ന്യൂസിലൻഡിനെതിരെയുള്ള അവസാന ഏകദിനം രവീന്ദ്ര ജഡേജയുടെ അവസാന ഏകദിനം ആയിരിക്കുമോ?

JANUARY 23, 2026, 9:28 AM

33-ാം ഓവറിൽ ജെയ്ഡൻ ലിനോക്‌സിന്റെ ആദ്യ പന്തിൽ വിൽ യങ്ങിന് ക്യാച്ച് നൽകി മടങ്ങിയ ആ മൊമന്റ്. ഒരുപക്ഷേ, രവീന്ദ്ര ജഡേജയുടെ ഐതിഹാസിക കരിയറെടുത്താൽ, ഏകദിനമെന്ന അധ്യായത്തിലെ അവസാന നിമിഷങ്ങളായിരുന്നിരിക്കാം അത്.

ഇത്തരമൊരു പ്രസ്താവനയ്ക്ക് പിന്നിൽ കൃത്യമായ കണക്കുകളും വസ്തുതകളുമുണ്ട്. പ്രീമിയം ഓൾ റൗണ്ടറെന്ന തലക്കെട്ടിൽ നിന്ന് ശരാശരി പ്രകടനങ്ങൾ മാത്രം പുറത്തെടുക്കുന്ന താരമായി ഏകദിനത്തിൽ മാറിയിരിക്കുന്നു ജഡേജ. എല്ലാത്തിലുമുപരിയായി ജഡേജയുടെ കസേരയുടെ പിന്നിൽ അണിനിരന്നിരിക്കുന്ന ഓൾ റൗണ്ടർമാരോട് അധികകാലം കണ്ണടയ്ക്കാൻ ബി.സി.സി.ഐക്കും സാധിക്കില്ല.

2025 ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം ഇന്ത്യ ആദ്യമായി കളിച്ച ഏകദിന പരമ്പര ഓസ്‌ട്രേലിയക്ക് എതിരെയായിരുന്നു. രോഹിത് ശർമയുടേയും വിരാട് കോഹ്ലിയുടേയും തിരിച്ചുവരവ് ആഘോഷമാക്കിയ പര്യടനത്തിൽ രവീന്ദ്ര ജഡേജയുടെ പേരുണ്ടായിരുന്നില്ല. ഇന്ത്യയുടെ ഏകദിന പദ്ധതികളിൽ നിന്ന് ജഡേജയുടെ സാന്നിധ്യം ഇല്ലാതാകുന്നോയെന്ന ചോദ്യം പതിയെ ഉയർന്നിരുന്നു. കാരണം ചാമ്പ്യൻസ് ട്രോഫിയിലെ ജഡേജയുടെ പ്രകടനം തീർത്തും നിരാശ സമ്മാനിക്കുന്നതായിരുന്നു. അഞ്ച് മത്സരങ്ങളിൽ നിന്ന് ആകെ 27 റൺസും അഞ്ച് വിക്കറ്റും.

vachakam
vachakam
vachakam

പക്ഷേ, ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലൂടെ ജഡേജയ്ക്ക് ഏകദിന ടീമിലേക്ക് വീണ്ടും എൻട്രി ലഭിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളിലെ രണ്ട് ഇന്നിങ്‌സുകളിലായി 56 റൺസ്, സ്‌ട്രൈക്ക് റേറ്റ് 116. മൂന്ന് ഇന്നിങ്‌സുകളിലായി എറിഞ്ഞത് 25 ഓവറുകൾ, വിക്കറ്റ് ഒന്ന് മാത്രം. ന്യൂസിലൻഡ് പരമ്പരയിലും തന്റെ സാന്നിധ്യം ഉറപ്പിക്കാൻ ജഡേജയ്ക്ക് കഴിഞ്ഞു. മൂന്ന് മത്സരങ്ങളിൽ നിന്ന് 43 റൺസ്, സ്‌ട്രൈക്ക് റേറ്റ് 66 മാത്രം. 23 ഓവറുകളായിരുന്നു കിവീസിനെതിരെ ജഡേജയെറിഞ്ഞത്, വിക്കറ്റ് കോളത്തിൽ പൂജ്യം.

രണ്ട് പരമ്പരകൂടി പരിഗണിച്ചാൽ ആറ് കളികളിൽ നിന്ന് 99 റൺസ് മാത്രമാണ് ജഡേജയ്ക്ക് നേടാനായത്. സ്‌ട്രൈക്ക് റേറ്റ് 88.39 ആണ്. ശരാശരി 25ലും താഴെ. എറിഞ്ഞത് 48 ഓവറാണ്. അതായത് 288 പന്തുകൾ, ജഡേജയ്ക്ക് എടുത്ത വിക്കറ്റുകളുടെ എണ്ണം കേവലം ഒന്നും. ജഡേജ ഒരു കൺസിസ്റ്റന്റ് വിക്കറ്റ് ടേക്കർ ആണെന്നുള്ള അവകാശവാദങ്ങളില്ല. പക്ഷേ, ഇന്ത്യയിലെ വിക്കറ്റുകളിൽ എതിരാളികളുടെ റണ്ണൊഴുക്ക് തടയാൻ ജഡേജയ്ക്ക് അനായാസം കഴിയുമായിരുന്നു.

