ഫുട്‌ബോൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നതിലെ അനിശ്ചിതത്വം തുടരുന്നു.
ടൂർണമെന്റ് ആരംഭിക്കാൻ വെറും മൂന്നാഴ്ച മാത്രം ബാക്കി നിൽക്കെ, ഇന്ത്യയിൽ ഏത് ചാനലിലാണ് കളി തത്സമയം കാണാൻ സാധിക്കുക എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ജൂൺ 12 മുതൽ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി ലോകകപ്പ് കിക്കോഫ് ചെയ്യാനിരിക്കെയാണ് ഈ പ്രതിസന്ധി.
അതിനിടെ, ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേഷണാവകാശം സ്വന്തമാക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് പ്രസാർ ഭാരതി ഡൽഹി ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചു. ലോകകപ്പ് സംപ്രേഷണവകാശം വാങ്ങാൻ പ്രസാർ ഭാരതി മുൻകൈ എടുക്കണമെന്ന ഹർജിയിലാണ് അതോറിറ്റി നിലപാട് വ്യക്തമാക്കിയത്.
ഇതോടെ പ്രസാർ ഭാരതി ഔദ്യോഗികമായി തന്നെ മത്സരരംഗത്ത് നിന്ന് പിന്മാറി.
ചരിത്രത്തിലാദ്യമായി 32 ടീമുകൾക്ക് പകരം 48 ടീമുകളാണ് ഇത്തവണ ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. മൂന്ന് രാജ്യങ്ങളിലെ 16 നഗരങ്ങളിലായി ജൂലൈ 20 വരെ നടക്കുന്ന ടൂർണമെന്റിൽ ആകെ 104 മത്സരങ്ങളുണ്ടാകും.
കഴിഞ്ഞ 2022 ഖത്തർ ലോകകപ്പിൽ ഇന്ത്യയിൽ വിവിധ പ്ലാറ്റ്‌ഫോമുകളിലായി 74.5 കോടി പ്രേക്ഷകരാണ് കളി കണ്ടത്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ടിവി പ്രേക്ഷകരുള്ള രണ്ടാമത്തെ വിപണിയായിട്ടും ഇത്തവണ സംപ്രേഷണാവകാശം വിറ്റുപോകാത്തത് കായികരംഗത്തെ അത്ഭുപ്പെടുത്തിയിരിക്കുകയാണ്. ഇത്തവണ ഇന്ത്യൻ വിപണിയിൽ നിന്ന് 100 ദശലക്ഷം ഡോളർ (ഏകദേശം 965 കോടി രൂപ) വരുമാനമാണ് ഫിഫ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇന്ത്യയിൽ ഫുട്‌ബോൾ സ്ട്രീമിംഗിൽ നിന്നുള്ള വരുമാനം അത്ര ഉയർന്നതല്ലെന്ന വിലയിരുത്തലിലാണ് കമ്പനികൾ.
ഇന്ത്യയിൽ മീഡിയ അവകാശം വിറ്റുപോകാത്തതിന് പ്രധാന കാരണം മത്സര സമയമാണെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. അമേരിക്കയിലും കാനഡയിലുമായി നടക്കുന്ന മത്സരങ്ങൾ ഇന്ത്യൻ സമയം അർദ്ധരാത്രിയിലാണ് തത്സമയം സംപ്രേഷണം ചെയ്യുക. ടൂർണമെന്റിലെ ആകെ 104 മത്സരങ്ങളിൽ 14 മത്സരങ്ങൾ മാത്രമാണ് ഇന്ത്യൻ സമയം അർദ്ധരാത്രിക്ക് മുൻപായി ആരംഭിക്കുന്നത്. ശേഷിക്കുന്ന 72 ലീഗ് മത്സരങ്ങളും 32 നോക്കൗട്ട് മത്സരങ്ങളും അർദ്ധരാത്രിക്ക് ശേഷമായിരിക്കും.
ജൂലൈ 20ന് നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനൽ മത്സരം ആരംഭിക്കുന്നത് ഇന്ത്യൻ സമയം അർദ്ധരാത്രി 12:30നാണ്. ഇത്രയും വൈകിയ വേളകളിൽ കളി കാണാൻ ഇന്ത്യൻ പ്രേക്ഷകർ എത്രത്തോളം താൽപര്യം കാണിക്കുമെന്ന ആശങ്കയിലാണ് ചാനലുകൾ കോടികൾ മുടക്കാൻ മടിക്കുന്നത്. വരും ദിവസങ്ങളിൽ ഏതെങ്കിലും സ്വകാര്യ സ്‌പോർട്‌സ് ചാനലുകളോ ഡിജിറ്റൽ ഭീമന്മാരോ അവസാന നിമിഷം അവകാശം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
