ലണ്ടൻ/ബയേൺ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ ആദ്യ പാദ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് (ഏപ്രിൽ 8) കൊടിയേറും. ഇന്ന് നടക്കുന്ന ആദ്യ പാദ മത്സരങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ഇംഗ്‌ളീഷ് ക്‌ളബ് ആഴ്‌സനലിനെയും ജർമ്മൻ ക്‌ളബ് ബയേൺ മ്യൂണിക്ക് ഇറ്റാലിയൻ ക്‌ളബ് ഇന്റർ മിലാനെയും നേരിടും. ആഴ്‌സനലിന്റെയും ബയേണിന്റെയും ഹോംഗ്രൗണ്ടുകളിലാണ് ആദ്യപാദങ്ങൾ.
നിലവിലെ ചാമ്പ്യന്മാരാണെങ്കിലും ഇത്തവണത്തെ പുതിയ ഫോർമാറ്റിൽ ആദ്യ റൗണ്ടിൽ 11-ാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിലേക്ക് കടക്കാൻ പ്‌ളേ ഓഫ് കളിക്കേണ്ടിവന്ന ടീമാണ് റയൽ മാഡ്രിഡ്. പ്‌ളേ ഓഫിൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് പ്രീ ക്വാർട്ടറിലെത്തിയ റയൽ അവിടെ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ക്വാർട്ടറിൽ ഇടം പിടിച്ചത്. മറുവശത്ത് പ്രാഥമിക റൗണ്ടിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ആഴ്‌സനൽ നേരിട്ട് പ്രീ ക്വാർട്ടറിൽ ഇടം പിടിച്ചു.
പ്രീ ക്വാർട്ടറിൽ ഡച്ച് ക്‌ളബ് പി.എസ്.വി ഐന്തോവനെ ഇരുപാദങ്ങളിലുമായി 9-3നാണ് ആഴ്‌സനൽ മറികടന്നത്. ആദ്യ പാദത്തിൽ 7-1ന് ആഴ്‌നസൽ ജയിച്ചപ്പോൾ രണ്ടാം പാദത്തിൽ 2-2ന് സമനിലയിൽ പിരിയുകയായിരുന്നു. മുൻചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും ഇന്റർ മിലാനും ഇന്ന് ആദ്യ പാദ ക്വാർട്ടറിൽ ബയേണിന്റെ തട്ടകമായ അലിയൻസ് അരീന സ്റ്റേഡിയത്തിലാണ് ഏറ്റുമുട്ടുന്നത്.
പ്രാഥമിക റൗണ്ടിലെ എട്ടുമത്സരങ്ങളിൽ ആറും ജയിച്ച് നാലാം സ്ഥാനക്കാരായി നേരിട്ട് പ്രീ ക്വാർട്ടറിലെത്തിയവരാണ് ഇന്റർ മിലാൻ. പ്രീ ക്വാർട്ടറിൽ ഡച്ച് ക്‌ളബ് ഫെയനൂർദിനെ ഇരുപാദങ്ങളിലും തോൽപ്പിച്ചിരുന്നു. പ്രാഥമിക റൗണ്ടിൽ ഒൻപതാം സ്ഥാനത്തായിപ്പോയതിനാൽ പ്രീ ക്വാർട്ടറിലെത്താൻ പ്‌ളേ ഓഫിൽ സ്‌കോട്ടിഷ് ക്‌ളബ് കെൽറ്റിക്കിനെ തോൽപ്പിക്കേണ്ടിവന്നു. ക്വാർട്ടറിൽ മറ്റൊരു ജർമ്മൻ ക്‌ളബ് ബയേർ ലെവർകൂസനെയാണ് മറികടന്നത്.
ചാമ്പ്യൻസ് ലീഗിൽ ഇതുവരെ റയൽ മാഡ്രിഡിന് ആഴ്‌സനലിനെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല. രണ്ട് തവണയാണ് ഇരുവരും ഏറ്റുമുട്ടിയത്. ഒരു കളി ആഴ്‌സനൽ ജയിച്ചു. ഒന്ന് സമനിലയായി. 2005/06 സീസണിലെ ക്വാർട്ടറിലായിരുന്നു ഇവരുടെ പോരാട്ടം.
ആദ്യ പാദത്തിലായിരുന്നു ആഴ്‌സനൽ ജയം. കഴിഞ്ഞ ദിവസം ഇംഗ്‌ളീഷ് പ്രിമിയർ ലീഗിൽ എവർട്ടണുമായി 1-1ന് സമനിലയിൽ പിരിഞ്ഞാണ് ആഴ്‌സനൽ ഇറങ്ങുന്നത്. ലാ ലിഗയിൽ കഴിഞ്ഞ കളിയിൽ വലൻസിയയോട് 1-2ന് തോറ്റതിന്റെ ക്ഷീണവുമായാണ് റയലിന്റെ വരവ്.
7 തവണ ഇതിനുമുമ്പ് ബയേണും ഇന്ററും ചാമ്പ്യൻസ് ലീഗിൽ ഏറ്റുമുട്ടിയിട്ടുണ്ട്. 4 വിജയം ബയേണിന്, രണ്ട് ജയം ഇന്ററിന്. ഒരു കളി സമനിലയിൽ 2009-10 സീസണിൽ ബയേണിനെ തോൽപ്പിച്ചാണ് ഇന്റർ മിലാൻ കിരീടം നേടിയിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്