റെക്കോർഡുകൾ മെസ്സിക്ക് പുത്തരിയല്ല. ഇപ്പോഴിതാ ഫുട്ബാൾ മൈതാനത്തിനു പുറത്തെ ആ റെക്കോഡ് കൂടി മെസ്സി സ്വന്തമാക്കിയിരിക്കുകയാണ്. കാൽപന്തിനെയും കളിക്കാരെയും പിന്തുടരുന്നവർക്ക് അതുപോലെ തന്നെ പരിചിതമാണ് പനീനി കാർഡുകളും.
ഫുട്ബാൾ ഉൾപ്പെടെ കായിക താരങ്ങളുടെയും സെലബ്രിറ്റികളുടെയും ചിത്രവും വിശദാംശങ്ങളുമായി ആരാധകർക്കായി പുറത്തിറക്കിയ റൂകി കാർഡിന്റെ വിലയിലാണ് മെസ്സി സ്വന്തം പേരിൽ പുതിയ റെക്കോഡ് കുറിച്ചത്.
2004-05 സീസണിൽ ലയണൽ മെസ്സി ബാഴ്സലോണയിൽ കളിച്ച കാലത്ത് പുറത്തിറക്കിയ പനീനി മെഗാ ക്രാക് റൂകി കാർഡാണ് ഇപ്പോൾ റെക്കോഡ് തുക ലേലത്തിൽ വിറ്റഴിഞ്ഞത്. ആ തുക കേട്ടാൽ ആരുടെയും തലകറങ്ങിപ്പോകും. ആയിരവും പതിനായിരവും ലക്ഷവുമല്ല.
ഡോളറിൽ കണക്കാക്കിയാൽ 15 ലക്ഷം. ഇന്ത്യൻ രൂപയിലേക്ക് മാറ്റിയാൽ 13.17 കോടി രൂപ. മെസ്സിയുടെ ബാഴ്സലോണ കരിയറിന്റെ സജീവകാലത്ത് പനീനി പുറത്തിറക്കിയ പരിമിതമായി കാർഡുകളിൽ ഒന്നാണ് ഇപ്പോൾ റെക്കോഡ് വിലക്ക് ലേലത്തിൽ പോയത്. ലണ്ടനിലെ ഫനറ്റിക്സ് കളക്ട്സ് വഴിയാണ് മെസ്സിയുടെ കാർഡ് വൻ തുകക്ക് വിറ്റത്.
1958ൽ ബ്രസീൽ ലോകകപ്പ് നേടിയപ്പോൾ പെലെയുടെ പേരിൽ പുറത്തിറക്കിയ അലിഫബൊളഗെറ്റ് പെലെ കാർഡിന്റെ മൂല്യമാണ് മെസ്സിയുടെ കാർഡ് ഇത്തവണ തിരുത്തിയത്. 2022ൽ പെലെ കാർഡ് 13.3 ലക്ഷം ഡോളറിന് (11.68 കോടി രൂപ) ലേലത്തിൽ വിറ്റതായിരുന്നു ഇതുവരെയുള്ള റെക്കോഡ്. പ്രഫഷണൽ സ്പോർട്സ് ഓതന്റികേറ്റർ പെർഫക്സ് 10 ആയി മുദ്ര ചെയ്ത മെസ്സിയുടെ മറ്റൊരു കാർഡ് 11 ലക്ഷം ഡോളറിനാണ് ഏതാനും ആഴ്ച മുമ്പ് മറ്റൊരു കാർഡ് പ്രേമി സ്വന്തമാക്കിയത്.
അതിനു തൊട്ടുപിന്നാലെയാണ് ഫനറ്റിക്സ് കളക്ട്സ് പ്രൈവറ്റ് സെയിൽ നെറ്റ്വർക് വഴി ലോകറെക്കോഡ് തുകക്ക് ഈ കാർഡ് വിൽപനയും നടന്നത്. ഉയർന്ന മൂല്യമുള്ള കാർഡുകൾ പൊതുവിൽപനയില്ലാതെയാണ് ഇടപാട് നടത്തുന്നത്. 10,000 ഡോളറിന് മുകളിലുള്ള ഇടപാടുകളാണ് ഈ ശൃംഖലവഴി നടത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്