എന്നാൽ, കഴിഞ്ഞ രണ്ട് പരമ്പരയിൽ ജഡേജയെറിഞ്ഞ 48 ഓവറുകളിൽ നിന്ന് എതിരാളികൾ അടിച്ചെടുത്തത് 298 റൺസാണ്. എക്കണോമി 6.20. ജഡേജയുടെ ഏകദിന കരിയർ എക്കണോമി പോലും അഞ്ചിൽ താഴെയാണ് നിൽക്കുന്നതെന്ന് ഓർക്കേണ്ടതുണ്ട്.

vachakam
vachakam
vachakam

ജഡേജയ്ക്ക് തിളങ്ങാൻ സാധിക്കാതെ പോയ ഇതേ സാഹചര്യങ്ങളിലാണ് സമാനശൈലിയുള്ള ന്യൂസിലൻഡ് താരം ലിനോക്‌സ് മികവ് പുലർത്തിയതും. അതും പരിചതമല്ലാത്ത പിച്ചുകളിൽ. രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് വിക്കറ്റാണ് താരം നേടിയത്. രണ്ട് ഏകദിനങ്ങളിലും 10 ഓവറുകൾ വീതമെറിഞ്ഞ ലിനോക്‌സിന്റെ എക്കണോമി കേവലം 4.2 ആണ്.

2023 ഏകദിന ലോകകപ്പിന് ശേഷം കളിച്ച 13 മത്സരങ്ങളിൽ നിന്ന് ആകെ ജഡേജ നേടിയത് 12 വിക്കറ്റാണ്, 149 റൺസും. ലോവർ ഓർഡർ ബാറ്ററായി ഇന്ത്യയുടെ ഫിനിഷർ റോളുകൂടി വഹിക്കുന്ന താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് ഈ കാലയളവിൽ നൂറിലും താഴെയായി നിൽക്കുന്നു. ഇന്ത്യയിലെ വിക്കറ്റുകളിൽപ്പോലും ജഡേജയ്ക്ക് തന്റെ പ്രതാപത്തിനൊത്ത് ഉയരാൻ സാധിക്കുന്നില്ല എന്ന വസ്തുത മുന്നിൽ നിൽക്കെയാണ് 2027 ഏകദിന ലോകകപ്പിലെ താരത്തിന്റെ സാധ്യതകൾക്ക് മങ്ങലേൽക്കുന്നതും.

അക്‌സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നീ സ്പിൻ ഓൾ റൗണ്ടർമാരുടെ കണക്കുകൾക്കൂടി പരിശോധിക്കുമ്പോൾ കൂടുതൽ വ്യക്തതലഭിച്ചേക്കും. 2025ൽ അക്‌സർ പട്ടേൽ 10 ഇന്നിങ്‌സുകളിൽ നിന്ന് 36 ശരാശരിയിൽ 290 റൺസാണ് നേടിയത്. ഒരു അർദ്ധ സെഞ്ചുറിയുൾപ്പെടുന്നു. ഇതിനൊപ്പമാണ് 11 വിക്കറ്റുകളുടെ നേട്ടം. സുന്ദറാകട്ടെ അവസാന പത്ത് ഏകദിനങ്ങളിൽ നിന്ന് 11 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ, ബാറ്റുകൊണ്ട് കാര്യമായി തിളങ്ങിയിട്ടില്ല, 107 റൺസ് മാത്രം.

vachakam
vachakam
vachakam

അക്‌സർ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യ മുൻഗണന നൽകുന്ന താരങ്ങളിലൊരാളാണ്. ചാമ്പ്യൻസ് ട്രോഫിയിലും കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലുമുൾപ്പെടെ അക്‌സറിന്റെ നിർണായക സംഭാവനകളുണ്ടായിരുന്നു. അതുകൊണ്ട്, മുന്നോട്ടുള്ള യാത്രയിൽ ജഡേജയ്ക്ക് മുകളിൽ അക്‌സറിന് പരിഗണന ലഭിക്കാനുള്ള സാധ്യതകളാണുള്ളത്. അടുത്ത ഏകദിന പരമ്പരയ്ക്ക് മുൻപായി ജഡേജയുടെ ഭാവിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ സെലക്ടർമാർ നിർബന്ധിതരുമായേക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam