ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മല്‍സരങ്ങള്‍ക്ക് 2031 വരെ ഇംഗ്ലണ്ട് തന്നെ വേദിയാവുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) സ്ഥിരീകരിച്ചു. തുടക്കം മുതല്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മല്‍സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ കഴിഞ്ഞ മൂന്ന് പതിപ്പുകള്‍ മികച്ച രീതിയില്‍ സംഘടിപ്പിച്ചത് കണക്കിലെടുത്താണ് തീരുമാനമെന്ന് ഐസിസി അറിയിച്ചു.
2027, 2029, 2031 വര്‍ഷങ്ങളിലാവും ഇനി ഐസിസി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുകള്‍ നടക്കുക. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ആതിഥേയത്വം വഹിക്കാന്‍ ബിസിസിഐ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. സമീപ കാലത്തൊന്നും ഇത് നടക്കില്ലെന്ന് വ്യക്തമായി.
അഫ്ഗാന്‍ വനിതാ ക്രിക്കറ്റര്‍മാര്‍ക്ക് പിന്തുണ
പലായനം ചെയ്ത അഫ്ഗാന്‍ വംശജരായ വനിതാ ക്രിക്കറ്റ് കളിക്കാരെ പിന്തുണയ്ക്കുന്നതിനുള്ള സഹകരണ പരിപാടി ഐസിസി തുടരും. ബിസിസിഐ, ഇസിബി, ക്രിക്കറ്റ് ഓസ്ട്രേലിയ എന്നിവയുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. പരിശീലനം, ആഭ്യന്തര മത്സരങ്ങള്‍, 2025 ല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ്, 2026 ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ടി20 ലോകകപ്പ് തുടങ്ങിയ വരാനിരിക്കുന്ന ഐസിസി വനിതാ മത്സരങ്ങളില്‍ പങ്കാളിത്തം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
യുഎസ്എ ക്രിക്കറ്റിന് നോട്ടീസ്
യുഎസ്എ ക്രിക്കറ്റ് ബോര്‍ഡ് ഭരണനിര്‍വഹണം മെച്ചപ്പെട്ട രീതിയില്‍ നടത്തണമെന്ന് ഐസിസി മുന്നറിയിപ്പ് നല്‍കി. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താനും മൂന്ന് മാസത്തിനുള്ളില്‍ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനും ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കാമെന്ന് ഐസിസി വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ അസോസിയേറ്റ് അംഗ പ്രതിനിധികള്‍
ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് പുതിയ പ്രതിനിധികളെ തിരഞ്ഞെടുത്തു. ഫ്രാന്‍സില്‍ നിന്ന് ഗുരുമൂര്‍ത്തി പളനി, ക്രിക്കറ്റ് ഹോങ്കോങ്ങില്‍ നിന്ന് അനുരാഗ് ഭട്‌നാഗര്‍, ക്രിക്കറ്റ് കാനഡയില്‍ നിന്ന് ഗുര്‍ദീപ് ക്ലെയര്‍ എന്നിവരെയാണ് തിരഞ്ഞെടുത്തത്.
പുതിയ അസോസിയേറ്റ് അംഗങ്ങള്‍
രണ്ട് പുതിയ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് ഐസിസി അസോസിയേറ്റ് അംഗത്വ പദവി നല്‍കി. തിമോര്‍ ലെസ്റ്റെ ക്രിക്കറ്റ് ഫെഡറേഷനും സാംബിയ ക്രിക്കറ്റ് യൂണിയനും കൂടി ആഗോള ക്രിക്കറ്റ് സമൂഹത്തില്‍ ചേര്‍ന്നതോടെ ഐസിസി അംഗങ്ങളുടെ എണ്ണം 110 ആയി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്