ടി20 ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി നേപ്പാൾ. ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ 90 റൺസിന് തോൽപിച്ച് നേപ്പാൾ മൂന്ന് മത്സര പരമ്പര 2-0ന് സ്വന്തമാക്കി.
ആദ്യ മത്സരത്തിൽ നേപ്പാൾ 19 റൺസിന് ജയിച്ചിരുന്നു. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസടിച്ചപ്പോൾ 17.1 ഓവറിൽ വെറും 83 റൺസിന് ഓൾ ഔട്ടായി വിൻഡീസ് വീണ്ടും നാണംകെട്ടു.
മൂന്ന് പേർ മാത്രമാണ് വിൻഡീസ് നിരയിൽ രണ്ടക്കം കടന്നത്. 21 റൺസെടുത്ത ജേസൺ ഹോൾഡറാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. അമിർ ജാംഗോ 16ഉം അക്കീം അഗസ്റ്റീ 17ഉം റൺസെടുത്തപ്പോൾ മറ്റ് ബാറ്റർമാരെല്ലാം ഒറ്റ അക്കത്തിൽ പുറത്തായി. നേപ്പാളിന് വേണ്ടി മുഹമ്മദ് ആദിൽ അലാം 24 റൺസിന് നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ കുശാൽ ബുർട്ടേൽ 16 റൺസിന് മൂന്ന് വിക്കറ്റെടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ ഓപ്പണർ ആസിഫ് ഷെയ്ഖിന്റെയും(47 പന്തിൽ 68), സുദീപ് ജോറ (39 പന്തിൽ 63) എന്നിവരുടെ അർധസെഞ്ചുറികളുടെ മികവിലാണ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസടിച്ചത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 100 റൺസ് കൂട്ടുകെട്ടുയർത്തി.
വിൻഡീസിനു വേണ്ടി കെയ്ൽ മയേഴ്‌സും ക്യാപ്ടൻ അക്കീൽ ഹൊസൈനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇതാദ്യമായണ് നേപ്പാൾ ടെസ്റ്റ് പദവിയുള്ള ഒരു രാജ്യത്തിനെതിരെ ടി20 പരമ്പര സ്വന്തമാക്കുന്നത്. ഐസിസി ടി20 ടീം റാങ്കിംഗിൽ 18-ാം സ്ഥാനത്താണ് നിലവിൽ നേപ്പാൾ. ഐസിസി ടെസ്റ്റ് പദവിയുള്ള ഒരു രാജ്യത്തിനെതിരെ അസോസിയേറ്റ് പദവിയുള്ള രാജ്യം നേടുന്ന ഏറ്റവും വലിയ വിജയ മാർജിനുമാണിത്. അതുപോലെ ടെസ്റ്റ് പദവിയുള്ള ഒരു ടീം ഒരു അസോസിയേറ്റ് ടീമിനെതിരെ വഴങ്ങുന്ന ഏറ്റവും വലിയ തോൽവിയെന്ന നാണക്കേടും വിൻഡീസിന്റെ തലയിലായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്