്യുന്നതെന്നും ചിന്തിച്ചു. - യുവരാജ് പറഞ്ഞു.
ക്രിക്കറ്റ് തനിക്ക് ഒട്ടേറെ കാര്യങ്ങൾ നൽകിയെന്നും താനും പരമാവധി സംഭാവനകൾ നൽകിയിട്ടുണ്ടെന്നും യുവരാജ് കൂട്ടിച്ചേർത്തു. അപ്പോൾ എനിക്ക് ആസ്വദിക്കാൻ കഴിയാത്ത ഒന്നിൽ ഞാൻ എന്തിനാണ് ഇങ്ങനെ നിൽക്കുന്നത്? ഞാൻ എന്തിന് കളിക്കണം? എന്ത് തെളിയിക്കാൻ? മാനസികമായിട്ടോ ശാരീരികമായിട്ടോ എനിക്കിതിലും കൂടുതൽ ചെയ്യാനാവില്ല. അത് എന്നെ വേദനിപ്പിച്ചു, അതിനാൽ ഞാൻ നിർത്താൻ തീരുമാനിച്ചു. ഞാൻ നിർത്താൻ തീരുമാനിച്ച ദിവസം ഞാൻ വീണ്ടും ഞാനായി. - യുവരാജ് കൂട്ടിച്ചേർത്തു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
